ഗായത്രിമന്ത്രത്തെ അറിയാം

  എല്ലാ മന്ത്രങ്ങളുടെയും മാതാവാണ് ഗായത്രീ മന്ത്രമെന്നും, മന്ത്രമെന്നാൽ മനസ്സിനെ ത്രാണം ചെയ്യുന്നതുമെന്നാണർഥം. ഗായത്രീ മന്ത്രം കൂടാതെയുള്ള ഒരു മന്ത്രവും ഫലം തരുന്നില്ലെന്നും, ഗായത്രീ ഉപദേശം യഥാവിധി നേടി ജപം ചെയ്ത ശേഷം മാത്രമാണ്... Read More

 

എല്ലാ മന്ത്രങ്ങളുടെയും മാതാവാണ് ഗായത്രീ മന്ത്രമെന്നും, മന്ത്രമെന്നാൽ മനസ്സിനെ ത്രാണം ചെയ്യുന്നതുമെന്നാണർഥം. ഗായത്രീ മന്ത്രം കൂടാതെയുള്ള ഒരു മന്ത്രവും ഫലം തരുന്നില്ലെന്നും, ഗായത്രീ ഉപദേശം യഥാവിധി നേടി ജപം ചെയ്ത ശേഷം മാത്രമാണ് മറ്റ്മന്ത്രങ്ങൾ ചെയ്യാൻ ഒരു സാധകൻ അർഹതയുള്ളവനാകുന്നതുമെന്നുമാണ്‌ വിശ്വാസം.

 

സവിതാവിനോടുള്ള പ്രാർത്ഥനയാണ്‌ ഈ മന്ത്രം. സവിതാവ്‌ സൂര്യദേവനാണ്‌. ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയേയും (ധീ) പ്രകാശിപ്പിക്കട്ടെ എന്നാണ്‌ പ്രാർത്ഥനയുടെ സാരം.സവിതാവിനോടുള്ള പ്രാർത്ഥനയായതിനാൽ ഇതിനെ സാവിത്രി മന്ത്രം എന്ന്‌ വിളിക്കുന്നു. ഋഗ്വേദം, യജുർവേദം, സാമവേദം എന്നീ മൂന്നുവേദങ്ങളിലും കാണുന്ന ഒരു വൈദികമന്ത്രമാണ് ഗായത്രീമന്ത്രം.  ഇത്‌ എഴുതിയിരിക്കുന്നത്‌ ഗായത്രീ എന്ന ഛന്ദസ്സിലാണ്‌. ഛന്ദസ്സിന്‍റെ പ്രശസ്തി അതുപയോഗിച്ചെഴുതിയ മന്ത്രത്തിലേക്ക്‌ ആവേശിച്ചപ്പോൾ സാവിത്രി മന്ത്രത്തിന്‍റെ വിളിപ്പേർ ഗായത്രീ എന്നായി. ഗായന്തം ത്രായതേ ഇതി ഗായത്രീ – ഗായകനെ  രക്ഷിക്കുന്നതെന്തോ (ത്രാണനം ചെയ്യുന്നത്‌) അതു ഗായത്രീ എന്നു പ്രമാണം.

 

ഈ മഹാമന്ത്രത്തിന്‍റെ ഋഷി വിശ്വാമിത്രൻ ആണ്. ഗായത്രീ ‍ഛന്ദസ്സിൽ ആണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്. സർവ ശ്രേയസുകൾക്കും നിദാനമായ ബുദ്ധിയുടെ പ്രചോദനമാണ് മന്ത്രത്തിലെ പ്രാർഥനാവിഷയം. മന്ത്രത്തിന്‍റെ അധിഷ്ഠാത്രിയായ ദേവി പഞ്ചമുഖിയും ദശഹസ്തയുമാണ്. “ഗാനം ചെയ്യുന്നവനെ ത്രാണനം ചെയ്യുന്നത്” എന്നാണ് ഗായത്രീ എന്ന ശബ്ദത്തിന് അർത്ഥം കൽപിച്ചിരിക്കുന്നത്.

 

‘‘ഓം ഭൂർ ഭുവഃ സ്വഃ തത് സവിതുർ വരേണ്യം ഭർഗോ ദേവസ്യ ധീമഹി ധിയോ യോ നഃ പ്രചോദയാത് ’’

 

സാരാംശം

 

“ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയെയും പ്രകാശിപ്പിക്കട്ടെ.”

 

ബുദ്ധിശക‌്തി വർധിപ്പിക്കുന്നതിനോടൊപ്പം തന്നെ തടസ്സങ്ങൾ നീങ്ങുന്നതിനും, ആപത്‌ ഘട്ടങ്ങളിൽ നിന്നു സംരക്ഷിക്കുന്നതിനും അജ്ഞത നീക്കുന്നതിനും ചിന്തകളെ ശുദ്ധീകരിക്കുന്നതിനും ആശയവിനിമയപാടവം വർധിപ്പിക്കുന്നതിനും ഗായത്രീ മന്ത്രോപാസന ഉത്തമമത്രേ. ചുരുക്കത്തിൽ മന്ത്രങ്ങളിൽ ഏറ്റവും മികച്ചതു ഗായത്രിമന്ത്രമാണ്.

ഗായത്രീ മന്ത്രത്തിലെ ഓരോ വാക്കും ശരീരത്തിനു കൂടുതല്‍ ഊര്‍ജം നല്‍കുന്ന വിധത്തിലാണു ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. ഈ മഹാമന്ത്രത്തിലെ 24 അക്ഷരങ്ങൾ മനു‌ഷ്യ ശരീരത്തിലെ 24 ഗ്രന്ഥികള‌െയും തമ്മിൽ ബന്ധിപ്പിക്കുന്നു. നിത്യവും ജപിക്കുന്നതു മോക്ഷദായകമാണ്. ഗ്രഹദോഷങ്ങൾ ബാധിക്കാതിരിക്കാൻ ഈ ജപം സഹായിക്കുന്നു.

