പ്രസംഗം ട്രാന്‍സിലേറ്റ് ചെയ്യാന്‍ ആളെ ആവശ്യമുണ്ടോ…

2011 ലെ പൊതുതെരഞ്ഞെടുപ്പുകാലം. ചെങ്ങന്നൂര്‍ നിയമസഭാമണ്ഡലത്തില്‍ യു.ഡി.എഫിനുവേണ്ടി മത്സരിക്കുന്നത് പി.സി. വിഷ്ണുനാഥാണ്. മറുപക്ഷത്ത് എല്‍.ഡി.എഫിന്‍റെ സ്ഥാനാര്‍ത്ഥി സജിചെറിയാനും. ആവനാഴിയിലെ അവസാന ആയുധവും പുറത്തെടുത്തുള്ള അത്യന്തം വാശിയേറിയ പോരാട്ടമാണ് സംസ്ഥാനത്തുടനീളം ഇരുമുന്നണികളും കാഴ്ചവെച്ചത്. ദേശീയ നേതാക്കള്‍വരെ... Read More

2011 ലെ പൊതുതെരഞ്ഞെടുപ്പുകാലം. ചെങ്ങന്നൂര്‍ നിയമസഭാമണ്ഡലത്തില്‍ യു.ഡി.എഫിനുവേണ്ടി മത്സരിക്കുന്നത് പി.സി. വിഷ്ണുനാഥാണ്. മറുപക്ഷത്ത് എല്‍.ഡി.എഫിന്‍റെ സ്ഥാനാര്‍ത്ഥി സജിചെറിയാനും. ആവനാഴിയിലെ അവസാന ആയുധവും പുറത്തെടുത്തുള്ള അത്യന്തം വാശിയേറിയ പോരാട്ടമാണ് സംസ്ഥാനത്തുടനീളം ഇരുമുന്നണികളും കാഴ്ചവെച്ചത്. ദേശീയ നേതാക്കള്‍വരെ വോട്ടഭ്യര്‍ത്ഥനയുമായി ഒഴുകിയെത്തി. കൂട്ടത്തില്‍ ഏറ്റവും വലിയ ഗ്ലാമര്‍താരം, നെഹ്റു കുടുംബത്തിലെ നാലാം തലമുറക്കാരന്‍ രാഹുല്‍ഗാന്ധിതന്നെയായിരുന്നു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറികൂടിയായിരുന്ന രാഹുലിന് പ്രസംഗിക്കാന്‍ കെ.പി.സി.സി നേതൃത്വം, പ്രധാനമത്സരം നടക്കുന്ന കുറച്ച് മണ്ഡലങ്ങള്‍ തെരഞ്ഞെടുത്തപ്പോള്‍ അതിലൊന്ന് ചെങ്ങന്നൂരായത് സ്വാഭാവികം. കാരണം, പി.സി. വിഷ്ണുനാഥ് അന്ന് യൂത്ത് കോണ്‍ഗ്രസിന്‍റെ ദേശീയ നേതാവായിരുന്നു.

 

വിഷ്ണുനാഥിന് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കുവാന്‍ രാഹുല്‍ഗാന്ധി ചെങ്ങന്നൂരിലെത്തുന്ന വിവരം അറിഞ്ഞതുമുതല്‍ പുലിയൂര്‍ കുളങ്ങരേത്ത് ജ്യോതി വിജയകുമാറിനൊരാഗ്രഹം; രാഹുലിന്‍റെ പ്രസംഗം ട്രാന്‍സിലേറ്റ് ചെയ്യണം. ചെങ്ങന്നൂര്‍ ഉള്‍പ്പെട്ട ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയായിരുന്നു അന്ന് (ഇന്നും) ജ്യോതിയുടെ അച്ഛന്‍ ഡി. വിജയകുമാര്‍. അതുകൊണ്ടുതന്നെ തന്‍റെ ആഗ്രഹം ജ്യോതി അച്ഛനുമുന്നില്‍ അവതരിപ്പിച്ചു.

