ഒരു ഹര്‍ത്താലിന്‍റെ ഓര്‍മ്മയ്ക്ക്

അങ്ങനെ നമ്മള്‍ നാളത്തെ ഹര്‍ത്താല്‍ സമ്പൂര്‍ണ്ണവിജയമാക്കിത്തീര്‍ക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നു. ഒരൊറ്റ കടകളും തുറക്കാന്‍ അനുവദിച്ചുകൂടാ... വാഹനങ്ങള്‍... അത് ഇരുചക്രവാഹനമായാല്‍പ്പോലും നിരത്തിലിറങ്ങാന്‍ സമ്മതിക്കരുത്. പ്രാദേശിക ഹര്‍ത്താലായതിനാല്‍ വിജയിപ്പിക്കേണ്ട ചുമതല പൂര്‍ണ്ണമായും നമ്മളില്‍ നിക്ഷിപ്തമാണ്. പാര്‍ട്ടിസെക്രട്ടറി രാഘവന്‍ തന്‍റെ... Read More

അങ്ങനെ നമ്മള്‍ നാളത്തെ ഹര്‍ത്താല്‍ സമ്പൂര്‍ണ്ണവിജയമാക്കിത്തീര്‍ക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നു. ഒരൊറ്റ കടകളും തുറക്കാന്‍ അനുവദിച്ചുകൂടാ… വാഹനങ്ങള്‍… അത് ഇരുചക്രവാഹനമായാല്‍പ്പോലും നിരത്തിലിറങ്ങാന്‍ സമ്മതിക്കരുത്. പ്രാദേശിക ഹര്‍ത്താലായതിനാല്‍ വിജയിപ്പിക്കേണ്ട ചുമതല പൂര്‍ണ്ണമായും നമ്മളില്‍ നിക്ഷിപ്തമാണ്. പാര്‍ട്ടിസെക്രട്ടറി രാഘവന്‍ തന്‍റെ പ്രസംഗം അവസാനിപ്പിച്ചു.
ചെറിയൊരു ഗ്രാമപ്രദേശമാണ് അവിടം. രാഷ്ട്രീയപ്രബുദ്ധതയില്‍ മുമ്പന്തിയിലാണ് ആ ഗ്രാമം. സാധാരണ ഹര്‍ത്താലിന് ഒന്നും ഒറ്റയുമായി ചില കടകള്‍ അവിടെ തുറന്നിരിക്കാറുണ്ട്. അതൊന്നും നിര്‍ബ്ബന്ധിച്ച് ആരും അടപ്പിക്കാറുമില്ല. അങ്ങനെ 365 ദിവസവും പ്രവര്‍ത്തിക്കുന്ന ആ ഗ്രാമത്തിലെ പലചരക്കുകടയാണ് ഗോപാലന്‍റേത്. അതിനാല്‍ വീട്ടിലേക്ക് പോകുന്ന വഴി രാഘവന്‍ ഗോപാലന്‍റെ കടയില്‍ കയറി ഇങ്ങനെ പറഞ്ഞു.
‘ഗോപാലാ… നാളത്തെ ഹര്‍ത്താല്‍ അല്‍പ്പം സ്ട്രോങ്ങാണ്…നീ പതിവുപോലെ കടതുറന്നുവെച്ചിരിക്കരുത്.’
ഗോപാലന്‍ അതിന് മറുപടിയൊന്നും പറഞ്ഞില്ല. പിറ്റേദിവസം അതിരാവിലെതന്നെ രാഘവനും കൂട്ടരും ജാഥയായിച്ചെന്ന് തുറന്നുപ്രവര്‍ത്തിക്കുന്ന കടകളും മറ്റ് സ്ഥാപനങ്ങളും ബലമായി അടപ്പിച്ചുതുടങ്ങി. അങ്ങനെ അവര്‍ ഗോപാലന്‍റെ കടയിലുമെത്തി. ആ സമയം മറ്റുകടകളെല്ലാം അടഞ്ഞുകിടക്കുന്നതുമൂലം ഗോപാലന്‍റെ കടയില്‍ നല്ല തിരക്കാണ്. തുറന്നിരിക്കുന്ന ഗോപാലന്‍റെ കടയിലേക്ക് നോക്കി രാഘവന്‍ പറഞ്ഞു.
‘ഞാന്‍ ഇന്നലെത്തന്നെ ഇവനോട് പറഞ്ഞിരുന്നു ഇന്ന് കടതുറക്കരുതെന്ന്… എന്നിട്ടും തുറന്നുവെച്ചിരിക്കുന്നത് കണ്ടില്ലേ?’
‘എല്ലാവരും വരിനെടാ’ എന്ന് രാഘവന്‍ പറഞ്ഞതുകേട്ട് അണികള്‍ മുദ്രാവാക്യം മുഴക്കി ഗോപാലന്‍റെ കടയിലേക്ക് തള്ളിക്കയറാന്‍ ശ്രമം തുടങ്ങി.
‘കടയടയ്ക്കെടാ…അല്ലെങ്കില്‍ ഞങ്ങള്‍ തല്ലിത്തകര്‍ക്കും’ രാഘവന്‍ ആക്രോശിച്ചു.
‘ചേട്ടാ…ഞാനിപ്പോ അടയ്ക്കാം…അതിനു മുമ്പ് ഈ ദേവകി വല്യമ്മയ്ക്ക് അരീം സാധനങ്ങളും ഒന്നു കൊടുത്തോട്ടെ’ ഗോപാലന്‍ പറഞ്ഞു.
തൊട്ടടുത്തുതന്നെ ഒരു ചെറ്റക്കുടിലില്‍ താമസിക്കുന്ന ദേവകി വല്യമ്മ എഴുപത്തെട്ടുവയസ്സുള്ള വൃദ്ധയാണ്. തലേദിവസം പ്രഖ്യാപിച്ച ഹര്‍ത്താല്‍ അവര്‍ അറിഞ്ഞിരുന്നില്ല. അതറിഞ്ഞ് ഇന്നത്തേക്ക് ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങാനെത്തിയതാണ്. അരി കിട്ടിയില്ലെങ്കില്‍ അവര്‍ പട്ടിണിയാകും…
‘ദേവകി വല്യമ്മേടെ സെന്‍റിമെന്‍റ് പറഞ്ഞ് നീയങ്ങനെ വില്‍പ്പന നടത്തണ്ട… അടയ്ക്കെടാ… കട.’ രാഘവന്‍ കടയിലേക്ക് തള്ളിക്കയറി. താമസിച്ചാല്‍ അപകടമാണെന്ന് മനസ്സിലാക്കിയ ഗോപാലന്‍ പുറത്തേക്കിറങ്ങി കടയുടെ ഷട്ടര്‍ താഴ്ത്തി. രാഘവന്‍ ബലമായി ഗോപാലന്‍റെ കയ്യില്‍നിന്ന് താഴും താക്കോലും പിടിച്ചുവാങ്ങി പൂട്ടിട്ടതിനുശേഷം താക്കോല്‍ ഗോപാലന്‍റെ കയ്യില്‍ വെച്ചുകൊടുത്തു. പിന്നീട് അവര്‍ വീണ്ടും ജാഥയായി നീങ്ങിത്തുടങ്ങി.
ഞാനിനി എന്തുചെയ്യും എന്ന മട്ടില്‍ ഗോപാലനെ ദയനീയമായി നോക്കി ദേവകിയും തന്‍റെ വടിയും കുത്തിപ്പിടിച്ച് കാലിസഞ്ചിയുമായി സാവധാനം തന്‍റെ വീടിനെ ലക്ഷ്യമാക്കി നടന്നു.
ജാഥയുടെ മുന്നില്‍ നീങ്ങുന്ന രാഘവന്‍റെ മൊബൈലില്‍ കോള്‍ വന്നു… ഉടനെതന്നെ വീട്ടിലെത്താന്‍ ഭാര്യ ആവശ്യപ്പെടുന്നു. കാര്യം വീട്ടില്‍വന്നിട്ട് പറയാം. വേഗം എത്തണം ഇത്രയും പറഞ്ഞ് കോള്‍ കട്ടായി. കാര്യമെന്തെന്നറിയാതെ പരിഭ്രമിച്ച രാഘവന്‍ ധൃതിയില്‍ നടന്ന് വീട്ടിലെത്തിയപ്പോള്‍ വീടിനുമുന്നില്‍ ഒരു മഹീന്ദ്രാ ബൊലേറോ കിടക്കുന്നു. ചുറ്റും അഞ്ചാറ് ചെറുപ്പക്കാരും… രാഘവനെകണ്ടയുടനെ മകന്‍ രാജേഷ് അടുത്തേക്ക് വന്ന് സ്വകാര്യമായി അച്ഛനോട് പറഞ്ഞു ഇന്ന് ഹര്‍ത്താല്‍മൂലം ഹോട്ടല്‍ ഭക്ഷണം കിട്ടില്ല… ഞങ്ങള്‍ തിരുവനന്തപുരത്തേക്ക് പോകുന്ന വഴിയാണ്. എന്‍റെ വീട്ടില്‍നിന്ന് ഭക്ഷണം കഴിക്കാമെന്ന് ഞാന്‍ നിര്‍ബ്ബന്ധിച്ച് വിളിച്ചുകൊണ്ടുവന്ന ഫ്രണ്ട്സാണിവര്‍.
രാഘവന്‍ എല്ലാവരേയും പരിചയപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ഭാര്യ ആംഗ്യം കാണിച്ച് അകത്തേക്ക് വിളിച്ചു. വീടിനകത്തെത്തിയ രാഘവനോട് എവിടെനിന്നെങ്കിലും അരിവാങ്ങി വരണം…ഒരു മണി അരി ഇവിടില്ല എന്ന് ഭാര്യ പറഞ്ഞു.
ഇന്ന് ഹര്‍ത്താലല്ലേ? ഞാനെവിടുന്ന് അരികൊണ്ടുവരാനാ? രാഘവന്‍ ചോദിച്ചു.
‘അരി കൊണ്ടുവരാന്‍ പറ്റില്ലെങ്കില്‍…ഞാനിവിടുന്നെറങ്ങിപ്പോകും… നാണംകെടാന്‍ എനിക്ക് വയ്യ’ ഭാര്യ അല്‍പ്പം ദേഷ്യത്തില്‍ പറഞ്ഞു.
‘എന്നാ…അരി എവിടുന്നെങ്കിലും കിട്ടുമോന്ന് ഞാനൊന്നു നോക്കീട്ടുവരാം. നീയവര്‍ക്ക് ചായയുണ്ടാക്കിക്കൊടുക്ക്’ എന്ന് പറഞ്ഞ് രാഘവന്‍ ഒരു സഞ്ചിയുമായി പുറത്തേക്കിറങ്ങി.
തലേദിവസം വൈകി പ്രഖ്യാപിച്ച ഹര്‍ത്താലാണ് തന്‍റെ വീട്ടിലെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് രാഘവന്‍ ഓര്‍ത്തു. അരി ഉടനെ കിട്ടുമെന്ന് ഉറപ്പുള്ള സ്ഥലം ഒന്നേയുള്ളു. ഗോപാലന്‍റെ കട… ഗോപാലന്‍റെ താമസവും കടയുടെ പിന്നിലുള്ള വീട്ടിലാണ്. പക്ഷേ… തന്‍റെ ക്രൂരമായ പ്രവര്‍ത്തി ഗോപാലനെ വല്ലാതെ വേദനിപ്പിച്ചുകാണും. തീര്‍ച്ച… ആ ഗോപാലനോട് ഇനി എങ്ങനെ അരി ചോദിക്കും? പക്ഷേ… അരിയില്ലാതെ തിരികെ ചെന്നാല്‍… മകന്‍ അവന്‍റെ കൂട്ടുകാരുടെ മുന്നില്‍ ചെറുതായിപ്പോകും… ഈവിധ ചിന്തകളുമായി രാഘവന്‍ ഗോപാലന്‍റെ വീടിനുമുന്നിലെത്തി. ഗോപാലന്‍ എന്ത് പറഞ്ഞാലും കേള്‍ക്കാം. അരി ചോദിക്കുകതന്നെ എന്നുറപ്പിച്ച് രാഘവന്‍ ഗോപാലന്‍റെ വീടിന്‍റെ കോളിംഗ്ബെല്ലടിച്ചു. കോളിംഗ് ബെല്ലിന്‍റെ ശബ്ദംകേട്ട് വാതില്‍ തുറന്നുവന്ന ഗോപാലന്‍ രാഘവനെക്കണ്ട് മുഖം ചുളിച്ചുകൊണ്ട് ചോദിച്ചു ഞാന്‍ കടയടച്ചില്ലേ? പിന്നെയെന്താ വേണ്ടത്?
ഗോപാലാ… നീയെന്നോട് പൊറുക്കണം… പാര്‍ട്ടിയോടുള്ള അന്ധമായുള്ള കൂറാണ് എന്നെക്കൊണ്ട് അതെല്ലാം ചെയ്യിച്ചത്. ഇപ്പോള്‍ നീ വിചാരിച്ചാലേ എന്നെ സഹായിക്കാന്‍ പറ്റൂ… നീ സഹായിച്ചില്ലെങ്കില്‍ എന്‍റെ മാനം പോകും. രാഘവന്‍ തൊഴുകൈകളോടെ ഗോപാലനോട് അപേക്ഷിച്ചു.
ചേട്ടന്‍ കാര്യം പറ… ഞാനതെല്ലാം അപ്പഴേ വിട്ടു… ഗോപാലന്‍ പറഞ്ഞു.
‘നീ കടതുറന്ന് അഞ്ചുകിലോ അരി എനിക്ക് തരണം. മോന്‍റെ കൂട്ടുകാര് വീട്ടില്‍ വന്നിട്ടുണ്ട്. അവര്‍ക്ക് ഊണുകൊടുക്കാനാ’ രാഘവന്‍ തെല്ലു സമാധാനത്തോടെ പറഞ്ഞു.
‘അത്രേയുള്ളോ… ചേട്ടന്‍വാ…ഞാനെടുത്തുതരാം…’ ഗോപാലന്‍ പറഞ്ഞു.
ഗോപാലന്‍ അകത്തുപോയി താക്കോല്‍ എടുത്തുകൊണ്ടുവന്ന് കടയുടെ പിന്നാമ്പുറത്തുള്ള വാതില്‍ തുറന്ന് അകത്തുകയറി അഞ്ചുകിലോ അരി തൂക്കി രാഘവന് കൊടുത്തു. ഗോപാലനെ കെട്ടിപ്പിടിച്ച് നൂറുപ്രാവശ്യം ക്ഷമ പറഞ്ഞ് രാഘവന്‍ തന്‍റെ അരിസഞ്ചിയുമായി പുറത്തേക്ക് നടന്നു.
‘ചേട്ടാ…ഒരുപകാരം ചെയ്യണം…പോകുന്ന വഴി രാവിലെ ചേട്ടന്‍ അരിവാങ്ങാന്‍ അനുവദിക്കാതെ മടക്കിവിട്ട ദേവകി വല്യമ്മയോട് ഒന്നിവിടംവരെ വരാന്‍ പറയണം…അവര്‍ക്കും അരി കൊടുത്തേക്കാം’ ഗോപാലന്‍ പറഞ്ഞു.
ഗോപാലന്‍റെ ഈ വാക്കുകള്‍ കൂരമ്പുപോലെ രാഘവന്‍റെ ഹൃദയത്തില്‍ തറച്ചു. എന്ത് നീചമായ പ്രവര്‍ത്തിയാണ് താന്‍ ആ സ്ത്രീയോട് ചെയ്തത്? അതിന്‍റെ പ്രായശ്ചിത്തം തന്നെക്കൊണ്ടുതന്നെ ചെയ്യിക്കുന്ന ഗോപാലന് ഇതില്‍പ്പരം എന്ത് പ്രതികാരമാണ് തന്നോട് ചെയ്യാന്‍ സാധിക്കുക?
നാണംകെട്ട് തലതാഴ്ത്തി അരിസഞ്ചിയുമായി തിരികെ നടക്കുമ്പോള്‍ രാഘവന്‍ മനസ്സില്‍ ഒരു ദൃഢപ്രതിജ്ഞയെടുക്കുകയായിരുന്നു…
‘ഇനി ഹര്‍ത്താലിന്‍റെ പേരുപറഞ്ഞ് താന്‍ ഒരു സ്ഥാപനവും അടപ്പിക്കാനോ…വാഹനങ്ങള്‍ തടയാനോ…ആഹ്വാനം ചെയ്യുകയില്ല. ആഹ്വാനം ചെയ്യുന്നവരുമായി സഹകരിക്കുകയുമില്ല…ഇത് സത്യം…

-പി.ആര്‍. കൃഷ്ണന്‍കുട്ടി

Show Less

No comments Yet

SLIDESHOW

LATEST VIDEO