ഗായത്രീ മന്ത്രജപം ആരോഗ്യവും ദീർഘായുസ്സും അഭിവൃദ്ധിയും പ്രദാനം ചെയ്യുന്നു. ചെറുപ്പം മുതലേ ഗായത്രീ മന്ത്രോപാസന ശീലിക്കുന്നതു കുട്ടികളുടെ ബുദ്ധി വികാസ ത്തിനു കാരണമാകുന്നു. മികച്ച വിദ്യാഭ്യാസം നൽകിയിട്ടും മാതാപിതാക്കളുടെ പ്രതീക്ഷയ്ക്കൊത്തുയരാൻ ചിലർക്കു സാധിക്കുന്നില്ല. അങ്ങനെയുളളവർ ഗായത്രീ മന്ത്രോപാസന ശീലമാക്കിയാൽ ഏകാഗ്രത വർധിക്കുകയും ഉന്നതവിജയം കരസ്ഥമാക്കാൻ സാധിക്കുകയും ചെയ്യും.

 

ജപിക്കുന്ന രീതി

 

സാധാരണയായി രാവിലെയും സന്ധ്യയ്ക്കുമാണു ഗായത്രീ ജപിക്കേണ്ടത്. രാവിലെ കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായും സന്ധ്യയ്ക്കു പടിഞ്ഞാറോട്ടോ വടക്കോട്ടോ തിരിഞ്ഞും അല്ലാത്ത സമയങ്ങളിൽ വടക്കോട്ടു തിരിഞ്ഞും വേണം ഗായത്രീ ജപിക്കാൻ. രാത്രി ജപം പാടില്ല. രാവിലെ നിന്നുകൊണ്ടും അല്ലാത്ത സമയം ചമ്രം പടിഞ്ഞ് ഇരുന്നു കൊണ്ടും വേണം ജപിക്കാൻ. നല്ലൊരു യോഗ മുറയായും ഗായത്രീജപത്തെ കാണാം. ഇത്ര തവണ ഗായത്രീ ജപിച്ചാൽ അതിന്‍റെതായ സിദ്ധികൾ‌ ഉണ്ടാകുമെന്നാണു വിശ്വാസം.

ഈ മഹാമന്ത്രം ദിവസത്തില്‍ ഒരു പ്രാവശ്യം ജപിച്ചാൽ പോലും അന്നു പകൽ ചെയ്ത പാപങ്ങളെല്ലാം തീരും. ഏകാഗ്രതയോടെ 10 തവണ ജപിച്ചാൽ ഒരു മാസത്തെ പാപവും 1000 തവണ ചൊല്ലിയാല്‍ ഒരു വർഷത്തെ പാപവും ശമിക്കും എന്നാണു വിശ്വാസം. മനഃശുദ്ധിയും മനോബലവും വർധിപ്പിക്കുന്നതിനോടൊപ്പം ഓരോ വ്യക്തിയിലും പോസിറ്റീവ് എനർജി നിറയ്ക്കാനും അതിലൂടെ ഐശ്വര്യം വർധിപ്പിക്കാനും ഗായത്രീമന്ത്രത്തിനു സാധിക്കും.


ഓം – പരബ്രഹ്മത്തെ സൂചിപ്പിക്കുന്ന പുണ്യശബ്ദം

ഭൂഃ ഭൂമി

ഭുവസ്സ്‌ അന്തരീക്ഷം

സ്വർ – സ്വർഗം

തത് –

സവിതുർ സവിതാവിന്‍റെ (സൂര്യന്‍റെ)

വരേണ്യം – ശ്രേഷ്ഠമായ

ഭർഗസ് – ഊർജപ്രവാഹം പ്രകാശം

ദേവസ്യ – ദൈവികമായ

ധീമഹി – ഞങ്ങൾ ധ്യാനിക്കുന്നു

യഃ – യാതൊന്ന്

നഃ ഞങ്ങളുടെ (നമ്മളുടെ)

ധിയഃ – ബുദ്ധികളെ

പ്രചോദയാത് പ്രചോദിപ്പിക്കട്ടെ


 

മന്ത്രഫലം

 

1008 ചുവന്ന മലർകളാൽ ഗായത്രി ഹോമം ചെയ്താൽ രാജകീയ പദവി തേടിയെത്തും. 1008 തവണ ഒഴുക്കുള്ള നദിയിൽ നിന്ന് ജപിച്ചാൽ സർവ്വ പാപങ്ങളും അകലും. ദിനംതോറും 1008 വീതം ഒരു വർഷം ജപിച്ചാൽ ത്രികാലജ്ഞാനം സിദ്ധിക്കും. രണ്ട് വർഷം ജപിച്ചാൽ അഷ്ടസിദ്ധികളും ലഭിക്കും. മൂന്ന് വർഷം ജപിച്ചാൽ പരകായ പ്രവേശം ചെയ്യാനുള്ള സിദ്ധി താനെ ഉണ്ടാകും. നാല് വർഷം ജപിച്ചാൽ ദേവജന്മം ലഭിക്കും.അഞ്ച് വർഷം ജപിച്ചാൽ ഇന്ദ്രനാവാം. ആറുവർഷം ജപിച്ചാൽ ബ്രഹ്മലോകവാസം ലഭിക്കും. ഏഴുവർഷം ജപിച്ചാൽ സൂര്യമണ്ഡലത്തിൽഗായത്രി ദേവിയ്ക്കൊപ്പം ഐക്യമാവാം എന്നാണ് വിശ്വാസം.

Show Less

No comments Yet

SLIDESHOW

LATEST VIDEO