മുലപ്പാലിന്‍റെ പേരില്‍ ഒറ്റയാള്‍ പോരാട്ടം

വ്യക്തിയായിരിക്കുമ്പോള്‍ തന്നെ പ്രസ്ഥാനമായി മാറുന്ന ചിലരുണ്ട്, അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി നമുക്കുചുറ്റും. സാമൂഹ്യമാറ്റത്തിനു വേണ്ടി ഒറ്റയാള്‍ പോരാട്ടം നടത്തുന്നവര്‍. ചെയ്ത നന്മകള്‍ വിളിച്ചുപറഞ്ഞ് നടക്കുന്ന സ്വഭാവം ഇല്ലാത്തതിനാല്‍, ഇവരുടെ സേവനങ്ങളും നേട്ടങ്ങളും പലപ്പോഴും തിരിച്ചറിയപ്പെടുന്നില്ലെന്നുമാത്രമല്ല, അതിന്‍റെ... Read More

വ്യക്തിയായിരിക്കുമ്പോള്‍ തന്നെ പ്രസ്ഥാനമായി മാറുന്ന ചിലരുണ്ട്, അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി നമുക്കുചുറ്റും. സാമൂഹ്യമാറ്റത്തിനു വേണ്ടി ഒറ്റയാള്‍ പോരാട്ടം നടത്തുന്നവര്‍. ചെയ്ത നന്മകള്‍ വിളിച്ചുപറഞ്ഞ് നടക്കുന്ന സ്വഭാവം ഇല്ലാത്തതിനാല്‍, ഇവരുടെ സേവനങ്ങളും നേട്ടങ്ങളും പലപ്പോഴും തിരിച്ചറിയപ്പെടുന്നില്ലെന്നുമാത്രമല്ല, അതിന്‍റെ അവകാശം മറ്റുപലരിലും ചാര്‍ത്തപ്പെടുകയും ചെയ്യും. തിരുവനന്തപുരം കാഞ്ഞിരംപാറ മരുതന്‍കുഴി പാലാഴിയില്‍ കുസുമം ആര്‍. പുന്നപ്ര അങ്ങനൊരു പ്രസ്ഥാനമായി മാറിയ വ്യക്തിയാണ്. സ്വകാര്യ- അണ്‍എയിഡഡ് മേഖലകളിലെ അസംഘടിത തൊഴിലാളി സ്ത്രീകള്‍ക്കുവേണ്ടി ഇത്രകണ്ട് ഒറ്റയാള്‍ പോരാട്ടം നടത്തി അവകാശങ്ങള്‍ നേടിക്കൊടുത്ത മറ്റൊരു സ്ത്രീ വേറെ കാണില്ല. കക്ഷി രാഷ്ട്രീയക്കാര്‍ ശ്രദ്ധിക്കാതെ പോവുകയോ, ബോധപൂര്‍വ്വം വിസ്മരിക്കുകയോ ചെയ്ത വലിയൊരു നീതിനിഷേധത്തിനെതിരെ മൂന്നുവര്‍ഷക്കാലം സന്ധിയില്ലാതെ ഒറ്റയ്ക്കുപോരാടിയ കുസുമം തന്‍റെ പോരാട്ടത്തെ സ്വയം വിശേഷിപ്പിക്കുന്നത് ‘ടോയ്ലറ്റില്‍ പിഴിഞ്ഞുകളയുന്ന അമ്മയുടെ മുലപ്പാല്‍ കുടിക്കുവാനുള്ള, അസംഘടിത മേഖലയിലെ ശബ്ദമില്ലാത്ത സ്ത്രീകളുടെ ജനിച്ചുവീഴുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടം’ എന്നാണ്. ലോകചരിത്രത്തില്‍ തന്നെ ആദ്യസംഭവം.

 

അമ്മയ്ക്ക് കിട്ടിയ അവകാശം മകള്‍ക്ക് കിട്ടില്ലെന്നറിഞ്ഞപ്പോള്‍

 

കെല്‍ട്രോണിലെ ഉദ്യോഗസ്ഥയായിരുന്ന കുസുമം ഈയൊരു പോരാട്ടത്തിലേക്കിറങ്ങിയതിന് പിന്നില്‍, തനിക്ക് ലഭിച്ച പ്രസവാനുകൂല്യങ്ങള്‍ ഐ.ടി കമ്പനി ജീവനക്കാരിയായ തന്‍റെ മകള്‍ക്ക് ലഭിക്കില്ല എന്നുള്ള തിരിച്ചറിവാണ് കാരണമായി മാറിയത്. ആ അറിവ് പിന്നെ അങ്ങ് ദല്‍ഹി വരെയുള്ള അധികാരകേന്ദ്രങ്ങള്‍ക്ക് മുന്നിലേക്ക് നീണ്ടപ്പോള്‍, കേരളത്തില്‍ മാത്രം ഒരു ലക്ഷത്തിലധികം വരുന്ന, ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളാണ് അതിന്‍റെ ഗുണഭോക്താക്കളായി മാറിയത്. അതേ ചുവടുപിടിച്ച് മറ്റ് സംസ്ഥാനങ്ങളും നിയമം കര്‍ശനമാക്കാന്‍ തീരുമാനിച്ചപ്പോള്‍ ഗുണഭോക്താക്കളുടെ സംഖ്യ പിന്നെയും എത്രയോ ലക്ഷങ്ങളായി. എന്നാല്‍ ആ ചരിത്രനേട്ടത്തിന്‍റെ കാരണക്കാരിയെ രാജ്യം വേണ്ടവിധം അറിഞ്ഞോ എന്നുസംശയം.

 

മകള്‍ ടെക്നോപാര്‍ക്കിലെ ഒരു വന്‍കിട ഐ.ടി കമ്പനിയില്‍ ജോലിക്ക് കയറിയതുമുതലാണ് കുസുമം പുന്നപ്ര, ഐ.ടി മേഖലയിലെ, പ്രത്യേകിച്ചും സ്ത്രീ തൊഴിലാളികള്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് മനസ്സിലാക്കിയത്. നേരം പുലരുമ്പോള്‍ കമ്പനി വക ക്യാബ് വന്ന് കൂട്ടിക്കൊണ്ടുപോകുന്ന മകള്‍ രാത്രി വൈകിയായിരുന്നു പലപ്പോഴും ജോലി കഴിഞ്ഞ് മടങ്ങിവന്നിരുന്നത്. ആ പീഡനം അന്വേഷിച്ചുചെന്നപ്പോഴാണ്, ഐ.ടി മേഖലയിലെ വനിതാജീവനക്കാര്‍ക്ക് പ്രസവാനുകൂല്യംപോലും നിഷേധിക്കപ്പെടുന്നു എന്ന് ഞെട്ടിക്കുന്ന വിവരം കുസുമം മനസ്സിലാക്കിയത്. ആ സമയത്ത് സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരായ സ്ത്രീകള്‍ക്ക് ആറുമാസവും, പൊതുമേഖലാസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മൂന്നുമാസവും ശമ്പളത്തോടുകൂടിയ പ്രസവാവധിയായി നല്‍കിയിരുന്നപ്പോള്‍ ആ ന്യായമായ അവകാശം ഐ.ടി മേഖലയില്‍ നിഷേധിക്കപ്പെടുകയായിരുന്നു. അതുകൊണ്ടുമാത്രം, വിവാഹം കഴിച്ച് നാളുകളനവധിയായിട്ടും പ്രസവത്തെക്കുറിച്ച് ചിന്തിക്കാത്ത പെണ്‍കുട്ടികളുണ്ടെന്നും മനസ്സിലാക്കിയ കുസുമം, പിന്നീടുള്ള തന്‍റെ ഓരോ നിമിഷവും ആ നീതിനിഷേധത്തിനെതിരെ നിയമപരമായി പോരാടുവാന്‍തന്നെ തീരുമാനിച്ചു.

