ശവസംസ്കാര വിലക്ക്: ബിഷപ്പ് കെ. ജി ദാനിയേലിന്‍റെ അപ്പീല്‍ തള്ളി.

പത്തുലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി.   ഭാരതം സ്വാതന്ത്രമായ 1947 ല്‍ കലഹിച്ച് കഴിഞ്ഞിരുന്ന അഞ്ച് വിഭാഗങ്ങളെ കൂട്ടിച്ചേര്‍ത്ത് ആംഗ്ലിക്കന്‍ പാതിരിമാര്‍ രൂപീകരിച്ച സഭയാണ് ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ(സിഎസ്ഐ). ചെന്നൈ, ബാംഗളൂരു, ഹൈദരാബാദ്... Read More

പത്തുലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി.

 

ഭാരതം സ്വാതന്ത്രമായ 1947 ല്‍ കലഹിച്ച് കഴിഞ്ഞിരുന്ന അഞ്ച് വിഭാഗങ്ങളെ കൂട്ടിച്ചേര്‍ത്ത് ആംഗ്ലിക്കന്‍ പാതിരിമാര്‍ രൂപീകരിച്ച സഭയാണ് ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ(സിഎസ്ഐ). ചെന്നൈ, ബാംഗളൂരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളില്‍ നൂറുകണക്കിന് ഏക്കര്‍ ഭൂമിയുള്‍പ്പെടെ ആയിരക്കണക്കിന് കോടികളുടെ വസ്തുവകകള്‍ സിഎസ്ഐ സഭക്ക് നല്‍കിയിട്ടാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടത്. പക്ഷെ കഴിഞ്ഞ എഴുപത് വര്‍ഷങ്ങള്‍ക്കിടെ മെട്രോ നഗരങ്ങളിലടക്കം സഭയ്ക്കുണ്ടായിരുന്ന ശതകോടികള്‍ വിലമതിക്കുന്ന വസ്തുവകകളുടെ ഭൂരിഭാഗവും ബിഷപ്പുമാരും സില്‍ബന്ധികളും വിറ്റുതുലച്ചത് ചരിത്രം. ഏകദേശം 550 കോടിയുടെ ഭൂമി കുംഭകോണക്കേസില്‍ സിബിസിഐഡി വിജയവാഡയില്‍ അറസ്റ്റുചെയ്ത സഭാ മുന്‍ മോഡറേറ്റര്‍ ബിഷപ്പ് ഗോവാഡ ദേവാശീര്‍വാദത്തിന് നാല്‍പ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് ജാമ്യം ലഭിച്ചത്. സി എസ് ഐ ട്രസ്റ്റ് അസ്സോസിയേഷന്‍റെ ശതകോടികളുടെ സ്വത്തുക്കള്‍ തട്ടിയെടുത്ത കേസുകളില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷണം തുടരുകയാണ്. അറസ്റ്റിലായ മുന്‍ മോഡറേറ്റര്‍ ദേവാശീര്‍വാദത്തിന്‍റെ കാലത്തു നടന്ന ക്രമക്കേടുകളില്‍ അന്നത്തെ ഡെപ്യൂട്ടി മോഡറേറ്ററും നിലവിലെ മോഡറേറ്ററുമായ ബിഷപ്പ് തോമസ് കെ ഉമ്മന്‍റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ‘സിഎസ്ഐ ട്രസ്റ്റ് ബെനിഫിഷ്യറി അസ്സോസിയേഷന്‍’ അടക്കം അല്‍മായ സംഘടനകളും രംഗത്തുണ്ട്.

സഭാസ്വത്ത് തട്ടിപ്പ് മുതല്‍ ശവസംസ്കാര വിലക്കുവരെയുള്ള സംഭവങ്ങളില്‍ സിഎസ്ഐ ബിഷപ്പുമാര്‍ എക്കാലത്തും വില്ലന്‍ വേഷങ്ങളിലുണ്ട്. സായിപ്പ് ഔദാര്യമായി നല്‍കിയ സ്വത്തിന്‍റെയും പദവികളുടേയും ഹുങ്കില്‍ ആരുടെമേല്‍ കുതിരകയറണം എന്നാണ് മിക്ക ബിഷപ്പുമാരുടേയും ചിന്ത. സഭാനേതാവായിരുന്ന പ്രൊഫ.സി സി ജേക്കബിന് ശവസംസ്കാരം നിഷേധിച്ച സംഭവത്തില്‍ സിഎസ്ഐ ബിഷപ്പ് കെ ജി ദാനിയേല്‍ പത്ത് ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന വിധി കഴിഞ്ഞയാഴ്ച്ച മേല്‍ക്കോടതി ശരിവച്ച സംഭവം അഹങ്കാരികളായ സഭാമേധാവികളുടെ മുഖത്തേറ്റ പ്രഹരമെന്ന് വിലയിരുത്തപ്പെടുന്നു.

സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് കെ ജി ദാനിയേലിനെ ശിക്ഷിച്ച കേസിനാധാരമായ ശവസംസ്കാര വിലക്ക് നടന്നത് 2013 ഒക്ടോബര്‍ 5 നാണ്. മേലുകാവ് ഹെന്‍ട്രി ബേക്കര്‍ കോളേജിലെ ചരിത്രവിഭാഗം മേധാവിയായിരുന്നു പ്രൊഫ. ജേക്കബ് . ഈസ്റ്റ് കേരള മഹായിടവക രൂപീകരണക്കമ്മറ്റി കണ്‍വീനര്‍, അല്‍മായ സെക്രട്ടറി, രജിസ്ട്രാര്‍, മദ്ധ്യകേരള മഹായിടവക എക്സിക്യൂട്ടീവ് അംഗം, സിനഡ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗം എന്നീ നിലകളിലും മുട്ടം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡണ്ടായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
2008-ല്‍ ‘ജലസ്നാനം: ഒരു പഠനം’ എന്ന പേരില്‍ പ്രൊഫ. ജേക്കബ് ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. പുസ്തകത്തിലെ ചില പരാമര്‍ശങ്ങള്‍ സഭാവിരുദ്ധമെന്ന് ആരോപിച്ച് ബിഷപ്പ് കെ. ജി ദാനിയേല്‍ പ്രൊഫ. ജേക്കബിനെ സഭയില്‍ നിന്നും മുടക്കി. ഇതിനെതിരെ പ്രൊഫ.ജേക്കബ് മുന്‍സിഫ് കോടതിയെ സമീപിച്ചു. ബിഷപ്പിന്‍റെ നടപടി റദ്ദാക്കിയ കോടതി 2009-ല്‍ പ്രൊഫ.ജേക്കബിന്‍റെ സഭാംഗത്വം പുനസ്ഥാപിച്ചു. മുന്‍സിഫ് കോടതി ഉത്തരവിനെതിരെ ബിഷപ്പ് അപ്പീല്‍ പോയെങ്കിലും 2011 നവംബര്‍ 30 ന് സബ്കോടതി കേസ് തള്ളി.

രോഗബാധിതനായിരുന്ന പ്രൊഫ. ജേക്കബ് 2013 ഒക്ടോബര്‍ 5 ന് അന്തരിച്ചു. മരണവിവരം ബിഷപ്പിനെ അറിയിച്ചപ്പോള്‍ സംസ്കാരം പള്ളിസെമിത്തേരിയില്‍ നടത്താനാവില്ല എന്നായിരുന്നു മറുപടി. തുടര്‍ന്ന് സഭാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളും അല്‍മായരും പുരോഹിതരും ബിഷപ്പിനെ പ്രത്യേകം കണ്ട് മൃതദേഹം കുടുംബക്കല്ലറയില്‍ സംസ്കരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിന്‍റെ പേരില്‍ എന്തു നടപടിയുണ്ടായാലും ഞാന്‍ നേരിട്ടുകൊള്ളാം എന്നായിരുന്നു ബിഷപ്പിന്‍റെ ധിക്കാരപരമായ മറുപടി. അന്ന് കെ. പി. സി. സി പ്രസിഡണ്ടായിരുന്ന രമേശ് ചെന്നിത്തല, എം. പിയായിരുന്ന പി. ടി തോമസ്, സര്‍ക്കാര്‍ ചീഫ് വിപ്പായിരുന്ന പി. സി ജോര്‍ജ് എന്നിവരുടെ നീക്കങ്ങളും ബിഷപ്പിന്‍റെ പിടിവാശി അയച്ചില്ല. പ്രൊഫ. ജേക്കബ് സഭയിലെ അംഗമല്ലെന്നും, മുടക്കിയതാണെന്നുമായിരുന്നു ബിഷപ്പിന്‍റെ നിലപാട്.
തുടര്‍ന്ന് വീടിന് സമീപം പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ ആയിരക്കണക്കിന് ജനങ്ങളെയും അല്‍മായരേയും സാക്ഷിനിര്‍ത്തി പ്രൊഫ. ജേക്കബിന്‍റെ മൃതദേഹം സി. എസ്. ഐ സഭയുടെ ആചാരപ്രകാരം സംസ്കരിച്ചു. സഭാ എക്സിക്യുട്ടീവ് കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും പുരോഹിതരും വിശ്വാസികളും ബിഷപ്പിന്‍റെ വിലക്ക് തള്ളി സംസ്കാരച്ചടങ്ങില്‍ സംബന്ധിച്ചു.
പ്രൊഫ. ജേക്കബിന് സിഎസ്ഐ സഭ കുടുംബക്കല്ലറയില്‍ അന്ത്യനിദ്ര നിഷേധിച്ച സംഭവം വന്‍ വിവാദമായി വളര്‍ന്നു. ‘കത്തോലിക്കാ നവീകരണപ്രസ്ഥാനം ‘ ‘ക്രിസ്ത്യന്‍ അല്‍മായ ഐക്യവേദി’ ഉള്‍പ്പെടെയുള്ള സംഘടനകളും ജോസഫ് പുലിക്കുന്നേല്‍ അടക്കമുള്ള പ്രമുഹരും മനുഷ്യത്വം തൊട്ടുതീണ്ടാത്ത ബിഷപ്പ് കെ ജി ദാനിയേലിന്‍റെ ധാര്‍ഷ്ട്യത്തിനെതിരേ ശക്തമായി രംഗത്തുവന്നു. 2013 നവംബര്‍ 3 , 10 ലക്കങ്ങളില്‍ ‘കേരളശബ്ദം’ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടും വ്യാപകമായ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. ഇതോടെ കുടുംബക്കല്ലറയില്‍ മൃതദേഹം സംസ്കരിക്കുന്നത് വിലക്കിയ ബിഷപ്പ് കെ. ജി ദാനിയേലിന് മാതൃകാപരമായ ശിക്ഷവാങ്ങിക്കൊടുക്കണമെന്ന ആവശ്യം സമൂഹത്തിന്‍റെ വിവിധ തലങ്ങളില്‍ ഉയര്‍ന്നു.

ബിഷപ്പ് കെ.ജി ദാനിയേല്‍ ,എള്ളുംപുറം സെന്‍റ് മത്യാസ് പള്ളിവികാരി , ഈസ്റ്റ് കേരള മഹായിടവക എന്നിവരെ എതിര്‍കക്ഷികളാക്കി പ്രൊഫ. ജേക്കബിന്‍റെ ഭാര്യയും മക്കളും ഒരുകോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് കേസ് നല്‍കാന്‍ തീരുമാനിച്ചു. ഒരുകോടി പത്ത് ശതമാനമായ പത്തുലക്ഷം കോടതിയില്‍ കെട്ടിവയ്ക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ നഷ്ടപരിഹാരത്തുക പത്തുലക്ഷമാക്കി കുറക്കുകയും ഒരു ലക്ഷം രൂപ കോടതിയില്‍ കെട്ടിവച്ച് പ്രൊഫ ജേക്കബ്ബിന്‍റെ കേസ് നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

 


എള്ളുമ്പുറം സി. എസ്. ഐ പള്ളിയിലെ സെമിത്തേരിയില്‍ കുടുംബക്കല്ലറ ഇല്ല എന്നായിരുന്നു ബിഷപ്പ് കോടതിയില്‍ വാദിച്ചത്. എന്നാല്‍ എള്ളുംപുറം പള്ളിയിലെ സെമിത്തേരിയില്‍ ചുവന്നപ്ലാക്കല്‍ കുടുംബത്തിന് അവകാശപ്പെട്ട കുടുംബക്കല്ലറയുണ്ടെന്നും പ്രൊഫ. ജേക്കബിന്‍റെ മാതാപിതാക്കളേയും സഹോദരിയേയും അവിടെയാണ് സംസ്കരിച്ചതെന്ന് ഹര്‍ജിക്കാരിയും മക്കളും വാദിച്ചു. തുടര്‍ന്ന് പള്ളി സെമിത്തേരിയും രേഖകളും പരിശോഭിച്ച് സത്യമറിയുന്നതിന് കോടതി കമ്മീഷനെ നിയമിച്ചു. എള്ളുംപുറം പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയും പള്ളിയിലെ രേഖകളും വിശദമായി പരിശോധിച്ച കമ്മീഷന്‍ ചുവന്നപ്ലാക്കല്‍ കുടുംബത്തിന് കുടുംബക്കല്ലറയുണ്ടെന്ന് കണ്ടെത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് കുടുംബക്കല്ലറയില്‍ ശവസംസ്കാരം തടഞ്ഞതിന് ബിഷപ്പ് കെ. ജി ദാനിയേല്‍ , എള്ളുംപുറം സെന്‍റ് മത്യാസ് പള്ളിവികാരി , ഈസ്റ്റ് കേരള മഹായിടവക എന്നവര്‍ പ്രൊഫ. ജേക്കബിന്‍റെ ഭാര്യ മേരിക്കും മക്കള്‍ക്കും ഒന്‍പതു ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരം രൂപയും കോടതിച്ചെലവും നഷ്ടപരിഹാരം നല്‍കാന്‍ ഈരാറ്റുപേട്ട മുന്‍സിഫ് കോടതി 2016 ല്‍ ഉത്തരവിട്ടു.
ബിഷപ്പുമാര്‍ സാധാരണ ആളുകളെപ്പോലെ വികാരങ്ങളും ആഗ്രഹങ്ങളും പ്രകടിപ്പിക്കാവുന്നതല്ലെന്നും , ഇത്തരം പദവിയില്‍ ഇരിക്കുന്നവര്‍ പ്രതികാര മനോഭാവം പ്രകടിപ്പിക്കാന്‍ പാടില്ലെന്നും , സഭയിലെ ശുശ്രൂഷകരില്‍ നിന്നും കരുണയും കരുതലും മാനുഷിക മൂല്യങ്ങളുമാണ് ഉണ്ടാകേണ്ടതെന്നും ,ആദരപൂര്‍വ്വവും മതാചാരപ്രകാരവും കുടുംബക്കല്ലറയില്‍ മൃതദേഹം സംസ്കരിക്കാന്‍ ബന്ധുക്കളെ അനുവദിക്കാതിരുന്നത് എല്ലാവിധ മാനുഷിക മൂല്യങ്ങള്‍ക്കും എതിരാണെന്ന് കരുതേണ്ടിയിരിക്കുന്നുവെന്നും, ഈ നടപടി തെറ്റായുള്ളതും പരേതന്‍റെ അവകാശങ്ങളുടെ മേലുള്ള ലംഘനമാണെന്നും മുന്‍സിഫ് കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ വിധിക്കെതിരെ ബിഷപ്പ് കെ ജി ദാനിയേല്‍ പാലാ സബ്കോടതിയില്‍ നല്‍കിയ അപ്പീലാണ് ചെലവ് സഹിതം തള്ളിയത്.

ബിഷപ്പ് സ്ഥാനത്തുനിന്നും റിട്ടയര്‍ ചെയ്ത കെ ജി ദാനിയേല്‍ വാര്‍ദ്ധക്യകാലത്ത് വിശ്രമജീവിതം നയിക്കുന്നതിനിടയിലാണ് ‘പ്രവൃത്തികളുടെ ഫലം പിന്‍തുടരു’മെന്ന ചൊല്ലുപോലെ കോടതിവിധിയുണ്ടായിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ബിഷപ്പിന്‍റെ നാലേക്കറോളം വരുന്ന ഭൂമി കോടതി അറ്റാച്ച് ചെയ്തിട്ടുമുണ്ട്. ‘സിഎസ്ഐ സഭയുടെ ഫണ്ടില്‍ നിന്നും ഒരു രൂപപോലും നഷ്ടപരിഹാരം നല്‍കാന്‍ അനുവദിക്കില്ല. പ്രൊഫ. ജേക്കബിന്‍റെ ശവസംസ്കാര വിലക്ക് പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാവില്ല. കെ ജി ദാനിയേല്‍ സ്വന്തം പോക്കറ്റില്‍ നിന്നും പണം നല്‍കട്ടെ. അല്ലെങ്കില്‍ അദ്ദേഹത്തിന്‍റെ ഭൂമി കോടതി കണ്ടുകെട്ടട്ടെ. കുഞ്ഞാടുകളെ പീഡിപ്പിക്കുന്ന ബിഷപ്പുമാര്‍ക്ക് ഈ വിധി പാഠമാകട്ടെ” ഒരു സിഎസ്ഐ സഭാനേതാവ് പറഞ്ഞു.
സകല അധികാരങ്ങളും കൈവെപ്പിലൂടെ ലഭിച്ചുവെന്ന മട്ടില്‍ മനുഷ്യാവകാശലംഘനവും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തുന്ന മേല്‍പ്പട്ടക്കാര്‍ക്കുള്ള താക്കീതാണ് ബിഷപ്പ് കെ ജി ദാനിയേലിന് ലഭിച്ച ശിക്ഷ എന്നാണ് വിശ്വാസികളുടെ പക്ഷം. മുടക്കും ശവസംസ്കാര വിലക്കുമായി വിശ്വാസികളെ വിരട്ടുന്ന ബിഷപ്പുമാര്‍ക്ക് തടവും ജയിലില്‍ നിര്‍ബന്ധിത ബൈബിള്‍ ക്ലാസും വ്യവസ്ഥചെയ്യുന്ന നിയമനിര്‍മ്മാണം അനിവാര്യം.

Show Less

No comments Yet

SLIDESHOW

LATEST VIDEO