 

‘രാഹുല്‍ഗാന്ധിയുടെ പ്രസംഗം ട്രാന്‍സിലേറ്റ്ചെയ്യുവാന്‍ ആളെ ആവശ്യമുണ്ടോ?’ എന്നുള്ള മകളുടെ ചോദ്യം കേട്ടപ്പോള്‍ വിജയകുമാറിന് തെല്ലും അതിശയം തോന്നിയില്ല. അതും അതിനപ്പുറവും ചെയ്യുവാനുള്ള കഴിവ് തന്‍റെ മകള്‍ക്കുണ്ടെന്ന് വിജയകുമാറിന് ഉറപ്പായിരുന്നു. പക്ഷേ, പത്തുപന്ത്രണ്ട് വര്‍ഷം കേരളത്തിന് പുറത്തായിരുന്നതുകൊണ്ട് മലയാളം എത്രത്തോളം ഒഴുക്കോടെ ഉപയോഗിക്കുവാന്‍ കഴിയും എന്നുള്ള സംശയം ഇല്ലാതിരുന്നുമില്ല. എങ്കിലും വിവരം, കെ.പി.സി.സി പ്രസിഡന്‍റായിരുന്ന രമേശ് ചെന്നിത്തലയോട് സംസാരിക്കാമെന്ന് വിജയകുമാര്‍ മകള്‍ക്ക് ഉറപ്പ് നല്‍കുകയും സംസാരിക്കുകയും ചെയ്തു. അതോടെ ജ്യോതിയുടെ ആഗ്രഹത്തിന് വാതില്‍ തുറന്നുകിട്ടി. രാഹുല്‍ഗാന്ധിയുടെ ചെങ്ങന്നൂര്‍ പ്രസംഗം പരിഭാഷപ്പെടുത്തുവാന്‍ ജ്യോതി വിജയകുമാര്‍ നിയുക്തയായി.

 

 

പരിഭാഷകയായ ജ്യോതിക്കുമാത്രമല്ല, കേട്ടവര്‍ക്കും അതൊരു നല്ല അനുഭവമായിരുന്നു. ഒരു തുടക്കക്കാരിയുടെ പതര്‍ച്ചയോ പരിഭ്രമമോ ഒന്നും കൂടാതെ ശ്രോതാക്കള്‍ക്ക് ഒട്ടും അരോചകം തോന്നാത്തവിധം രാഹുല്‍ഗാന്ധി നേരിട്ട് മലയാളത്തില്‍ സംവദിക്കുംപോലുള്ള ജ്യോതിയുടെ പരിഭാഷ വലിയ അഭിപ്രായമാണ് നേടിയെടുത്തത്. താന്‍ ഇംഗ്ലീഷില്‍ പറയുന്ന കാര്യങ്ങള്‍ ആശയം ഒട്ടും ചോരാതെ ട്രാന്‍സിലേറ്റ് ചെയ്ത് ഒരു കുത്തൊഴുക്കായി ശ്രോതാക്കളിലെത്തിക്കുന്ന ജ്യോതിയുടെ പരിഭാഷാശൈലി രാഹുല്‍ഗാന്ധിക്കും നന്നായി ബോധിച്ചു. പ്രസംഗം തീര്‍ന്നപ്പോള്‍ ജ്യോതിയെ പ്രത്യേകം അഭിനന്ദിക്കുവാന്‍ അദ്ദേഹം മറന്നില്ല.

 

അതേത്തുടര്‍ന്ന്, 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് രാഹുല്‍ വീണ്ടും ചെങ്ങന്നൂരില്‍ വന്നപ്പോള്‍, അദ്ദേഹത്തിന്‍റെ ട്രാന്‍സിലേറ്റര്‍ ആരായിരിക്കണമെന്നുള്ള കാര്യത്തില്‍ അന്ന് കെ.പി.സി.സി.യുടെ അമരക്കാരനായിരുന്ന വി.എം. സുധീരനുമുന്നില്‍ മറ്റൊരു പേരുണ്ടായിരുന്നില്ല. സുധീരന്‍ നേരിട്ടുവിളിച്ചാണ് ആ ഉത്തരവാദിത്തം ജ്യോതിയെ ഏല്‍പ്പിച്ചത്. അന്നും നല്ല അഭിപ്രായമാണുണ്ടായത്.

 

രാഹുല്‍ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തണമെന്നുള്ള ആഗ്രഹം തോന്നാന്‍ എന്താണ് കാരണം, കോണ്‍ഗ്രസ് പാരമ്പര്യമാണോ?

 

ഒരിക്കലും അത് കോണ്‍ഗ്രസ് പാരമ്പര്യംകൊണ്ടായിരുന്നില്ല. രാഹുല്‍ഗാന്ധിയുടെ പ്രസംഗം പലപ്രാവശ്യം കേട്ടുകേട്ടാണ് അങ്ങനൊരാഗ്രഹം ഉണ്ടായത്. ഒരുപക്ഷേ, എന്‍റെ ജേര്‍ണലിസ്റ്റ് മൈന്‍ഡും ഒരു കാരണമാകാം. അതല്ലാതെ ഒരു കോണ്‍ഗ്രസ് കുടുംബത്തില്‍, കോണ്‍ഗ്രസ്സുകാരനായ പിതാവിന്‍റെ മകളായി ജനിച്ചെങ്കിലും കോളേജ് പഠനകാലത്തെ ഒരു ചെറിയ ഇടവേളയിലല്ലാതെ അങ്ങനൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകയൊന്നുമായിരുന്നില്ല ഞാന്‍. ഹൈസ്ക്കൂള്‍വരെയുള്ള പഠനം ചെങ്ങന്നൂരില്‍തന്നെയായിരുന്നെങ്കിലും പ്രീ-ഡിഗ്രിയും ഡിഗ്രിയും തിരുവനന്തപുരം മാര്‍ ഇവാനിയോസിലായിരുന്നു. പിന്നീട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ നിന്ന് എം.എ. ലിറ്ററേച്ചര്‍. ഒപ്പം, പ്രസ് ക്ലബ്ബിന്‍റെ പി.ജി. ഡിപ്ലോമ ഇന്‍ ജേര്‍ണലിസം കോഴ്സും പാസ്സായി. പിന്നീട് സിവില്‍ സര്‍വ്വീസിനൊരു ശ്രമം നടത്തി. 2004 ല്‍ പ്രിലിമിനറി കിട്ടിയെങ്കിലും പിന്നെയൊരു ഗ്യാപ്പുണ്ടായി. അതിനുശേഷം 2006 മുതല്‍ 2007 വരെ ഇന്ത്യന്‍ എക്സ്പ്രസില്‍ സബ് എഡിറ്ററായി. തുടര്‍ന്ന് കുറച്ചുകാലം ഒരു പബ്ലിഷിംഗ് കമ്പനിയില്‍. 2008-2009 ല്‍ വീണ്ടും സിവില്‍ സര്‍വ്വീസ് എഴുതിയെങ്കിലും മെയിന്‍ പാസായില്ല. 2009 ല്‍ മുംബൈയില്‍ ഒരു ഐ.ടി കമ്പനിയില്‍. അവിടെത്തന്നെ ഒരു പബ്ലിഷിംഗ് കമ്പനിയിലും അഡ്വര്‍ടൈസിംഗ് കമ്പനിയിലും കോപ്പി എഡിറ്ററായി. പിന്നീട് ചെന്നൈയില്‍ കോളേജ് ലക്ചറര്‍. പോണ്ടിച്ചേരിയില്‍ കോപ്പി എഡിറ്റര്‍. എല്‍.എല്‍.ബി പഠനം. ഒപ്പം, ദൂരദര്‍ശനില്‍ മുമ്പ് ചെയ്തിരുന്ന പ്രോഗ്രാം പ്രൊഡ്യൂസിംഗ് വീണ്ടും തുടങ്ങി. എല്‍.എല്‍.ബി ഫൈനല്‍ ഇയറായിരുന്നപ്പോള്‍തന്നെ സിവില്‍ സര്‍വ്വീസ് അക്കാദമിയില്‍ ഹിസ്റ്ററി പഠിപ്പിക്കാന്‍ തുടങ്ങി. തുടര്‍ന്ന് രണ്ടുവര്‍ഷം യു.എസ്.ടി ഗ്ലോബലില്‍. പിന്നെ എല്‍.എല്‍.എം പഠനവും പ്രാക്ടീസും. ഈ തെരഞ്ഞെടുപ്പിനുമുന്‍പുവരെ ദൂരദര്‍ശനില്‍ ആങ്കര്‍, ജയ്ഹിന്ദ് ചാനലിനുവേണ്ടി സ്ഥാനാര്‍ത്ഥികളെ അഭിമുഖം ചെയ്യല്‍, സിവില്‍ സര്‍വ്വീസ് അക്കാദമിയില്‍ ക്ലാസ്സെടുക്കല്‍ ഒക്കെ മുടങ്ങാതെ നടന്നിരുന്നു.

 

ഇവിടെങ്ങും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തനം കാണുന്നില്ലല്ലോ?

 

’96 ല്‍ മാര്‍ ഇവാനിയോസില്‍ പഠിക്കുന്ന കാലത്ത് മാത്രമാണ് അല്‍പ്പം രാഷ്ട്രീയം കളിച്ചത്. സ്ക്കൂളില്‍ പഠിക്കുന്ന കാലത്ത് സ്ക്കൂള്‍ പാര്‍ലമെന്‍റിലേക്ക് മത്സരിച്ചിരുന്നെങ്കിലും അതൊന്നും രാഷ്ട്രീയാടിസ്ഥാനത്തിലായിരുന്നില്ല. കോളേജ് പഠനകാലത്ത് ’96 ല്‍ ഇവാനിയോസില്‍ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായിരുന്നു. 97ല്‍ ജനറല്‍ സെക്രട്ടറിയും, 99 ല്‍ ആദ്യവനിതാചെയര്‍പേഴ്സണുമായി. അച്ഛന്‍ കോണ്‍ഗ്രസുകാരനായതുകൊണ്ടല്ല, അല്ലാതെതന്നെ കെ.എസ്.യു ടിക്കറ്റിലായിരുന്നു മത്സരവും വിജയവുമൊക്കെ. എന്നാലിന്നിപ്പോള്‍ പൂര്‍ണ്ണബോദ്ധ്യത്തോടെ കോണ്‍ഗ്രസ് ആശയങ്ങളില്‍ വിശ്വസിച്ചിട്ടുതന്നെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. എങ്കിലും ഇവാനിയോസിലെ കെ.എസ്.യുക്കാരി പിന്നെ എല്ലാം താഴത്തുവച്ചെങ്കിലും 2005 ല്‍ വിഷ്ണുനാഥ് ചെങ്ങന്നൂരില്‍ മത്സരിച്ചപ്പോഴും, 99 ല്‍ രമേശ് ചെന്നിത്തലയ്ക്കുവേണ്ടിയും ഇലക്ഷന്‍ പ്രചരണപ്രസംഗം നടത്തിയിട്ടുണ്ട്. ലീഡര്‍ തിരുവനന്തപുരം പാര്‍ലമെന്‍റില്‍ മത്സരിച്ചപ്പോഴും കോര്‍ണര്‍ മീറ്റീംഗുകളില്‍ പ്രസംഗിച്ചിട്ടുണ്ട്.

 

 

പിന്നെ കേരളത്തിന് പുറത്ത് ചെന്നൈയിലും മുംബൈയിലും ദല്‍ഹിയിലുമൊക്കെയായിരുന്നു. അന്നൊക്കെ രാഹുലിന്‍റെ പ്രസംഗം കേട്ടുകേട്ടാണ്, അത് ട്രാന്‍സിലേറ്റ് ചെയ്താല്‍ കൊള്ളാം എന്ന് തോന്നിയത്. അതിനുമുന്‍പ് അങ്ങനൊരു ‘സാഹസ’ത്തിന് മുതിര്‍ന്നിട്ടില്ല. മലയാളം മീഡിയത്തില്‍ പഠിക്കുകയും ലിറ്ററേച്ചര്‍ എടുക്കുകയുമൊക്കെ ചെയ്തതുകൊണ്ട് മലയാളത്തോടെന്നപോലെ ഇംഗ്ലീഷ് ഭാഷയോടും അന്നേ വലിയ താല്‍പ്പര്യമായിരുന്നു. അതേ തുടര്‍ന്നാണ് 2011 ല്‍ രാഹുല്‍ ഇവിടെ വരുന്നു എന്നറിഞ്ഞപ്പോള്‍, ട്രാന്‍സിലേറ്ററെ ആവശ്യമുണ്ടോ എന്ന് അച്ഛനോട് ചോദിച്ചതും അതിനുള്ള അവസരം ലഭിച്ചതും.

 

അതിനുശേഷം 2016 ലെ പൊതുതെരഞ്ഞെടുപ്പിന് സോണിയാഗാന്ധി തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് പ്രസംഗിക്കാന്‍ വന്നപ്പോഴും സുധീരന്‍ സാര്‍ പറഞ്ഞ പ്രകാരം ഞാനാണ് ട്രാന്‍സിലേഷന്‍ നടത്തിയത്. 2017ല്‍ എം.എം. ഹസ്സന്‍ പ്രസിഡന്‍റായിരിക്കെ നടത്തിയ പടയൊരുക്കവേളയിലും രാഹുല്‍ജിയുടെ പരിഭാഷകയാകാന്‍ കഴിഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ രാഹുലിനുവേണ്ടി തിരുവനന്തപുരത്തും, പത്തനാപുരത്തും, തിരുവമ്പാടിയിലും, പ്രിയങ്കയ്ക്കുവേണ്ടി മാനന്തവാടിയിലും അരീക്കോട്ടും ട്രാന്‍സിലേഷന്‍ നടത്തുവാന്‍ എന്നെ അങ്ങോട്ട് വിളിക്കുകയായിരുന്നു.

 

സോണിയാ, രാഹുല്‍, പ്രിയങ്ക. ഒരു കുടുംബത്തിലെ മൂന്നുപേരുടെ പ്രസംഗങ്ങള്‍ ട്രാന്‍സിലേറ്റ് ചെയ്യുവാനുള്ള അപൂര്‍വ്വാവസരം ലഭിച്ചല്ലോ. ഈ മൂന്നുപേരുടെ പ്രസംഗങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത്?

 

സോണിയാജിയുടേത് വലിയ ഇമോഷണല്‍ പ്രസംഗമാണ്. അത് എപ്പോഴും റിട്ടണ്‍ സ്പീച്ച് ആയതിനാല്‍ ട്രാന്‍സിലേഷനും നോക്കിയാണ് ചെയ്യുക. അതുകൊണ്ട് ഒട്ടും ബുദ്ധിമുട്ടില്ല. എഴുതിവച്ചിട്ടുള്ള കാര്യങ്ങള്‍ നോക്കി അതേപടി പരിഭാഷപ്പെടുത്തിയാല്‍ മതി. പ്രിയങ്കാഗാന്ധിയുടേത് മിക്സ് ആണ്. അതൊന്നും നേരത്തെ കിട്ടാറില്ല. അതുകൊണ്ട് ഒരു ചെറിയ റിഹേഴ്സല്‍ പോലും കൂടാതെയാണ് ട്രാന്‍സിലേറ്റ് ചെയ്യുക. എങ്കിലും പേഴ്സണല്‍ കാര്യങ്ങളാണ് പറയാന്‍ പോകുന്നതെങ്കില്‍ അമ്മയും മകളും അതിന്‍റെയൊരു സൂചനതരും. സോണിയാഗാന്ധി നിര്‍ത്തി നിര്‍ത്തി പറയുമ്പോള്‍, പ്രിയങ്കയുടേത് മിക്കപ്പോഴും ലോംഗ് സെന്‍റന്‍സായിരിക്കും. അത് സ്പീഡില്‍ പറയുകയും ചെയ്യും. അപ്പോള്‍ ഒരു സെന്‍റന്‍സിലെ ഒരു വാക്കെങ്കിലും കുറിച്ചുവയ്ക്കും. അതുകൊണ്ട് പലപ്പോഴും മാനേജ് ചെയ്യാന്‍ പറ്റും. ആ ഒരു ബുദ്ധിമുട്ടൊന്നും സോണിയാജിയുടെ പ്രസംഗം പരിഭാഷപ്പെടുത്തുമ്പോള്‍ ഉണ്ടാകാറില്ല. അവര്‍ നിര്‍ത്തി നിര്‍ത്തി പറയുന്നതിനാല്‍ കുറച്ചുകൂടി സാവകാശം കിട്ടും. എന്നാല്‍ രാഹുല്‍ജിയുടെ ഡിക്ടേഷന്‍, സ്റ്റൈല്‍, കമ്മ്യൂണിക്കേറ്റിംഗ് രീതി ഒക്കെ വ്യത്യസ്തമാണ്. അതായത് മൂന്നും മൂന്ന് രീതിയാണെന്നര്‍ത്ഥം.

 

 

ഭാഷാസ്വാധീനം കൊണ്ടുമാത്രം നല്ലൊരു ട്രാന്‍സിലേറ്ററാകാനാകുമോ?

 

ഒരിക്കലും പറ്റില്ല. ശരിക്കും പറഞ്ഞാല്‍ ട്രാന്‍സിലേഷന്‍ നടത്താനായി വേദിയില്‍ നില്‍ക്കുമ്പോള്‍ നമ്മള്‍ ബ്ലാങ്കാണ്. ആ ഒരവസ്ഥയില്‍ നിന്നുകൊണ്ടുവേണം ട്രാന്‍സിലേറ്റ് ചെയ്യാന്‍. അതിന് പ്രസംഗകന്‍റെ പേഴ്സണാലിറ്റി പഠിക്കുന്നത് നല്ലതാണ്. എന്നെ സംബന്ധിച്ചിടത്തോളം രാഹുല്‍ജിയുടെ പ്രസംഗം പലയാവര്‍ത്തി കേട്ടിട്ടുണ്ട്. അദ്ദേഹത്തെ ഞാന്‍ നല്ലതുപോലെ ഒബ്സര്‍വ്വ് ചെയ്തിട്ടുണ്ട്. അതൊരു പ്രത്യേകഘടകമാണ്. രാഹുലിന്‍റെ ആശയങ്ങള്‍ എനിക്ക് വളരെ ഇഷ്ടമാണ്. അതൊക്കെ ട്രാന്‍സിലേഷനെ കാര്യമായി സഹായിക്കും. അദ്ദേഹം പറയുന്ന ഫിഗേഴ്സ് കൃത്യമായി അറിയാവുന്നതുകൊണ്ട്, പറഞ്ഞുനിര്‍ത്തുന്നതോടൊപ്പം തന്നെ തുടങ്ങാനെനിക്ക് കഴിയും. ഉദാഹരണത്തിന് സായ്സ്കീമിനെക്കുറിച്ച് പറയാന്‍ തുടങ്ങുമ്പോള്‍ തന്നെ അപ്പറയുന്ന 72000, 350,000 എന്നൊക്കെയുള്ള സംഖ്യകള്‍ കൃത്യമായി അറിയാവുന്നത് ട്രാന്‍സിലേഷനെ വലിയ രീതിയില്‍ സഹായിക്കും. എങ്കിലും നല്ല ഹോംവര്‍ക്ക് ആവശ്യമാണ്.

 

എന്‍റെ കാര്യം പറയുകയാണെങ്കില്‍, ട്രാന്‍സിലേഷന്‍ ചെയ്യാന്‍ നില്‍ക്കുമ്പോള്‍ ഞാന്‍ അവരായി മാറും. രാഹുല്‍ജി വയനാട് എന്ന് പറയുമ്പോള്‍ പിന്നെ എന്‍റെ മനസ്സ് മുഴുവന്‍ വയനാട് എന്‍റെ മണ്ഡലമാണ്. അങ്ങനൊരു ഫീലിംഗ് പലപ്പോഴും വരാറുണ്ട്. അങ്ങനെ വരുമ്പോള്‍ അവര്‍ ജനങ്ങള്‍ക്ക് നല്‍കാനുദ്ദേശിക്കുന്ന സന്ദേശം കൊടുക്കുവാന്‍ ഞാന്‍ ബാദ്ധ്യസ്ഥയാണ്. അതുകൊണ്ട് നല്ല ടെന്‍ഷനായിരിക്കും. എങ്കിലും രാഹുല്‍ജിയെപ്പോലുള്ളവരുടെ പരിഭാഷയ്ക്ക് നില്‍ക്കുമ്പോള്‍, അവരുടെ പ്രസംഗങ്ങള്‍ കേട്ടുകേട്ട് കുറെയൊക്കെ ഊഹിക്കാന്‍ കഴിയും. പക്ഷേ ചില പുതിയ ആശയങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ബുദ്ധിമുട്ടാണ്. ഉദാഹരണത്തിന് വയനാട് വച്ച് ധന്യാസുരേഷുമായി (സിവില്‍ സര്‍വ്വീസ് പരീക്ഷ പാസ്സായ ആദിവാസി പെണ്‍കുട്ടി) ബന്ധപ്പെട്ട് കുറേ കാര്യങ്ങള്‍ പറഞ്ഞു. അതൊന്നും ഇതുവരെ പറയാത്ത കാര്യങ്ങളായതിനാല്‍ ട്രാന്‍സിലേറ്ററായ ഞാന്‍ കുറെ ബുദ്ധിമുട്ടി. എങ്കിലും പിടിച്ചുനിന്നു.

 

ജ്യോതിയുടെ ട്രാന്‍സിലേഷനില്‍ അവര്‍ തൃപ്തരാണോ?

 

എന്നുചോദിച്ചാല്‍, ആണെന്ന് തോന്നുന്നു. അതുകേള്‍ക്കുമ്പോഴുള്ള ജനങ്ങളുടെ കയ്യടിപോലുള്ള പ്രതികരണങ്ങളും, അപ്പോള്‍ രാഹുല്‍ജിയുടേതായാലും പ്രിയങ്കയുടേതായാലും മുഖത്ത് കാണുന്ന തെളിച്ചവുമൊക്കെ, അങ്ങനെ ചിന്തിക്കാനാണ് പ്രേരിപ്പിക്കുന്നത്. എന്നാലും ഫീഡ് ബാക്ക് സിസ്റ്റം ശരിയല്ലെങ്കില്‍ വലിയ പ്രശ്നമാണ്. ഫീഡ് ബാക്ക് മോണിട്ടര്‍ നമ്മുടെ അടുത്ത് അല്ലെങ്കിലും, സ്റ്റേജിനെ ഫെയ്സ് ചെയ്യാതിരുന്നാലും വലിയ മുഴക്കം മാത്രമേ കേള്‍ക്കൂ. അങ്ങനെ വരുമ്പോള്‍ നമ്മുടെ കോണ്‍ഫിഡന്‍സ് ഇല്ലാതാകും. അപ്പോള്‍ നമ്മുടെ സ്ട്രെയിന്‍ മുഴുവന്‍ ആ വാക്ക് ഒന്നുകൂടി കേള്‍ക്കാനായിരിക്കും. അതോടെ ഇമോഷണല്‍ ഇന്‍വോള്‍വ്മെന്‍റ് നഷ്ടമാകും. അവര്‍ പറയുന്നതില്‍ നിന്ന് ഒരു മാറ്റവും വരുത്താതെ ട്രാന്‍സിലേറ്റ് ചെയ്യണമെന്നാണ് ആഗ്രഹം. അവരോട് 100 ശതമാനവും നീതി പുലര്‍ത്തണം. എന്നാല്‍ ചിലപ്പോള്‍ അവര്‍ പറയുന്ന ആശയം ഒറ്റവാക്കില്‍ വിശദീകരിക്കാന്‍ പറ്റിയില്ല എന്നുവരാം. ഉദാഹരണത്തിന് രാഹുല്‍ജി, ദിസ് ഈസ് ദി സ്പിരിറ്റ് ഓഫ് മലയാളി എന്നുപറയും. അതില്‍ സ്പിരിറ്റ് എന്ന വാക്ക് മലയാളത്തിലേക്ക് ഒറ്റവാക്കില്‍ കൊണ്ടുവരാന്‍ ബുദ്ധിമുട്ടാണ്. മലയാളിയുടെ ആത്മവീര്യം, മലയാളിയുടെ ചിന്ത, മലയാളിയുടെ സംസ്ക്കാരം ഇതെല്ലാം കൂട്ടിച്ചേര്‍ത്താലേ സ്പിരിറ്റിന്‍റെ അര്‍ത്ഥം ഇങ്ങോട്ടെത്തിക്കാന്‍ കഴിയൂ. പക്ഷേ ഇപ്പോള്‍ ദോഷകരമല്ലാത്ത ചില കൂട്ടിച്ചേര്‍ക്കലുകളോ പകരം വാക്കുകളോ ഞാന്‍ കൊണ്ടുവരാറുണ്ട്. അത് തെറ്റാണെന്ന് ആരും പറഞ്ഞിട്ടില്ല.

 

 

മറ്റാര്‍ക്കെങ്കിലും വേണ്ടി പരിഭാഷ നടത്തിയിട്ടുണ്ടോ?

 

മുകുള്‍വാസ്നിക്കിനുവേണ്ടിയും, കര്‍ഷക കോണ്‍ഗ്രസിന്‍റെ ദേശീയ പ്രസിഡന്‍റിനുവേണ്ടിയും ചെയ്തിട്ടുണ്ട്.

 

ഇക്കുറി എത്ര സ്ഥലത്ത് പരിഭാഷ നടത്തി?

 

അഞ്ചിടത്ത്. അഞ്ചും നന്നായിരുന്നു എന്ന് രാഹുല്‍ഗാന്ധിയും പ്രിയങ്കയും പറഞ്ഞു. അവരിരുവരും, പ്രത്യേകിച്ച് പ്രിയങ്ക നല്ല ഫ്രണ്ട്ലിയാണ്. അരീക്കോട്ടെ പ്രസംഗത്തിനിടെ പല പ്രാവശ്യം എന്നെ നോക്കി പ്രിയങ്ക ചിരിക്കുന്നുണ്ടായിരുന്നു. അത് നല്ല കമ്മ്യൂണിക്കേഷനാണ്.

 

പാര്‍ട്ടി അനുഭാവി എന്നുള്ളത് പ്രയോജനമായിരുന്നോ?

 

തീര്‍ച്ചയായും. അതില്ലെങ്കില്‍ പറ്റില്ലല്ലോ. രാഹുല്‍ എന്ന ഒരാളിനോടുള്ള ബഹുമാനം, കോണ്‍ഗ്രസിനോടുള്ള സ്നേഹം, രാഹുലിന്‍റെ ഐഡിയോളജിയിലുള്ള വിശ്വാസം, എന്‍റെ രാജ്യത്തോടുള്ള സ്നേഹം, ഈ മനുഷ്യന്‍ പറയുന്നതൊക്കെ രാജ്യത്തോടുള്ള കമിറ്റ്മെന്‍റ് കൊണ്ടാണെന്ന് ഓര്‍ക്കുമ്പോഴുണ്ടാകുന്ന ഇമോഷന്‍… അതൊക്കെയാണ് എന്നെ കോണ്‍ഗ്രസുകാരിയാക്കുന്നത്. കോണ്‍ഗ്രസിന്‍റെ ഡിജിറ്റല്‍ മീഡിയാ സെല്ലിലെ കോര്‍ ടീം അംഗമാണ് ഞാനിപ്പോള്‍.

 

പി. ജയചന്ദ്രന്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO