മായാജാലങ്ങളില്ലാത്ത ജീവിതം

മഴ പെയ്തുകൊണ്ടിരിക്കുകയാണ്. പൂജപ്പുര മുടവന്‍മുകള്‍ റോഡിന്‍റെ ഇടത്ത് കാട്ടൂര്‍ റോഡിന്‍റെ വലതുവശത്തുള്ള ബീക്കണ്‍ ഗ്രീന്‍മിസ്റ്റിന്‍റെ മുകള്‍നിലയിലെ മുറിയില്‍ മഴ നോക്കിയിരിക്കുകയാണ് കവിത ഗോപിനാഥ്. പെരിന്തല്‍മണ്ണയ്ക്കടുത്തുള്ള മേലാറ്റൂരിലെ ശ്രീധരപ്പണിക്കരുടേയും ജയശ്രീയുടേയും മൂത്തമകളായ കവിത ദുബൈയിലുള്ള അനിയത്തി... Read More

മഴ പെയ്തുകൊണ്ടിരിക്കുകയാണ്. പൂജപ്പുര മുടവന്‍മുകള്‍ റോഡിന്‍റെ ഇടത്ത് കാട്ടൂര്‍ റോഡിന്‍റെ വലതുവശത്തുള്ള ബീക്കണ്‍ ഗ്രീന്‍മിസ്റ്റിന്‍റെ മുകള്‍നിലയിലെ മുറിയില്‍ മഴ നോക്കിയിരിക്കുകയാണ് കവിത ഗോപിനാഥ്. പെരിന്തല്‍മണ്ണയ്ക്കടുത്തുള്ള മേലാറ്റൂരിലെ ശ്രീധരപ്പണിക്കരുടേയും ജയശ്രീയുടേയും മൂത്തമകളായ കവിത ദുബൈയിലുള്ള അനിയത്തി വന്ദനയുമായി ചാറ്റ് ചെയ്യുന്നതിനിടയിലാണ് മഴ പെയ്തിറങ്ങാന്‍ തുടങ്ങിയത്. ലോക പ്രശസ്തനായ മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്‍റെ പ്രിയതമ കവിത ഓര്‍മ്മകളുടെ മാന്ത്രികച്ചെപ്പ് തുറക്കാന്‍ തുടങ്ങി.

 

തിരുവോണം സുഖം, ഉത്രാടം സുഖം

 

മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് കവളമുക്കട്ടയിലെ കവണഞ്ചേരി കുഞ്ഞുണ്ണി നായരുടേയും മുതുകാട് ദേവകി അമ്മയുടേയും അഞ്ചുമക്കളില്‍ ഇളയ മകനാണ് ഗോപിയേട്ടന്‍. ഇളയ മകനായതുകൊണ്ടു തന്നെ ഏവരുടേയും പ്രിയപ്പെട്ടവനായിരുന്നു. അച്ഛന്‍ മരിക്കുന്നതുവരെ കുട്ട്യേ… എന്നു മാത്രമാണ് ഗോപിയേട്ടനെ വിളിച്ചിരുന്നത്. വല്യ സ്നേഹമായിരുന്നു നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും എല്ലാം. അതിപ്പോഴും അങ്ങനെ തുടരുന്നു. ഗോപിയേട്ടന്‍ പലപ്പോഴും പറയാറുണ്ട് കുഞ്ഞുനാളില്‍ ജ്യേഷ്ഠന്മാരായ പ്രഭാകരേട്ടന്‍റെയും രാധാകൃഷ്ണേട്ടന്‍റെയും നിര്‍മ്മലേട്ടന്‍റേയും രുഗ്മിണി ചേച്ചിയുടേയും കൂടെ മണ്ണ് ചവിട്ടിക്കുഴച്ച് അച്ഛന്‍റെ നിര്‍ദ്ദേശപ്രകാരം മാതേവരെ ഉണ്ടാക്കാറുണ്ടെന്ന്. ഓണനാളില്‍ ചെളി ചവിട്ടിക്കുഴച്ച് ഞങ്ങള്‍ അഞ്ചുമക്കളും കൂടി ഏഴ് രൂപങ്ങള്‍ ഉണ്ടാക്കും. അമ്മയ്ക്ക്, അച്ഛന്, പിന്നെ ഞങ്ങള്‍ അഞ്ചുപേര്‍ക്കും. എന്നിട്ട് അവ ഓരോന്നും ഞങ്ങള്‍ തീര്‍ത്ത സ്നേഹപ്പൂക്കളത്തിന് നടുവിലായി വെയ്ക്കും. പിന്നീട് അതിനടുത്തായി അച്ഛന്‍ അരിമാവ് കലക്കി ഇങ്ങനെ എഴുതും: ‘തിരുവോണം സുഖം’ ‘ഉത്രാടം സുഖം’. വര്‍ഷങ്ങള്‍ക്കു ശേഷമാണ് എന്തിനാണ് അച്ഛന്‍ ഞങ്ങള്‍ മക്കളെ കൊണ്ടു മാത്രം ഇങ്ങനെ ചെയ്യിച്ചതെന്ന് മനസ്സിലായത്. സ്നേഹവും ഐക്യവും എന്നും നിലനിര്‍ത്താന്‍ വേണ്ടിയായിരുന്നു അത്. അതിപ്പോഴും ഈ സഹോദരങ്ങള്‍ തുടരുന്നു.

 

 

എത്ര തിരക്കാണെങ്കിലും എവിടെയാണെങ്കിലും ഗോപിയേട്ടനും ഞാനും മകനും കവളമുക്കട്ടയിലെ തറവാട് വീട്ടിലെത്തും. ഞങ്ങളെത്തുമ്പോഴേക്കും സഹോദരങ്ങളും അവരുടെ കുടുംബവും അവിടെ എത്തിയിട്ടുണ്ടാവും. പിന്നെ ഒരുത്സവമാണ്. ജയച്ചേച്ചിയും (ജയശ്രീ) രാജിച്ചേച്ചിയും (രാജേശ്വരി) രമച്ചേച്ചിയും (രമ) തങ്കുവും(രുഗ്മിണി)പിന്നെ ഞാനും കൂടി ചേരുമ്പോള്‍ അടുക്കളയില്‍ സദ്യവട്ടങ്ങള്‍ക്കുള്ള ഒരുക്കങ്ങളായി. എല്ലാ ചേരുവകള്‍ക്കും മേല്‍നോട്ടത്തിനായി അമ്മകൂടി എത്തുമ്പോള്‍ സദ്യ കേമമാകുന്നു. ഇതാണ് ഞങ്ങളുടെ ഓണം. അതിപ്പോഴും മാറ്റമില്ലാതെ തുടരുന്നു.

പെണ്ണുകാണലും മാജിക്കും

ഞാന്‍ ബികോമിന് പഠിക്കുമ്പോഴാണ് ഗോപിയേട്ടന്‍ എന്നെ പെണ്ണുകാണാന്‍ വരുന്നത്. ഒരു മാജിക്കുകാരനാണ് കാണാന്‍ വരുന്നത് എന്ന് അമ്മയും അച്ഛനും എന്നോട് പറഞ്ഞപ്പോള്‍ എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. അവര്‍ പറയുന്നത് കേള്‍ക്കുകമാത്രം ചെയ്തു. എല്ലാം അവരുടെ ഇഷ്ടത്തിനാണ് ഞാന്‍ വിട്ടുകൊടുക്കാറ്. ഗോപിയേട്ടന്‍ എന്നെ കാണാന്‍വന്നു. ഞാന്‍ ചായ കൊടുത്തു. പലഹാരങ്ങളും. ചായ കുടിക്കുന്നതിനിടയില്‍ അച്ഛനോടും എന്നോടുമായി ഗോപിയേട്ടന്‍ പറഞ്ഞു: “ഇന്ന് പെരിന്തല്‍മണ്ണ ടൗണ്‍ഹാളില്‍ എന്‍റെ മാജിക്ക് ഉണ്ട്” എല്ലാവരേയും ക്ഷണിക്കുന്നു. എന്നിട്ട് ഒരു തീരുമാനം അറിയിച്ചാല്‍ മതി. അവര്‍ യാത്ര പറഞ്ഞിറങ്ങി. ഒളികണ്ണിട്ട് ഞാന്‍ ഗോപിയേട്ടനെ നോക്കി. കണ്ടമാത്രയില്‍ത്തന്നെ ഗോപിയേട്ടനെ എനിക്കിഷ്ടമായി. വൈകീട്ട് ഞങ്ങള്‍ കുടുംബത്തോടെ മാജിക്ക് കാണാന്‍ പോയി. വേദിയില്‍ ഗോപിയേട്ടന്‍ അത്ഭുതങ്ങള്‍ തീര്‍ത്തു. എന്‍റെ മനസ്സിലും. മായാജാലങ്ങളില്ലാത്ത ജീവിതത്തില്‍ എനിക്കൊരു നല്ല ഭര്‍ത്താവിനെ ലഭിച്ചു.” കവിത ചിരിച്ചുകൊണ്ട് പറഞ്ഞുനിര്‍ത്തി.

അമ്മയുടെ ഗോപി

ഏത് വേദിയിലെത്തിയാലും ഏത് രാജ്യത്ത് ചെന്നാലും ഗോപിയുടെ മനസ്സ് മുതുകാട് ദേവകി അമ്മയുടെ അടുത്തെത്തും. എവിടെയാണെങ്കിലും അമ്മയെ വിളിക്കാത്ത ദിവസങ്ങളില്ല. മാസത്തില്‍ കുറഞ്ഞത് രണ്ടുതവണയെങ്കിലും നിലമ്പൂരിലെ തറവാട്ട് വീട്ടിലെത്തി അമ്മയുടെ മടിയില്‍ കിടന്ന് അമ്മയുണ്ടാക്കിയ ഇലയടയും കഴിച്ച് ആത്മമിത്രം രാജനേയും (പ്രേമരാജ്) കണ്ടേ ഗോപി തിരിച്ച് തിരുവനന്തപുരത്തേക്ക് പോകൂ. ദേവകിയമ്മ തന്‍റെ ഇലയടയുടെ രഹസ്യം വെളി പ്പെടുത്താന്‍ തുടങ്ങി. ‘അരിപ്പൊടി കുഴച്ച് അടയുടെ രൂപത്തിലാക്കി അതില്‍ നാളികേരവും ശര്‍ക്കരയും ചേര്‍ത്ത് ദോശക്കല്ലില്‍ തിരിച്ചും മറിച്ചും വേവിച്ചെടുക്കുന്ന അടയാണ് അത്. ആവിയില്‍ വേവിച്ചല്ല ഞാന്‍ ഉണ്ടാക്കാറ്. കുട്ടിക്കാലം മുതലേ ഞാന്‍ ഉണ്ടാക്കിക്കൊടുക്കാറുണ്ട്’. അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു. മുതുകാടിന്‍റെ അതേ ചിരി. കൂട്ടത്തില്‍ കവിതയും ചേര്‍ന്നു. അമ്മയുടെ ഓരോ പാചകത്തിലും സ്നേഹത്തിന്‍റെ മേമ്പൊടി കൂടി അതിലുണ്ടാകും. അമ്മ മരുമകളെ ചേര്‍ത്തുപിടിച്ചുകൊണ്ട് പറഞ്ഞു. എനിക്ക് എല്ലാവരും മക്കളാണ്. വീട്ടില്‍ കയറിവന്നവരെയും എനിക്ക് അങ്ങനെയേ കാണാന്‍ പറ്റൂ… മനസ്സിന്‍റെ വിശാലത. അതുതന്നെയാണ് ഗോപിനാഥ് മുതുകാടെന്ന മാന്ത്രികന്‍റെ പോസിറ്റീവ് എനര്‍ജി തുളുമ്പുന്ന വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കും അടിത്തറയും.

 

‘പലപ്പോഴും എന്‍റെ ഗോപി എല്ലാവരോടും പറയുന്നത് കേട്ടിട്ടുണ്ട്. കുടുംബത്തില്‍ സന്തോഷവും ഐക്യവുമുണ്ടെങ്കില്‍ നാം വിജയിച്ചു. അതുതന്നെയാണ് എല്ലാവരുടെയും കുടുംബത്തിലും ഉണ്ടാകേണ്ടതെന്നും. എല്ലാവരേയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന കൃഷിക്കാരനായ ഒരച്ഛന്‍റെ മകനാണ് ഗോപി. അച്ഛനേയും അമ്മയേയും കണ്ടല്ലേ മക്കള്‍ വളരേണ്ടത്. വീട്ടിലെ സന്തോഷവും ഐക്യവും കണ്ടുകൊണ്ടല്ലേ നമ്മുടെ മക്കളും കൊച്ചുമക്കളും വളരേണ്ടത്. എങ്കിലല്ലേ അവരുടെ ജീവിതത്തിലും സന്തോഷം നിലനില്‍ക്കൂ. വീട്ടിലെ അന്തരീക്ഷം മക്കളുടെ സ്വഭാവത്തിലും കാണില്ലേ. നമ്മുടെ മക്കള്‍ക്ക് നമ്മളല്ലേ മാതൃകയാവേണ്ടത്. വീട്ടിലാരും മദ്യം കഴിക്കുകയോ പുകവലിക്കുകയോ ചെയ്യാറില്ല. അച്ഛന്‍ ആരോടും അങ്ങനെ ചെയ്യരുതെന്നു പറഞ്ഞിട്ടുമില്ല. എന്നാല്‍ ഇതുണ്ടാക്കുന്ന വിപത്തിനെക്കുറിച്ച് പറഞ്ഞുകൊടുക്കാറുണ്ട്. പറയാതെ അനുസരിപ്പിക്കുന്ന രീതിയായിരുന്നു അച്ഛന്‍റേത്’.

 

അല്പനേരത്തെ മൗനത്തിന് ശേഷം ആ അമ്മ തുടര്‍ന്നു. ‘ഗോപി കഠിനാധ്വാനിയായിരുന്നു. അവന് മാജിക്ക് ഒരു ഭ്രാന്തായിരുന്നു. ഇന്ന് കാണുന്നതെല്ലാം നേടിയത് അവന്‍റെ പ്രയത്നം കൊണ്ടുമാത്രമാണ്. അസാധ്യമായിട്ടൊന്നുമില്ലെന്ന് എന്‍റെ ഗോപി തെളിയിച്ചു. അച്ഛന് അവനെ വക്കീലാക്കണമെന്നായിരുന്നു ആഗ്രഹം. അതിനായി ബാംഗ്ലൂരിലേക്ക് അയച്ചു പഠിപ്പിച്ചെങ്കിലും പഠനം പൂര്‍ത്തിയാക്കാതെ തിരിച്ചുവന്നു. മാജിക്ക് മാത്രമായിരുന്നു അവന്‍റെ ലോകം. പത്തുവയസ്സുമുതലേ മാജിക്കിനോടും ഡാന്‍സിനോടും ഇഷ്ടമായിരുന്നു ഗോപിക്ക്. നല്ലപോലെ പാടാനുമുള്ള കഴിവുണ്ടായിരുന്നു കുട്ടിക്കാലത്ത്. ഇന്ന് അവന്‍ ലോകം അറിയുന്നവനായി വളര്‍ന്നാലും എനിക്കെന്‍റെ ഇളയ കുട്ടി തന്നെയാണവന്‍. കഞ്ഞിയും ചമ്മന്തിയും നാടന്‍ ഭക്ഷണങ്ങളുമാണ് ഗോപിക്ക് ഇന്നും ഇഷ്ടം’. സംസാരത്തിനിടയില്‍ ആരോ കോളിംഗ് ബെല്ലടിച്ചു. കവിത വാതില്‍തുറന്നു. മകന്‍ വിസ്മയ് സ്കൂള്‍ വിട്ട് എത്തിയതായിരുന്നു.

 

 

തിരുവനന്തപുരം പാങ്ങോട് ആര്‍മി പബ്ലിക് സ്കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് വിസ്മയ്. വിസ്മയ്ക്ക് ചെറുപ്പത്തില്‍ അച്ഛനെപ്പോലെ മാജിക്കുകാരനാകണമെന്നായിരുന്നു ആഗ്രഹം. പിന്നീട് പൈലറ്റ് ആകാനും മോഹമുദിച്ചു. ഇപ്പോള്‍ ഫുട്ബോള്‍ താരമാകാനാണ് ആഗ്രഹം. ആഴത്തിലുള്ള വായന ഈ ചെറുപ്രായത്തില്‍ തന്നെ വിസ്മയ് തുടങ്ങിയിട്ടുണ്ട്. ഇംഗ്ലീഷ് പുസ്തകങ്ങളാണ് വായിച്ചുകൂട്ടുന്നതിലധികവും. നല്ലൊരു ലൈബ്രറിയും വിസ്മയ് തന്‍റെ മുറിയില്‍ ഒരുക്കിയിട്ടുണ്ട്. യൂണിവേഴ്സിറ്റി ഗ്രൗണ്ടില്‍ ഫുട്ബോള്‍ കോച്ചിംഗിന് പോകുന്ന വിസ്മയ് റൊണാള്‍ഡോയുടെ കടുത്ത ആരാധകനാണ്. മൊബൈല്‍ ഫോണ്‍ അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കുന്ന വിസ്മയ് ഒരു ദിവസം കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും വായിച്ചേ കിടക്കാറുള്ളൂ എന്ന് കവിത പറയുമ്പോഴാണ് ചിരിച്ചുകൊണ്ട് കൈവീശി ഒരാള്‍ കടന്നുവന്നത്. “കവിതേ.. ഇവര്‍ക്ക് ചായ കൊടുത്തോ” എന്ന് ചോദിച്ചുകൊണ്ട് ഗോപിനാഥ് മുതുകാട് എന്‍റെയും ഫോട്ടോഗ്രാഫര്‍ കാര്‍ത്തിക് ഗോപന്‍റേയും അടുത്തുവന്നിരുന്നു.

 

അമ്മയും കവിതയും എല്ലാം പറഞ്ഞുകഴിഞ്ഞല്ലോ ഇനി എനിക്കൊന്നും ബാക്കിയുണ്ടാവില്ല അല്ലേ… ചിരിക്കുന്നു. സ്നേഹം തുളുമ്പുന്ന, കളങ്കമില്ലാത്ത ചിരി. അമ്മയെ ചേര്‍ത്തുപിടിച്ച് മുതുകാട് പറഞ്ഞുതുടങ്ങി. 82 കഴിഞ്ഞിട്ടും അമ്മ ഇങ്ങനെ ഇരിക്കുന്നതിന്‍റെ രഹസ്യം അറിയുമോ? അതിരാവിലെ എഴുന്നേല്‍ക്കുന്നു. ഒരു കിലോമീറ്ററോളം നടക്കും. അതിനുശേഷം നല്ല വ്യായാമവും. പിന്നെ എല്ലാവരെയും സ്നേഹിക്കാനുള്ള മനസ്സും. ഇതാണ് എന്‍റെ അമ്മയുടെ ആരോഗ്യത്തിന്‍റെ രഹസ്യം. കവിതയെയും അമ്മയെയും ചേര്‍ത്തുപിടിച്ച് ഇങ്ങനെ പറഞ്ഞു: ഇവരാണ് എന്‍റെ പവര്‍ ബാങ്ക്. എല്ലാവരും ചിരിക്കുന്നു.

സഹോദരിമാരോട് എനിക്ക് പറയാനുള്ളത്

കുട്ടികളില്‍ നമ്മള്‍ ഒന്നും അടിച്ചേല്‍പ്പിക്കരുത്. അവരില്‍ വായനാശീലം വളര്‍ത്തിയെടുക്കുക. മൊബൈലിന്‍റെ ആവശ്യകതകള്‍ പറഞ്ഞു മനസ്സിലാക്കി കൊടുക്കുക. നമ്മള്‍ അവര്‍ക്ക് മാതൃകയാവാന്‍ ശ്രമിക്കുക. അവരുടെ ഇഷ്ടങ്ങളും കൊച്ചുവര്‍ത്തമാനങ്ങളും കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്യുക. അവര്‍ പറയുന്നത് നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയാല്‍ നമ്മള്‍ പറയുന്നതും അവര്‍ കേള്‍ക്കാന്‍ തുടങ്ങും. ഭക്ഷണം കഴിക്കുന്നതും എല്ലാവരും ഒരുമിച്ചിരുന്ന് കഴിക്കാന്‍ ശ്രമിക്കുക. സംസാരങ്ങളും തമാശകളും പൊട്ടിച്ചിരികളും നമ്മുടെ വീടുകളില്‍ നിറയട്ടെ. നമ്മള്‍ ഓരോരുത്തരും വീട്ടിലെത്തിയാല്‍ അവരവരുടെ ഫോണുകളില്‍ നിന്ന് കുറച്ചുസമയത്തേക്കെങ്കിലും മാറിനില്‍ക്കുക. എങ്കില്‍ നമ്മുടെ വീട്ടിലും കുട്ടികളിലും സന്തോഷം നിറയും. എത്ര തിരക്കിനിടയിലാണെങ്കിലും എത്ര വൈകിയാലും ഞാന്‍ വീട്ടിലെത്തിയാല്‍ മകനോടൊത്ത് കുറച്ചുസമയം അവന്‍റെ വിശേഷങ്ങള്‍ കേട്ടിരിക്കും. ഞാനില്ലാത്ത സമയത്തെല്ലാം കവിത നല്ലൊരു കേള്‍വിക്കാരിയായി മാറും. നമ്മള്‍ അവര്‍ക്കുവേണ്ടി കുറച്ചു സമയം ചെലവഴിക്കുക. അവര്‍ക്ക് നമ്മളല്ലേയുള്ളൂ.

 

 

വീട്ടിലെ സ്നേഹവും സന്തോഷവും പ്രണയവും എല്ലാം കണ്ട് അവര്‍ വളരട്ടെ. എങ്കിലേ അവരുടെ ജീവിതത്തിലും സ്നേഹവും ഐക്യവും ഉണ്ടാകൂ. ഒരു സഹോദരന്‍റെ വാക്കുകളായി നിങ്ങള്‍ കേള്‍ക്കുമല്ലോ? വീട്ടിലെത്തിയാല്‍ ഞാനൊരു അച്ഛനും ഭര്‍ത്താവുമാണ്. മാജിക്കിനും മറ്റും ഗേറ്റുവരെയേ സ്ഥാനമുള്ളൂ. വീട്ടിലെത്തിയാല്‍ പിന്നെ ഞങ്ങളുടെ ഒരു ലോകമായി. ഗോപിനാഥ് മുതുകാട് ചിരിച്ചുകൊണ്ട് പറഞ്ഞുനിര്‍ത്തി. വിനോദത്തോടൊപ്പം വിജ്ഞാനവും പകര്‍ന്നു നല്‍കാന്‍ കഴക്കൂട്ടത്ത് കിന്‍ഫ്റാ ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കില്‍ ആരംഭിച്ച ഏഷ്യയിലെ തന്നെ ആദ്യത്തെ മാജിക്ക് പ്ലാനറ്റും പൂജപ്പുരയിലെ മാജിക്ക് അക്കാദമിയും തുടങ്ങിയത് മുതുകാടാണ്.

 

തെരുവോര കലാകാരന്മാരെ കണ്ടെത്തി അവര്‍ക്ക് വീടും മറ്റ് സൗകര്യങ്ങളും ഒരുക്കിക്കൊടുത്ത ഗോപിനാഥ് മുതുകാട് സമൂഹം മാറ്റിനിര്‍ത്തപ്പെടുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി മാജിക്ക് പ്ലാനറ്റില്‍ എംപവര്‍ എന്നുപേരുള്ള പ്രത്യേകം നിര്‍മ്മിച്ച സ്റ്റുഡിയോയില്‍ പ്രദര്‍ശനവും സംഘടിപ്പിക്കുന്നു. ചീട്ടുകള്‍കൊണ്ട് ഇന്ദ്രജാലം കാണിക്കുന്ന രാഹുലും പൂക്കള്‍ക്കൊണ്ട് മായാജാലം കാണിക്കുന്ന ശ്രീലക്ഷ്മിയും, രാഹുല്‍ ആര്‍ ഉം വിഷ്ണുവും ശില്പയും ശരണ്യയും കാണികളെ വിസ്മയിപ്പിക്കുമ്പോള്‍ അസാധ്യമായതൊന്നുമില്ലെന്ന് നമുക്കു തോന്നും. ഭിന്നശേഷിക്കാരായ ഈ കലാകാരന്മാരുടെ പ്രകടനം ആയിരം വേദി പിന്നിട്ടിരിക്കുകയാണ് ഇപ്പോള്‍. സര്‍ക്കാരുമായി ചേര്‍ന്ന് നൂറിലധികം ഭിന്നശേഷി കുട്ടികളെ കണ്ടെത്തി പരിശീലിപ്പിച്ച് അവരെ സ്വയംപര്യാപ്തരാക്കുന്നതിനായി വലിയൊരു പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരത്ത് നടത്തിവരികയാണ് മുതുകാട് ഇപ്പോള്‍. ഇന്ത്യക്ക് അകത്തും പുറത്തുനിന്നുമായി നിരവധി പുരസ്കാരങ്ങള്‍ നേടിയ മലയാളിയുടെ സ്വന്തം ഗോപിനാഥ് മുതുകാടും കുടുംബവും എല്ലാ മലയാളികള്‍ക്കും സര്‍വ്വൈശ്വര്യം നിറഞ്ഞ ഓണാശംസകള്‍ നേരാനും മറന്നില്ല.

 

നാസര്‍ മുഹമ്മദ്

Show Less

No comments Yet

SLIDESHOW

LATEST VIDEO