മമ്മൂട്ടിക്ക് മുന്നില്‍ ചരിത്രം വഴിമാറുന്നു

അഭിനയജീവിതത്തിന്‍റെ നാല്‍പ്പത്തിയെട്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണ് മമ്മൂട്ടി. ജനങ്ങളെ ഏറ്റവുമധികം ആകര്‍ഷിച്ച കലാരൂപമെന്ന് ലോകം അംഗീകരിച്ച സിനിമ, വലിയ മാറ്റങ്ങള്‍ക്കു വിധേയമായി പുത്തന്‍ ചലച്ചിത്രരീതികള്‍ പരീക്ഷിച്ചുമുന്നോട്ടുപായുമ്പോഴും വര്‍ത്തമാനകാല മലയാള സിനിമയെ നയിക്കുന്ന നായകന്‍ മമ്മൂട്ടിയാണ്. അഭിനയിച്ചുപൂര്‍ത്തിയായതും... Read More

അഭിനയജീവിതത്തിന്‍റെ നാല്‍പ്പത്തിയെട്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണ് മമ്മൂട്ടി. ജനങ്ങളെ ഏറ്റവുമധികം ആകര്‍ഷിച്ച കലാരൂപമെന്ന് ലോകം അംഗീകരിച്ച സിനിമ, വലിയ മാറ്റങ്ങള്‍ക്കു വിധേയമായി പുത്തന്‍ ചലച്ചിത്രരീതികള്‍ പരീക്ഷിച്ചുമുന്നോട്ടുപായുമ്പോഴും വര്‍ത്തമാനകാല മലയാള സിനിമയെ നയിക്കുന്ന നായകന്‍ മമ്മൂട്ടിയാണ്. അഭിനയിച്ചുപൂര്‍ത്തിയായതും അഭിനയിച്ചുകൊണ്ടിരിക്കുന്നതും അഭിനയിക്കാന്‍ പോകുന്നതും പ്രദര്‍ശനത്തിനൊരുങ്ങി നില്‍ക്കുന്നതുമായ ഒരുപിടി സിനിമകള്‍ മമ്മൂട്ടിയുടേതായുണ്ട്.ഭാഷയുടെ വരമ്പുകള്‍ക്കപ്പുറത്ത് ഇന്ത്യന്‍ സിനിമയില്‍ത്തന്നെ പുതിയൊരു അടയാളപ്പെടുത്തലായിരിക്കും മലയാളത്തിന്‍റെ മമ്മൂട്ടി.

 

ആത്മവിശ്വാസവും ആത്മസമര്‍പ്പണവുമാണ് കാലങ്ങളെ അതിജീവിക്കാനും ചരിത്രനായകനിലേക്ക് എത്തിച്ചേരാനും മമ്മുട്ടിയെ പ്രാപ്തനാക്കിയത്. ഒരു മനുഷ്യായുസ്സിന്‍റെ പകുതിയിലധികവും ചിലവിട്ടത് സിനിമയിലാണ്. വര്‍ഷങ്ങള്‍ ഓടിയകലുമ്പോഴും ആകാരംകൊണ്ട് മമ്മൂട്ടി ഇപ്പോഴും യൗവ്വനത്തിലാണ്. 1970 ല്‍ നിന്നാരംഭിച്ച് 2019 ന്‍റെ ഉത്തരാര്‍ദ്ധത്തിലെത്തിനില്‍ക്കുന്ന സംഭവബഹുലമായ യാത്രയില്‍ മമ്മൂട്ടിയെ തേടിയെത്താത്ത വേഷങ്ങളില്ല. കേരളത്തിന്‍റെ പ്രാദേശികമായ ഭാഷാശൈലി അതേ അളവിലും തൂക്കത്തിലും വഴങ്ങുന്നത് മമ്മൂട്ടിക്ക് മാത്രമായിരിക്കും.

 

തെക്കന്‍ തിരുവിതാംകൂറും കൊച്ചിയും കിഴക്കന്‍ മേഖലയും വള്ളുവനാടനും വടക്കേമലബാറും പാലക്കാടായാലും ഏത് പ്രാദേശിക ചുവയുള്ള മലയാളമായാലും അതിലേക്കെത്തിച്ചേരാന്‍ മമ്മൂട്ടിക്ക് കഴിയും. മലയാളത്തില്‍ ഇരുപത്തിനാലോളം പ്രാദേശിക ഭാഷാശൈലിയിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച മമ്മൂട്ടി തമിഴും തെലുങ്കും ഹിന്ദിയും എല്ലാം പഠിച്ചുതന്നെയാണ് പറയുന്നത്. അതൊരു നടന്‍റെ ഏറ്റവും വലിയ കഴിവാണ്. മറ്റാര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത അസൂയാര്‍ഹമായ നേട്ടമാണ്. നാല്‍പ്പത്തിയെട്ട് വര്‍ഷത്തിനിടയില്‍ നാനൂറിലധികം സിനിമകളില്‍ അഭിനയിച്ച മമ്മൂട്ടിക്ക് മൂന്നുതവണ മികച്ച നടനുള്ള ദേശീയ അവാര്‍ഡും ഏഴുതവണ സംസ്ഥാനചലച്ചിത്ര അവാര്‍ഡും ലഭിച്ചു. 1998 ല്‍ രാജ്യം പത്മശ്രീ പുരസ്കാരം നല്‍കി ആദരിച്ചു. 2010 ല്‍ കേരള യൂണിവേഴ്സിറ്റിയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയും ഹോണററി ഡോക്ടറേറ്റ് നല്‍കുകയുണ്ടായി.

 

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്ക് എന്ന സിനിമയിലെ മമ്മൂട്ടിയുടെ ലുക്ക് ആണിത്. മലയാളത്തിൽ ഈ അടുത്തിറങ്ങിയതിൽ ഏറ്റവും സ്റ്റൈലിഷ് ഫസ്റ്റ്ലുക്ക് ആണ് ഇതെന്ന് ആരാധകർ പറയുന്നു. താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ചിത്രം റിലീസ് ചെയ്തത്….

 

1970 ല്‍ മമ്മൂട്ടിയെ സിനിമയിലെടുത്തെങ്കിലും പിന്നെയും, ഏഴെട്ട് വര്‍ഷം കഴിഞ്ഞാണ് എം.ടി. വാസുദേവന്‍ നായരുടെ ‘ദേവലോകത്ത്’ എത്തുന്നത്. ’80 ല്‍ ആസാദ് സംവിധാനം ചെയ്ത എം.ടിയുടെ കയ്യൊപ്പുള്ള ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങളി’ല്‍ അഭിനയിച്ചു. തൊട്ടുപിന്നാലെ കെ.ജി. ജോര്‍ജ്ജിന്‍റെ ‘മേള’ വന്നു. രണ്ട് സിനിമയിലും പ്രധാനവേഷമായിരുന്നു. സിനിമ വലിയ വിജയമായതോടെ മമ്മൂട്ടി എന്ന നടന്‍ ശ്രദ്ധിക്കപ്പെടുകയും മുഖ്യധാരാസിനിമയുടെ ഭാഗമാകുകയും ചെയ്തു. പിന്നീടുള്ളവര്‍ഷങ്ങള്‍ കൊണ്ടും കൊടുത്തും അനുഭവിച്ചും പുതിയ സമരമുഖങ്ങള്‍തുറന്നും വൈവിധ്യമായ കഥാപ്രപഞ്ചത്തിലൂടെ നടന്നുകയറി പ്രേക്ഷകരുടെ പ്രിയപ്പെട്ട മമ്മൂക്കയായി മാറി പാണിപറമ്പില്‍ ഇസ്മയില്‍ മകന്‍ മുഹമ്മദ് കുട്ടി.

 

മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം നാല്‍പ്പത്തിയെട്ട് വര്‍ഷങ്ങള്‍ ഒരു സംഭവമേയല്ല. കയറ്റവും ഇറക്കവും ഒരുപോലെ ആസ്വദിച്ചാണ് കടന്നുവന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും നല്ല വര്‍ഷങ്ങളായി തെരഞ്ഞെടുക്കപ്പെടുന്നത് എണ്‍പതുകളും തൊണ്ണൂറുകളുമാണ്. എണ്‍പതുകളുടെ മദ്ധ്യാഹ്നത്തില്‍ തുടര്‍ച്ചയായുണ്ടായ പരാജയങ്ങള്‍ നിലനില്‍പ്പിനെപ്പോലും അപകടത്തിലാക്കുന്ന വലിയൊരു പ്രതിസന്ധി ഘട്ടത്തില്‍ മമ്മൂട്ടിക്ക് തുണയായത് ജോഷിയും ഡെന്നീസ് ജോസഫും ചേര്‍ന്നൊരുക്കിയ ന്യൂഡെല്‍ഹിയാണ്. ജി.കെ. എന്ന പത്രപ്രവര്‍ത്തകന്‍റെ വേഷത്തില്‍ കളം നിറഞ്ഞുകളിച്ച മമ്മൂട്ടി അതുവരെയുണ്ടായിരുന്ന ചലച്ചിത്ര സമവാക്യങ്ങളെ പൊളിച്ചെഴുതുകയായിരുന്നു.

 

തനിയാവര്‍ത്തനം, സി.ബി.ഐ ഡയറിക്കുറിപ്പ്, ഒരു വടക്കന്‍ വീരഗാഥ, അമരം, മതിലുകള്‍, വിധേയന്‍, പൊന്തന്‍മാട, ഡോ. അംബേദ്ക്കര്‍, പേരന്‍പ്, യാത്ര തുടങ്ങി മാമാങ്കത്തിലെത്തി നില്‍ക്കുന്ന ക്ഷുഭിത യൗവ്വനത്തിന്‍റെ ആള്‍രൂപം. കാലഘട്ടങ്ങളെ അതിവിദഗ്ധമായി മറികടന്ന് വലിയ പാതകളിലൂടെ ചെറിയ പാദങ്ങളുമായി യാത്ര തുടരുന്ന മമ്മൂട്ടി തന്നെയാണ് നവസിനിമയുടെ നായകന്‍.

 

പിന്നിട്ട വഴികളില്‍ നമ്മള്‍ ചെയ്തത് ശരിയാണോ, തെറ്റാണോ, സത്യമാണോ എന്നറിയില്ല. നമ്മളില്‍ എല്ലാം തികഞ്ഞ ഒരാളില്ല. ഇനിയും വളരണമെന്ന് ആഗ്രഹിക്കുന്നിടത്തുമാത്രമേ നമുക്ക് വളരാനാകുവെന്ന് മമ്മൂട്ടി. ഞാന്‍ ചെയ്തതോ, എനിക്ക് ചെയ്യാന്‍ കഴിയാത്തതോ, ചെയ്തിട്ട് ശരിയാകാത്തതോ ആയ ഒരുപാട് കാര്യങ്ങളുണ്ടാകാം. അതിനെയൊക്കെ തരണം ചെയ്യാനുള്ള ശ്രമങ്ങളാണ് ഇത്രയുംകാലം നടത്തിക്കൊണ്ടിരുന്നത്. അതുന്നെയാണ് ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്. ഇനിയുമൊരുപാട് ചെയ്യാനുണ്ട്. എന്‍റെ മനസ്സിനകത്ത് ഉണ്ടായിരുന്നത് ഒരു ആക്ടറാകണമെന്ന ആഗ്രഹം മാത്രമാണ്. ആ ആഗ്രഹമാണ് ഞാന്‍ വളര്‍ത്തിയെടുത്തത്. ന്യൂജന്‍ സിനിമയിലും ശക്തമായ സാന്നിദ്ധ്യം ഉറപ്പിക്കുകയാണ് മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടി.

 

അഞ്ജുഅഷ്റഫ്

Show Less

No comments Yet

SLIDESHOW

LATEST VIDEO