പോളിസി മേക്കറാകാന്‍ മോഹം

കോഴിക്കോട് കുറ്റ്യാടിയില്‍ അബ്ദുള്ളയുടേയും ബിയാത്തുവിന്‍റേയും മൂന്ന് മക്കളിലെ ഏക പെണ്‍തരി അദീലയുടെ ചെറുപ്പം മുതലേയുള്ള ഏറ്റവും വലിയ ആഗ്രഹം, രാജ്യത്തിന്‍റെ ഗതിമാറ്റം നിശ്ചയിക്കുന്ന നല്ലൊരു പോളിസി മേക്കറാവുക എന്നുള്ളതാണ്. അതിന് പറ്റിയ മേഖല സിവില്‍... Read More

കോഴിക്കോട് കുറ്റ്യാടിയില്‍ അബ്ദുള്ളയുടേയും ബിയാത്തുവിന്‍റേയും മൂന്ന് മക്കളിലെ ഏക പെണ്‍തരി അദീലയുടെ ചെറുപ്പം മുതലേയുള്ള ഏറ്റവും വലിയ ആഗ്രഹം, രാജ്യത്തിന്‍റെ ഗതിമാറ്റം നിശ്ചയിക്കുന്ന നല്ലൊരു പോളിസി മേക്കറാവുക എന്നുള്ളതാണ്. അതിന് പറ്റിയ മേഖല സിവില്‍ സര്‍വ്വീസാണെന്ന് അറിയാമായിരുന്നെങ്കിലും, കോഴിക്കോട് എം.ഇ.എസ് രാജാ റസിഡന്‍ഷ്യല്‍ സ്കൂളിലെ പഠനം കഴിഞ്ഞ് അദീല നേരെപോയത് പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജില്‍ വൈദ്യശാസ്ത്രം പഠിക്കാനായിരുന്നു. ഖത്തറില്‍ ബിസിനസ്സുകാരനായ ബാപ്പ അബ്ദുള്ളയുടെയും, സ്ക്കൂള്‍ ടീച്ചറായിരുന്ന ഉമ്മ ബിയാത്തുവിന്‍റെയും താല്‍പ്പര്യമായിരുന്നോ അതിന് പിന്നിലെന്ന് ചോദിച്ചാല്‍, ആലപ്പുഴ ജില്ലാകളക്ടര്‍ ഡോ. അദീലാഅബ്ദുള്ള ഒന്നുചിരിക്കും. മുഖത്തുനിന്നും ‘അതെ’ എന്ന് ഉത്തരം വായിച്ചെടുക്കാനാകുന്ന ചിരി.

 

അപ്പോഴും പക്ഷേ ഒരു കാര്യം അദീല അടിവരയിട്ടുപറയും, ഒരു കാര്യത്തിലും അച്ഛനും അമ്മയും തങ്ങളെ നിര്‍ബന്ധിച്ചിട്ടില്ല എന്ന്. എന്നുമാത്രമല്ല, ഇപ്പോള്‍ പോലും ചിന്തിക്കുവാന്‍ കഴിയാത്തത്ര സ്വാതന്ത്ര്യം കൊടുത്താണ് അബ്ദുള്ളയും ബിയാത്തുവും മക്കളെ വളര്‍ത്തിയത്. ഇന്നത്തെ പല രക്ഷിതാക്കളെയും പോലെ മക്കളുടെ മേല്‍ ആവശ്യത്തിലധികം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ മതില്‍ക്കെട്ടിനകത്തിട്ടു വളര്‍ത്തുകയോ ഒന്നുമല്ല അവര്‍ ചെയ്തത്, ആവോളം സ്വാതന്ത്ര്യം കൊടുത്തുതന്നെയാണ് വളര്‍ത്തിയത്. രണ്ടേ രണ്ടുകാര്യങ്ങള്‍ കൃത്യമായും പാലിച്ചാല്‍ എവിടെ വേണമെങ്കിലും പോകുവാനുള്ള സ്വാതന്ത്ര്യവും അവര്‍ മക്കള്‍ക്ക് നല്‍കി.

