പക്രുവിന്‍റെ ‘ഫാന്‍സി ഡ്രസ്സ്’

നടനും സംവിധായകനുമായ ഗിന്നസ് പക്രുവും അഞ്ച് സുഹൃത്തുക്കളും ചേര്‍ന്നു നിര്‍മ്മിക്കുന്ന ഫാന്‍സി ഡ്രസ്സിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. സംവിധായകന്‍ രഞ്ജിത്ത് സ്ക്കറിയയും ഗിന്നസ് പക്രുവും കൂടി തിരക്കഥ എഴുതിയിരിക്കുന്ന സിനിമയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതും പക്രുവാണ്. നടന്‍,... Read More

നടനും സംവിധായകനുമായ ഗിന്നസ് പക്രുവും അഞ്ച് സുഹൃത്തുക്കളും ചേര്‍ന്നു നിര്‍മ്മിക്കുന്ന ഫാന്‍സി ഡ്രസ്സിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. സംവിധായകന്‍ രഞ്ജിത്ത് സ്ക്കറിയയും ഗിന്നസ് പക്രുവും കൂടി തിരക്കഥ എഴുതിയിരിക്കുന്ന സിനിമയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതും പക്രുവാണ്. നടന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നീ നിലകളില്‍ ഫാന്‍സിഡ്രസ്സിലെ ഓള്‍ റൗണ്ടറാണ് പക്രു. പൊക്കമില്ലായ്മയാണ് എന്‍റെ പൊക്കമെന്ന് പറഞ്ഞ കുഞ്ഞുണ്ണി മാഷിനെക്കാളും പൊക്കമുള്ള പക്രു.

 

സിനിമ തുടങ്ങുന്നത് ഗോവയിലാണ്. തട്ടിപ്പും തരികിടയുമായി ഗോവയില്‍ ചുറ്റിക്കറങ്ങുന്ന ചെറുപ്പക്കാരായ രണ്ട് മലയാളി സുഹൃത്തുക്കള്‍. സെബാനും ഡിക്രുവും. ഹരീഷ് കണാരന്‍, ഗിന്നസ് പക്രു എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോവയിലെ ചുറ്റിത്തിരിയലിനിടയില്‍ ഒരു അത്യാവശ്യകാര്യത്തിനായി രണ്ടുപേരും കൂടി കേരളത്തിലേക്ക് പുറപ്പെട്ടു. ലാഭകരമല്ലാത്ത ഒന്നിനും തലവച്ചുകൊടുക്കാത്തവരാണ് സെബാനും ഡിക്രുവും. ഗോവയില്‍നിന്നു കേരളത്തിലേക്കുള്ള യാത്രയ്ക്കിടയില്‍ ഉണ്ടാകുന്ന ചെറിയ ചെറിയ പ്രശ്നങ്ങള്‍ വലിയ കുരുക്കുകളായി മാറുകയാണ്. കൊണ്ടും കൊടുത്തും സെബാനും ഡിക്രുവും നടത്തുന്ന സാഹസികയാത്രയാണ് സിനിമ. സീരിയസ് വിഷയമാണ് പ്രതിപാദിക്കുന്നതെങ്കിലും ഹ്യൂമറിലാണ് അവതരിപ്പിക്കുന്നത്.

 

 

ഒരു തമാശപ്പടത്തില്‍ ഒരുപാട് തമാശകളും ഒരുപാട് സീരിയസ്നെസ്സും പറ്റില്ല. രണ്ടിന്‍റെയും നടുവില്‍ നിന്നുകൊണ്ടേ കഥ പറയാന്‍ കഴിയൂവെന്ന് പക്രു പറഞ്ഞു. ഞാന്‍ ആദ്യമായിട്ടാണ് ഒരു സിനിമയുടെ നിര്‍മ്മാണത്തില്‍ പങ്കാളിയാകുന്നത്. സൗഹൃദത്തിനകത്ത് നിന്നുകൊണ്ട് നിര്‍മ്മിക്കുന്ന സിനിമയാണ് ഫാന്‍സിഡ്രസ്സ്. കോമഡി എന്‍റര്‍ടെയിനറാണ്. തിയേറ്ററിലെത്തുന്നവര്‍ക്ക് ചിരിച്ചുരസിച്ചു പോകാവുന്ന സിനിമയായിരിക്കും.

 

ബിഗ്ഫാദറിന്‍റെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് സംവിധായകന്‍ രഞ്ജിത്ത് സ്ക്കറിയ എന്‍റടുക്കല്‍ വന്നു. കഥയുടെ ത്രെഡ് കേട്ടപ്പോള്‍ രസകരമായി തോന്നി. സംഭവം ഡെവലപ്പ് ചെയ്യ് നമുക്ക് നോക്കാമെന്ന് ഞാന്‍ പറഞ്ഞു. പിന്നീട് സ്ക്രിപ്റ്റ് എഴുതിക്കൊണ്ടുവന്നു. അതുവായിച്ച് ഡിസ്ക്കസ് ചെയ്ത് പലവട്ടം മാറ്റിയെഴുതി ഒരു പോയിന്‍റിലെത്തിയപ്പോള്‍ ഞങ്ങള് രണ്ടുപേരുംകൂടി സ്ക്രിപ്റ്റ് എഴുതാന്‍ തീരുമാനിക്കുന്നു. എന്‍റെ ഫ്രീ ടൈം നോക്കിയാണ് വായനയും ഡിസ്ക്കഷനും നടന്നിരുന്നത്. ഒന്നൊന്നരവര്‍ഷമായി ഇതിന്‍റെ പിന്നാലെയാണ്. രഞ്ജിത്ത്സ്ക്കറിയ പുതിയ സംവിധായകനാണ്. ധാരാളം പരസ്യചിത്രങ്ങളൊക്കെ ചെയ്തിട്ടുള്ള വ്യക്തിയാണ്.

 

സിനിമയുടെ തിരക്കഥ രണ്ടുപേരും ചേര്‍ന്നാണ് എഴുതിയിരിക്കുന്നതെന്ന് പറഞ്ഞു. സംവിധാനത്തില്‍ നോട്ടമില്ലായിരുന്നോ?

കുട്ടീം കോലും സംവിധാനം ചെയ്യുന്ന സമയത്ത് ഞാനൊരു തീരുമാനമെടുത്തു… ഒരു കാരണവശാലും സംവിധാനം ചെയ്യുന്ന പടത്തില്‍ അഭിനയിക്കില്ല. രണ്ടും ഒന്നിച്ചുകൊണ്ടുപോകുന്നത് ഭയങ്കര തലവേദനയാണ്. വെയില് കൊള്ളാതെ സംവിധായകനിലേക്ക് ഇറങ്ങാന്‍ പറ്റില്ല. സിനിമ സംവിധാനം ചെയ്യുന്നത് നിസ്സാരകാര്യമല്ല. ആര്‍ക്കും കയറിമേയാവുന്ന ജോലിയുമല്ല. നമ്മുടെ മുഖം നോക്കാതെ ശരീരം നോക്കാതെ ചെയ്യേണ്ട പണിയാണ്. അഭിനയം പോലെയല്ല സംവിധാനം. ഞാന്‍ ഒരുപാട് ടെന്‍ഷനടിച്ച് പോയതാണ്. രണ്ടുപേര്‍ക്കുംകൂടി സംവിധാനം ചെയ്യാമെന്നു രഞ്ജിത്ത് സ്ക്ക റിയ പറഞ്ഞതാണ്. ഞാനായിട്ട് മാറിയതാണ്. സംവിധാനം ഒരാളെ ഏല്‍പ്പിക്കുകയും ഞാന്‍ എഴുത്തില്‍ ശ്രദ്ധിക്കുകയും നമ്മുടെ സൗഹൃദത്തിലുള്ള ആര്‍ട്ടിസ്റ്റുകളെവച്ച് ചെയ്യാമെന്ന് തീരുമാനിക്കുകയും അങ്ങനെയാണ് തുടങ്ങിയത്. പ്രേക്ഷകര്‍ക്ക് നല്ലൊരു കാഴ്ച സമ്മാനിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്.

 

ഇതിലെ കഥാപാത്രത്തെക്കുറിച്ച് എന്തുപറയുന്നു?

എന്‍റെ കുറവുകള്‍ പരമാവധി ഉപയോഗപ്പെടുത്തി ചെയ്യുന്ന കഥാപാത്രമാണ് ഡിക്രു. ശരിക്കുംപറഞ്ഞാല്‍ അത്ഭുതദ്വീപ് കഴിഞ്ഞുവരുന്ന സിനിമയാണ് ഫാന്‍സിഡ്രസ്സ്.

 

ഫാന്‍സിഡ്രസ്സ് എന്ന പേരിടാന്‍ പ്രത്യേകിച്ച് എന്തെങ്കിലും കാരണമുണ്ടോ?

സംസ്ഥാന സ്ക്കൂള്‍ യുവജനോത്സവത്തില്‍ ഞാന്‍ ആദ്യമായി മത്സരിക്കുന്നത് ഫാന്‍സിഡ്രസ്സിലാണ്. അന്നുമുതല്‍ ഫാന്‍സിഡ്രസ്സിനോട് പ്രത്യേകമായൊരു താല്‍പ്പര്യം തന്നെയുണ്ട്. യുവജനോത്സവങ്ങളില്‍ കൊച്ചുകുട്ടികള്‍ക്കുപോലും താല്‍പ്പര്യമുള്ള സംഭവമാണ് ഫാന്‍സിഡ്രസ്സ്. കുറച്ച് ഇംഗ്ലീഷ് വാക്ക് എടുത്തുനോക്കിയാല്‍ ഫാന്‍സിഡ്രസ്സ് എന്നുകേട്ടാല്‍ എല്ലാവര്‍ക്കും അറിയാം. ഒരുപാട് ഫാന്‍സിഡ്രസ്സ് ഇതില്‍ ഉപയോഗിച്ചിട്ടുമുണ്ട്. കളര്‍ഫുള്ളായ ഒരു ഏരിയ പിടിച്ച് ഹ്യൂമറിലാണ് നമ്മള്‍ പോകുന്നത്.

 

 

നിര്‍മ്മാതാവിന്‍റെ കുപ്പായം എങ്ങനെയുണ്ട്? ഇണങ്ങുന്നതാണോ?

പ്രൊഡ്യൂസറാകണമെന്ന് ആഗ്രഹിച്ചതല്ല. ഇളയരാജ കഴിഞ്ഞ് അടുത്തപടം ഇത് ചെയ്യണമെന്ന് തീരുമാനിച്ചിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ചേര്‍ത്തലയിലുള്ള കുറച്ച് സുഹൃത്തുക്കള്‍ സിനിമ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് എന്നോട് പറയുന്നത്. ഞാനും അവരോടൊപ്പം ചേര്‍ന്നു. സുഖാദിയകമ്മത്ത്, പുഷ്ക്കരേഷ്, ശിവപ്രസാദ്, സുരേഷ്കുമാര്‍, ഷാജിമോഹന്‍, പിന്നെ ഞാന്‍. ഞങ്ങള്‍ ആറുപേര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. സിനിമ നിര്‍മ്മിക്കാനുണ്ടായ കാരണങ്ങളിലൊന്ന്, നമുക്ക് ഇഷ്ടപ്പെട്ട സിനിമ ചെയ്യാന്‍ കഴിയും എന്നതുതന്നെ. എന്നെ സംബന്ധിച്ച് എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യാന്‍ പറ്റില്ല. ഒരുപാട് പരിമിതികളുണ്ട്. ഈ സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തു വിജയിപ്പിച്ചാല്‍ ഞാന്‍ മാറിനിന്നുകൊണ്ട് വേറെ ആളുകളെവച്ച് സിനിമ ചെയ്യാന്‍ ശ്രമിക്കും. അതിന്‍റെ സാധ്യതകള്‍ നോക്കും. നമുക്ക് ഇത് അല്ലാതെ വേറെ പണിയൊന്നും അറിയില്ല. ചെറിയ കൂട്ടായ്മകളില്‍ നിന്ന് നല്ല സിനിമകളെടുക്കാന്‍ പറ്റും. സിനിമ നിര്‍മ്മിക്കുന്നതിനെ ഭയപ്പാടോടുകൂടി കാണുന്നവരുണ്ട്. ഇതൊരു വലിയ ഇന്‍ഡസ്ട്രിയാണ്. ഓരോരുത്തര്‍ക്കും അവരുടേതായ പാര്‍ട്ട് ചെയ്യാന്‍ പറ്റും.

 

പ്രദീപ് നായര്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, രഞ്ജിത്ത്സ്ക്കറിയ

നിര്‍മ്മാതാവ്, നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍… ഇതില്‍ ഏറ്റവും ഈസിയായി തോന്നിയത് ഏതാണ്?

ഈസിയായി തോന്നിയത് അഭിനയം തന്നെയാണ്. ടെന്‍ഷനില്ല. ജോലി ചെയ്യുന്നു വേതനം വാങ്ങി പോകുന്നു. അഭിനയം, ഡബ്ബിംഗ്. നമ്മുടെ ജോലി കഴിഞ്ഞു. നിര്‍മ്മാണവും സംവിധാനവുമെന്ന് പറയുന്നത് ഷൂട്ടിംഗിന് മുമ്പും അതിനുശേഷവും നല്ല അദ്ധ്വാനമുള്ള പണിയാണ്. സിനിമ തിയേറ്ററില്‍ എത്തിയാലും നിര്‍മ്മാതാവിന്‍റെ ജോലി തീരില്ല. സിനിമയോട് നമുക്ക് അമിതമായ ആഗ്രഹവും ആവേശവുമുണ്ടെങ്കിലേ ചെയ്യാന്‍ സാധിക്കൂ. തല വേദനകളെടുത്തു വെയ്ക്കാന്‍ ഇഷ്ടമുള്ളതുകൊണ്ടാണ് എനിക്ക് ഗിന്നസ് റെക്കോര്‍ഡ് കിട്ടിയത്. റിസ്ക്കെടുക്കാന്‍ മടിയില്ല. ഇറങ്ങി പുറപ്പെട്ടു കഴിഞ്ഞാല്‍ നമ്മുടെ കാര്യങ്ങള്‍ വളരെ ശ്രദ്ധിച്ച് എന്‍ജോയ് ചെയ്താണ് മുന്നോട്ട് നീങ്ങുന്നത്. ഓരോ പ്രവര്‍ത്തിയില്‍ നിന്നും പലതും നമ്മള്‍ പഠിക്കും. അതില്‍ എനിക്ക് വേണമെന്നു തോന്നിയിട്ടുള്ള കാര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കും.

 

 

ഫാന്‍സി ഡ്രസ്സിലെ അഭിനേതാക്കളും ടെക്നീഷ്യന്‍സും

ബാനര്‍ സര്‍വ്വദീപ്ത പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം ഗിന്നസ് പക്രു, സംവിധാനം രഞ്ജിത്ത്സ്ക്കറിയ, രചന അജയ്കുമാര്‍- രഞ്ജിത്ത് സ്ക്കറിയ, ഛായാഗ്രഹണം പ്രദീപ് നായര്‍, ചിത്രസംയോജനം വി. സാജന്‍, പ്രൊഡ: കണ്‍ട്രോളര്‍ ബാദുഷ, കലാസംവിധാനം ദിലീപ് നാഥ്, പ്രോജക്റ്റ് ഡിസൈന്‍ സജിത്ത് കൃഷ്ണ, മേക്കപ്പ് റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍ അരുണ്‍ മനോഹര്‍, ചീഫ് അസോ: ഡയറക്ടര്‍ അംബ്രോ വര്‍ഗ്ഗീസ്, അസോ: ഡയറക്ടര്‍ രവീഷ്നാഥ്, സ്റ്റില്‍സ് സിബി ചീരന്‍, അസി: ഡയറക്ടേഴ്സ് ജോബിന്‍ ബേബിതോമസ്, കരുണ്‍ മനോഹര്‍, ഹെഡ്വിന്‍ യേശുദാസ്, അസോ: ക്യാമറാമാന്‍ കനകരാജ് പേരാവൂര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ എം.കെ. ദിലീപ് കുമാര്‍, പ്രൊഡ: എക്സിക്യുട്ടീവ് ഇഖ്ബാല്‍ പാനായിക്കുളം, സിജോ ഒറ്റത്തൈക്കല്‍, മ്യൂസിക് ഡയറക്ടര്‍ രതീഷ് വേഗ.

 

ഗിന്നസ് പക്രു, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, സുധീര്‍ കരമന, ബാല, ബിജുക്കുട്ടന്‍, സാജു നവോദയ, സന്തോഷ് കീഴാറ്റൂര്‍, ജയന്‍ ചേര്‍ത്തല, കോട്ടയം പ്രദീപ്. ശ്വേതാമേനോന്‍, പൊന്നമ്മ ബാബു, തെസ്നിഖാന്‍, സൗമ്യമേനോന്‍ എന്നിവരാണ് ഫാന്‍സിഡ്രസ്സിലെ പ്രധാന അഭിനേതാക്കള്‍.

അഞ്ജുഅഷ്റഫ്
ഫോട്ടോ: കൃഷ്ണകുമാര്‍ മുപ്പത്തടം
Show Less

No comments Yet

SLIDESHOW

LATEST VIDEO