ഫഹദ് നിര്‍മ്മാണ പങ്കാളിയായി വന്നതോടെ എന്‍റെ കോണ്‍ഫിഡന്‍സ് കൂടി -മധു സി നാരായണന്‍ (സംവിധായകന്‍)

പ്രളയം കേരളത്തിന് നല്‍കിയ ദുരവസ്ഥ കഴിഞ്ഞ സമയം. കഴിഞ്ഞ സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി 61 ദിവസം തുടര്‍ച്ചയായി ചിത്രീകരിച്ചതിന് ശേഷമാണ് 'കുമ്പളങ്ങി നൈറ്റ്സ്' എന്ന സിനിമ പുറത്തുവന്നത്. സംവിധായകന്‍ മധു സി നാരായണന്‍ പറഞ്ഞു.  ... Read More

പ്രളയം കേരളത്തിന് നല്‍കിയ ദുരവസ്ഥ കഴിഞ്ഞ സമയം. കഴിഞ്ഞ സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി 61 ദിവസം തുടര്‍ച്ചയായി ചിത്രീകരിച്ചതിന് ശേഷമാണ് ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന സിനിമ പുറത്തുവന്നത്. സംവിധായകന്‍ മധു സി നാരായണന്‍ പറഞ്ഞു.

 

വളരെ നിശബ്ദമായിട്ടായിരുന്നു ഈ സിനിമയുടെ മേക്കിംഗ് നടന്നത്. സിനിമയുടെ പിന്നില്‍ ഒരുപാട് ജോലികളുണ്ടായിരുന്നു. എല്ലാംകൂടി തീര്‍ക്കാനെടുക്കുന്ന സമയം കേവലം രണ്ടുവര്‍ഷം.

 

 

കഥയുടെ ചര്‍ച്ച, ലൊക്കേഷന്‍ ഹണ്ടിംഗ്, ആര്‍ട്ടിസ്റ്റ് കാസ്റ്റിംഗ് തുടങ്ങി പിന്നണിയിലെ ജോലികള്‍ ഘട്ടം ഘട്ടമായി തീര്‍ത്തുവരികയായിരുന്നു. തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരന് പരിചിതമായ ഒരു സ്ഥലമായിരുന്നു കുമ്പളങ്ങി. അവിടെ പോയി ഞങ്ങള്‍ കുറെ ദിവസങ്ങള്‍ താമസിച്ചു. കഥയുടെ സന്ദര്‍ഭങ്ങള്‍ക്കൊത്ത് ലൊക്കേഷനുകള്‍ കണ്ടുപിടിച്ചു. ഇതിനെല്ലാം കുറെ സമയം വേണ്ടിവന്നു.

 

വലിയ ആരവങ്ങളില്ലാതെ, ആഘോഷങ്ങളില്ലാതെ, ശാന്തമായും സമാധാനപരമായും ഉള്ള ഒരു ശീതക്കാറ്റുപോലെയായിരുന്നു ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന സിനിമ തിയേറ്ററിലേക്ക് എത്തിയത്.

 

ഈ സിനിമയുടെ കഥ പറച്ചിലിന്‍റെ രീതി വളരെ വ്യത്യസ്തമായിരുന്നുവല്ലോ?

അതെ. ഒരേസമയം നാലഞ്ചുപേരുടെ കഥ പറഞ്ഞു പോകുന്നുണ്ട് ഈ സിനിമ. അതുകൊണ്ടുതന്നെ ഇതിന്‍റെ സ്ക്രിപ്റ്റ് എങ്ങനെയായിരിക്കണമെന്നുള്ളത് ഒരു വെല്ലുവിളി തന്നെയായിരുന്നു. അത് അധികം പരിചയമില്ലാത്ത ഒരു പ്രോസസ്സായിരുന്നു. അതെല്ലാം ശ്യാം പുഷ്ക്കരന്‍ വളരെ ബ്രില്ല്യന്‍റായി ചെയ്തിട്ടുണ്ട്. ശ്യാമിന്‍റെ ഒരു വിധം സിനിമകളിലൊക്കെ ഞാന്‍ അസിസ്റ്റന്‍റായി വര്‍ക്ക് ചെയ്തിട്ടുണ്ട്. ആ സിനിമകളില്‍നിന്നെല്ലാം വളരെ ഡിഫറന്‍റായ ഒരു ചിന്തയും ആശയങ്ങളുമാണ് ഈ സിനിമ സമ്മാനിച്ചത്.

 

 

ഫഹദിനെയും സൗബിനെയും ഷൈന്‍ നിഗമിനെയും ഒക്കെ ആദ്യം തന്നെ തീരുമാനിച്ചുവെങ്കിലും മറ്റ് കഥാപാത്രങ്ങളെ കണ്ടെത്തുവാന്‍ ഓഡിഷന്‍ വച്ചിരുന്നു. ഏതാണ്ട് ഒരു വര്‍ഷക്കാലത്തെ സമയമെടുത്തു അത് ഉറപ്പിക്കാന്‍. അന്ന, ഗ്രെയ്സ്, മാത്യു, രമേഷ്, ഷീല… തുടങ്ങിയവരൊക്കെ അങ്ങനെ വന്നതാണ്.

 

ഫഹദ് ഈ സിനിമയിലെ നായകന്‍ മാത്രമല്ല, നിര്‍മ്മാതാവ് കൂടിയാണല്ലോ. അതിനെക്കുറിച്ച് എന്തുപറയുന്നു?

‘ഫഹദിന്‍റെ മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും തുടങ്ങി പല സിനിമകളിലും പ്രവര്‍ത്തിച്ചിട്ടുള്ള ഒരാളാണ് ഞാന്‍. ഫഹദിന്‍റെ അഭിനയസിദ്ധി എടുത്തുപറയേണ്ടുന്ന ഒരു കാര്യവുമാണ്. ഫഹദിനെ എന്‍റെ ആദ്യസിനിമയില്‍ നായകനായി കിട്ടിയത് എന്‍റെ ഭാഗ്യമായി ഞാന്‍ കരുതുന്നു. ഇത്തിരി നെഗറ്റീവ് ചുവയുള്ള നായകകഥാപാത്രമായിരുന്നിട്ടുകൂടി ഫഹദ് അഭിനയിക്കാന്‍ തയ്യാറായി എന്നുള്ളത് ഒരു വലിയ കാര്യം തന്നെയാണ്. ഷമ്മിയെപ്പോലുള്ള ഒരു ഭ്രാന്തനെ നമ്മുടെ സൊസൈറ്റിയില്‍ എല്ലായിടത്തും കാണാനാവും.’

 

ഈ സിനിമ ദിലീഷ് പോത്തനും ശ്യാം പുഷ്ക്കരനും കൂടിയാണ് നിര്‍മ്മിക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീടാണ് ഫഹദും കൂടി നിര്‍മ്മാണത്തില്‍ പങ്കാളിയായി വരുന്നത്. ഫഹദ് നായകന്‍ മാത്രമല്ല, നിര്‍മ്മാതാവ് കൂടിയായി വന്നപ്പോള്‍ എന്‍റെ കോണ്‍ഫിഡന്‍സ് കൂടി എന്നുവേണം പറയുവാന്‍.

 

-സംവിധായകന്‍ മധു നാരായണന്‍ അഭിപ്രായപ്പെട്ടു.

 

ജി.കെ

 

Show Less

No comments Yet

SLIDESHOW

LATEST VIDEO