 

ഒന്ന്, എവിടേക്കാണെങ്കിലും പറഞ്ഞിട്ടുപോവുക. രണ്ട്, പോയാല്‍ ഒരു നിശ്ചിത സമയത്തിനുള്ളില്‍ തിരികെ വരിക. അതിനപ്പുറം മക്കളുടെ സ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിട്ടു നിര്‍ത്തുന്ന ഒരിടപെടലും അവരുടെ ഭാഗത്തുനിന്നുമുണ്ടായില്ല. അച്ഛന്‍റെയും അമ്മയുടെയും ആ ഒരു രീതി തന്‍റെ ഡിസിഷന്‍ മേക്കിംഗില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണ് അദീല പറയുന്നത്. മകളെ ഒരു ഡോക്ടറായി കണ്ടാല്‍ കൊള്ളാമെന്ന് ആഗ്രഹമുണ്ടായിരുന്നിട്ടും, അദീലയെ അവരതിന് നിര്‍ബന്ധിച്ചില്ല. അങ്ങനെ ചെയ്യുന്നത്, ഒരു വ്യക്തി എന്ന നിലയില്‍ മകളുടെ സ്വാതന്ത്ര്യത്തിനുമേലുള്ള തങ്ങളുടെ കടന്നുകയറ്റമാകുമെന്നാണ് അവര്‍ കണക്കുകൂട്ടിയത്. അതുകൊണ്ടുതന്നെ തങ്ങളുടെ ആഗ്രഹം അവര്‍ മനസ്സിലൊതുക്കി.

 

 

പക്ഷേ, അത് മനസ്സിലാക്കുവാന്‍ കഴിഞ്ഞ മകള്‍ അവരുടെ താല്‍പ്പര്യം സംരക്ഷിക്കുവാനായി മാത്രം മെഡിസിന്‍ പഠിക്കുവാന്‍ പോവുകയായിരുന്നു. കാരണം, അദീലയ്ക്കറിയാമായിരുന്നു, അതല്ല തന്‍റെ മേഖലയെന്നും. അത് സിവില്‍ സര്‍വ്വീസാണെന്നും. എങ്കിലും മെഡിസിനില്‍ എത്തപ്പെട്ടപ്പോള്‍ പിന്നെ ഒരു കോംപ്രമൈസിനും അദീല തയ്യാറായില്ല. നന്നായിതന്നെ പഠിച്ചു; നന്നായി തന്നെ ജയിച്ചു; ഡോക്ടറായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. ആദ്യം കെ.എം.സി.ടി മെഡിക്കല്‍ കോളേജില്‍ പിള്ളേരെ പഠിപ്പിക്കലായിരുന്നു ജോലി. പിന്നീട് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ഒരു ന്യൂറോളജിസ്റ്റിന്‍റെ ജൂനിയറായി. പാര്‍ക്കിന്‍സണ്‍ രോഗികളെ നോക്കലായിരുന്നു അവിടത്തെ ജോലി. അതുകഴിഞ്ഞ് അട്ടപ്പാടിയില്‍ മെഡിക്കല്‍ ഓഫീസറായി സര്‍വ്വീസില്‍ കയറി. അപ്പോഴൊക്കെ തൊഴിലിനോടുള്ള അര്‍പ്പണബോധവും, രോഗം നിര്‍ണ്ണയിക്കുവാനുള്ള കഴിവുമൊക്കെ അദീലയ്ക്ക് നല്ല പേര് നേടിക്കൊടുക്കുകയും ചെയ്തു.

 

പക്ഷേ, ഉള്ളിന്‍റെയുള്ളില്‍ തന്‍റെ മേഖല സിവില്‍ സര്‍വ്വീസാണെന്ന ബോധം ഓരോ ദിവസം കഴിയുംതോറും ശക്തി പ്രാപിച്ചപ്പോള്‍ ഡോ. അദീല ആ ലക്ഷ്യബോധത്തിലേയ്ക്ക് കൂടുതല്‍ അടുക്കാന്‍ തുടങ്ങി. നാട്ടിന്‍പുറത്തെ ഒരു സാധാരണ ഇടത്തരം കുടുംബമായിരുന്നു എന്‍റേത്. ആ പശ്ചാത്തലത്തില്‍ നിന്നുവന്ന ഞാന്‍ ഐ.എ.എസ് കിട്ടിയ ആരെയും അതുവരെ കണ്ടിട്ടുണ്ടായിരുന്നില്ല. അതൊരു പ്രശ്നം തന്നെയായിരുന്നു. അതിനിടെ ഹൗസ് സര്‍ജന്‍സി പഠിക്കുമ്പോള്‍ തന്നെ കല്യാണം കഴിഞ്ഞിരുന്നു. എന്‍റെ ഐ.എ.എസ് മോഹത്തിന് അദ്ദേഹം നല്‍കിയ പിന്തുണ വളരെ വലുതാണ്.

 

ഭര്‍ത്താവിന്‍റെ സുഹൃത്തിന്‍റെ സുഹൃത്തായ ഒരു ലക്ഷ്മണന്‍ ചേട്ടനുണ്ടായിരുന്നു തിരുവനന്തപുരത്ത്. ആസാം കേഡറിലാണ്. ഒരു ദിവസം അദ്ദേഹത്തിനെ ചെന്നുകണ്ടു. അദ്ദേഹം പറഞ്ഞു, സംഭവം സിമ്പിളാണെന്ന്. അങ്ങനെയാണ് ഞങ്ങള്‍ ഐ.എ.എസിന് പ്രിപ്പയര്‍ ചെയ്യാന്‍ തീരുമാനിച്ചത്. ഹൗസ് സര്‍ജന്‍സി കഴിയാറായപ്പോഴേക്കും ദല്‍ഹിയില്‍ പോയി മൂന്നുമാസം കോച്ചിംഗിന് ചേര്‍ന്നു. പിന്നെ നാട്ടില്‍ വന്ന് വര്‍ക്ക് ചെയ്ത് പരീക്ഷയെഴുതി. ആദ്യശ്രമംതന്നെ വിജയിച്ചു. കണ്ണൂരില്‍ അസിസ്റ്റന്‍റ് കളക്ടറായിട്ടായിരുന്നു തുടക്കം. പിന്നീട് തിരൂര്‍ സബ്ഡിവിഷന്‍ സബ്കളക്ടറായി. അതിനുശേഷം ‘അസാപ്’, ‘ലൈഫ് മിഷന്‍’ എന്നീ രണ്ട് പദ്ധതികളുടെയും സി.ഇ.ഒ ആയിരുന്നു. അവിടുന്നാണ് ആലപ്പുഴ ജില്ലാകളക്ടറായി വന്നത്.

 

പോളിസി മേക്കറാകണമെന്ന ആഗ്രഹമാണല്ലോ ഐ.എ.എസിലേക്ക് നയിച്ചത്. എന്നിട്ട് അത് എന്തായി ?

 

ഐ.എ.എസില്‍ ഓരോ ദിവസവും ഓരോരോ അനുഭവങ്ങളാണ്. ജനങ്ങളെ നേരിട്ട് സഹായിക്കാന്‍ കഴിയുന്ന മേഖലയാണിത്. സിവില്‍ സര്‍വ്വീസില്‍ വരുന്നത് നല്ല പോളിസി മേക്കറാകണമെന്ന ആഗ്രഹത്തോടെയായിരുന്നല്ലോ. അതിനുവേണ്ടിത്തന്നെ ഐ.എ.എസിലെ എല്ലാം അനുഭവങ്ങളും ഞാനൊരു എക്സ്പീരിയന്‍സായി എടുക്കാറുണ്ട്. ഓരോ വിഷയത്തെപ്പറ്റിയും പഠിച്ചിട്ട് അതിനെപ്പറ്റിയുള്ള വിലയിരുത്തല്‍ നടത്തും. പരാജയങ്ങളും തിരിച്ചടികളുമൊക്കെ ഉണ്ടാകുമെങ്കില്‍ക്കൂടി അത് പഠിക്കുമ്പോള്‍ നമ്മള്‍ നല്ലൊരു പോളിസി മേക്കറാകും. അതിന് ഞാന്‍ ശ്രമിക്കാറുണ്ട്.

 

അടുത്തകാലത്തായി ഐ.എ.എസിലേക്ക് വരുന്നവരില്‍ നല്ലൊരു ശതമാനവും ഡോക്ടര്‍മാരാണല്ലോ എന്താണ് കാരണം?

 

ലോകത്തില്‍ 65 ശതമാനം പേരും പഠിച്ച തൊഴിലല്ല ചെയ്യുന്നത്. അതാണ് ലോകശരാശരിയുടെ കണക്ക്. അതിനപ്പുറം ഈ രണ്ടുഫീല്‍ഡുകളും തമ്മില്‍ പ്രത്യേകിച്ചൊരു ബന്ധവുമില്ല. എന്‍റെ കാര്യമെടുത്താല്‍ വൈദ്യശാസ്ത്രരംഗത്ത് ഉറച്ചുനിന്നിരുന്നെങ്കില്‍ ഒരുപക്ഷേ ഞാനതില്‍ നന്നായി ശോഭിച്ചേനെ. പക്ഷേ അതല്ലായിരുന്നു എന്‍റെ ലക്ഷ്യം. ശാസ്ത്രം പഠിക്കേണ്ട ഒരാളായിരുന്നില്ല ഞാന്‍. എന്നിട്ടും മെഡിസിന്‍ പഠിക്കേണ്ടി വന്നപ്പം ഒത്തിരി കഠിനാദ്ധ്വാനം ചെയ്ത് ആ മെറിറ്റിലേക്ക് ഞാന്‍ എത്തിയിട്ടുണ്ടാകാം. പക്ഷേ സോഷ്യല്‍ സയന്‍സ് എനിക്കങ്ങനെയായിരുന്നില്ല. അതെനിക്ക് പെട്ടെന്ന് പഠിച്ചെടുക്കാന്‍ പറ്റി. എന്‍റെ ഒരു ലീനേജ് അങ്ങോട്ടേക്കായിരിക്കാം. പിന്നെ, സിവില്‍ സര്‍വ്വീസ് എന്നുപറയുന്നത് എനിക്കൊരു ആറ്റിറ്റ്യൂഡ് ഉള്ള സാധനമാണ്. അതെനിക്കിഷ്ടവുമാണ്.

 

 

ഹൗസ് സര്‍ജന്‍സി സമയത്തുതന്നെ കല്യാണം കഴിഞ്ഞെന്നുപറഞ്ഞല്ലോ. പ്രേമവിവാഹമായിരുന്നോ?

 

അതെ. ലവ്മാര്യേജ് ആയിരുന്നു. ഒരേ കോളേജില്‍ പഠിച്ചതൊന്നുമല്ല. വേറെ വേറെ കോളേജില്‍ പഠിച്ചതാണ്. അദ്ദേഹത്തിന്‍റെ പേര് റബിഹ്. ഇപ്പോള്‍ കോഴിക്കോട്ട് ഒരു ചാരിറ്റി ഹോസ്പിറ്റലില്‍ ഗൈനക്കോളജിസ്റ്റാണ്.

 

എങ്ങനെയായിരുന്നു പരിചയം?

 

ഞങ്ങള്‍ക്കൊരു കോമണ്‍ ഇന്‍ററസ്റ്റുണ്ടായിരുന്നു. എഴുത്ത്… വായന… അതിലൊക്കെയുള്ള ഇന്‍ററസ്റ്റിലൂടെയാണ് പരിചയപ്പെട്ടതും അടുത്തതും. പിന്നെ കല്യാണം കഴിക്കാമെന്ന് വിചാരിച്ചു. കമ്മ്യൂണിറ്റി ഒന്നുതന്നെയായതിനാല്‍ പ്രശ്നങ്ങളൊന്നും ഉണ്ടായതുമില്ല.

 

എഴുത്തെന്നു പറയുമ്പോള്‍?

 

അങ്ങനെ വലിയ എഴുത്തും പ്രസംഗവുമൊന്നുമല്ല. അത് ചെയ്യാന്‍ ഇഷ്ടമുള്ള ആള്‍ക്കാരാണ് ഞങ്ങള്‍ രണ്ടുപേരും. രണ്ടുപേരും നല്ല ആസ്വാദകരാണ്. പുള്ളി എഴുത്തിനേയും ഞാന്‍ പ്രസംഗത്തേയും പരസ്പരം ഇഷ്ടപ്പെടുന്നു. അപ്പോള്‍ ഞങ്ങള്‍ തമ്മില്‍ കോംപാക്റ്റബിളായി തോന്നി. നല്ല പാര്‍ട്ട്നേഴ്സാണ് ഞങ്ങള്‍. എല്ലാ മലയാളികളേയും പോലെ മാധവിക്കുട്ടിയേയും ബഷീറിനേയുമൊക്കെ എനിക്കും വലിയ ഇഷ്ടമാണ്. വായനയിലൊക്കെ വളരെ ബേയ്സാണ് ഞാന്‍. പക്ഷേ, കിട്ടുന്ന സമയത്തൊക്കെ വായിക്കും. അത്രമാത്രം ഭയങ്കരമായി വായനയെ ഞാനിഷ്ടപ്പെടുന്നു. വായനയില്ലെങ്കില്‍ ചിലപ്പോള്‍ ഒറ്റപ്പെടലൊക്കെ അനുഭവപ്പെടും.

 

ഒരു ജില്ലാ ഭരണം എന്നുപറയുന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണോ?

 

ലോകത്തുടനീളം സ്ത്രീയുടെ തുല്യതയ്ക്കായി സമരങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, ബാക്കി എല്ലാകാര്യത്തിലും ഇംപ്രൂവ് ചെയ്ത സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍പോലും തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് തുല്യപ്രാധാന്യം ലഭിക്കുന്നില്ല. സ്വാതന്ത്ര്യം നേടിയിട്ട് ഇത്രകാലമായിട്ടും തൊഴിലുറപ്പുപദ്ധതിയുടെ മുന്‍പിലത്തെ കാലഘട്ടത്തില്‍ വരെ തുല്യ തൊഴില്‍ എന്ന ഒരു സങ്കല്‍പ്പം നമുക്ക് വളരെ കുറവായിരുന്നു. അതുകൊണ്ടുതന്നെ കേരളത്തിലൊക്കെ തൊഴിലുറപ്പ് പദ്ധതിയുടെ ടേക്കേഴ്സ് കൂടുതലും സ്ത്രീകളാണ്.  പിന്നെ, സ്ത്രീകള്‍ ഒരു ജോലി ചെയ്യുമ്പോള്‍ ചാലഞ്ചസ് കൂടുതലാണ്. എനിക്ക് എന്‍റെ ജോലി കഴിഞ്ഞ് ഇവിടെ വന്നാലും പിള്ളേരെ നോക്കണം. എന്‍റെ കട്ടിലിനടിയിലെ പൊടിപോലും ഞാന്‍തന്നെ ക്ലീന്‍ ചെയ്യണം. അതിന് ഭര്‍ത്താവ് സഹായിക്കില്ലേ എന്നുചോദിച്ചാല്‍ നമ്മുടെ സ്കില്‍സ് അവര്‍ക്കുണ്ടാകില്ല. ഉള്ളവരുണ്ടാകും. പക്ഷേ പൊതുവേ കുറവായിരിക്കും.

 

അതുകൊണ്ടുതന്നെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ജോലിയുടെ കൂടെ വീട് സംബന്ധിച്ച പ്രശ്നങ്ങളും ധാരാളമാണ്. ഉദാഹരണത്തിന് കുഞ്ഞിന് ഒരു പനി വന്നാല്‍ അന്ന് രാത്രിയില്‍ നമുക്ക് ഉറങ്ങാന്‍ പറ്റില്ല. ഈ ചാലഞ്ചസ് നമുക്ക് കൂടുതല്‍ ശക്തിനല്‍കും. വൈകുന്നേരമാകുമ്പോള്‍ പെണ്ണുങ്ങള്‍ക്ക് മദ്യപിക്കേണ്ട ആവശ്യമില്ല. അല്ലാതെതന്നെ ഒത്തിരി എനര്‍ജറൈസിംഗ് ഉണ്ട്. ഈ സമയത്ത് നമുക്കൊരു സപ്പോര്‍ട്ടിംഗ് സിസ്റ്റം ആവശ്യമുണ്ട്. അത് പല തരത്തിലുണ്ട്. ചിലപ്പോള്‍ ഓഫീസില്‍ സെക്രട്ടറിയായിരിക്കും. ചിലപ്പോള്‍ ഡ്രൈവറായിരിക്കും. അതുകൂടി കിട്ടിയാല്‍ ലൈഫ് ബാലന്‍സ് ചെയ്യാം. എന്നെ സംബന്ധിച്ചിടത്തോളം ദൈവം സഹായിച്ച് എന്‍റെ മക്കളുടെ സ്ക്കൂളിലെ ടീച്ചര്‍, ഓഫീസിലെ സെക്രട്ടറി, ഡ്രൈവര്‍, ഹസ്ബന്‍റിന്‍റെ ഓഫീസിലെ സെക്രട്ടറി, വീട്ടില്‍ കൊച്ചുങ്ങളെ നോക്കുന്നവര്‍ തൊട്ട് എല്ലാവരുടെയും കാര്യമായ സപ്പോര്‍ട്ട് കിട്ടുന്നതുകൊണ്ട് പ്രശ്നമില്ല.

 

കുഞ്ഞുങ്ങളുടെ കാര്യം പറഞ്ഞല്ലോ. മക്കളെത്ര പേരാണ്?

 

ഞങ്ങള്‍ക്ക് മൂന്ന് മക്കളാണ്. മൂത്തത് രണ്ടും പെണ്‍മക്കളാണ്. ഏഴും അഞ്ചും വയസ്സ്. ഇളയത് മോന്‍ ഒരു വയസ്സ്. എയ്റ, ഹെയ്സന്‍, ഹുസം എന്നാണ് അവരുടെ പേരുകള്‍. മൂന്നുപേരും എന്നോടൊപ്പം ഇവിടെയാണ്. ഹസ്ബന്‍റ് കോഴിക്കോട്ടും. വീക്കെന്‍റില്‍ ഏതെങ്കിലും ഒരു സ്ഥലത്തുവച്ച് ഞങ്ങള്‍ ഒന്നിച്ചുചേരും. അതുകൊണ്ട് ഭര്‍ത്താവിനുവേണ്ടി ഭാര്യയോ, ഭാര്യയ്ക്കുവേണ്ടി ഭര്‍ത്താവോ കരിയര്‍ സാക്രിഫൈസ് ചെയ്യേണ്ടിവരുന്നില്ല.

 

 

നിങ്ങള്‍ മക്കള്‍ക്ക് അച്ഛനും അമ്മയും വലിയ സ്വാതന്ത്ര്യം തന്നിരുന്നു എന്നും, ഡിസിഷന്‍ മേക്കിംഗില്‍ അത് ഏറെ സഹായിച്ചെന്നും പറഞ്ഞല്ലോ. അതേ സ്വാതന്ത്ര്യം മക്കള്‍ക്കും നല്‍കുമോ?

 

സ്വാതന്ത്ര്യം നല്‍കുക മാത്രമല്ല അച്ഛനും അമ്മയും ചെയ്തത്. എന്നെ അഞ്ചാംക്ലാസ് മുതലും ജ്യേഷ്ഠനെ യൊക്കെ മൂന്നാംക്ലാസിലും ബോര്‍ഡിംഗില്‍ നിര്‍ത്തിയാണ് പഠിപ്പിച്ചത്. അത് സംബന്ധമായി അച്ഛന്‍ പറഞ്ഞിരുന്നത്, കുട്ടിയെ ഒഴിവാക്കാനാണ് നിങ്ങള്‍ ബോര്‍ഡിംഗിലാക്കുന്നതെങ്കില്‍ അവന്‍ തിരിച്ചടിക്കുമെന്നും, കുട്ടിയെ ഇംപ്രൂവ് ചെയ്യാനാണെങ്കില്‍ നല്ലതാണെന്നുമായിരുന്നു. ഞങ്ങളുടെ കാര്യത്തില്‍ രണ്ടാമത് പറഞ്ഞതിനുവേണ്ടിയായിരുന്നു ബോര്‍ഡിംഗിലാക്കിയത്. അതുകൊണ്ട് നാട്ടിന്‍പുറത്തുകിട്ടുന്നതിനേക്കാള്‍ നല്ല വിദ്യാഭ്യാസം ഞങ്ങള്‍ക്ക് ലഭിച്ചു. എന്‍റെ സഹോദരന്‍മാരില്‍ ഒരാള്‍ എഞ്ചിനീയറും ഒരാള്‍ ബയോകെമിസ്റ്റുമാണ്. രണ്ടുപേരും ഖത്തറിലാണ്.

 

പക്ഷേ, അച്ഛന്‍റേയും അമ്മയുടേയും സ്നേഹലാളനകള്‍ കിട്ടേണ്ട പ്രായത്തില്‍ മാറ്റിനിര്‍ത്തുന്നത് ശരിയാണോ?

 

സ്നേഹം, ലാളന എന്നൊക്കെ പറയുന്നത് വളരെ സബ്ജക്റ്റീവ് ആയിട്ടുള്ള ഒരു കാര്യമാണല്ലോ. എന്നെ അഞ്ചാംക്ലാസ് മുതല്‍ ബോര്‍ഡിംഗിലാക്കിയെന്ന് കരുതി, എന്‍റച്ഛനും അമ്മയും നല്‍കിയ സ്നേഹലാളനകള്‍ കുറഞ്ഞുപോയി എന്നുള്ള വിശ്വാസം എനിക്കില്ല. എന്‍റെകൂടെ നിര്‍ത്തുന്നതുകൊണ്ട് മക്കള്‍ക്ക് ഞാന്‍ കൂടുതല്‍ സ്നേഹം കൊടുക്കുന്നു എന്ന വിശ്വാസവുമില്ല. ഞാനവിടെ പഠിച്ചിരുന്ന മുഴുവന്‍ കാലത്തും അവരെന്നെ നന്നായി സ്നേഹിച്ചിട്ടുണ്ടെന്ന ഉത്തമബോദ്ധ്യത്തോടെയാണ് ഞാനിപ്പോഴും തിരിഞ്ഞുനോക്കുന്നത്. എന്‍റെ ബോര്‍ഡിംഗ് സ്ക്കൂള്‍ കാലഘട്ടമാണ് എന്നെ ശരിക്കും മോള്‍ഡ് ചെയ്തത്. ഒത്തിരിനേരം അദ്ധ്വാനിക്കുവാനും, കഠിനാദ്ധ്വാനം ചെയ്യുവാനും ഒരു ചിട്ടയുണ്ടാക്കുവാനും ക്രൈസിസ് മാനേജ് ചെയ്യാനും, നമ്മളായിട്ട് പ്രശ്നത്തില്‍ ചെന്ന് ചാടാതിരിക്കുവാനും വായിക്കാനും ഒക്കെ പഠിച്ചത് അവിടുന്നാണ്. അവിടത്തെ ടീച്ചര്‍മാരാണ് എന്നെ ഞാനാക്കി മാറ്റിയത്. എന്‍റെ ജീവിതത്തിലെ ഒരു സുവര്‍ണ്ണകാലഘട്ടമായിട്ടാണ് ബോര്‍ഡിംഗ് ലൈഫിനെ ഞാന്‍ കാണുന്നത്.

 

പി. ജയചന്ദ്രന്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO