പ്രസവമോ പ്രവാസമോ

നീണ്ട പന്ത്രണ്ടുവര്‍ഷം നയതന്ത്രപ്രതിനിധിയായ കാന്തനുമൊത്ത് അമേരിക്ക, റഷ്യ, ജര്‍മ്മനി, ജപ്പാന്‍, ചൈന, അറബിനാടുകള്‍ എന്നിവിടങ്ങളില്‍ കഴിച്ചുകൂട്ടി പിറന്ന വീടും നാടും ഒരുനോക്കു കാണാന്‍ പറന്നെത്തിയ മിസിസ്സ് സവിതാ എസ്. മേനോനെ പത്രക്കാര്‍ വളഞ്ഞുവെച്ച് ചോദ്യങ്ങളെറിഞ്ഞ്... Read More

നീണ്ട പന്ത്രണ്ടുവര്‍ഷം നയതന്ത്രപ്രതിനിധിയായ കാന്തനുമൊത്ത് അമേരിക്ക, റഷ്യ, ജര്‍മ്മനി, ജപ്പാന്‍, ചൈന, അറബിനാടുകള്‍ എന്നിവിടങ്ങളില്‍ കഴിച്ചുകൂട്ടി പിറന്ന വീടും നാടും ഒരുനോക്കു കാണാന്‍ പറന്നെത്തിയ മിസിസ്സ് സവിതാ എസ്. മേനോനെ പത്രക്കാര്‍ വളഞ്ഞുവെച്ച് ചോദ്യങ്ങളെറിഞ്ഞ് പൊറുതിമുട്ടിച്ചു.
ഇഷ്ടഭക്ഷണവും സൗന്ദര്യത്തിന്‍റെ രഹസ്യവും അറിയാനായിരുന്നു ഒരു ഊശാന്‍താടിക്ക് തിടുക്കം. നഷ്ടകാമുകന്‍റെ പേരെന്ത്? ഒരു കൗമാരപത്രക്കാരന്‍റെ വിളിച്ചുകൂവല്‍. ഒരു പുരുഷന്‍റെ ഉയര്‍ച്ചയ്ക്കുപിന്നില്‍ ഒരു സ്ത്രീയുണ്ടെന്ന് പറയുന്നതില്‍ എത്രശതമാനം ശരിയുണ്ട്? മറ്റൊരുത്തന് അതറിഞ്ഞാല്‍മതി.
പടവും പ്രസ്താവനയും പത്രത്തിലും ടി.വിയിലും പലകുറി വരുമെന്നുറപ്പ്. അതുകൊണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് മദ്യം വിളമ്പുന്നതിലും വീമ്പിളക്കുന്നതിലും ഒട്ടും പിശുക്കു കാണിച്ചില്ല വീരാംഗന. നാടന്‍വാറ്റ് മുതല്‍ വാറ്റ് സിക്സ്റ്റിനയന്‍വരെ ഒരു വക. പിന്നെ റം, ജിന്‍, വിസ്കി, ബ്രാണ്ടി പല ബ്രാന്‍റുകളില്‍-
ആട്, മാട്, കാട, കോഴി, താറാവ്, പന്നി എന്നിങ്ങനെ സകലമാന ജന്തുക്കളും മസാലയില്‍ കുളിച്ച് ചട്ടിയില്‍ പട്ടാളച്ചിട്ടയില്‍ വിരിയിട്ട വട്ടമേശയില്‍ അണിനിരന്നു. വെടിയിറച്ചി എന്ന ലേബലൊട്ടിച്ച മാന്‍, മുയല്‍, കാട്ടുപന്നി, മ്ലാവ് എന്നിത്യാദികള്‍ വേറെ. മീന്‍വെച്ചതും പൊരിച്ചതും തവളക്കാലും ഞണ്ടും സുലഭം ആനന്ദലബ്ധിക്കിനിയെന്തുവേണം?
നാഴികയ്ക്ക് നാല്‍പ്പതുവട്ടം വേഷംമാറുന്നതിലായിരുന്നു സവിതാമേനോന് തിടുക്കം. സിനിമാതാര പരിവേഷം ലഭിക്കാന്‍ അത് വേണമല്ലോ. ബ്യൂട്ടിപാര്‍ലറില്‍നിന്നും സ്പെഷ്യലിസ്റ്റുകളെ കാലേകൂട്ടി വരുത്തിയിരുന്നുതാനും. അതുകൊണ്ട് അക്കാര്യം സുഗമമായും സുന്ദരമായും നടന്നു.
പത്രക്കാരും അഭിമുഖവധത്തിനു വന്ന നാനാവിധ ചാനലുകാരും ചക്കക്കൂട്ടാന്‍കണ്ട ഗ്രഹണിപ്പിള്ളേരുടെ റോളില്‍ കയംകണ്ട കന്നുകളായി മദ്യക്കുപ്പിയുടെ നേര്‍ക്ക് ഊളിയിട്ടു.
ഒന്നരയും മുണ്ടും മേല്‍മുണ്ടുമായി കേരള വനിതയായും കൗപീനംപോലുള്ള അടിയുടുപ്പും എങ്ങും തൊടാത്ത ബ്രായും ധരിച്ച് നീന്തല്‍വേഷത്തില്‍ അമേരിക്കന്‍ മദാമ്മയായും പ്രത്യക്ഷപ്പെട്ട സവിതാമേനോന്‍ എന്ന ആ തൈക്കിളവിക്ക് തൈവാന്‍റേയും ജപ്പാന്‍റേയും ദേശീയവേഷവും ഏറെ ഇണങ്ങുന്നുണ്ടെന്ന് വാറ്റടിച്ചു വാറായ സൂത്രശാലികളായ കുറുക്കന്മാര്‍ കോഴിക്കാല്‍ കടിച്ചുവലിച്ചുകൊണ്ട് ഏകസ്വരത്തില്‍ ഓരിയിട്ടു.
ഫ്ളാഷുകള്‍ മത്സരിച്ചുമിന്നി. അപ്പോള്‍ അടഞ്ഞ കണ്ണുകള്‍പോലും ചിന്നി.
പുഷ്പ-ശ്വാന പ്രദര്‍ശനങ്ങളെക്കുറിച്ചുള്ള പതിവുചോദ്യങ്ങള്‍ക്ക് ഒരുളയ്ക്കുപ്പേരിപോലെ ഉത്തേജക മരുന്നടിച്ച കായികതാരത്തിന്‍റെ പ്രസരിപ്പോടെ ഉടനുടന്‍ ഉത്തരമേകി നാടന്‍ മദാമ്മ. അച്ചിയുടെ നായരായ തന്ത്രപ്രതിനിധി കമാന്നു മിണ്ടാതെ എല്ലാം നോക്കിയും കണ്ടും മൂക്കറ്റം മോന്തിയും മൂകസാക്ഷിയായി നിലകൊണ്ടു.
വിവാഹത്തില്‍ പങ്കെടുക്കാനെത്തി താലികെട്ടു കാണാനാവാതെ ഓഡിയോ വീഡിയോ വീരന്മാരുടെ പൃഷ്ടം കണ്ടു നിര്‍വൃതികൊണ്ട്. സദ്യയുണ്ട് ഏമ്പക്കംവിട്ട് മടങ്ങേണ്ടിവരുന്ന ക്ഷണിതാക്കളുടെ ശോചനീയാവസ്ഥയായിരുന്നു അവിടെ മദ്യം മണക്കാത്ത ചില മാധ്യമപ്രവര്‍ത്തകര്‍ക്ക്. അഭിമുഖവധം തരപ്പെടുത്താന്‍ ഒരു പഴുതന്വേഷിച്ച് പഴുതാര കണക്കെ അവര്‍ പരക്കംപാഞ്ഞു. വട്ടമിട്ടിരുന്ന വാട്ടീസുകാരെ വകഞ്ഞുമാറ്റി സ്ഥൂലഗാത്രിയുടെ മുന്നില്‍ ചാട്ടുളിപോലെ പാഞ്ഞെത്തിയ ഒരു പാവം പത്രപ്പയ്യന്‍ ഒരു ചോദ്യം തൊടുത്തു. മാഡം പ്രവാസകാല ജീവിതാനുഭവങ്ങള്‍ ഒന്ന് വിവരിക്കാമോ?
സോഫാസെറ്റിയില്‍ നിറഞ്ഞിരുന്നുകൊണ്ട് പയ്യനോടായി സവിതാമേഡം പയ്യെപ്പയ്യേ പറഞ്ഞുതുടങ്ങി. എന്‍റെ കടിഞ്ഞൂല്‍ പ്രസവം നാട്ടിലായിരുന്നു. മുത്തശ്ശിയാണ് എന്‍റെ പ്രസവം നോക്കിയത്. അവര്‍ ഉണ്ടാക്കിയ പേറ്റുമരുന്നിന്‍റെ ബലംകൊണ്ടാ എന്‍റെ ഉടലിന് ഇന്നും ഉടച്ചില്‍ തട്ടാത്തത്. പിന്നെ, അശോകന്‍ വൈദ്യന്‍റെ കുഴമ്പിന്‍റെയും തൈലത്തിന്‍റെയും ഗുണമേന്മയും. ചിന്നക്കുട്ടനെ പ്രസവിച്ചത് പക്ഷേ കാനഡയില്‍വെച്ചാണ്. ദിവസവും നാലുനേരം ചെക്കപ്പ്. ഡോക്ടര്‍ ഡോബര്‍മാനാ എന്നെ ട്രീറ്റുചെയ്തിരുന്നത്. സുഖപ്രസവമായിരുന്നു കേട്ടോ. ഡോക്ടറുടെ ഓര്‍മ്മ നിലനിര്‍ത്താന്‍ ഞാനെന്‍റെ ചിന്നക്കുട്ടനെ വിളിക്കുന്നത് ഡോബര്‍മോനെന്നാ.
മേഡം ഞാന്‍ ചോദിച്ചത്.
വിവരണംകേട്ടു വിരണ്ടുപോയ പാവം പത്രപ്പയ്യനെ മുഴുവന്‍ പറയാനനുവദിക്കാതെ ഒരു എപ്പിസോഡില്‍ ഒതുക്കേണ്ടത് ഒമ്പതിലും നിര്‍ത്താതെ കാളമൂത്രമാക്കുന്ന മെഗാസീരിയല്‍ സംവിധായക പ്രതിഭകളെപ്പോലെ മാഡം മനസ്സു തുറന്നു. ജാനറ്റിനെ പ്രസവിച്ചത് ജര്‍മ്മനിയില്‍വെച്ചായിരുന്നു. സോറി, ജാനകി എന്ന എന്‍റെ അമ്മയുടെ പേരാണ് അവള്‍ക്കിട്ടതെങ്കിലും ഫോറിന്‍ ടച്ചുകിട്ടാന്‍ ജാനെറ്റെന്നാക്കി. ഞങ്ങളുടെ ഫാമിലി ഫ്രണ്ടായിരുന്ന ഫ്രെഡിയുടെ ഫെയിസ്കട്ടാണ് അവള്‍ക്കെന്ന് എന്‍റെ ഹസ്സ് എപ്പോഴും ആവലാതി പറയും. ഞങ്ങളോട് അസൂയയുള്ള അലവലാതികള്‍ പറയുന്നത് കേട്ടിട്ടാണ് കേട്ടോ. എമ്പസിയിലെ ഏണസ്റ്റിന്‍റെ തനിപ്പകര്‍പ്പാണെന്ന് ഞാന്‍ തര്‍ക്കിക്കും.
അമ്മമാര്‍ പറയുന്നതാവുമല്ലോ അതിന്‍റെ ശരി? കോക്ക്ടെയിലടിച്ച് കുക്കുടമായി വട്ടമിടുന്ന ഊശാന്‍താടി ഉരുവിട്ടു.
ദേര്‍ യൂ ആര്‍. മദാലസയായ മാഡം ശരിവെച്ചു.
പത്രപ്രതിനിധിയായ പാവം പയ്യന്‍ കരയുന്ന സ്വരത്തില്‍ പറഞ്ഞു: മാഡം പ്രവാസകാലജീവിതാനുഭവങ്ങളെക്കുറിച്ചാണ് എനിക്കറിയേണ്ടത്.
എന്നുവെച്ചാല്‍?
അമേരിക്ക, റഷ്യ, ചൈന, ജപ്പാന്‍ എന്നിങ്ങനെ ഒട്ടേറെ വിദേശരാജ്യങ്ങളില്‍ ജീവിതം ധൂര്‍ത്തടിച്ചതാണല്ലോ. ആ അനുഭവങ്ങളെക്കുറിച്ച് അറിയാനാണ് ഞാന്‍ വന്നത്.
പ്രസവം, പ്രവാസം, ഒരക്ഷരത്തിന്‍റെ ചുവടുമാറ്റം, കടലും കടലാടിയുംപോലെ അര്‍ത്ഥം ഒന്നുതന്നെ. മേഡത്തിന് തെറ്റിയിട്ടില്ല കേട്ടൊ. കുക്കുടം ചിറകുവിടര്‍ത്തി വട്ടമിട്ടു. അര്‍ത്ഥവും വ്യാകരണവും സമാസവും എന്തെന്നറിയാത്ത കുറെ പീറപ്പിള്ളേര്‍ പത്രപ്രവര്‍ത്തകരാണെന്നും പറഞ്ഞ് എവിടേയും വലിഞ്ഞുകയറിക്കൊള്ളും മറ്റുള്ളവരെ നാണംകെടുത്താന്‍.
കുപ്പിയില്‍ ശേഷിച്ച ദ്രാവകം അണ്ണാക്കിലേക്ക് കമഴ്ത്തി ഊശാന്‍താടി.
പേപ്പട്ടിശല്യത്തില്‍നിന്നും രക്ഷപ്പെട്ട ആശ്വാസത്തോടെ പാഡും പെന്നും പൊന്നുപോലെ സൂക്ഷിക്കാറുള്ള പത്രപ്രവര്‍ത്തനം പവിത്രമാണെന്ന ആശയത്തെ ഇന്നും മനസ്സിലിട്ട് താലോലിക്കുന്ന പാവം പത്രപ്പയ്യന്‍ പ്രാണനുംകൊണ്ട് പാഞ്ഞു.

-കാരിത്തടം വര്‍ക്കി

Show Less

No comments Yet

SLIDESHOW

LATEST VIDEO