സയനൈഡ് കൊലയാളി ജോളി നാട് നടുങ്ങിയ തുടര്‍ കൊലപാതകങ്ങള്‍

  നിഷ്ഠൂരമായ കൂട്ടക്കൊലയുടെ നടുക്കത്തില്‍ കേരളമൊട്ടാകെ ഞെട്ടിത്തരിച്ച് നില്‍ക്കുകയാണിപ്പോള്‍... അടുത്ത ബന്ധുക്കളായ ആറുപേര്‍ കൊല ചെയ്യപ്പെട്ട സംഭവത്തിലെ മുഖ്യാസൂത്രക പിടിയിലായതോടെ സിനിമാക്കഥകളെ വെല്ലുന്ന അണിയറ സംഭവവികാസങ്ങളാണ് ഇപ്പോള്‍ പുറംലോകത്ത് എത്തിക്കൊണ്ടിരിക്കുന്നത്. കോഴിക്കോട്ടെ താമരശ്ശേരിക്കടുത്ത് കൂടത്തായിയിലെ... Read More

 

നിഷ്ഠൂരമായ കൂട്ടക്കൊലയുടെ നടുക്കത്തില്‍ കേരളമൊട്ടാകെ ഞെട്ടിത്തരിച്ച് നില്‍ക്കുകയാണിപ്പോള്‍… അടുത്ത ബന്ധുക്കളായ ആറുപേര്‍ കൊല ചെയ്യപ്പെട്ട സംഭവത്തിലെ മുഖ്യാസൂത്രക പിടിയിലായതോടെ സിനിമാക്കഥകളെ വെല്ലുന്ന അണിയറ സംഭവവികാസങ്ങളാണ് ഇപ്പോള്‍ പുറംലോകത്ത് എത്തിക്കൊണ്ടിരിക്കുന്നത്.

കോഴിക്കോട്ടെ താമരശ്ശേരിക്കടുത്ത് കൂടത്തായിയിലെ ആറുപേരാണ് സമാനരീതിയില്‍ മരണപ്പെട്ടത്. ദുരൂഹതകള്‍ ഒന്നുമില്ലാതെ, സാധാരണ മരണങ്ങളും, ആത്മഹത്യയുമൊക്കെയാക്കി എഴുതിത്തള്ളിയ കേസുകളാണ് ശാസ്ത്രീയാന്വേഷണത്തിലൂടെ ആസൂത്രിത കൊലപാതകങ്ങളായിരുന്നുവെന്ന് ഇപ്പോള്‍ സുവ്യക്തമായിരിക്കുന്നത്. ഭര്‍ത്താവ്, ഭര്‍ത്താവിന്‍റെ മാതാപിതാക്കള്‍, അടുത്തബന്ധുക്കളായ മറ്റ് മൂന്നുപേര്‍ എന്നിവരെ ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി കൊലപ്പെടുത്തിയ കുറ്റത്തിനാണ് ജോളിയമ്മാജോസഫ്(47) എന്ന ജോളിയെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്.

ജോളിക്ക് സയനൈഡ് എത്തിച്ചുകൊടുത്ത ബന്ധുവും സുഹൃത്തുമായ ജുവല്ലറി ജീവനക്കാരന്‍ കക്ക വയല്‍ മഞ്ചാടിയില്‍ എം.എസ്. മാത്യു(44), മാത്യുവിന് സയനൈഡ് നല്‍കിയ സ്വര്‍ണ്ണപ്പണിക്കാരന്‍ തച്ചം പൊയില്‍ മുള്ളമ്പലത്ത് പ്രജികുമാര്‍(48) എന്നിവരേയും കോഴിക്കോട് റൂറല്‍ എസ്.പി കെ.ജി. സൈമണിന്‍റെ നേതൃത്വത്തിലുള്ള പോലീസ്സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജോളിയുടെ ഭര്‍ത്താവ് റോയിക്ക് പുറമെ, റോയിയുടെ പിതാവ് ടോം തോമസ്, മാതാവ് അന്നമ്മ, അന്നമ്മയുടെ സഹോദരന്‍ മാത്യു, ടോം തോമസിന്‍റെ സഹോദരപുത്രന്‍റെ ഭാര്യ സിലി, സിലിയുടെ മകള്‍ അല്‍ഫൈന്‍ എന്നിവരാണ് കൊല ചെയ്യപ്പെട്ടത്. ഇതില്‍ റോയിയുടെ മൃതദേഹം മാത്രമേ പോസ്റ്റുമോര്‍ട്ടം ചെയ്തിട്ടുള്ളൂ. ഈ സാഹചര്യത്തിലാണ് സെന്‍റ്മേരീസ് ഫെറോനോപള്ളി സെമിത്തേരിയിലെ കല്ലറ പൊളിച്ച് മൃതദേഹാവശിഷ്ടങ്ങള്‍ ശേഖരിച്ചത്. ഇത് വിദഗ്ദ്ധ പരിശോധന നടത്തിവരികയാണ്. റോയ് തോമസിന്‍റെ മരണത്തിന് കാരണം സയനൈഡ് വിഷബാധയാണെന്ന് വ്യക്തമായിട്ടുണ്ട്. റോയിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. മറ്റ് അഞ്ച് പേരുടേയും കാര്യത്തില്‍ മൃതദേഹാവശിഷ്ടങ്ങളുടെ ഫോറന്‍സിക് പരിശോധനകള്‍ക്കുശേഷം നടപടികള്‍ സ്വീകരിക്കുമെന്നാണ് ഉന്നത അന്വേഷണോദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുള്ളത്.

ടോം തോമസിന്‍റെ കുടുംബത്തിന്‍റെ സ്വത്ത് സംബന്ധിച്ച് മകന്‍ റോജോ റൂറല്‍ എസ്.പിക്ക് നല്‍കിയ പരാതിയിന്മേല്‍ ന ടന്ന ശാസ്ത്രീയാന്വേഷണങ്ങളെ തുടര്‍ന്നാണ് ലോക്കല്‍ പോലീസ് സ്വാഭാവികമരണങ്ങള്‍ എന്ന് എഴുതിത്തള്ളിയ കേസിലെ ഞെട്ടിക്കുന്ന പിന്നാമ്പുറ രഹസ്യങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നത്. റോയിയുടെയും കുടുംബത്തിന്‍റെയും സ്വത്ത് തട്ടിയെടുക്കാനാണ് ആദ്യകൊലപാതകങ്ങള്‍ നടന്നതെങ്കിലും, തന്‍റെ വഴിവിട്ട ജീവിതത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് ജോളി മറ്റ് മൂന്ന് കൊലപാതകങ്ങളും നടത്തിയതും.
കെണിയില്‍ ഒട്ടേറെപ്പേര്‍

കൊലപാതകങ്ങളുടെ മുഖ്യാസൂത്രക ജോളിയും, സയനൈഡ് നല്‍കിയ എം.എസ് മാത്യുവും തമ്മില്‍ വര്‍ഷങ്ങളുടെ അടുത്തബന്ധമാണുള്ളത്. ജോളിയുടെ ഭര്‍ത്താവ് റോയിയുടെ ബന്ധുവായ മാത്യു ഇവരുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു. ജോളിയും മാത്യുവും തമ്മില്‍ വഴിവിട്ട ബന്ധങ്ങള്‍ ഉണ്ടായിരുന്നതായും പോലീസധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ജ്വല്ലറി ജീവനക്കാരനായ മാത്യു, ആഭരണപ്പണിക്കാരനും, തന്‍റെ സുഹൃത്തുമായ പ്രജികുമാറില്‍ നിന്നും സയനൈഡ് വാങ്ങിയാണ് ജോളിക്ക് നല്‍കിയത്. പട്ടിയെ കൊല്ലാനാണ് ജോളി തന്നോട് സയനൈഡ് ആവശ്യപ്പെട്ടതെന്നും, കൊലപാതകങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നുമാണ് മാത്യു നല്‍കിയ മൊഴിയിലുള്ളത്.
നാടിനെ നടുക്കിയ ഈ അരുംകൊലയുടെ തുടര്‍വിവരങ്ങള്‍ ഇനിയും പുറത്തുവരേണ്ടതായുണ്ട്. കൊല്ലപ്പെട്ട സിലിയുടെ ഭര്‍ത്താവ് ഷാജുവിനെയാണ് ജോളി പുനര്‍വിവാഹം ചെയ്തത്. കൊലപാതകങ്ങളില്‍ ഷാജുവിനുള്ള പങ്ക് ഇനിയും പുറത്തുവരേണ്ടതായുണ്ട്.
ഇപ്പോള്‍ കൊല്ലപ്പെട്ടത് ആറുപേരാണെങ്കിലും, ഇതിലുമധികം പേരെ കൊലപ്പെടുത്താന്‍ നീക്കം നടന്നിരുന്നു എന്ന വിവരങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. കൊല്ലപ്പെട്ട റോയിയുടെ സഹോദരി റെഞ്ജു തന്നെ വിഷം നല്‍കി കൊലപ്പെടുത്താന്‍ ജോളി ശ്രമിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട സിലിയുടെയും, ജോളിയുടെ രണ്ടാം ഭര്‍ത്താവായ ഷാജുവിന്‍റേയും മൂത്തമകനെ കൊലപ്പെടുത്താന്‍ ശ്രമം നടന്നതായി ഷാജുവിന്‍റെ അടുത്തബന്ധു സേവ്യര്‍ മാസ്റ്ററും വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനെക്കുറിച്ചെല്ലാമുളള വിശദമായ അന്വേഷണം നടന്നുവരികയാണ്.
ജോളിയുടെ സ്വകാര്യജീവിതത്തെക്കുറിച്ചും ഒട്ടേറെ ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്. എന്‍.ഐ.ടി ലക്ചറര്‍ ആണ് താന്‍ എന്നാണ് ജോളി പറഞ്ഞിരുന്നത്. എന്നാല്‍ എന്‍.ഐ.ടി ക്യാമ്പസിനടുത്തുള്ള ബ്യൂട്ടി പാര്‍ലറുമായി ചില ബന്ധങ്ങള്‍ ആണ് ഇവര്‍ക്കുണ്ടായിരുന്നത്. എന്നാല്‍ സമൂഹത്തിലെ വിവിധ ശ്രേണിയില്‍പ്പെട്ടവരുമായി അടുത്തബന്ധം ഇവര്‍ പുലര്‍ത്തുന്നുമുണ്ടായിരുന്നു. രാഷ്ട്രീയസാമൂഹ്യരംഗങ്ങളില്‍പ്പെട്ടവര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരിലേക്ക് ജോളിയുടെ സൗഹൃദം വ്യാപിച്ച് കിടക്കുന്നുമുണ്ട്. സാമ്പത്തികത്തട്ടിപ്പിനായി വ്യാജരേഖ ചമച്ചതില്‍ ഉദ്യോഗസ്ഥര്‍ക്കും ചില പ്രാദേശികരാഷ്ട്രീയനേതാക്കള്‍ക്കും പങ്കുള്ളതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. എല്ലാ പഴുതുകളുമടച്ചുള്ള ശാസ്ത്രീയ അന്വേഷണമാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഈ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ഇരുനൂറിലധികം പേരെ ഇതിനോടകം ചോദ്യം ചെയ്തുകഴിഞ്ഞിട്ടുണ്ട്.

കൂട്ടക്കൊലയുടെ
നാള്‍വഴികള്‍

കൂടത്തായിയിലെ കൊലപാത പരമ്പരയില്‍ ആദ്യം മരിക്കുന്നത് അദ്ധ്യാപികയായി വിരമിച്ച് അന്നമ്മാതോമസ്(57)ആയിരുന്നു. 2002 ഓഗസ്റ്റ് 22 നായിരുന്നു ആ മരണം. രാവിലെ ആട്ടിന്‍ സൂപ്പ് കഴിച്ചതിന് പിന്നാലെ ഛര്‍ദ്ദിച്ച് കുഴഞ്ഞുവീഴുകയായിരുന്നു ഇവര്‍. വായില്‍ നിന്ന് നുരയും പതയും വന്നിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അന്നമ്മാതോമസ് മരിച്ച ആറ് വേഷത്തിന് ശേഷമാണ് ഭര്‍ത്താവ് ടോം തോമസ് പൊന്നാമറ്റം(66) മരിക്കുന്നത്. 2008 ഓഗസ്റ്റ് 26 നായിരുന്നു ഇത്. വീട്ടിലെ കൃഷിപ്പണികള്‍ക്കുശേഷം, ജോലിക്കാരന്‍ കപ്പ പറിച്ച് നല്‍കിയിരുന്നു. രാത്രി ഏഴരയോടെ കപ്പ പുഴുക്ക് കഴിച്ച ടോം തോമസ് ഛര്‍ദ്ദിച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. മകന്‍ റോയ് തോമസിന്‍റെ ഭാര്യ ജോളി മാത്രമായിരുന്നു അപ്പോള്‍ വീട്ടിലുണ്ടായിരുന്നത്. അവര്‍ അയല്‍ക്കാരെ വിളിച്ചുകൂട്ടി. വായില്‍ നിന്ന് നുരയും പതയും വന്ന നിലയില്‍ നിലത്ത് കിടന്ന് പിടയ്ക്കുകയായിരുന്ന ടോം തോമസിനെ അയല്‍ക്കാര്‍ ചേര്‍ന്ന് ഈ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് മരണമുണ്ടായത്.
ടോം തോമസിന്‍റെയും അന്നമ്മാ തോമസിന്‍റെയും മകനും, ജോളിയുടെ ഭര്‍ത്താവുമായ റോയ് തോമസ്(40) ആണ് മൂന്നാമതായി മരണമടഞ്ഞത്. 2011 സെപ്റ്റംബര്‍ 30 ആയിരുന്നു ഇത്. രാത്രിയില്‍ ഭക്ഷണം കഴിച്ചശേഷം ശുചി മുറിയില്‍ പോയ റോയ് തോമസ് അവിടെ ഛര്‍ദ്ദിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. അയല്‍വാസികള്‍ എത്തി വാതില്‍ പൊളിച്ച് റോയിയെ പുറത്തെത്തിക്കുകയും, ഉടനെതന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ആശുപത്രിയിലെത്തുമ്പോഴേക്ക് റോയി മരിച്ചു. തുടര്‍ച്ചയായ മരണങ്ങളില്‍ ദുരൂഹത സംശയിച്ച് ചില ബന്ധുക്കള്‍ പോസ്റ്റുമോര്‍ട്ടത്തിനാവശ്യപ്പെട്ടു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സയനൈഡിന്‍റെ അംശം കണ്ടെത്തുകയും ചെയ്തു. പക്ഷേ, റോയി തോമസ് സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തില്‍ പോലീസധികൃതര്‍ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.
2014 ഫെബ്രുവരി 24 നാണ് എം.എം. മാത്യു മഞ്ചാടിയില്‍(68) മരിക്കുന്നത്. നേരത്തെ മരിച്ച അന്നമ്മാതോമസിന്‍റെ സഹോദരനായ മാത്യു ബി.എസ്.എഫില്‍ നിന്ന് വിരമിച്ച് വിശ്രമജീവിതത്തിലായിരുന്നു. റോയിതോമസിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ശക്തമായി ആവശ്യപ്പെട്ടത് മാത്യുവായിരുന്നു. കുടുംബത്തിലെ മൂന്നുപേര്‍ സമാനലക്ഷണങ്ങളോടെ മരിച്ചതില്‍ ഇദ്ദേഹം സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സംഭവദിവസം മാത്യുവിന്‍റെ ഭാര്യ ബന്ധുവിന്‍റെ വിവാഹത്തിനായി ഇടുക്കിയില്‍ പോയിരുന്നു. വൈകിട്ട് നാലുമണിയോടെ മാത്യുവും ഛര്‍ദ്ദിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ജോളി വിവരമറിയിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ എത്തുമ്പോഴേക്ക് വായില്‍നിന്ന് നുരയും പതയും വന്ന് ബോധം മറഞ്ഞ നിലയിലായിരുന്നു മാത്യു. ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുമ്പേ മരണം സംഭവിക്കുകയും ചെയ്തു.
മാത്യുവിന്‍റെ മരണം കഴിഞ്ഞ് അധികം വൈകും മുമ്പെ അഞ്ചാമത്തെ മരണവും നടന്നു. 2014 മേയ് 3 ആയിരുന്നു ഇത്. നേരത്തെ മരിച്ച ടോം തോമസിന്‍റെ സഹോദരന്‍റെ മകന്‍ ഷാജുവിന്‍റെ മകള്‍ രണ്ട് വയസ്സുകാരി അല്‍ഫൈന്‍ ആണ് ഇക്കുറി ദുരന്തത്തിനിരയായത്. സഹോദരന്‍റെ ആദ്യകുര്‍ബാന ദിവസം ഇറച്ചിക്കറിയില്‍ മുക്കിയ ബ്രഡ് അല്‍ഫൈന്‍ കഴിച്ചിരുന്നു. വൈകാതെ തന്നെ കുട്ടി ഛര്‍ദ്ദിച്ച് കുഴഞ്ഞുവീഴുകയും ചെയ്തു. ബോധരഹിതയായ അല്‍ഫൈന്‍ മൂന്നുദിവസം ആശുപത്രിയില്‍ കഴിഞ്ഞശേഷമാണ് മരണമടഞ്ഞത്.
അല്‍ഫൈനിന്‍റെ അമ്മ സിലി സെബാസ്റ്റ്യന്‍ ആയിരുന്നു അടുത്ത ഇര. 2016 ജനുവരി 11 ന് ബന്ധുവിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ജോളിക്കൊപ്പം സിലിയും താമരശ്ശേരിയിലെത്തിയത്. വിവാഹ സല്‍ക്കാരത്തിനുശേഷം ഇരുവരും താമരശ്ശേരിയിലെ ദന്തല്‍ ക്ലിനിക്കിലെത്തി. സിലിയുടെ ഭര്‍ത്താവ് ഷാജുവും ഇവിടെയെത്തി. ഷാജു ഡോക്ടറെ കാണാനായി അകത്തുകയറിയപ്പോള്‍ സിലിയും, ജോളിയും പുറത്തുകാത്തിരിക്കുകയായിരുന്നു. ഇതിനിടയിലാണ് സിലി കുഴഞ്ഞുവീണതും, ഛര്‍ദ്ദിച്ചതും. വായില്‍നിന്ന് നുരയും പതയും വന്ന സിലി ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്ക് മരിച്ചിരുന്നു. സിലി ദീര്‍ഘകാലമായി രോഗിയാണെന്നും, മരണത്തില്‍ അസ്വാഭാവികതയില്ലെന്നും ഭര്‍ത്താവ് ഷാജു പറഞ്ഞതിനാല്‍ തുടരന്വേഷണമൊന്നും നടന്നതുമില്ല. സിലിയുടെ മരണം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞ് 2017 ഫെബ്രുവരി 6 ന് സിലിയുടെ ഭര്‍ത്താവ് ഷാജുവും, റോയ് തോമസിന്‍റെ ഭാര്യ ജോളിയും പുനര്‍വിവാഹിതരാവുകയും ചെയ്തു.
മരണത്തിലെ സമാനതകള്‍
ആറ് മരണങ്ങളിലും സമാനലക്ഷണങ്ങള്‍ പ്രകടമായിരുന്നു. ആര്‍ക്കും എടുത്തുപറയത്തക്ക ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലായിരുന്നു. തന്‍റെ ഭാര്യ സിലിയും, മകള്‍ അല്‍ഫൈനും രോഗികളായിരുന്നുവെന്ന് ഷാജു പറഞ്ഞിരുന്നുവെങ്കിലും യാഥാര്‍ത്ഥ്യം അതായിരുന്നില്ല. ആറുപേരും ഛര്‍ദ്ദിച്ച് കുഴഞ്ഞുവീണ്, വായില്‍ നിന്ന് നുരയും പതയും വന്ന നിലയിലുമായിരുന്നു. ഈ മരണങ്ങള്‍ സംഭവിക്കുമ്പോഴെല്ലാം അവിടെ ജോളിയുടെ സാന്നിധ്യവുമുണ്ടായിരുന്നു. മരണങ്ങളിലെ ദുരൂഹത വ്യക്തമാക്കുന്നതാണ് ഈ സംഭവവികാസങ്ങള്‍ എങ്കിലും ആ വിധത്തിലുള്ള സംശയങ്ങള്‍, ബന്ധുക്കളോ, അയല്‍വാസികളോ ഉയര്‍ത്തിയിരുന്നുമില്ല. റോയിയുടെ മരണകാരണം സയനൈഡ് അകത്ത് ചെന്നിട്ടാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമായിട്ടും, ആത്മഹത്യയാക്കി ചിത്രീകരിച്ച് തുടരന്വേഷണമവസാനിപ്പിക്കുകയാണ് കോടഞ്ചേരി പോലീസധികൃതരും ചെയ്തത്.
ജോളിയുടെ ഭര്‍ത്താവ് റോയിതോമസ് സാമ്പത്തികകാര്യങ്ങളില്‍ വേണ്ടത്ര അച്ചടക്കമില്ലാത്ത വ്യക്തിയായിരുന്നു. പലവിധ ബിസിനസുകളിലായി ധാരാളം പണം മുടക്കിയെങ്കിലും അതൊന്നും ലാഭകരമായിരുന്നില്ല. റോയിയുടെ ഈ സാഹചര്യം മുതലെടുത്ത് എല്ലാ നിയന്ത്രണവും ക്രമേണ ജോളി കയ്യടക്കുകയായിരുന്നു. അമിതാഡംഭരപ്രകൃതവും, സമ്പത്തിനോടുള്ള അമിതമായ ആര്‍ത്തിയും ജോളിക്കുണ്ടെന്ന് തിരിച്ചറിഞ്ഞ റോയിയുടെ മാതാപിതാക്കളായ അന്നമ്മാതോമസും, ടോം തോമസും പലതവണ ഇവരെ ശാസിക്കുകയും ചെയ്തിരുന്നു.

കുടുംബത്തിലെ സാമ്പത്തിക കാര്യങ്ങളെല്ലാം നോക്കി നടത്താന്‍ പ്രാപ്തയായ വ്യക്തിത്വത്തിനുടമയായിരുന്നു അദ്ധ്യാപിക കൂടിയായിരുന്ന അന്നമ്മാതോമസ്. ടോം തോമസിന്‍റെ പേരില്‍ കൂടത്തായി മണിമുണ്ടയിലെ സ്ഥലം വില്‍പ്പന നടത്തിയ പണം റോയിക്കും ജോളിക്കുമാണ് നല്‍കിയത്. ഇനി കുടുംബത്തിന്‍റെ പേരില്‍ സാമ്പത്തിക സഹായം ലഭിക്കില്ലെന്നും ടോം തോമസ് പറഞ്ഞിരുന്നു. അന്നമ്മാതോമസും, ടോം തോമസും ഇല്ലാതായാല്‍ കുടുംബത്തിന്‍റെ സാമ്പത്തിക നിയന്ത്രണം തന്‍റെ കയ്യില്‍ എത്തിച്ചേരുമെന്ന് ജോളി കണക്കുകൂട്ടി. അതനുസരിച്ച് വിദഗ്ദ്ധമായി കരുക്കള്‍ നീക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്തു.

ഇതോടൊപ്പം തന്നെ വഴിവിട്ട പല ബന്ധങ്ങളും ജോളിക്കുണ്ടായിരുന്നു. സ്വത്ത് തട്ടിയെടുക്കാനായി ജോളി വ്യാജ ഒസ്യത്ത് സംഘടിപ്പിച്ചിരുന്നു. ചില റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശ ഇതിന് പിറകിലുണ്ടായിരുന്നു. അതുപോലെ തന്നെ സയനൈഡ് സംഘടിപ്പിച്ചതിലും തന്‍റെ രഹസ്യബന്ധങ്ങള്‍ ജോളി വിദഗ്ദ്ധമായി ഉപയോഗിച്ചിരുന്നു.

ഭര്‍ത്താവിന്‍റെ മാതാപിതാക്കളെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയിട്ടും, ആര്‍ക്കും സംശയമുണ്ടാകാതെ വന്നത് ജോളിക്ക് കൂടുതല്‍ കൊലകള്‍ നടത്താന്‍ പ്രേരണയായി. എന്‍.ഐ.ടിയിലെ ലക്ചറര്‍ ആണ് താനെന്നായിരുന്നു ജോളി എല്ലാവരേയും അറിയിച്ചിരുന്നത്. ഇത് കളവാണെന്ന് ഭര്‍ത്താവ് റോയിക്ക് അറിയാമായിരുന്നുവെങ്കിലും ഭാര്യയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി റോയിയും മറച്ചുവയ്ക്കുകയായിരുന്നു.

ഇതിനിടയില്‍ റോയിയുമായുള്ള ബന്ധത്തില്‍ അലോസരങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി. വഴിവിട്ട ബന്ധത്തിനായി റോയിയെ ഒഴിവാക്കാന്‍ ജോളി തീരുമാനിച്ചത് ഈ ഘട്ടത്തിലാണ്. റോയിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തതും, സയനൈഡ് ആണ് മരണകാരണമെന്ന് തിരിച്ചറിഞ്ഞതും, ജോളിയുടെ കണക്കുകൂട്ടലുകള്‍ക്കേറ്റ ആദ്യത്തെ തിരിച്ചടിയായിരുന്നു. തുടര്‍മരണങ്ങളില്‍ ദുരൂഹത ആരോപിക്കുകയും, റോയിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ബന്ധു എം.എം. മാത്യുവിനെ അവസാനിപ്പിക്കാന്‍ ജോളി തീരുമാനിച്ചത് ഈ സന്ദര്‍ഭത്തിലാണ്.ഇതിനിടയില്‍ ഷാജുവുമായി വഴിവിട്ട ബന്ധമുണ്ടായ ജോളി, തനിക്ക് തടസ്സമായി മാറുമെന്ന് കരുതി ഷാജുവിന്‍റെ ഭാര്യ സിലിയേയും, മകള്‍ അല്‍ഫൈനേയും വിദഗ്ദ്ധമായി കൊലപ്പെടുത്തുകയായിരുന്നു.

റോജോയുടെ നിര്‍ണ്ണായക
ഇടപെടല്‍

വ്യാജ ഒസ്യത്ത് നിര്‍മ്മിച്ച് സ്വത്ത് തട്ടിയെടുക്കാന്‍ ജോളി ശ്രമിച്ചതും, ടോം തോമസിന്‍റെ മരണശേഷം, വീടിന്‍റെ ആധാരമടക്കമുള്ള രേഖകള്‍ കാണാതായതുമാണ് അമേരിക്കയിലുള്ള ടോം തോമസിന്‍റെ മകന്‍ റോജോയെ സംശയത്തിലാഴ്ത്തിയത്. തുടര്‍ന്ന് ഒസ്യത്തില്‍ കൃത്രിമ കാണിച്ചത് ചൂണ്ടിക്കാട്ടി റോജോ പോലീസില്‍ പരാതി നല്‍കി. ഇത് പിന്നീട് അദാലത്തിലൂടെ പരിഹരിച്ചു.
റോയി തോമസിന്‍റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സഹോദരന്‍ റോജോയുടെയും, സഹോദരി റെഞ്ചിയുടെയും സംശയം വര്‍ദ്ധിച്ചു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോട് ജോളി നല്‍കിയ വിശദീകരണവും ഇവര്‍ക്ക് വിശ്വസനീയമായി തോന്നിയില്ല. ഭര്‍ത്താവ് റോയി തോമസിന് കടബാദ്ധ്യത ഉണ്ടായതിനാല്‍ ആത്മഹത്യ ചെയ്തു എന്നായിരുന്നു ജോളി വിശദീകരിച്ചത്. എന്നാല്‍ റോയിയുടെ മരണശേഷം, പണമാവശ്യപ്പെട്ട് ആരും കുടുംബാംഗങ്ങളെ സമീപിച്ചതേയില്ല.
മരണദിവസം റോയി ഭക്ഷണം കഴിച്ചതുമായി ബന്ധപ്പെട്ട് ജോളി നല്‍കിയ വിശദീകരണവും ദുരൂഹതകള്‍ വര്‍ദ്ധിപ്പിച്ചു. റോയി ഭക്ഷണം കഴിച്ചില്ലായിരുന്നു എന്നും, അടുക്കളയില്‍ താന്‍ ഓംലറ്റ് ഉണ്ടാക്കുകയായിരുന്നു എന്നുമാണ് ജോളി പോലീസധികൃതരെ അറിയിച്ചിരുന്നത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍, റോയിയുടെ വയറ്റില്‍ ദഹിക്കാത്ത നിലയില്‍ ചോറും കടലക്കറിയും ഉള്ളതായി രേഖപ്പെടുത്തിയിരുന്നു. ഇത് ജോളിയുടെ മൊഴികള്‍ക്ക് കടകവിരുദ്ധമായിരുന്നു.
എന്‍.ഐ.ടിയില്‍ ലക്ചറര്‍ ആണെന്നാണ് ജോളി ബന്ധുക്കളോടുപോലും പറഞ്ഞിരുന്നത്. എന്നാല്‍ ഭര്‍ത്താവ് മരിച്ച ശേഷം എന്‍.ഐ.ടിയില്‍നിന്നും ആരും മരണമന്വേഷിച്ചെത്താത്തതും സംശയങ്ങള്‍ വര്‍ദ്ധിപ്പിച്ചു. ഈവിധത്തില്‍ പല വിഷയങ്ങളിലും ജോളി നടത്തിയ പ്രതികരണങ്ങളിലെ പൊരുത്തക്കേടുകളാണ്, തുടര്‍മരണങ്ങളിലെ അസ്വാഭാവികതകളെക്കുറിച്ച് റോജോയ്ക്കും, റെഞ്ചിക്കും സംശയമുളവാക്കിയത്. ഇതിനിടെയിലാണ് കണ്ണൂര്‍ പിണറായിയിലെ തുടര്‍ക്കൊലപാതകങ്ങള്‍ വാര്‍ത്തയായി പുറത്തെത്തിയത്. അച്ഛന്‍, അമ്മ, ഒന്‍പത് വയസുകാരിയായ മകള്‍ എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ 2018 ഏപ്രിലിലാണ് പിണറായിയിലെ സൗമ്യ അറസ്റ്റിലായത്. തന്നിഷ്ടപ്രകാരം ജീവിക്കാനാണ് ഉറ്റവരെ എലിവിഷം നല്‍കി സൗമ്യ കൊലപ്പെടുത്തിയത്. ഈ വസ്തുതകള്‍ മനസ്സിലാക്കിയപ്പോഴാണ്, തങ്ങളുടെ കുടുംബത്തിലെ തുടര്‍മരണങ്ങളെക്കുറിച്ച് റോജോയ്ക്ക് സംശയം ബലപ്പെട്ടതും, സത്യമറിയാനായി സ്പെഷ്യല്‍ ബ്രാഞ്ചിനെ സമീപിച്ചതും.

പഴുതടച്ച നീക്കങ്ങളുമായി
അന്വേഷണ സംഘം

തന്‍റെ പിതാവും സഹോദരനും ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചതില്‍ സംശയം പ്രകടിപ്പിച്ചാണ് റോജോ തോമസ് റൂറല്‍ എസ്.പിക്കും, സ്പെഷ്യല്‍ ബ്രാഞ്ചിനും പരാതി നല്‍കിയത്. ലോക്കല്‍ പോലീസ് നേരത്തെ അന്വേഷിച്ച് അസ്വാഭാവികതകള്‍ ഇല്ലെന്ന് വിധിയെഴുതിയ സംഭവമാകയാല്‍, അതീവഗൗരവത്തോടെയും, രഹസ്യസ്വഭാവത്തോടെയുമാണ് അന്വേഷണസംഘം മുന്നോട്ടുപോയത്.

സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഈ പരാതി അന്വേഷിക്കാന്‍ എസ്.ഐ ജീവന്‍ ജോര്‍ജ്ജിനെ രഹസ്യമായി ചുമതലപ്പെടുത്തി. ഒരു മാസം നീണ്ട അന്വേഷണത്തിലൊടുവില്‍ ജോളിയെ സംബന്ധിച്ച് ഒട്ടേറെ കണ്ടെത്തലുകള്‍ നടത്താന്‍ എസ്.ഐ ജീവന്‍ ജോര്‍ജ്ജിന് കഴിഞ്ഞു. അതില്‍ പ്രധാനം എന്‍.ഐ.ടി ലക്ചറര്‍ ആണെന്നുള്ള ജോളിയുടെ അവകാശവാദം തെറ്റാണെന്ന കണ്ടെത്തലായിരുന്നു.

റോയിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഭക്ഷണം കഴിച്ചതുമായി ബന്ധപ്പെട്ട കണ്ടെത്തലുകളും ജോളിയുടെ മൊഴിയില്‍നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. ദുരുഹസാഹചര്യത്തില്‍ നടന്ന കൊലപാതകങ്ങള്‍ നടന്നപ്പോഴെല്ലാം ജോളിയുടെ സാന്നിദ്ധ്യവും അന്വേഷണോദ്യോഗസ്ഥന്‍ പ്രത്യേകം പരിശോധിച്ച് അങ്ങനെയാണ് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
കേരളത്തെ നടുക്കിയ ഒട്ടനവധി കേസുകള്‍ ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ള കോഴിക്കോട് റൂറല്‍ എസ്.പി കെ.ജി. സൈമണിന്, എസ്.ഐ. ജീവന്‍ ജോര്‍ജ്ജ് തയ്യാറാക്കിയ റിപ്പോര്‍ട്ട് വായിച്ചപ്പോള്‍ തന്നെ കൊലപാതക പരമ്പരകളുടെ അടിയൊഴുക്കുകളെക്കുറിച്ച് ഏകദേശധാരണയുണ്ടായി. അതീവരഹസ്യമായി അദ്ദേഹം അണിയറ നീക്കങ്ങള്‍ നടത്തി. മരണത്തിലെ സാമ്യതകള്‍ യാദൃച്ഛികതയല്ലെന്നും, തികച്ചും ആസൂത്രിതമാണെന്നും അദ്ദേഹത്തിന് ബോദ്ധ്യപ്പെട്ടു.
തുടര്‍ന്ന്, കോടതിയുടെ അനുമതിയോടെ റോയി തോമസിന്‍റെ മരണം സംബന്ധിച്ച് കേസ് വീണ്ടും അന്വേഷണമാരംഭിച്ചു. ആ അന്വേഷണമാണ് ആറുപേരുടെ നിഷ്ഠൂര കൊലപാതകത്തിന്‍റെ അടിവേരുകളിലെത്തി നില്‍ക്കുന്നത്. കോഴിക്കോട് റൂറല്‍ എസ്.പിയായി ചുമതല ഏല്‍ക്കുന്നതിന് മുമ്പ് ഇദ്ദേഹം കാസര്‍ഗോഡാണ് എസ്.പിയായിരുന്നു. എറണാകുളത്ത് ക്രൈംബ്രാഞ്ച് എസ്.പി ആയിരിക്കെ, അതീവ പ്രാധാന്യമേറിയ 19 കേസും, കാസര്‍ഗോട്ട് ഒരു വര്‍ഷത്തിനിടയില്‍ 10 കേസും വിദഗ്ദ്ധമായി അദ്ദേഹം തെളിയിച്ചിട്ടുണ്ട്. ശാസ്ത്രീയ കുറ്റാന്വേഷണ മികവിനുള്ള അംഗീകാരമെന്ന നിലയില്‍, കേന്ദ്ര ആഭ്യന്തര വകുപ്പിന്‍റെ പ്രത്യേക പുരസ്കാരം നേടിയിട്ടുള്ള അദ്ദേഹം, ഈ കേസില്‍ ലോക്കല്‍ പോലീസിന് സംഭവിച്ച വീഴ്ച തിരിച്ചറിയുകയും അന്വേഷണം ക്രൈംബ്രാഞ്ച് എസ്.പി ആര്‍. ഹരിദാസിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കൈമാറുകയും ചെയ്തു. അവര്‍ നടത്തിയ ശാസ്ത്രീയനീക്കങ്ങള്‍ക്കൊടുവിലാണ് കേരളത്തെയാകെ നടുക്കിയ കൊലപാതക പരമ്പരകളിലെ മുഖ്യാസൂത്രകയെ പൊതുസമൂഹത്തിന് മുന്നില്‍ തുറന്നുകാണിക്കുവാന്‍ കഴിഞ്ഞത്.
തുടര്‍ക്കൊലകള്‍ക്ക് നീക്കം

ജോളിയെ ഇപ്പോള്‍ പിടികൂടിയത് നന്നായി എന്ന റൂറല്‍ എസ്.പി കെ.ജി സൈമണ്‍ നടത്തിയ വെളിപ്പെടുത്തലിന് അര്‍ത്ഥതലങ്ങള്‍ ഏറെയാണ്. പ്രത്യേക മാനസികാവസ്ഥ വച്ചുപുലര്‍ത്തുന്ന സ്ത്രീയാണ് ജോളി എന്നും, തനിക്കെതിരെ നീങ്ങുന്നവരെ വിദഗ്ദ്ധമായി വധിച്ച് തന്‍റെ മാര്‍ഗ്ഗം ഒരുക്കുന്ന രീതിയായിരുന്നു ജോളിയുടേത്. അതിനുവേണ്ടി ഏത് വഴി സ്വീകരിക്കാനും അവര്‍ ഒരുക്കവുമായിരുന്നു. സ്വത്ത് തട്ടിയെടുക്കാനായി വ്യാജരേഖ ചമച്ചത്, അതിനുവേണ്ടി ചില റവന്യു ഉദ്യോഗസ്ഥരുമായി ചങ്ങാത്തം സ്ഥാപിച്ചുകൊണ്ടായിരുന്നു. കൊല നടത്താനായി രഹസ്യമായി സയനൈഡ് സംഘടിപ്പിച്ചതും, മാത്യുതോമസുമായുള്ള വഴിവിട്ട ബന്ധത്തിന്‍റെ മറവിലൂടെയായിരുന്നു. ആദ്യകൊലപാതകങ്ങള്‍ നടന്നിട്ടും ആര്‍ക്കും ഒരു സംശയവും തോന്നാതിരുന്നതും ജോളിക്ക് ആത്മവിശ്വാസം നല്‍കി. തന്‍റെ നീക്കങ്ങളില്‍ സംശയമുണ്ടായിരുന്നതുകൊണ്ടാണ് ബന്ധുവായ എം.എം. മാത്യുവിനെ കൊലപ്പെടുത്തിയത്. ഭര്‍ത്താവ് റോയിയുടെ സഹോദരരായ റോജോയ്ക്കും, റെഞ്ജിക്കും തന്നെ സംശയമുണ്ടെന്ന് ജോളിക്ക് അറിയാമായിരുന്നു. വിദഗ്ദ്ധമായി അവരെയും കൊലപ്പെടുത്താന്‍ പദ്ധതികള്‍ ആവിഷ്ക്കരിച്ചുവരുന്നതിനിടയിലാണ് ജോളി പോലീസിന്‍റെ പിടിയില്‍ അകപ്പെട്ടത്.
ഇതിനിടയില്‍ തനിക്ക് ആയുര്‍വ്വേദഔഷധം ഒരിക്കല്‍ ജോളി തന്നിരുന്നതായും, അത് കഴിച്ചയുടനെ തലകറക്കം വന്നതായും, അന്ന് ധാരാളം വെള്ളം കുടിച്ചതുകൊണ്ട് രക്ഷപ്പെടുകയായിരുന്നു എന്നും റെഞ്ജി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അന്ന് വിഷം കലര്‍ത്തിയ മരുന്നാണെന്ന ഒരു സംശയവും ഉണ്ടായിരുന്നില്ല. ഇപ്പോഴത്തെ സാഹചര്യം വെച്ചുനോക്കുമ്പോള്‍ അതിലും വിഷം കലര്‍ന്നിരുന്നുവെന്നും വേണം, കരുതാന്‍. അന്ന് ഒരുപക്ഷേ, സയനൈഡിന് പകരം മറ്റേതെങ്കിലും വിഷം കലര്‍ത്തിയതുകൊണ്ടാകാം താന്‍ രക്ഷപ്പെട്ടതെന്നാണ് റെഞ്ജി കരുതുന്നത്. എറണകുളത്ത് താമസിക്കുന്ന റെഞ്ജി അതിനുശേഷം, എപ്പോഴെങ്കിലും കൂടത്തായിയിലെ വീട്ടിലെത്തിയാല്‍, അവിടെനിന്നും, ഒരു ഭക്ഷണവും കഴിക്കാറില്ലായിരുന്നു.

അമേരിക്കയില്‍ നിന്നും ഇടയ്ക്ക് നാട്ടിലെത്താറുള്ള റോജോയും തന്‍റെ കുടുംബവീട്ടില്‍ നിന്നും ഒരു ഭക്ഷണവും കഴിക്കാറില്ലായിരുന്നു. വീട്ടില്‍ നടന്ന കൊലപാതക പരമ്പരകളെക്കുറിച്ച് സംശയമുണ്ടായതിനലായിരുന്നു അത്. പക്ഷേ, അതിനൊന്നും വ്യക്തമായ തെളിവുകള്‍ ലഭിച്ചിരുന്നതുമില്ല. ജ്യേഷ്ഠഭാര്യയുടെ പല നടപടികളിലും ദുരൂഹത തോന്നിയ ഇവര്‍ അടുത്ത സുഹൃത്തുക്കളോട് ഇക്കാര്യം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അമേരിക്കയില്‍ നിന്ന് നാട്ടിലെത്തിയപ്പോഴൊന്നും തറവാട്ട് വീട്ടില്‍ റോജോ താമസിച്ചതേയില്ല. പലതവണ ജോളി വീട്ടില്‍ തങ്ങാന്‍ നിര്‍ബന്ധിച്ചിട്ടും റോജോ അതിന് കൂട്ടാക്കിയതേയില്ല. തിരുവമ്പാടിയിലെ ഭാര്യ വീട്ടിലോ, സഹോദരി റെഞ്ജിയുടെ എറണാകുളത്ത് വീട്ടിലോ, കോടഞ്ചേരിയിലെ ടൂറിസ്റ്റ് ഹോമിലോ ഒക്കെയായിരുന്നു നാട്ടിലെത്തിയാല്‍ റോജോയുടെ താമസം.

ഈ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് ഇനിയും കൊലപാതകങ്ങള്‍ നടത്താന്‍ ജോളി പദ്ധതി ഇട്ടിരുന്നതായും ഇപ്പോഴെങ്കിലും പിടികൂടിയത് നന്നായി എന്നും അന്വേഷണോദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്.

കേസ് കൃത്യമായി പഠിക്കുകയും പരമാവധി വസ്തുതകള്‍ ബോദ്ധ്യപ്പെടുത്തുകയും ചെയ്തതിനുശേഷമാണ് ജോളിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. അതിന് മുമ്പ് പോലീസ് തന്നെ സംശയിക്കുന്നതായി ജോളിക്ക് അറിവ് ലഭിച്ചിരുന്നു. സ്വത്ത് തര്‍ക്കം സംബന്ധിച്ച് റോജോ പോലീസില്‍ പരാതി കൊടുത്തു എന്നുമനസ്സിലാക്കിയപ്പോള്‍ തന്നെ ജോളി അപകടം മണത്തു. ഉടന്‍ തന്നെ അവര്‍ സൗഹാര്‍ദ്ദരൂപത്തില്‍ റോജോയെ ഫോണ്‍ ചെയ്യുകയും, ‘പരാതി ഒന്നും കൊടുക്കേണ്ട, സ്വത്ത് വേണമെങ്കില്‍ പറഞ്ഞാല്‍പ്പോരേ, ഞാന്‍ നല്‍കാമായിരുന്നല്ലോ.’ എന്ന മട്ടില്‍ കേസ് പിന്‍വലിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇതിനിടയില്‍ പോലീസധികൃതര്‍ ജോളിയുടെ മൊഴിയെടുക്കുകയും അസ്വാഭാവികമായി ഒന്നുമില്ലെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തു. ഇത് ജോളിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. പക്ഷേ, ഇതിന് സമാന്തരമായി സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ടായിരുന്നു. അവര്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജോളിയെ ചോദ്യം ചെയ്തതോടെയാണ് നാടിനെ നടുക്കിയ കൊലകളുടെ അണിയറ രഹസ്യങ്ങള്‍ ഒന്നായി മറനീക്കി പുറത്തെത്തിയത്.

ആത്മവിശ്വാസത്തോടെ പിടിച്ചുനില്‍ക്കാന്‍ ജോളി ആദ്യമൊക്കെ ശ്രമിച്ചുവെങ്കിലും മൊഴിയിലുള്ള വൈരുദ്ധ്യങ്ങളും, ശാസ്ത്രീയമായ ചോദ്യങ്ങളുമായതോടെ ജോളിക്ക് പിടിച്ചുനില്‍ക്കാനായില്ല. ഒടുവില്‍ കൊലകള്‍ എല്ലാം താന്‍ തന്നെ ചെയ്തതാണെന്ന് അവര്‍ കുറ്റസമ്മതം നടത്തി.
റൂറല്‍ എസ്.പി കെ.ജി. സൈമണ്‍, അഡീഷണല്‍ എസ്.പി ടി.കെ. സുബ്രഹ്മണ്യന്‍, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആര്‍. ഹരിദാസന്‍, എസ്.കെ. ജീവന്‍ ജോര്‍ജ്ജ്, എ.എസ്.ഐ. രവി, പി. പത്മകുമാര്‍, യൂസഫ്, മോഹനകൃഷ്ണന്‍, ശ്യാം, ശിവദാസന്‍ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് അത്യന്തം ദുരൂഹതയേറിയ കൊലപാതക പരമ്പരയിലെ പിന്നാമ്പുറങ്ങള്‍ പുറത്തുകൊണ്ടുവന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO