റമളാനിലെ നോമ്പ്… അനുഷ്ഠാനവും ആഘോഷവും

മുസ്ലീം സമൂഹത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുഗ്രഹീതമായ മാസമാണ് റമളാന്‍. വിശുദ്ധ ഖുറാന്‍ അവതരിപ്പിക്കപ്പെട്ട റമളാന്‍ മാസത്തിലെ നോമ്പ് വളരെ വിശേഷപ്പെട്ടതാണ്. അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് വികാരവിചാരങ്ങളെ നിയന്ത്രിച്ചും അല്ലാഹുവില്‍ സ്വയം സമര്‍പ്പിക്കപ്പെടുന്ന ആരാധനയാണ് നോമ്പ്. പ്രാര്‍ത്ഥന... Read More

മുസ്ലീം സമൂഹത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുഗ്രഹീതമായ മാസമാണ് റമളാന്‍. വിശുദ്ധ ഖുറാന്‍ അവതരിപ്പിക്കപ്പെട്ട റമളാന്‍ മാസത്തിലെ നോമ്പ് വളരെ വിശേഷപ്പെട്ടതാണ്. അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് വികാരവിചാരങ്ങളെ നിയന്ത്രിച്ചും അല്ലാഹുവില്‍ സ്വയം സമര്‍പ്പിക്കപ്പെടുന്ന ആരാധനയാണ് നോമ്പ്. പ്രാര്‍ത്ഥന വര്‍ദ്ധിപ്പിച്ചും സല്‍ക്കര്‍മ്മങ്ങള്‍ ചെയ്തും സക്കാത്തുനല്‍കിയും റമളാനിലെ രാപ്പകലുകള്‍ സമ്പന്നമാക്കുന്ന വിശ്വാസികള്‍ക്ക് പാപമോചനത്തിന്‍റെ മാസമാണ്. ക്ഷമയുടെയും സഹനത്തിന്‍റെയും മാസമാണ് റമളാനെന്നും ഡോ. ഷാഹിദാകമാല്‍ പറഞ്ഞു.

 

നോമ്പിനെക്കുറിച്ചും നോമ്പുകാല ജീവിതരീതികളെക്കുറിച്ചും സംസാരിക്കുകയായിരുന്നു പൊതുപ്രവര്‍ത്തകയും വനിതാകമ്മീഷന്‍ അംഗവുമായ ഡോ. ഷാഹിദാകമാല്‍.

 

 

പൊതുപ്രവര്‍ത്തകയെന്ന നിലയിലെ തിരക്കുകള്‍ക്കിടയിലും നോമ്പും നമസ്കാരവും മുടക്കാറില്ല. ഞാനൊരു യാഥാസ്ഥിതിക മുസ്ലീംകുടുംബത്തില്‍ ജനിച്ചുവളര്‍ന്നയാളാണ്. എന്‍റെ ഉപ്പ കൃഷിക്കാരനായിരുന്നു. എഴുത്തും വായനയും അറിയാത്ത നന്നേ ചെറുപ്പത്തില്‍ വിവാഹിതയായ തനി ഗ്രാമീണസ്ത്രീയായിരുന്നു എന്‍റെ ഉമ്മ.

 

റമളാനിലെ നോമ്പ് അനുഷ്ഠാനത്തിന്‍റെ ഏറ്റവും സന്തോഷകരമായ കാലം കുട്ടിക്കാലംതന്നെയാണ്. വര്‍ഷങ്ങള്‍ ഒരുപാട് കടന്നുപോയെങ്കിലും ഓര്‍മ്മകളില്‍ നിന്ന് അതൊന്നും മായ്ച്ച് കളയാന്‍ പറ്റില്ല. അത്രയും നല്ലൊരു അവസ്ഥ പിന്നീട് ഉണ്ടായിട്ടില്ല. റമളാന്‍ മാസത്തില്‍ നോമ്പ് തുടങ്ങുന്നതിന്‍റെ മുന്നോടിയായി നാട്ടില്‍ മതപ്രഭാഷണമുണ്ടാകും. മതപ്രഭാഷണം കേള്‍ക്കുന്നതിലൂടെ മൂല്യങ്ങളുള്ള ഒരുപാട് കാര്യങ്ങള്‍ പഠിക്കാനും ജീവിതത്തില്‍ പകര്‍ത്താനും സാധിച്ചിട്ടുണ്ട്. ഞാനെന്ന വ്യക്തിയെ രൂപപ്പെടുത്തുന്നതില്‍ അന്നത്തെ മതപ്രഭാഷണങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നുതന്നെ പറയാം. രാത്രിയില്‍ മതപ്രഭാഷണം കേള്‍ക്കാന്‍ പോകുന്നത് വളരെ രസകരമാണ്.

