ലാല്‍ സ്വയം നവീകരിച്ചുകൊണ്ടേയിരിക്കുന്നു : സിദ്ധിഖ്

ബാംഗ്ലൂര്‍, എറണാകുളം, പൊള്ളാച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ  'ബിഗ് ബ്രദറി'ന്‍റെ ഇമ്മിണി വലിയ വിശേഷങ്ങളുമായി സംവിധായകന്‍ സിദ്ധിഖ്. ആരാണ് ബിഗ് ബ്രദര്‍ ? അല്ലെങ്കില്‍ എന്തൊക്കെയാണ് ബിഗ് ബ്രദര്‍ ? സച്ചിദാനന്ദനാണ് ബിഗ് ബ്രദര്‍. യഥാര്‍ത്ഥത്തില്‍... Read More

ബാംഗ്ലൂര്‍, എറണാകുളം, പൊള്ളാച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ  ‘ബിഗ് ബ്രദറി’ന്‍റെ ഇമ്മിണി വലിയ വിശേഷങ്ങളുമായി സംവിധായകന്‍ സിദ്ധിഖ്.

ആരാണ് ബിഗ് ബ്രദര്‍ ? അല്ലെങ്കില്‍ എന്തൊക്കെയാണ് ബിഗ് ബ്രദര്‍ ?

സച്ചിദാനന്ദനാണ് ബിഗ് ബ്രദര്‍. യഥാര്‍ത്ഥത്തില്‍ സച്ചിദാനന്ദനെചുറ്റിപ്പറ്റിയാണ് ഇതിന്‍റെ കഥ തന്നെ വികസിക്കുന്നത്.
ഒറ്റവാക്കില്‍ എല്ലാവരുടെയും രക്ഷകനാണ് സച്ചിദാനന്ദന്‍. വളരെ കെയറിംഗാണ്. മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെട്ടിടപ്പെട്ട് സ്വന്തം ജീവിതം തന്നെ ഇല്ലാതാക്കുന്ന കഥാപാത്രം. മോഹന്‍ലാലാണ് സച്ചിദാനന്ദനെ അവതരിപ്പിക്കുന്നത്.

 

ഏത് ജനുസ്സില്‍ പെടും ഈ സിനിമ ?

കുടുംബപശ്ചാത്തലത്തില്‍ പറയുന്ന ഒരു ആക്ഷന്‍ ത്രില്ലര്‍. ഒപ്പം തന്നെ ഇമോഷന്‍സിനും ഹ്യൂമറിനും പ്രാധാന്യമുണ്ട്. എന്നാല്‍ ഇതൊരു ഔട്ട് ആന്‍റ് ഔട്ട് ഹ്യൂമര്‍ ചിത്രമല്ല.

 

ദിനേശ് പണിക്കര്‍, സര്‍ജാനോ, സുധി കൊല്ലം, അനൂപ്മേനോന്‍, നിര്‍മ്മല്‍ പാലാഴി, ഹണിറോസ്, ഗാഥ

സച്ചിദാനന്ദനായി ലാലിനെ കാസ്റ്റ് ചെയ്യാന്‍ കാരണമെന്താണ്?

ലാല്‍ മാത്രമാണ് ഈ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യന്‍. കാരണം പലതാണ്. വളരെ പൗവ്വര്‍ഫുള്‍ ആണ് സച്ചിദാനന്ദന്‍. അത്ര തന്നെ സ്നേഹസമ്പന്നനും നിഷ്ക്കളങ്കനുമാണ്. മറ്റുള്ളവരെല്ലാം സച്ചിദാനന്ദനെ ആശ്രയിച്ചുകഴിയുന്നവരാണ്. ലാലില്‍ നിന്ന് പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്നത് ഇത്തരം കഥാപാത്രങ്ങളാണ്.

യഥാര്‍ത്ഥത്തില്‍ സച്ചിദാനന്ദന്‍ എനിക്ക് പരിചയമുള്ള ഒരാളല്ല. ലാലിന്‍റെ ഇമേജില്‍ നിന്നുതന്നെയാണ് അങ്ങനെയൊരു കഥാപാത്രത്തെ സൃഷ്ടിച്ചതും.

 

സിദ്ധിഖ് ഇതുവരെ ചെയ്ത സിനിമകളില്‍ നിന്ന് ബിഗ് ബ്രദര്‍ വ്യത്യാസപ്പെടുന്നത് ഏതൊക്കെ നിലകളിലാണ്?

ഇത്രയും ആക്ഷന്‍ ഓറിയന്‍റേഡായിട്ടുള്ള ഒരു ചിത്രം ഞാനിന്നോളം ചെയ്തിട്ടില്ല. എന്‍റെ മുന്‍കാല സിനിമകളിലും ആക്ഷനുണ്ടായിരുന്നു. അത് ബോഡി ഗാര്‍ഡിലായാലും ഭാസ്കര്‍ ദി റാസ്കലിലായാലും എന്തിനേറെ വിയറ്റ്നാം കോളനിയില്‍പോലും സംഘട്ടനരംഗങ്ങളുണ്ട്. പക്ഷേ തീര്‍ത്തും ആക്ഷന് പ്രാധാന്യം നല്‍കിയിട്ടുള്ള ഒരു ചിത്രം ഇതാദ്യമാണ്. അതുപോലെ ഈ സിനിമയുടെ ബഡ്ജറ്റും. ഞാനിന്നേവരെ ചെയ്തിട്ടുള്ള സിനിമകളില്‍ ഏറ്റവും ബഡ്ജറ്റ് വന്ന ചിത്രവും ബിഗ് ബ്രദറാണ്. ഏതാണ്ട് 32 കോടി രൂപ. ഈ സിനിമയുടെ കഥ അതാവശ്യപ്പെടുന്നുണ്ട്. പ്രത്യേകിച്ചും ബാംഗ്ലൂര്‍ പോലൊരു പട്ടണത്തിലാണ് കഥ നടക്കുന്നത്. സ്വാഭാവികമായും ചെലവും കൂടും.

 

സിദ്ദിക്ക്, ഹണിറോസ്, മിര്‍നമേനോന്‍

അതുകൊണ്ടാണോ സ്വന്തമായി സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്?

അതുമാത്രമല്ല, നമ്മുടെ ഇഷ്ടത്തിന് സിനിമ ചെയ്യാന്‍ കഴിയും. ബിഗ് ബ്രദര്‍ തന്നെ 28 കോടിയുടെ ബഡ്ജറ്റില്‍ തുടങ്ങിയ ചിത്രമാണ്. പൂര്‍ത്തിയായപ്പോള്‍ 4 കോടി അധികമായി. മറ്റൊരു പ്രൊഡ്യൂസറാണെങ്കില്‍ സ്വാഭാവികമായും പ്രശ്നങ്ങളുണ്ടാകും. ഇഷ്ടക്കേടുകള്‍ കാട്ടാന്‍ തുടങ്ങും. ഇന്‍ഡസ്ട്രിയില്‍ തന്നെ പല കഥകളും പ്രചരിക്കും. ഹിന്ദിയിലും തമിഴിലുമൊക്കെയായി സിനിമ വില്‍ക്കാന്‍ കൂടുതല്‍ ചെലവ് ചെയ്യുന്നുവെന്ന് പരാതിപ്പെടും. സ്വന്തമായി നിര്‍മ്മിച്ചാല്‍ ഈ പഴിയൊന്നും കേള്‍ക്കേണ്ടി വരില്ലല്ലോ. നമ്മുടെ ആഗ്രഹത്തിന് സിനിമ പൂര്‍ത്തിയാക്കാനും കഴിയും.
മുമ്പുള്ള എന്‍റെ സിനിമകളൊന്നും ഞാന്‍ നിര്‍മ്മിച്ചവയായിരുന്നില്ല. പക്ഷേ അന്ന് സഹകരിച്ച നിര്‍മ്മാണകമ്പനികളെല്ലാം ഞങ്ങളുടെ മനസ്സിനൊപ്പം നിന്നവരായിരുന്നു. ഒരു എഗ്രിമെന്‍റുപോലും സൈന്‍ ചെയ്യാതെ പൂര്‍ത്തിയാക്കിയ ചിത്രങ്ങളായിരുന്നു അവയെല്ലാം. ഇന്നത് പ്രതീക്ഷിക്കാന്‍ പാടില്ല.

 

അതിനര്‍ത്ഥം നിര്‍മ്മാതാക്കളില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിട്ടുണ്ടെന്നല്ലേ?

ഒന്നല്ല, ഒരുപാട് അനുഭവങ്ങളുണ്ടായിട്ടുണ്ട്. കുഴപ്പം പിടിച്ച ചില പ്രൊഡ്യൂസര്‍മാര്‍ പ്രോജക്ടുകളിലേക്ക് കടന്നുകൂടിയാല്‍ പിന്നെ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. ആദ്യം നമ്മളെ വന്ന് കാണുന്ന ഒരാളേയായിരിക്കില്ല, ഒരു ഘട്ടം കഴിഞ്ഞാല്‍ പിന്നെ കാണാനാവുക. അയാള്‍ക്ക് ചില തീരുമാനങ്ങളും ഇഷ്ടങ്ങളുമുണ്ടാകും. അതിനുവേണ്ടി നമുക്ക് പലതും ബലി കഴിപ്പിക്കേണ്ടി വരും. അതല്ലെങ്കില്‍ ഞാനവരുമായി കലഹിക്കണം. അത് എന്‍റെ ശീലമല്ല. അതിനെക്കാള്‍ എന്തുകൊണ്ടും നല്ലത് സ്വന്തമായി പണം മുടക്കുകയാണ്.

 

 

സിനിമയില്‍ അസിസ്റ്റന്‍റ് ഡയറക്ടറായി നിന്ന കാലം മുതല്‍ സിദ്ധിക്കിന് മോഹന്‍ലാലിനെ അറിയാം. അതിനുശേഷം ലാലിനെ വച്ച് വിയറ്റ്നാം കോളനിയും ലേഡീസ് ആന്‍റ് ജെന്‍റില്‍മാനും ചെയ്തു. ഇപ്പോഴിതാ ബിഗ്ബ്രദറും. ഇക്കാലയളവിനിടയില്‍ ലാലിന് വന്നുചേര്‍ന്ന വ്യത്യാസങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ ?

ലാല്‍ വളരെ അപ്ഡേറ്റാണ്. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തില്‍(ആ സിനിമയിലെ അസിസ്റ്റന്‍റ് ഡയറക്ടര്‍മാരായിരുന്നു സിദ്ധിക്കും ലാലും) കണ്ട ലാലിനെയല്ല വിയറ്റ്നാം കോളനിയില്‍ കണ്ടത്. വിയറ്റ്നാം കോളനിയില്‍ നിന്ന് ലേഡീസ് ആന്‍റ് ജെന്‍റില്‍മാനിലേക്ക് വരുമ്പോള്‍ വേറൊരു ലാലിനെയാണ് കാണാന്‍ കഴിയുക. അതിലും വ്യത്യസ്തനാണ് ബിഗ് ബ്രദറിലെ ലാല്‍. അത് ബിഹേവിയറിലായാലും ഡയലോഗ് പ്രസന്‍റേഷനായാലും ഒക്കെ തന്നെ. കാലത്തിനനുസരിച്ച് സ്വയം നവീകരിക്കാന്‍ കഴിയുന്നതുകൊണ്ടാണ് ലാലിന് ഇങ്ങനെ വ്യത്യസ്തനാകാന്‍ കഴിയുന്നത്. പ്രേക്ഷകര്‍ ഇന്നും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നത് അതുകൊണ്ടാണ്.
ചില പ്രേക്ഷകര്‍ പറയുന്നതുകേട്ടിട്ടുണ്ട്, ലാലിന്‍റെ പഴയ ചിത്രങ്ങള്‍ കാണാനാണ് ഇഷ്ടമെന്ന്. അത് ചുമ്മാ പറയുന്നതാണ്. അക്കാലമൊക്കെ കഴിഞ്ഞു. അതില്‍നിന്നൊക്കെ വളരെ ദൂരം ലാല്‍ തന്നെ പിന്നിട്ടിരിക്കുന്നു. ഇപ്പോഴും ആ പഴയ രീതി തുടര്‍ന്നുവെങ്കില്‍ അദ്ദേഹമെന്നേ പഴഞ്ചനായേനെ. പകരം ലാല്‍ കാലത്തിനൊപ്പമാണ് നടന്നത്. പ്രേക്ഷകരുടെ കൂടെയാണ് സഞ്ചരിച്ചത്. ഇത് ലാല്‍ മാത്രമല്ല എല്ലാ അഭിനേതാക്കളും ചെയ്യേണ്ടതാണ്.
നമ്മുടെ ചില ആര്‍ട്ടിസ്റ്റുകള്‍ ഇന്നും ആ പഴയ സ്ഥലത്തുതന്നെ നില്‍ക്കുന്നു. ഇങ്ങോട്ടേയ്ക്ക് എത്തുന്നില്ല. അതവര്‍ക്ക് മനസ്സിലാകുന്നതേയില്ല. ചെറിയ വ്യത്യാസമേ ഇതിന് രണ്ടിനുമിടയിലുള്ളൂ. ആ വ്യത്യാസം കൊടുക്കാന്‍ കഴിയുമ്പോഴാണ് ഒരഭിനേതാവ് അപ്ഡേറ്റഡാകുന്നത്.

 

മുമ്പത്തെപ്പോലെയല്ല, ഇപ്പോള്‍ നര്‍മ്മരംഗങ്ങളെഴുതുന്നതും ഒരു വെല്ലുവിളിയാണ്. ട്രോളര്‍മാരും വാട്സ് ആപ്പ് നര്‍മ്മങ്ങളും ചുറ്റിനും നിറഞ്ഞുനില്‍ക്കുന്ന കാലമാണല്ലോ. ഈ പ്രയാസം താങ്കള്‍ക്കും അനുഭവപ്പെടുന്നുണ്ടോ ?

ഇല്ല. എന്‍റെ സിനിമകളിലെ നര്‍മ്മരംഗങ്ങളധികവും സിറ്റ്വേഷണലായിരുന്നു. അല്ലെങ്കില്‍ സൃഷ്ടിക്കപ്പെട്ട കഥാപാത്രത്തിന്‍റെ പ്രത്യേകതകളില്‍നിന്ന് രൂപപ്പെട്ടതായിരുന്നു. അങ്ങനെയൊരു പശ്ചാത്തലമോ കഥാപാത്രമോ സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞാല്‍ പിന്നെ ഹ്യൂമറുണ്ടാക്കാന്‍ എളുപ്പമാണ്. അതാണ് എന്‍റെ അനുഭവം. ഉദാഹരണം പറഞ്ഞാല്‍ മാന്നാര്‍ മത്തായി. ആ കഥാപാത്രത്തിന്‍റെ സവിശേഷതകളാണ് അദ്ദേഹത്തിന്‍റെ സംഭാഷണങ്ങളെപ്പോലും രസാവഹമാക്കുന്നത്. ബിഗ് ബ്രദറിലാകട്ടെ സച്ചിദാനന്ദന്‍റെ നിഷ്കളങ്കത്വമാണ് നര്‍മ്മം സൃഷ്ടിക്കുന്നത്.

 

ഇന്നത്തെ തലമുറയുടെ ചിത്രങ്ങള്‍ കാണാറുണ്ടോ ?

പിന്നെ. വളരെ നാച്വറലാണ് അവരുടെ ചിത്രങ്ങളധികവും. അതാണ് ന്യൂജെന്‍ സിനിമകളില്‍ ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും പോസിറ്റീവായ കാര്യം. ഡയലോഗിലായാലും പെര്‍ഫോമന്‍സിലായാലും മേക്കിംഗിലായാലുമെല്ലാം സ്വാഭാവികത നിറഞ്ഞുനില്‍ക്കുന്നത് കാണാം. അത് വളരെ നല്ല കാര്യവുമാണ്.

 

എന്നാല്‍ എല്ലാ സബ്ജക്ടുകള്‍ക്കും ഈ നാച്വറല്‍ ഫ്ളേവര്‍ സ്വീകാര്യമല്ല. ലൂസിഫര്‍ ഉദാഹരണമായി എടുത്തോളൂ. ലൂസിഫറിന്‍റെ ലോകം വേറൊന്നാണ്. ആ കഥാപാത്രത്തിന് ഒരല്‍പ്പം ഡ്രാമ തന്നെ വേണം.

 

ഇവിടെ രണ്ട് തരം കഥകളുണ്ട്. രണ്ടിനും അനുയോജ്യരായ അഭിനേതാക്കളെയാണ് പ്രേക്ഷകര്‍ സൂപ്പര്‍സ്റ്റാറായി അംഗീകരിച്ചിട്ടുള്ളത്. മമ്മുക്കയ്ക്കും ലാലിനും ഒരേ സമയം വളരെ സ്വാഭാവികമായും അതില്‍നിന്ന് ഭിന്നമായി വളരെ ഇളകിയാട്ടമുള്ള കഥാപാത്രങ്ങളെയും അവതരിപ്പിക്കാന്‍ കഴിയുന്നുണ്ട്. അതുകൊണ്ടാണ് ഇത്രയും കാലമായിട്ടും അവര്‍ക്ക് ഇവിടെ തുടരാന്‍ കഴിയുന്നത്.

 

യുവതലമുറ സ്വാഭാവിക അഭിനയത്തില്‍ മാത്രം ഒതുങ്ങുകയാണ്. അവര്‍ക്ക് ഡ്രാമ ചെയ്യാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടവര്‍ മറ്റതിനെ പുച്ഛിക്കുകയാണ്. അത് പാടില്ല. നമുക്ക് രണ്ടും വേണം. രണ്ടിനെയും ബാലന്‍സ് ചെയ്തുകൊണ്ടുപോകണം. രാവും പകലുമെന്നപോലെ. അപ്പോഴേ ജനഹൃദയങ്ങളില്‍ അവര്‍ ചിരപ്രതിഷ്ഠ നേടുകയുള്ളൂ.

 

മോഹന്‍ലാല്‍ സംവിധായകനാകാനുള്ള ഒരുക്കങ്ങളിലാണ്. അതിന്‍റെ കാര്യങ്ങളേതെങ്കിലും സംസാരിച്ചിരുന്നോ ?

അതിന്‍റെ ഗൃഹപാഠങ്ങളിലും ആവേശത്തിലുമാണ് ലാലിപ്പോള്‍. ലാലിനെപ്പോലെ വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള ഒരാള്‍ക്ക് സംവിധാനം വളരെ എളുപ്പമുള്ള കാര്യമാണ്. അത് സാങ്കേതികമായിരുന്നാലും അഭിനയമായിരുന്നാലും.

 

ഇര്‍ഷാദ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, ആസിഫ് ബസ്റ, ടിനിടോം, മോഹന്‍ലാല്‍, സിദ്ധിഖ്, നിര്‍മ്മാണ പങ്കാളി ജെന്‍സോ ജോസ്, ക്യാമറാമാന്‍ ജിത്തു ദാമോദര്‍

ഒട്ടേറെ അന്യഭാഷാ നടന്മാരെ ബിഗ് ബ്രദറിന്‍റെ സ്റ്റാര്‍ കാസ്റ്റിംഗില്‍ കണ്ടിരുന്നു ?

ഞാന്‍ നേരത്തെ പറഞ്ഞല്ലോ, ബാംഗ്ലൂര്‍ സിറ്റിയില്‍ നടക്കുന്ന ഒരു കഥയാണ്. അതുകൊണ്ടുതന്നെ അവിടുത്തെ അന്തേവാസികളെല്ലാവരും മലയാളികളായി കൊള്ളണമെന്നില്ല. അതിന്‍റെ ഭാഗമായിട്ടാണ് അര്‍ബാസ്ഖാന്‍, ചേതന്‍ ഹന്‍സ്രാജ്, ആസിഫ് ബസ്റ, ജോണ്‍വിജയ്, അഹ്റാന്‍ ചൗധരി തുടങ്ങിയവര്‍ താരനിരയില്‍ ഇടം പിടിച്ചത്. എന്നാല്‍ നായിക മിര്‍നമേനോന്‍ മലയാളിയാണ്. ഹണിറോസും ഗാഥയുമാണ് മറ്റ് രണ്ട് നായികമാര്‍.

 

അന്യഭാഷകളിലേക്ക് ഈ ചിത്രം റീമേക്ക് ചെയ്യുന്നുണ്ടോ ?

തീരുമാനിച്ചിട്ടില്ല. ആത്യന്തികമായി ഒരു സിനിമയുടെ വിജയം തന്നെയാണ് പിന്നീട് അത്തരം കാര്യങ്ങളിലേക്കൊക്കെ നയിക്കേണ്ടത്.

 

ബിഗ്ബ്രദറിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെല്ലാം ഈ ഗ്രൂപ്പ് ചിത്രത്തിലുണ്ട്. മൈസൂരിലെ ലളിത് മഹത് പാലസിന് മുന്നില്‍ നിന്ന് ഈ ചിത്രം പകര്‍ത്തിയത് ലിബിസണ്‍ ഗോപിയാണ്.

പുതിയ പ്രോജക്ടുകള്‍ എന്തൊക്കെയാണ് ?

മലയാളത്തിലും തമിഴിലും ഹിന്ദിയിലുമായി കമിറ്റ്മെന്‍റ്സുകളുണ്ട്. പക്ഷേ ഒന്നും ഫിക്സ് ചെയ്തിട്ടില്ല. കഥയും കഥാപാത്രങ്ങളും ആകുന്ന മുറയ്ക്ക് എന്നുവേണമെങ്കിലും ചെയ്യാം.

 

തയ്യാറാക്കിയത്: കെ. സുരേഷ്
Show Less

No comments Yet

SLIDESHOW

LATEST VIDEO