സര്‍ക്കാര്‍ നയം വ്യക്തമാക്കണം; ഇരകള്‍ക്കൊപ്പമോ; അപഹസിക്കുന്നവര്‍ക്കൊപ്പമോ?

അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ (എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടറി)     എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടറി അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ 'കേരളശബ്ദ'ത്തോട് സംസാരിക്കുകയായിരുന്നു.   കാസര്‍ഗോട്ട് മാരകരോഗബാധിതര്‍ ഏറുന്നതിന് കാരണം എന്‍ഡോസള്‍ഫാന്‍ അല്ല... Read More

അമ്പലത്തറ കുഞ്ഞികൃഷ്ണന്‍
(എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടറി)

 

 

എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടറി അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ ‘കേരളശബ്ദ’ത്തോട് സംസാരിക്കുകയായിരുന്നു.

 

കാസര്‍ഗോട്ട് മാരകരോഗബാധിതര്‍ ഏറുന്നതിന് കാരണം എന്‍ഡോസള്‍ഫാന്‍ അല്ല എന്ന വാദവുമായി ചില കാര്‍ഷിക വിദഗ്ധരും ഉദ്യോഗസ്ഥരും രംഗത്തുവന്ന പശ്ചാത്തലത്തില്‍ നടന്ന ആ കൂടിക്കാഴ്ചയില്‍നിന്ന്.

 

 

എന്‍ഡോസള്‍ഫാനെ പ്രകീര്‍ത്തിച്ച് ഈ കാര്‍ഷിക ശാസ്ത്രജ്ഞര്‍ ഒക്കെ എത്രയെത്ര പ്രഭാഷണങ്ങള്‍ നടത്തിയിട്ടും, കാസര്‍ഗോട്ടെ ജനങ്ങളുടെ പൊതു മനോഭാവത്തില്‍ അത് അത്രവലിയ സ്വാധീനമൊന്നും വരുത്തിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കാരണം രാസവിഷത്തിന്‍റെ ഇരകളായി നരകജീവിതം നയിക്കുന്ന എത്രയോ കുഞ്ഞുങ്ങള്‍, അവരുടെ മാതാപിതാക്കള്‍ ഇതൊക്കെ അവര്‍ കണ്‍മുന്നില്‍ നിത്യവും കാണുന്ന കാഴ്ചകളാണല്ലോ. പൊതുവെ എന്‍ഡോസള്‍ഫാന്‍ മാത്രമല്ല, മറ്റ് രാസകീടനാശിനികളും കൃഷിയിടങ്ങളില്‍നിന്ന് ഒഴിച്ചുനിര്‍ത്തണമെന്ന ചിന്ത സാധാരണക്കാര്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരികയാണ്. വിഷം തളിക്കാതെയുള്ള അരിയോടും, പച്ചക്കറികളോടും പഴങ്ങളോടുമെല്ലാമുള്ള താല്‍പ്പര്യം വര്‍ദ്ധിച്ചുവരുന്നത് സഹിക്കാത്തത് ഒരു വിഭാഗം കാര്‍ഷിക ശാസ്ത്രജ്ഞര്‍ക്കും, ചില ഉദ്യോഗസ്ഥര്‍ക്കുമാണ്. ഇവര്‍ ആര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്? പൊതുസമൂഹത്തിനുവേണ്ടിയോ, കീടനാശിനി കമ്പനികള്‍ക്ക് വേണ്ടിയോ?
എന്‍ഡോസള്‍ഫാന്‍ തളിച്ചിരുന്ന ജീവനക്കാര്‍ക്ക് രോഗം വന്നിട്ടില്ല എന്നാണ് ഇവരുടെ പ്രചരണം. അവര്‍ക്ക് രോഗമില്ല, പിന്നെ എങ്ങനെയാണ് ദൂരെയുള്ളവര്‍ക്ക് രോഗം വരുന്നതെന്നാണ് ചോദ്യം? യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത അബദ്ധ പ്രചരണമാണിത്. ഒന്നാമത്, പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍റെ ജീവനക്കാരായിരിക്കെ, കോര്‍പ്പറേഷനെതിരെ പരാതിപ്പെടാന്‍ അവര്‍ക്ക് ഒട്ടേറെ പരിമിതികള്‍ കാണുമെന്നത് സ്വാഭാവികം. അതുകൊണ്ടുതന്നെ ആദ്യമൊന്നും മെഡിക്കല്‍ ക്യാമ്പുകളില്‍ പങ്കെടുത്തിട്ടുമില്ല. പക്ഷേ, എന്‍ഡോസള്‍ഫാനുമായി നേരിട്ട് ഇടപഴകിയിരുന്നവര്‍ക്ക് ത്വക്ക് രോഗവും, ശ്വാസകോശ സംബന്ധഅസുഖങ്ങളും വ്യാപകമായതോടെ അവര്‍ ചികിത്സ തേടാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. രോഗബാധിതരായി മരിച്ചവരുണ്ട്, ഇന്നും രോഗ ദുരിതംപേറി കഴിയുന്നവരുണ്ട്. എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും ഞങ്ങള്‍ നല്‍കാം.

 

 

കുഞ്ഞുങ്ങള്‍ എന്തുപിഴച്ചു?

രോഗം ബാധിച്ചവരായ ഈ കുഞ്ഞുങ്ങളെ കാണുന്നത് ചിലര്‍ക്ക് സഹിക്കുന്നില്ല. കൈക്കുഞ്ഞുങ്ങളെപ്പോലെ മക്കളെയുമെടുത്ത് അമ്മമാര്‍ സമരപ്പന്തലില്‍ എത്തുന്നതൊന്നും ചിലര്‍ക്ക് താങ്ങാനാവുന്നതേയില്ല. അതൊക്കെ മോശമാണത്രെ. ഈ നാടിനെക്കുറിച്ച് മറ്റുള്ളവര്‍ മോശമായി പറയുമത്രേ. മൊത്തത്തില്‍ ഈ നാട്ടിന്നവര്‍ അപമാനമത്രേ…
ഇനി കാസര്‍ഗോട്ടെ ഈ കുഞ്ഞുങ്ങളേയും അവരുടെ അച്ഛനമ്മമാരേയുമെല്ലാം പുറംലോകത്തുനിന്ന് മാറ്റി വേറെ എവിടെയെങ്കിലും പുനരധിവസിപ്പിക്കണമെന്ന് ഇവര്‍ വാദിച്ചേക്കുമോ? അവര്‍ അതിനും മടിക്കുകയില്ല. ഇത്തരം കാഴ്ചകള്‍ ശുഭകരമല്ലെന്നും, അപമാനമാണെന്നുമെല്ലാം പരസ്യമായി പ്രസംഗിക്കുന്നവരില്‍നിന്ന് ഇത്തരമൊരു ആവശ്യം കൂടിയുണ്ടായാല്‍ അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.

(1-15 ഒക്ടോബര്‍ ലക്കത്തില്‍)

Show Less

No comments Yet

SLIDESHOW

LATEST VIDEO