 

ഞങ്ങള്‍ താമസിക്കുന്നിടത്ത് എല്ലാ മതവിഭാഗത്തില്‍പ്പെടുന്നവരുമുണ്ട്. രാത്രി ഭക്ഷണം കഴിച്ച് ഞങ്ങളെല്ലാവരും കൂടിയാണ് മതപ്രഭാഷണം കേള്‍ക്കാന്‍ പോകുന്നത്. കൂട്ടത്തില്‍ ഏറ്റവും മുതിര്‍ന്ന ആളുകള്‍ ചൂട്ട് കത്തിച്ചുപിടിച്ച് മുന്നില്‍ നടക്കും. മറ്റുള്ളവര്‍ പിന്നിലും. പഴയ പായയും പനമ്പും പുതപ്പുമൊക്കെ കയ്യിലുണ്ടാകും. നിലത്ത് പായവിരിച്ച് അതിനുമുകളില്‍ പുതപ്പ് വിരിച്ച് ഇരിക്കും. പ്രഭാഷണം കേട്ടുകൊണ്ടിരിക്കുമ്പോള്‍ ഉറക്കം വരാതിരിക്കാന്‍ നല്ല ചൂട് ചുക്ക് കാപ്പി കുടിക്കും. അതങ്ങ് കുടിച്ചുകഴിഞ്ഞാല്‍ ഉറക്കം ഏതുവഴി പോയെന്ന് അറിയില്ല. ചുക്ക് കാപ്പിക്ക് ചിലര് ‘കാവ’ കാച്ചിയതെന്ന് പറയാറുണ്ട്.

 

പുളിയുടെ കുരു വറുത്തെടുത്ത് തൊണ്ടുകളഞ്ഞ് അതിന്‍റെ പരിപ്പ് എടുത്ത് സ്നാക്സ് ഉണ്ടാക്കും. മതപ്രഭാഷണം കേള്‍ക്കാന്‍ പോകുന്നതിന് മുന്നോടിയായി വലിയൊരു പ്രിപ്പറേഷന്‍തന്നെയുണ്ടാകും. അന്നത്തെ മതപ്രഭാഷണങ്ങളില്‍ വലിയ സന്ദേശവും സാമൂഹ്യപ്രസക്തിയും ഉണ്ടായിരുന്നു. ഖുറാനിലെ ഓരോ സൂറത്തുകള്‍ ഓതി, അര്‍ത്ഥം വിശദീകരിക്കുമ്പോള്‍ അതിനകത്ത് ജാതിചിന്തയോ മതപരമായ വേര്‍തിരിവുകളോ ഒന്നുമില്ലാതെ വളരെ ശ്രദ്ധാപൂര്‍വ്വം, സമൂഹത്തിന്‍റെ നന്മയില്‍ അധിഷ്ഠിതമായ ഖുറാനോട് ചേര്‍ത്തുവെച്ചുകൊണ്ടുള്ള പ്രഭാഷണങ്ങളാണ് കേട്ടിട്ടുള്ളത്. ഒരാള്‍ക്ക് മറ്റൊരാളെ വേദനിപ്പിക്കാന്‍ അവകാശമില്ലെന്ന് പഠിപ്പിച്ചത് മതപ്രഭാഷണങ്ങളാണ്. പൂര്‍വ്വികരില്‍നിന്ന് ലഭിച്ച അറിവുകളാണ്. നമ്മള്‍ എത്ര വളര്‍ന്നാലും അടിസ്ഥാനപരമായി കിട്ടിയ അറിവുകള്‍ നമ്മുടെ കൂടെതന്നെയുണ്ടാകും.

 

പാലുമ്മ നല്‍കിയ പ്രചോദനം

 

സ്ക്കൂളില്‍ പോയി തുടങ്ങിയ കാലംമുതല്‍ നോമ്പ് അനുഷ്ഠിക്കുന്നുണ്ട്. ഒരു നോമ്പുപോലും വിടില്ല. ഞങ്ങള്‍ കുട്ടികള്‍ക്കിടയില്‍ അതൊരു വാശിപോലെയായിരുന്നു. മുപ്പതുനോമ്പും പിടിക്കും. ഇന്നും അതങ്ങനെ തന്നെയാണ്. നോമ്പെടുക്കുന്നതിലും നമസ്ക്കരിക്കുന്നതിലും ഖുറാന്‍ പാരായണം ചെയ്യുന്നതിലുമൊക്കെ വല്യുമ്മ (ഉമ്മയുടെ ഉമ്മ) വലിയ പ്രചോദനമായിരുന്നു. വല്യുമ്മയെ ഞങ്ങള്‍ പാലുമ്മ എന്നാണ് വിളിച്ചിരുന്നത്. ഞങ്ങള് മാത്രമല്ല ആ നാട്ടിലെ എല്ലാവരും പാലുമ്മ എന്നാണ് വിളിച്ചിരുന്നത്. പാലുമ്മ എന്ന വിളിപ്പേരിനുപിന്നില്‍ സ്നേഹമായിരിക്കാം.

 

പട്ടിണികിടന്ന് വിശപ്പ് എന്താണെന്ന് മനസ്സിലാക്കിയാലേ ഭക്ഷണത്തിന്‍റെ രുചി അറിയാന്‍ പറ്റൂ. പട്ടിണികിടക്കുന്നവരുടെ പ്രയാസം അറിയാന്‍ കഴിയൂ. അതുകൊണ്ട് നിങ്ങളൊക്കെ നോമ്പ് എടുക്കണമെന്ന് പാലുമ്മ പറയാറുണ്ട്. പറയുക മാത്രമല്ല ഞങ്ങളെകൊണ്ട് നോമ്പ് എടുപ്പിക്കുകയും ചെയ്യും.

 

മനസ്സിന്‍റെയും ശരീരത്തിന്‍റെയും ശുദ്ധീകരണം

 

വര്‍ഷത്തില്‍ പതിനൊന്നുമാസവും മനസ്സു കൊണ്ടും ശരീരം കൊണ്ടും ചിന്തകൊണ്ടും പ്രവൃത്തികൊണ്ടുമൊക്കെ തെറ്റായ വഴികളിലൂടെ പോയിട്ടുണ്ടെങ്കില്‍, അതൊക്കെ ശുദ്ധീകരിച്ച് വീണ്ടും ഒരു നല്ല മനുഷ്യനായി ജീവിതം ചിട്ടപ്പെടുത്താന്‍ നോമ്പ് കാലം നമ്മളെ സജ്ജമാക്കുകയാണ്. എല്ലാ മതങ്ങളും ഇത്തരത്തിലുള്ള കര്‍മ്മങ്ങള്‍ അനുശാസിക്കുന്നുണ്ട്.

 

 

രാത്രിയിലെ തറാവിഹ് നമസ്കാരം റമളാന്‍റെ മാത്രം പ്രത്യേകതയാണ്. ആണുങ്ങളെല്ലാവരും നമസ്കാരത്തിന് പള്ളിയില്‍ പോകും. ഞങ്ങള് ചുറ്റുവട്ടത്തുള്ള സ്ത്രീകളെല്ലാം ഒരിടത്തു ഒത്തുകൂടി പായയോ പനമ്പോ നിലത്തുവിരിച്ച് തോളോട് തോള്‍ ചേര്‍ന്നുനിന്നു നമസ്ക്കരിക്കും. മനുഷ്യര്‍ തമ്മിലുള്ള സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും പങ്കിടലിന്‍റെയുമൊക്കെ കൂട്ടായ്മയായിരുന്നു രാത്രിയിലെ ദീര്‍ഘനേരമുള്ള തറാവിഹ് നമസ്ക്കാരം. ഒരു പ്രദേശത്തെ സ്ത്രീകളെല്ലാം ഒരുമിച്ച് കൂടുന്നത് തറാവിഹ്രാത്രികളിലാണെന്ന് ഓര്‍ക്കണം. റമളാനിലെ ഇരുപത്തിയേഴാം രാവ് അടുത്തുകഴിഞ്ഞാല്‍ നമസ്ക്കാരവും പ്രാര്‍ത്ഥനയുമൊക്കെയായി ഉറങ്ങാറില്ല. അത്രയും വിശേഷപ്പെട്ട ഏറ്റവും പുണ്യമുള്ള രാവാണ് അത്.

 

ഇഫ്ത്താര്‍ സംഗമങ്ങളുടെ ഉദ്ദേശശുദ്ധി

 

എന്താണ് ഇസ്ലാം? റമളാനിലൂടെ ഇസ്ലാം നമ്മളെ ഓര്‍മ്മപ്പെടുത്തുന്നത് എന്താണ്? അതിന് വിരുദ്ധമായ രീതിയിലാണ് ഇന്നത്തെ നോമ്പു തുറയും പെരുന്നാള്‍ ആഘോഷവുമെല്ലാം. എല്ലാവരും എല്ലായിടത്തും ഇങ്ങനെയാണെന്ന അഭിപ്രായവും ഇല്ല. പഴയകാലത്ത് നടത്തിയിരുന്ന ഇഫ്ത്താര്‍ സംഗമങ്ങള്‍ക്ക് വലിയ ഉദ്ദേശശുദ്ധിയുണ്ടായിരുന്നു. നോമ്പുകാരനായിട്ടും നോമ്പ് തുറക്കുന്ന വേളയില്‍ ഭക്ഷണം കഴിക്കാനില്ലാതെ പ്രയാസപ്പെടുന്നവര്‍ക്ക് തണലേകാന്‍വേണ്ടി ഒരുക്കിയതാണ് ഇഫ്ത്താര്‍ സംഗമങ്ങള്‍. ഭക്ഷണം കഴിക്കാനില്ലാത്തതിന്‍റെ പേരില്‍ ആരും നോമ്പ് ഉപേക്ഷിക്കരുത്. നോമ്പുകാരന് രാത്രി ഭക്ഷണം ഇവിടെ തരാമെന്നു പറയുന്ന ഉറപ്പാണ് ഇഫ്ത്താര്‍ സംഗമംകൊണ്ട് ഉദ്ദേശിച്ചത്.

 

ഇന്ന് ഇഫ്ത്താര്‍ സംഗമങ്ങള്‍ സോഷ്യല്‍ സ്റ്റാറ്റസിന്‍റെ പ്രതീകമായി മാറി. ഇപ്പോള്‍ നാട്ടില്‍ എവിടെ നോക്കിയാലും ഇഫ്ത്താര്‍ ആഘോഷങ്ങള്‍ കാണാം. ഇതിന്‍റെ പേരില്‍ എത്രയോ ടണ്‍ ഭക്ഷണസാധനങ്ങളാണ് കുഴിച്ചുമൂടുന്നത്. അവിടെ വിശപ്പ് അറിയുന്നുണ്ടോ? പാവപ്പെട്ടവന്‍റെ പ്രയാസം അറിയുന്നുണ്ടോ? എല്ലാം ആഘോഷിക്കുകയാണ്. നോമ്പ് ആഘോഷിക്കാനുള്ളതല്ല, അനുഷ്ഠിക്കാനുള്ളതാണ്. അതുകൊണ്ടാണ് നോമ്പ് അനുഷ്ഠാനമെന്ന് പറയുന്നത്.

 

 

അനുഷ്ഠാനവും ആഘോഷവും തിരിച്ചറിയണം

 

അനുഷ്ഠാനവും ആഘോഷവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയണം. അനുഷ്ഠാനമെന്ന് പറഞ്ഞാല്‍ അതിനകത്ത് ഒരുപാട് കണ്ടീഷന്‍സുണ്ട്. ആ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് നാം നമ്മളെത്തന്നെ സമര്‍പ്പിക്കപ്പെട്ട് നടത്തുന്നതിനെയാണ് അനുഷ്ഠാനമെന്ന് പറയുന്നത്. നമ്മളെ എക്സ്പോസ് ചെയ്ത് മറ്റുള്ളവരെ കാണിക്കാന്‍വേണ്ടി ചെയ്യുന്നതിനെയാണ് ആഘോഷമെന്ന് പറയുന്നത്. വ്യക്തിപരമായി എനിക്ക് ഇതിനോട് യോജിക്കാന്‍ കഴിയില്ല. ഇഫ്ത്താര്‍ സംഗമങ്ങളില്‍ പോകാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കാറുണ്ട്. അത് ഞാന്‍ സ്വയം എടുത്ത തീരുമാനമാണ്. നമ്മളെ അറിയുന്ന സാധാരണക്കാരായ ആളുകള്‍ നോമ്പ് തുറക്കാന്‍ അവരുടെ വീട്ടിലേക്ക് വിളിച്ചാല്‍ പോകാറുണ്ട്. നോമ്പ് തുറക്കുന്ന സമയത്ത് ചിലപ്പോള്‍ യാത്രയിലായിരിക്കാം. അന്നേരം ഏറ്റവും അടുത്തുള്ള സുഹൃത്തിനെയോ ബന്ധുവിനെയോ വിളിച്ച് പറഞ്ഞ് അവരുടെ വീട്ടില്‍പ്പോയി നോമ്പ് തുറക്കാറുണ്ട്.

 

ശാസ്ത്രീയപരമായി നോക്കിയാല്‍ നോമ്പ് തുറക്കുന്ന സമയത്ത് എണ്ണപ്പലഹാരം കഴിക്കാനേപാടില്ല. രാവിലെ മുതല്‍ സന്ധ്യാസമയംവരെ ഒരു തുള്ളി വെള്ളംപോലും കുടിക്കാതെ, കാലിയായികിടക്കുന്ന വയറ്റിലേക്ക് വറുത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങള്‍ ചെല്ലുമ്പോള്‍ ഗുണത്തെക്കാളേറെ ദോഷമാണ് ഉണ്ടാകുക. വയറ്റില്‍ അസിഡിറ്റിയുടെ അളവ് കൂടി പലവിധ രോഗങ്ങള്‍ക്ക് കാരണമാകും. നോമ്പുകാരന്‍റെ വയറ്റില്‍ അടിഞ്ഞുകൂടിയ അസിഡിറ്റിയെ ഇല്ലാതാക്കാന്‍ കഴിയുന്ന ചിട്ടയായ രീതിയിലായിരിക്കണം ആഹാരം കഴിക്കേണ്ടത്.

 

കുട്ടിക്കാലത്തെ നോമ്പ് അനുഭവങ്ങള്‍

 

ഉണങ്ങിയ കാരക്കയുടെ ഒരു കഷണം മതി നോമ്പ് തുറക്കാന്‍. അസിഡിറ്റിയെ കണ്‍ട്രോള്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും ഉത്തമമായതാണ് ഉണങ്ങിയ കാരക്ക. പണ്ടുകാലം മുതല്‍ അനുവര്‍ത്തിച്ചുപോരുന്നതാണ് ഉണങ്ങിയ കാരക്കകൊണ്ട് നോമ്പുതുറക്കല്‍. കുട്ടിക്കാലത്ത് കാരക്കയുടെ ഒരു കഷണവും വെള്ളവും കുടിച്ച് നോമ്പ് തുറന്നുകഴിഞ്ഞാല്‍ പാലൊഴിച്ച നല്ല ഒന്നാന്തരം ചായ കിട്ടും. വീട്ടില്‍ പശുക്കള്‍ ഉണ്ടായിരുന്നതുകൊണ്ട് പാലിന് ബുദ്ധിമുട്ടില്ലായിരുന്നു. നോമ്പ് തുറന്നു മഗ്രിബ് നമസ്ക്കാരം കഴിഞ്ഞുവന്നാല്‍ റവയും പാലും ചേര്‍ത്തുണ്ടാക്കിയ തരി കഞ്ഞിയും പുഴുക്കും ഉണ്ടാകും. വീട്ടുവളപ്പില്‍നിന്നു പറിച്ചെടുത്ത ചേന, ചേമ്പ് കൂവക്കിഴങ്ങ് എന്നിവ ചേര്‍ത്തുണ്ടാക്കിയ നല്ല സ്വാദിഷ്ടമായ പുഴുക്കാണ്. രാത്രിയിലെ ഇശാഅ് നമസ്ക്കാരത്തിനുശേഷം യാസീന്‍ ഓതും. റമളാന്‍ മാസത്തില്‍ മുപ്പത് ദിവസംകൊണ്ട് ഖുറാനിലെ മുപ്പത് അദ്ധ്യായം ഓതിയിരിക്കണം. ഞങ്ങളുടെ പാലുമ്മയ്ക്ക് അത് നിര്‍ബന്ധമായിരുന്നു. തറാവിഹ് നമസ്ക്കാരം കഴിഞ്ഞു വീട്ടില്‍ വന്നു ചോറും ചക്ക എരിശ്ശേരിയും കൂട്ടി വയറ് നിറച്ച് കഴിക്കും. ഇടഅത്താഴത്തിന് കഴിക്കുന്നതും ചോറ് തന്നെയാണ്.

 

 

നോമ്പുകാലത്ത് പാലിക്കപ്പെടേണ്ട വലിയൊരു കര്‍മ്മമാണ് സക്കാത്തുകൊടുക്കല്‍. വലതുകൈകൊണ്ട് കൊടുക്കുന്നത് ഇടതുകൈ അറിയരുതെന്നാണ് പ്രമാണം. പക്ഷേ, ഇന്ന് സക്കാത്ത് കൊടുക്കുന്നതിന്‍റെയും സഹായങ്ങള്‍ നല്‍കുന്നതിന്‍റെയും ഫോട്ടോയും വീഡിയോയും എടുത്തുപ്രചരിപ്പിക്കുകയാണ്.

 

മാതാവിന്‍റെ കാല്‍ക്കീഴിലാണ് സ്വര്‍ഗ്ഗം

 

ഇസ്ലാം സമാധാനത്തിന്‍റെ മതമാണ്. മാതാവിന്‍റെ കാല്‍ക്കീഴിലാണ് സ്വര്‍ഗ്ഗമെന്ന് പഠിപ്പിച്ച മതമാണ്. സ്ത്രീക്ക് എത്രമാത്രം പ്രാധാന്യമാണ് ഇസ്ലാം നല്‍കിയിട്ടുള്ളതെന്ന് ഓര്‍ക്കണം. കര്‍ശനമായ നിയമങ്ങളും നിയന്ത്രണങ്ങളും നിഷ്ക്കര്‍ഷിച്ചിട്ടുള്ളത് മനുഷ്യനെ ശുദ്ധീകരിക്കുന്നതിനുവേണ്ടിയാണ്. മതങ്ങളും മതഗ്രന്ഥങ്ങളും മനുഷ്യനന്മയ്ക്കുവേണ്ടിയുള്ളതാണ്. എല്ലാ മതഗ്രന്ഥങ്ങളും പറയുന്നത് ഒന്നുതന്നെയാണ്. നാം നല്ല മനുഷ്യരാകുക…

 

വ്യക്തി നന്നായാലേ കുടുംബം നന്നാകൂ. കുടുംബം നന്നായാലേ സമൂഹം നന്നാകൂ. സമൂഹം നന്നായാലേ രാജ്യം നന്നാകൂ. രാജ്യം നന്നായാലേ ലോകം നന്നാകൂ. എല്ലാത്തിന്‍റെയും അടിസ്ഥാനമെന്നു പറയുന്നത് കുടുംബമാണ്. മാതാപിതാക്കള്‍ കുട്ടികള്‍ക്ക് ഭൗതിക വിദ്യാഭ്യാസം മാത്രം കൊടുത്തുവളര്‍ത്തുമ്പോള്‍ ജീവിതത്തില്‍ അവര്‍ പരാജയപ്പെട്ടുപോകും. ആദ്യം വേണ്ടത് ജീവിത വിദ്യാഭ്യാസമാണെന്നും അത് വീട്ടില്‍ നിന്നുതന്നെയാകണമെന്നും ഡോ. ഷാഹിദാകമാല്‍ പറയുന്നു.

 

അഷ്റഫ്

 

 

 

 

Show Less

No comments Yet

SLIDESHOW

LATEST VIDEO