 

താനനുഭവിച്ച ആനുകൂല്യങ്ങള്‍ തന്‍റെ മകള്‍ക്കും, അവളെപ്പോലുള്ള മറ്റ് പെണ്‍കുട്ടികള്‍ക്കും ലഭിക്കണമെന്ന വാശിയോടെ കുഞ്ഞുമായി പോരാടാനിറങ്ങിയപ്പോള്‍, ആര്‍ക്കാണോ ആനുകൂല്യം ലഭിക്കേണ്ടത്, അവരുടെ ഭാഗത്തുനിന്നെന്നുമാത്രമല്ല ഒരു ഭാഗത്തുനിന്നും ഒരു പിന്തുണയും കുസുമത്തിന് കിട്ടിയില്ല. കാരണം ഐ.ടി മേഖല സ്പെഷ്യല്‍ എക്കണോമിക് സോണ്‍ ആണെന്നും, അവിടെ സമരങ്ങള്‍ പാടില്ലെന്നുമുള്ള തിരിച്ചറിവിനൊപ്പം, പ്രസവാവധിപോലുള്ള അവകാശങ്ങളൊന്നും അവിടെ അനുവദനീയമല്ലെന്നുള്ള തെറ്റിദ്ധാരണയും നിലനിന്നിരുന്നു.

 

എന്നാല്‍ ശബ്ദമില്ലാത്ത ഐ.ടി ജീവനക്കാര്‍ക്കു വേണ്ടി ശബ്ദിക്കാനിറങ്ങിയ കുസുമത്തിന് ആദ്യം തന്നെ ഒരു കാര്യം മനസ്സിലായി. ആവക ആനുകൂല്യങ്ങള്‍ ഐ.ടി മേഖലയിലെ വനിതാജീവനക്കാര്‍ക്കും അര്‍ഹതപ്പെട്ടതാണെന്ന്. അതോടെ 2014 ജൂണ്‍ 27 ന് സംസ്ഥാന വനിതാകമ്മീഷനില്‍ തുടങ്ങിയ കുസുമത്തിന്‍റെ പോരാട്ടം 2017 മാര്‍ച്ച് 9 ന് കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ ബില്ല് പാസ്സാക്കുന്നിടംവരെ ഏകദേശം മൂന്നുവര്‍ഷം തുടര്‍ന്നു. വിവരാവകാശവും പരാതികളും അഭ്യര്‍ത്ഥനകളുമൊക്കെയായി, ഏകദേശം അന്‍പത്തി മൂന്നോളം കത്തിടപാടുകളാണ് കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ക്ക് മുന്നില്‍ കുസുമം നടത്തിയത്. അതിന്‍റെ ഫലമായി 2014 ലെ വര്‍ഷാവസാന നിയമസഭാ സമ്മേളനത്തില്‍, 1961 ലെ കേരളാ ഷോപ്പ്സ് ആന്‍റ് എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട് അമെന്‍മെന്‍റ് ചെയ്യുകയും, ശിശുപരിപാലനകേന്ദ്രത്തിനുള്ള നിയമം ഉണ്ടാക്കുകയും ചെയ്തു. 2015 ല്‍ അത് അസാധാരണ ഗസറ്റ് വിജ്ഞാപനമായി പുറത്തിറങ്ങി. തുടര്‍ന്ന് 2017 മാര്‍ച്ച് 9 ന് കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ ബില്‍ പാസ്സാക്കിയപ്പോള്‍ ഇന്ത്യ ഒട്ടുക്കുള്ള ഐ.ടി കമ്പനികളില്‍ സ്ത്രീ ജീവനക്കാര്‍ക്ക് 6 മാസത്തെ പ്രസവാവധിയും പുരുഷജീവനക്കാര്‍ക്ക് 15 ദിവസത്തെ പെറ്റേണിറ്റി ലീവും ലഭിച്ചുതുടങ്ങി.

 

 

രണ്ടാം പോരാട്ടം സ്വാശ്രയമേഖലയില്‍

 

കുസുമത്തിന്‍റെ ആ പോരാട്ട വിജയത്തിന് പക്ഷേ അര്‍ഹിക്കുന്ന പ്രചാരം ലഭിച്ചില്ലെങ്കിലും, കേരളത്തിലൊരു സ്ത്രീ ഒറ്റയ്ക്ക് പോരാടി ഇങ്ങനൊരു കാര്യം സാധിച്ചു എന്ന്, കേരളത്തിലെങ്കിലും ചിലരൊക്കെ അറിഞ്ഞു. അതേ തുടര്‍ന്നാണ് തൃശൂരുള്ള ഒരു നേഴ്സിംഗ് കോളേജിലെ രണ്ട് അദ്ധ്യാപികമാര്‍ കുസുമത്തെ ഫോണ്‍ ചെയ്യുകയും, തങ്ങള്‍ക്ക് പ്രസവാനുകൂല്യം ലഭിക്കുന്നതിന് സഹായിക്കുവാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തത്. ഉടന്‍ തന്നെ ലേബര്‍ കമ്മീഷണര്‍ക്ക് പരാതി കൊടുക്കുകയും നിരന്തരമെന്നോണം ഇടപെടല്‍ നടത്തുകയും ചെയ്തപ്പോള്‍, ഇവര്‍ക്ക് ആറുമാസത്തെ ശമ്പളത്തോടുകൂടിയ പ്രസവാവധി വാങ്ങിക്കൊടുക്കുവാന്‍ കുസുമത്തിന് കഴിഞ്ഞു. ഇതറിഞ്ഞ് എം.ജി. യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള 23 വിവിധതരം കോളേജുകളിലെ 13 സ്ത്രീകള്‍ക്ക് മെറ്റേണിറ്റി ബെനിഫിറ്റ് ലഭിക്കാതിരുന്നപ്പോള്‍ അതിലൊരു ടീച്ചര്‍ വിളിച്ചു പറഞ്ഞതനുസരിച്ച് വിഷയത്തിലിടപെട്ട്, മൂന്നുമാസത്തെ ശമ്പളം കൊടുപ്പിക്കുവാന്‍ കുസുമത്തിന് സാധിച്ചു. അതിനായി സ്വന്തം ചെലവില്‍ ആറുമാസമാണ് വിദ്യാഭ്യാസ വകുപ്പില്‍ കയറിയിറങ്ങിയത്.

 

ഇവരിലാരെയും ഫോണില്‍ കൂടിയല്ലാതെ നേരിട്ട് കണ്ടിട്ടില്ലെന്നാണ് കുസുമം പറയുന്നത്. സ്വാശ്രയ സ്ഥാപനങ്ങളിലെ ഓഫീസ് സ്റ്റാഫ് ഷോപ്സ് ആന്‍റ് എസ്റ്റാബ്ലിഷ്മെന്‍റ് ആക്റ്റില്‍ വരുന്നവരും പ്രസവാനുകൂല്യം ഉള്ളവരുമാണെന്നിരിക്കേയായിരുന്നു അതേ സ്ഥാപനങ്ങളിലെ അദ്ധ്യാപകര്‍ക്ക് ആനുകൂല്യം ഇല്ലാതിരുന്നത്. സ്വാശ്രയസ്ഥാപനങ്ങളിലെ അദ്ധ്യാപകരായ സ്ത്രീകള്‍ക്ക് പ്രസവാനുകൂല്യത്തിന് നിയമം ഇല്ല എന്നുള്ള മറുപടിയായിരുന്നു വിവരാവകാശ പ്രകാരം കുസുമത്തിന് ലഭിച്ചത്. അതോടെ പോരാട്ടത്തിനിറങ്ങിത്തിരിച്ചപ്പോള്‍ പ്രൈവറ്റ് മേഖലയിലുള്ള സ്ക്കൂളുകള്‍, മെഡിക്കല്‍ കോളേജുകള്‍, എഞ്ചിനീയറിംഗ് കോളേജുകള്‍, നഴ്സിംഗ് കോളേജുകള്‍, പാരാമെഡിക്കല്‍ കോളേജുകള്‍ എന്നിവിടങ്ങളിലെ നൂറുകണക്കിന് വനിതാ അദ്ധ്യാപകര്‍ക്കാണ്, കുസുമത്തിന്‍റെ ഒറ്റയാള്‍ പോരാട്ടം കൊണ്ട് പ്രയോജനം കിട്ടിയത്.

 

ഇതിനൊക്കെ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളിലെ നല്ലവരായ ഉദ്യോഗസ്ഥരില്‍ നിന്നും കിട്ടിയിട്ടുള്ള സഹായങ്ങള്‍ കുസുമം മറക്കുന്നില്ല. എന്നാല്‍ താന്‍ പോരാടി നേടുന്ന നേട്ടങ്ങള്‍ പലതും, നിയമമാക്കുന്ന സര്‍ക്കാരുകളുടെ അക്കൗണ്ടില്‍ എഴുതിചേര്‍ക്കപ്പെടുന്നു എന്ന പരാതി ഇല്ലാതെയുമില്ല. നല്ലൊരു സാഹിത്യകാരി കൂടിയായ കുസുമം കഥ, നോവല്‍, ലേഖനങ്ങള്‍ എന്നിങ്ങനെ എഴുത്തിന്‍റെ എല്ലാ മേഖലയിലും വ്യാപൃതയാണ്. സെന്‍ട്രല്‍ ബാങ്ക് ഉദ്യോഗസ്ഥനും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനുമായ ഭര്‍ത്താവിന്‍റെ പരിപൂര്‍ണ്ണ പിന്‍തുണയാണ് കുസുമത്തിന്‍റെ പോരാട്ടത്തിന് താങ്ങും തണലും.

 

പിന്നാമ്പുറം

 

സ്വന്തം സമയവും പണവും മുടക്കി ഐ.ടി മേഖലയിലുള്‍പ്പെടെയുള്ള അസംഘടിത മേഖലകളിലെ വനിതാ ജീവനക്കാര്‍ക്ക് പ്രസവാനുകൂല്യം നേടിക്കൊടുക്കാനിറങ്ങിത്തിരിച്ച് അതുനേടിയെടുത്തതില്‍ സന്തോഷമുണ്ടെങ്കിലും, അതിന് ഹേതുവായ കാരണങ്ങള്‍ പക്ഷേ തന്‍റെ മകളെ ലണ്ടന്‍കാരിയാക്കിയതിലുള്ള ദുഃഖം കുസുമത്തിനുണ്ട്. കേരളത്തിലെ ഐ.ടി മേഖലയില്‍ വനിതാജീവനക്കാര്‍ക്ക് പ്രത്യേകിച്ചും അവകാശനിഷേധം നേരിടേണ്ടി വരുന്നത് മനസ്സിലാക്കിയിട്ടാണ് കുസുമത്തിന്‍റെ മകള്‍ ഐ.ടി കമ്പനിയിലെ ജോലി രാജിവച്ചത്. തുടര്‍ന്ന് ഉപരിപഠനത്തിനായി ലണ്ടനിലേക്ക് പോയ മകള്‍ക്ക്, അവിടെത്തന്നെ ജോലിയുള്ള ഒരു ആറന്‍മുളക്കാരനെ വീട്ടുകാര്‍ ഭര്‍ത്താവായി കണ്ടെത്തുകയായിരുന്നു. അതോടെ അവര്‍ ലണ്ടനില്‍ പൗരത്വം എടുത്തുവെന്നും, ഇനി ഇങ്ങോട്ടൊരു മടങ്ങി വരവുണ്ടാകില്ലെന്നുമാണ് മലയാളത്തിന്‍റെ ഈ പ്രിയപ്പെട്ട എഴുത്തുകാരിയുടെ മനസ്സിലെ ദുഃഖം.

 

പി. ജയചന്ദ്രന്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO