കേള്‍ക്കാന്‍ മാത്രമല്ല ചെവി.. അറിയാന്‍ ഒത്തിരിയുണ്ട്…

കേള്‍വിക്ക് സഹായിക്കുന്ന അവയവം എന്ന നിലയില്‍ മാത്രമാണ് പലരും ചെവിയെ കാണുന്നത്. എന്നാല്‍ ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതുള്‍പ്പെടെ നിരവധി കര്‍ത്തവ്യങ്ങള്‍ ചെവി നിര്‍വഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മനുഷ്യശരീരത്തില്‍ ചെവിയുടെ പ്രാധാന്യം ഏറെയാണ്. ചെവിയുടെ ആരോഗ്യം... Read More

കേള്‍വിക്ക് സഹായിക്കുന്ന അവയവം എന്ന നിലയില്‍ മാത്രമാണ് പലരും ചെവിയെ കാണുന്നത്. എന്നാല്‍ ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതുള്‍പ്പെടെ നിരവധി കര്‍ത്തവ്യങ്ങള്‍ ചെവി നിര്‍വഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മനുഷ്യശരീരത്തില്‍ ചെവിയുടെ പ്രാധാന്യം ഏറെയാണ്. ചെവിയുടെ ആരോഗ്യം സംബന്ധിച്ച് അറിയേണ്ടതായ കാര്യങ്ങള്‍ ചുവടെ നല്‍കുന്നു.

 

ചെവിയില്‍ എണ്ണയൊഴിക്കാമോ?
അലോപ്പതി ചികിത്സാരീതി പ്രകാരം ചെവിയിലെ അസ്വസ്ഥതകള്‍ക്ക് വെളിച്ചെണ്ണ ഒഴിക്കുന്നത് ഒരു പ്രഥമ ശുശ്രൂഷയല്ല. വെളിച്ചെണ്ണ ചൂടാക്കി ഒഴിക്കുമ്പോള്‍ ആശ്വാസം തോന്നാമെങ്കിലും ഇത് പ്രത്യേകിച്ച് യാതൊരു ഗുണവും ചെയ്യുന്നില്ല. തന്നെയുമല്ല, ഫംഗസ് അണുബാധ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലുമാണ്. ചെവിയുടെ ആരോഗ്യകാര്യത്തില്‍ സ്വയം ചെയ്യാവുന്ന ചികിത്സകള്‍ ഒന്നുമില്ല എന്നു പറയുന്നതാവും ശരി. ഇത് ഗുണത്തേക്കാള്‍ ഏറെ ദോഷമായിരിക്കും ചെയ്യുക. കര്‍ണപുടം പൊട്ടിപ്പോയവര്‍ ചെവിയില്‍ എണ്ണ ഒഴിക്കുമ്പോള്‍ പാട പിന്നീട് അടയാതിരിക്കാനും കര്‍ണത്തില്‍ എത്തി പഴുപ്പ് ഉണ്ടാകാനുമിടയുണ്ട്. അതിനാല്‍ ചെവി സംബന്ധമായ അസ്വസ്ഥതകള്‍ക്ക് എത്രയും വേഗം ഡോക്ടറെ കാണുക.

 

ചെവിയടിച്ചു വീണാല്‍ ?

മധ്യകര്‍ണവും ആന്തരിക കര്‍ണവും സ്ഥിതിചെയ്യുന്നത് ടെമ്പറല്‍ ബോണിലാണ്. നമ്മുടെ ശരീരത്തിലെ ഏറ്റവും കട്ടിയുള്ള എല്ലാണിത്. അതിനാല്‍ ശക്തമായ ക്ഷതമേല്‍ക്കുമ്പോള്‍ മാത്രമാണ് ഇതിനു പൊട്ടലുണ്ടാകുന്നത്. ശക്തമായി ചെവി അടിച്ചുള്ള വീഴ്ച, അപകടങ്ങള്‍ എന്നിവയൊക്കെ കാരണങ്ങളാണ്. എല്ലുകളുടെ സ്ഥാനമാറ്റമോ പൊട്ടലോ ഉണ്ടായാല്‍ ഒരു പരിധിവരെ ചികിത്സിച്ചു മാറ്റാവുന്നതാണ്. പ്രത്യേകിച്ചും മധ്യകര്‍ണത്തിലെ മൂന്ന് എല്ലകളുടെ. ആന്തരിക കര്‍ണത്തില്‍നിന്ന് മുകളിലേക്കുള്ള ഞരമ്പുകള്‍ക്കാണ് ക്ഷതം സംഭവിക്കുന്നതെങ്കില്‍ ചികിത്സ സാധ്യമല്ല. ഇത് ബധിരതയ്ക്കു കാരണമാകാം. ഹെല്‍മെറ്റ് ഉപയോഗിക്കുന്നതിലൂടെ അപകടംമൂലം ചെവിക്കുണ്ടാകുന്ന ക്ഷതങ്ങള്‍ കുറയ്ക്കാന്‍ കഴിയും. വെള്ളത്തിലേക്ക് ശക്തിയായി വീഴുന്നതും ചെവിയുടെ പാട പൊട്ടിപോകുന്നതിനു കാരണമാകാം. ഇത് ചികിത്സയിലൂടെ ശരിയാക്കാവുന്നതാണ്. ചെവിയില്‍നിന്ന് രക്തം വരുക, മൂളില്‍, കേള്‍വിക്കുറവ് എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഒരു ഇ.എന്‍.ടി ഡോക്ടറെ കാണിക്കണം.

 

ചെവിക്കായം നീക്കം ചെയ്യുമ്പോള്‍ ?

ബാഹ്യകര്‍ണത്തിലെ ചില ഗ്രന്ഥികളുടെ പ്രവര്‍ത്തന ഫലമായാണ് ചെവിക്കായം അഥവാ ഇയര്‍ വാക്സ് ഉണ്ടാകുന്നത്. ചെവിക്കായം ചെവിയുടെ ആരോഗ്യത്തിന് ആവശ്യമുള്ളതാണ്. അതിനാല്‍ ഇത് ചെവിതോണ്ടിയോ ബഡ്സോ ഉപയോഗിച്ച് വൃത്തിയാക്കേണ്ടതില്ല. ചെവിയുടെ തൊലിക്ക് മയം ഉണ്ടാക്കാന്‍ സഹായിക്കുക എന്നതാണ് ഇതിന്റെ പ്രധാന ധര്‍മ്മം. അണുബാധ തടയുവാനും ഇത് സഹായിക്കുന്നു. അതിനാല്‍ ചെവിക്കായം നീക്കംചെയ്യേണ്ടതില്ല. ബാഹ്യകര്‍ണം ഇതുമൂലം അടഞ്ഞു പോയാല്‍ മാത്രം ഒരു ഇ.എന്‍.ടി ഡോക്ടറെക്കൊണ്ട് ഇത് എടുത്തുകളിയിക്കാവൂ. ബാഹ്യകര്‍ണത്തിലെ ചര്‍മം സംവേദന ക്ഷമത കൂടുതലുള്ളതാണ്. അതിനാല്‍ ഇവ ഉപയോഗിക്കുമ്പോള്‍ കര്‍ണപുടത്തിനും കര്‍ണനാളത്തിനും മുറിവ്, കേടുപാടുകള്‍ എന്നിവ ഉണ്ടാകാം. ചെറിയ മുറിവുകള്‍പോലും അണുബാധയ്ക്കു കാരണമാകാം. അതിനാല്‍ ബഡ്സും ചെവിതോണ്ടിയും ഒരിക്കലും ഉപയോഗിക്കരുത്. ബഡ്സ് പൂര്‍ണമായും അണുവിമുക്തമല്ല. മാത്രമല്ല പഞ്ഞിയാണെങ്കിലും ഇതിന്റെ ആകൃതി ചെവിക്ക് മുറിവ് ഉണ്ടാക്കുന്നതാണ്.
ചെവിക്കായം നീക്കം ചെയ്യാന്‍ വിദഗ്ധന്റെ സഹായം തേടണം. കൃത്യമായ വെളിച്ച സംവിധാനവും ഉപകരണങ്ങളും ഇതിന് ആവശ്യമാണ്. ശീലമില്ലാത്ത ആള്‍ എടുത്താല്‍ ചെവിയുടെ കര്‍ണപുടം പൊട്ടിപോകാന്‍വരെ ഇതു കാരണമാവാം. ചെവിയില്‍ ആവശ്യത്തിന് വാക്സ് ഇല്ലാതിരിക്കുന്നതാണ് ചെവിയില്‍ ചൊറിച്ചില്‍ അനുഭവപ്പെടാന്‍ കാരണമാകുന്നു. അസഹ്യമായ ചൊറിച്ചില്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കണ്ട് വാക്സിന്റെ കുറവ് പരിഹരിക്കണം.

 

ചെവിയില്‍ ഉറുമ്പ് അകപ്പെട്ടാല്‍ ?

ജീവനുള്ള വലിയ പ്രാണികള്‍ ചെവിക്കകത്തു പ്രവേശിക്കുമ്പോള്‍ എത്രയും വേഗം ഡോക്ടറെ കാണണം. അസഹനീയമായ വേദനയും അസ്വസ്ഥതയുമാണ് ഇവ ചെവിക്കുള്ളില്‍ പ്രവേശിച്ചാല്‍. 3-4 തുള്ളി ആല്‍ക്കഹോള്‍ ചെവിയില്‍ ഒഴിക്കുന്നത് നല്ലതാണ്. ആല്‍ക്കഹോളിന്റെ രൂഷതയില്‍ അവയ്ക്ക് ജീവിക്കാന്‍ കഴിയില്ല. എന്നാല്‍ വെള്ളം ഒഴിച്ചാല്‍ ജീവികള്‍ ചാവാന്‍ താമസമെടുക്കും. ആല്‍ക്കഹോളാണ് ഒഴിക്കുന്നതെങ്കില്‍ ചിലരില്‍ എഴുന്നേല്‍ക്കുമ്പോള്‍ അല്പ സമയത്തേക്ക് തലകറക്കം അനുഭവപ്പെടാം. 5 മിനിറ്റ് ഇരുന്ന ശേഷം എഴുന്നേറ്റു നടക്കുക. മുകളില്‍ പറഞ്ഞ ദ്രാവകങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ മാത്രം കര്‍ണപുടം പൊട്ടാത്തവര്‍ 2-3 തുള്ളി വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടാക്കാതെ ഒഴിക്കണം. ജീവി ചാകുന്നതോടെ ചെവിയിലെ അസ്വസ്ഥതകള്‍ കുറയും. അതിനാല്‍ ജീവിയെ കൊന്നുകഴിഞ്ഞ് ചെവിക്കുള്ളില്‍ കിടക്കുന്നുണ്ടെങ്കില്‍ പിറ്റേ ദിവസം ആശുപത്രിയില്‍ പോയി നീക്കം ചെയ്യണം. കിടക്കുന്ന മുറയില്‍ പ്രാണികള്‍ കടക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അഥവാ പ്രാണികള്‍ മുറികകത്തു പ്രവേശിച്ചാല്‍ അവയെ കൊന്നുകളയുക.

 

കര്‍ണപുടം മാറ്റിവയ്ക്കാന്‍ ?

കര്‍ണപുടം മാറ്റിവയ്ക്കുകയല്ല സര്‍ജറിയിലൂടെ കര്‍ണപുടത്തിന്റെ കേടുപാടുകള്‍ പരിഹരിക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ കര്‍ണപുടത്തിന്റെ തകരാറുകൊണ്ട് നഷ്ടപ്പെട്ട കേള്‍വി തിരികെ ലഭിക്കുന്നതാണ്. എന്നാല്‍ 5-10 ശതമാനം ആളുകളില്‍ ഈ ശസ്ത്രക്രിയ ഫലപ്രദമാകണമെന്നില്ല. എങ്കിലും നിരാശപ്പെടാതെ വീണ്ടും സര്‍ജറിക്ക് വിധേയമാവുക. കര്‍ണപുടം പൊട്ടി ആറു മാസത്തിനകം ശരിയായില്ലെങ്കില്‍ ശസ്ത്രക്രിയ വേണ്ടിവരും. ചെവിയുടെ ഉള്‍വശം പൂര്‍ണമായി മനസിലാക്കി ചെയ്യുന്ന മൈക്രോ സര്‍ജറിയാണിത്. സമയമെടുത്തുള്ള ശസ്ത്രക്രിയയാണിത്. സാധാരണയായി 15 വയസ് കഴിഞ്ഞവരിലാണ് ഈ ശസ്ത്രക്രിയ ചെയ്യുന്നത്. ശസ്ത്രക്രിയക്കുശേഷം ഒരു മാസത്തേക്ക് വിമാന യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. ഒരു മാസത്തിനുശേഷമായിരിക്കും കര്‍ണപുടത്തിന് ആവശ്യത്തിന് ബലം ലഭിക്കുന്നത്. സര്‍ജറിക്കുശേഷം ജലദോഷം വരാതിരിക്കാനും ശ്രദ്ധിക്കണം. മൂക്കിന് അലര്‍ജി ഉണ്ടെങ്കില്‍ അത് ചികിത്സിച്ചു മാറ്റണം. കര്‍ണപുടത്തിന്റെ പ്രശ്നങ്ങള്‍ക്ക് ചികിത്സയിലൂടെ പരിഹാരം ലഭിച്ചില്ലെങ്കില്‍ മാത്രമാണ് ശസ്ത്രക്രിയ ചെയ്യുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO