സൗഭാഗ്യങ്ങളറിയാതെ, ഒരു ഭാര്യയും ഓര്‍മ്മയാകരുത് -ഷാജികുമാര്‍

ഷാജികുമാറിന്‍റെ കുടുംബചിത്രം പകര്‍ത്തണമെന്ന് ഞങ്ങള്‍ പലകുറി തീരുമാനിച്ചുറച്ചതാണ്. ഷാജിയോട് ഇക്കാര്യം പറയുകയും ചെയ്തു. അദ്ദേഹത്തിനും നൂറുവട്ടം സമ്മതം. എന്നിട്ടും ഞങ്ങള്‍ക്കിടെ വില്ലനായി നിന്നത് ഷാജിയുടെ സമയക്കുറവ് മാത്രമായിരുന്നു.   ഒരിക്കല്‍ ഷാജി ഞങ്ങളെ നേരിട്ട്... Read More

ഷാജികുമാറിന്‍റെ കുടുംബചിത്രം പകര്‍ത്തണമെന്ന് ഞങ്ങള്‍ പലകുറി തീരുമാനിച്ചുറച്ചതാണ്. ഷാജിയോട് ഇക്കാര്യം പറയുകയും ചെയ്തു. അദ്ദേഹത്തിനും നൂറുവട്ടം സമ്മതം. എന്നിട്ടും ഞങ്ങള്‍ക്കിടെ വില്ലനായി നിന്നത് ഷാജിയുടെ സമയക്കുറവ് മാത്രമായിരുന്നു.

 

ഒരിക്കല്‍ ഷാജി ഞങ്ങളെ നേരിട്ട് വിളിച്ചു. അന്ന് മറ്റൊരു വര്‍ക്കിന്‍റെ തിരക്കിലായിരുന്നു ഞങ്ങള്‍. അങ്ങനെ ആ യാത്ര ലക്ഷ്യം കാണാതെ ഒഴുകിക്കൊണ്ടേയിരുന്നു…

 

ഒടുവില്‍ ഈ ശരത്കാലത്തിന്‍റെ അവസാനപാദങ്ങളിലൊന്നില്‍ ഞങ്ങളുടെ യാത്ര കരയ്ക്കണയുമ്പോള്‍ ഒരു തീരാനഷ്ടം പിടികൂടിയിരുന്നു. ഞങ്ങള്‍ ആര്‍ക്കൊപ്പമാണോ ഷാജിയുടെ കുടുംബചിത്രം പകര്‍ത്താന്‍ ആഗ്രഹിച്ചിരുന്നത് അവര്‍ മാത്രം അന്നുണ്ടായിരുന്നില്ല. അന്നെന്നല്ല ഇനിയൊരിക്കലും. ഷാജിയുടെ ഭാര്യ സ്മിത. അവര്‍ ഓര്‍മ്മയായിട്ട് നാല് വര്‍ഷങ്ങളാകുന്നു.

 

ഷാജിയുടെ കുടുംബം സ്മിത എന്ന ആല്‍മരത്തണലിന് ചുവടെയായിരുന്നു എന്നും എപ്പോഴും. അതിന്‍റെ സുഖശീതളിമയിലായിരുന്നു അവര്‍ ഉറങ്ങുകയും ഉണരുകയും ചെയ്തുകൊണ്ടിരുന്നത്. ആ സ്നേഹത്തിലും വാത്സല്യത്തിലുമാണ് അവര്‍ ജീവിക്കാന്‍ പഠിച്ചത്. സ്വപ്നം കാണാന്‍ തുടങ്ങിയത്. പെട്ടെന്നാണ് പുറമെ ശാന്തമെന്ന് തോന്നിച്ച ഒരു ചെറുകാറ്റ് പതിയെ രൗദ്രഭാവം പൂണ്ട് ആ വന്‍മരത്തെ തന്നെ കടപുഴക്കിക്കൊണ്ടുപോയത്.

 

അതോടെ എല്ലാം അവസാനിക്കേണ്ടതായിരുന്നു. പക്ഷേ ഇന്നാ ആല്‍മരം അവശേഷിപ്പിച്ചുപോയ ശൂന്യതയിലും ഒരു പച്ചത്തുരുത്ത് രൂപപ്പെട്ടിട്ടുണ്ട്. ഷാജിയും മക്കളായ ആര്യനും സൂര്യനും ആ നിറഭേദത്തെ തൊട്ടാണ് പതിയെ ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുന്നത്.

 

ഷാജികുമാറിനെ നിങ്ങളറിയും. മലയാളസിനിമയിലെ പ്രതിഭാശാലിയായ ഛായാഗ്രാഹകന്‍. പെട്ടെന്ന് തിരിച്ചറിയാന്‍ ഇങ്ങനെയും ഒരു വിശേഷണമാകാം. പുലിമുരുകന്‍റെ(150 കോടി ക്ലബ്ബിലെത്തിയ ആദ്യത്തെ മലയാളസിനിമ.) ക്യാമറാമാന്‍. നരനും വേഷവും പോക്കിരിരാജയും സീനിയേഴ്സും രാമലീലയുമടക്കം മലയാളത്തിലെ എണ്ണമറ്റ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍.

 

ഷാജിയുടെ കുടുംബം തിരുവനന്തപുരത്താണെങ്കിലും അദ്ദേഹം ജനിച്ചതും വളര്‍ന്നതും പഠിച്ചതുമെല്ലാം പെരുമ്പാവൂരാണ്. അമ്മ സരോജിനി. അച്ഛന്‍ അനിരുദ്ധന്‍. ഇളയ സഹോദരി ഷീല.

 

അമ്മ ടീച്ചറായിരുന്നു. സ്ഥലം മാറ്റം കിട്ടി പെരുമ്പാവൂരിലെത്തിയതാണ്. പിന്നീട് ഇവിടെ സ്ഥിരതാമസമായി.

 

സ്റ്റില്‍ ഫോട്ടോഗ്രാഫിയിലൂടെയാണ് ഷാജിയുടെ തുടക്കം. ഡിഗ്രി കഴിഞ്ഞയുടനെ ക്യാമറാമാന്‍ വിപിന്‍മോഹന്‍റെ സിക്സ്ത് അസിസ്റ്റന്‍റായി കയറിക്കൂടിയതാണ്. പിന്നീട് ഗുരുവിന്‍റെ അരുമശിഷ്യനായി. വിപിന്‍മോഹനോടൊപ്പം ഏഴ് വര്‍ഷം ജോലി ചെയ്തു. 40 ചിത്രങ്ങളില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചു. സന്ദേശമെന്ന സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ തുടങ്ങിയ ആ ഗുരുശിഷ്യബന്ധം അവസാനിച്ചത് ഷാജി സ്വതന്ത്ര ഛായാഗ്രാഹകനായ ഉത്തമനിലൂടെയാണ്. പിന്നീടിങ്ങോട്ട് കൈനിറയെ ചിത്രങ്ങള്‍. എല്ലാം സൂപ്പര്‍ഡ്യൂപ്പര്‍ ചിത്രങ്ങള്‍. ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുന്ന മോഹന്‍ലാലിന്‍റെ ബ്രഹ്മാണ്ഡചിത്രം ഒടിയന്‍റെയും ക്യാമറാമാന്‍ ഷാജികുമാറാണ്.

 

സ്മിതയുടെ ഭൗതികശരീരം ഏറ്റുവാങ്ങിയ പെരുമ്പാവൂരിലെ ‘സരോവര’ത്തിലിരുന്ന് ഷാജി സംസാരിക്കുന്നു… സ്മിതയുടെ ഓര്‍മ്മകളിലൂടെ…

 

സ്മിതയുമായുള്ള വിവാഹം എന്നായിരുന്നു?
1998 ഒക്ടോബര്‍ 26. ഇവിടെ വേങ്ങൂര്‍ കൃഷ്ണക്ഷേത്രത്തില്‍ വച്ച്.

 

അറേഞ്ച്ഡ് മാര്യേജായിരുന്നോ?
സ്മിതയെ നേരത്തെ അറിയാമെന്നതൊഴിച്ചാല്‍ തീര്‍ത്തുമതെ.

 

സ്മിതയും പെരുമ്പാവൂര്‍ സ്വദേശിയാണോ?
അതെ.

 

സ്മിതയെ വിവാഹം കഴിച്ചുകൊണ്ടുവന്നത് ഈ വീട്ടിലേക്കാണോ?
അല്ല. പെരുമ്പാവൂര്‍ ജംഗ്ഷനില്‍ ഞങ്ങള്‍ക്ക് ഒരു വീടുണ്ടായിരുന്നു. ആ വീട്ടില്‍ താമസിക്കുമ്പോഴായിരുന്നു വിവാഹം. മൂത്തമകന് 6 മാസം പ്രായമുള്ളപ്പോഴാണ് ഇവിടേക്ക് വീടുവച്ച് മാറിയത്. അവിടുത്തെ തിരക്കില്‍ നിന്ന് ഒഴിഞ്ഞ ഒരു സ്ഥലം തേടിയാണ് ഇങ്ങോട്ട് വന്നതെങ്കിലും ഇപ്പോള്‍ ഇവിടെയും തിരക്കായിപ്പോയി.

 

 

സ്മിതയ്ക്ക് എന്തായിരുന്നു അസുഖം?
കാന്‍സര്‍. ആമാശയത്തിലും ഫുഡ്പൈപ്പിലുമായിട്ടായിരുന്നു കാന്‍സര്‍. വളരെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ് ഈ അവസ്ഥ.

 

എങ്ങനെയായിരുന്നു തുടക്കം?
ഛര്‍ദ്ദിലുണ്ടായിരുന്നു. ഒപ്പം വയറുവേദനയും. ഇതേ രോഗലക്ഷണങ്ങള്‍ മുമ്പ് എനിക്കും ഉണ്ടായിട്ടുണ്ട്. അന്ന് ഞാനൊരു ഡോക്ടറെ പോയി കണ്ടു. ഡോ. ഫിലിപ്പ് അഗസ്റ്റിന്‍. അദ്ദേഹം പരിശോധിച്ചിട്ട് പറഞ്ഞത് എന്‍റെ ഫുഡ് ഹാബിറ്റിന്‍റെ പ്രശ്നമാണെന്നാണ്. ശരിയാണ്, ഞങ്ങള്‍ ഈ സിനിമാക്കാര്‍ ആഹാരം കഴിക്കുന്നതില്‍ ഒരു കൃത്യനിഷ്ഠയും പാലിക്കാത്തവരാണ്. പോരാത്തതിന് പ്രൊഡക്ഷന്‍ ഫുഡും. രണ്ടുംകൂടി ചേര്‍ന്ന പ്രശ്നമായിരുന്നു എന്‍റേത്. ഭാര്യയോടും ഫിലിപ്പിനെപോയി കാണാനാണ് പറഞ്ഞത്. സ്മിതയേയും പരിശോധിച്ചിട്ട് കുഴപ്പമില്ലെന്നാണ് ഡോക്ടര്‍ സ്ഥിരീകരിച്ചത്.

 

പിന്നെന്തുപറ്റി?
ഛര്‍ദ്ദിയും വയറുവേദനയും വീണ്ടും കലശലായി. മറ്റൊരു ഡോക്ടറെ കണ്ടു. ഡോക്ടര്‍ സുനില്‍മാത്യു. തിരക്കഥാകൃത്ത് സച്ചിയുടെ സുഹൃത്തിന്‍റെ സുഹൃത്താണദ്ദേഹം. സച്ചിയെ കൊണ്ട് വിളിച്ചുപറഞ്ഞാണ് അപ്പോയിന്‍റ്മെന്‍റെടുത്തത്. അദ്ദേഹം മെഡിക്കല്‍ സെന്‍ററിലെ ഡോക്ടറായിരുന്നു. അവിടുത്തെ പരിശോധനയിലാണ് ഡോക്ടര്‍മാര്‍ ചെറിയ സംശയം പ്രകടിപ്പിച്ചത്. ബയോപ്സിക്ക് അയച്ച് അത് സ്ഥിരീകരിക്കുകയും ചെയ്തു. അപ്പോഴേക്കും ഒരുപാട് വൈകിപ്പോയിരുന്നു. രോഗം ശരീരം മുഴുവനും വ്യാപിച്ചു.
ആമാശയത്തിന്‍റെ എഡ്ജിലും ഫുഡ് പൈപ്പിന്‍റെ എന്‍ഡിലുമായിരുന്നതിനാല്‍ ഓപ്പറേഷനും സാധ്യമല്ലായിരുന്നു. രോഗം വ്യാപിക്കുമെന്നതിനാല്‍ എന്‍ഡോസ്കോപ്പി ചെയ്യാനും കഴിയുമായിരുന്നില്ല. അത് രോഗാവസ്ഥയെ കൂടുതല്‍ ഗുരുതരമാക്കി.

 

ചികിത്സ അപ്രാപ്യമായിരുന്നെന്നാണോ?
അല്ല. കീമോ സ്റ്റാര്‍ട്ട് ചെയ്തു. നാല് കീമോ കഴിഞ്ഞപ്പോഴേക്കും അല്‍പ്പം ഭേദമായി. അങ്ങനെ 11 കീമോ. അതോടെ മുടി പോയി. ത്വക്ക് കറുത്തിരുണ്ടു. ആകെ ഡള്ളായി. എങ്കിലും തിരിച്ചുവരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. കുഴപ്പമൊന്നുമില്ലല്ലോയെന്ന് ഇടയ്ക്കിടെ സ്മിത എന്നോട് ചോദിക്കും. ഈശ്വരന്‍ നമ്മളെ കൈവിടില്ലാ എന്നുപറഞ്ഞ് ഞാന്‍ സമാധാനിപ്പിക്കും.

 

 

ഷാജിയെ സംബന്ധിച്ചിടത്തോളം തീര്‍ച്ചയായും കഠിനമായിരിക്കും ആ നാളുകള്‍. തിരക്കിട്ട ഷൂട്ടിംഗ് ഷെഡ്യൂളുകള്‍, പറക്കമുറ്റാത്ത രണ്ട് കുട്ടികള്‍ ഒപ്പം ഭാര്യയുടെ ചികിത്സയും?
സത്യമാണ്. പെട്ടുപോയത് കുട്ടികളുടെ കാര്യത്തിലാണ്. അന്ന് മൂത്തയാള്‍ എട്ടാം ക്ലാസില്‍ പഠിക്കുകയാണ്. ഇളയയാള്‍ രണ്ടിലും. ആറരമാസത്തോളം സ്മിത ഹോസ്പിറ്റലില്‍ കിടന്നു. അപ്പോഴെല്ലാം അവര്‍ അമ്മയുടെ അവസ്ഥ നേരിട്ട് കാണുന്നുണ്ടായിരുന്നു. അതുകൊണ്ട് കാര്യങ്ങള്‍ ഒരുവിധമറിയാമായിരുന്നു. ചിലത് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. ഉയര്‍ന്ന ചികിത്സയുടെ ഭാഗമായി പലയിടത്തും കൊണ്ടുപോയിരുന്നു. ഗംഗാധരന്‍ ഡോക്ടറുടെ അടുക്കല്‍ വരെ. അവിടെയൊക്കെ ചെല്ലുമ്പോള്‍ മണിക്കൂറുകള്‍ കാത്തിരിക്കണം. അപ്പോള്‍ ക്ഷമ കെട്ട് അവര്‍ ചോദിക്കും. എന്തിനാണച്ഛാ ഇത്രയും നേരമൊക്കെ ഇവിടെ കാത്തിരിക്കുന്നത്. അപ്പോള്‍ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കും.

 

ഇളയയാളായിരുന്നു അമ്മയുമായി കൂടുതല്‍ അറ്റാച്ച്ഡ്. സ്മിത ഹോസ്പിറ്റലിലായ ദിവസം മുതല്‍ അയാളെ മാറ്റിനിര്‍ത്തി തുടങ്ങിയിരുന്നു. എങ്കിലും അമ്മയെ പിരിഞ്ഞിരിക്കാന്‍ സൂര്യയ്ക്ക് കഴിയുമായിരുന്നില്ല. ഇപ്പോഴും ആ ശൂന്യത അയാള്‍ അനുഭവിക്കുന്നുണ്ട്.

 

അടുപ്പിച്ച് ഇപ്പോള്‍ കുറച്ചുദിവസം എന്നെ കണ്ടില്ലെങ്കിലും ആള് വിഷമിക്കും. അപ്പോള്‍ ഫോണില്‍ വിളിച്ച് തിരക്കും. അച്ഛനെവിടെയാ കാണാന്‍ തോന്നുന്നുവെന്ന്. ആ ദിവസങ്ങളില്‍ ഞാന്‍ എങ്ങനെയും ലൊക്കേഷനുകളില്‍ നിന്ന് ഇവിടെയെത്തും. അടുത്ത ദിവസം മടങ്ങിപ്പോകും. നമ്മുടെ പേഴ്സണല്‍ ആവശ്യങ്ങള്‍ പറഞ്ഞ് ഷൂട്ടിംഗ് മുടക്കാന്‍ കഴിയില്ലല്ലോ. അതുകൊണ്ട് ഒരല്‍പ്പം ബുദ്ധിമുട്ടിയാലും ഇടയ്ക്ക് ഞാന്‍ ഓടിപ്പാഞ്ഞെത്തും.
ജോലി ഒഴിവാക്കാനാവില്ലെന്നും കുട്ടികളോട് പറഞ്ഞിട്ടുണ്ട്. അവരെ പഠിപ്പിച്ച് നല്ലൊരു നിലയിലെത്തിക്കാന്‍ ഇതാവശ്യമാണെന്ന് ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്.

 

സ്മിതയുടെ അവസാന നാളുകള്‍?
ഭയങ്കര വേദന അവര്‍ അനുഭവിച്ചിരുന്നു. ഒന്നും തുറന്നുപറഞ്ഞിരുന്നില്ല. അവര്‍ അനുഭവിക്കുന്ന സ്ട്രെസ്സ് കാണുമ്പോള്‍ നമുക്കറിയാമായിരുന്നു. അടുത്തിരുന്ന് ആശ്വസിപ്പിക്കാമെന്നല്ലാതെ തീര്‍ത്തും നിസ്സഹായനായിരുന്നു ഞാന്‍.

 

രോഗത്തിന്‍റെ കാഠിന്യതയെക്കുറിച്ചും സ്മിതയ്ക്ക് അറിവുണ്ടായിരുന്നിരിക്കണം. ക്വാളിഫൈഡായിരുന്നല്ലോ അവര്‍. പലതും ഡോക്ടറോട് നേരിട്ട് ചോദിച്ചറിയുന്നുണ്ടായിരുന്നു. പിന്നെ പ്രിസ്ക്രിപ്ഷനെക്കുറിച്ചും കൃത്യമായ ധാരണകളുണ്ടായിരുന്നു. കഴിക്കുന്ന മരുന്നുകള്‍ രോഗവിമുക്തിക്കുള്ളതല്ല വേദന കുറയ്ക്കാന്‍ മാത്രമായിരുന്നു എന്ന് മറ്റാരെക്കാളും സ്മിതയ്ക്ക് അറിയാമായിരുന്നു.

 

 

സ്മിതയുടെ വിയോഗം ഷാജിയുടെ ജീവിതത്തിലുണ്ടാക്കിയ തിരിച്ചറിവുകള്‍ എന്തൊക്കെയാണ്?
അനാവശ്യചെലവുകള്‍ ഒന്നുമില്ലാത്തയാളാണ് ഞാന്‍. എന്നെക്കാള്‍ ലുബ്ധയായിരുന്നു സ്മിത. വീട്ടിലെ കാര്യങ്ങള്‍ അവരായിരുന്നു നോക്കിയിരുന്നത്. സത്യത്തില്‍ ഞങ്ങളുടെ ഇന്നത്തെ ചെറുതെങ്കിലും, സാമ്പത്തികഭദ്രതയുടെ കാവലാളായിരുന്നു സ്മിത.

 

ഞാനൊന്നുമറിഞ്ഞിരുന്നില്ല. അതാണ് സത്യം. പ്രത്യേകിച്ചും വീട്ടിലെ കാര്യങ്ങള്‍. കുട്ടികളുടെ കാര്യങ്ങള്‍. അതുകൊണ്ട് സ്വാതന്ത്ര്യത്തോടെ ജോലി ചെയ്യാന്‍ കഴിഞ്ഞു. ഒരു ടെന്‍ഷനും അവര്‍ നല്‍കിയില്ല.

 

സത്യത്തില്‍ എനിക്കായിരിക്കും ആദ്യമെന്തെങ്കിലും സംഭവിക്കുക എന്നാണ് ഞാന്‍ കരുതിയിരുന്നത്. സിനിമ പോലൊരു ഫീല്‍ഡിലാണല്ലോ വര്‍ക്ക് ചെയ്യുന്നത്. പതിയിരിക്കുന്ന അപകടങ്ങള്‍ പലതാണ്. വിശ്രമമില്ലാത്ത ജോലി, ക്രമം തെറ്റിയ ആഹാരരീതികള്‍ ഇവയൊക്കെ ഏത് രൂപത്തില്‍ ബാധിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്. ഇന്നുറങ്ങി നാളെ എഴുന്നേറ്റാല്‍ മാത്രം ജീവിച്ചിരിക്കുമെന്ന് പറയാവുന്ന അവസ്ഥ. അപ്പോഴും എനിക്ക് ആശ്വാസം സ്മിതയായിരുന്നു. ഞാനില്ലെങ്കിലും എല്ലാം നോക്കി നടത്താന്‍ അവള്‍ പ്രാപ്തയായിരുന്നു. അത്ര ബോള്‍ഡായിരുന്നു സ്മിത.

 

ആ സുരക്ഷിതത്വത്തില്‍ കഴിയുമ്പോഴാണ് പെട്ടെന്ന് മരണം സ്മിതയെ കവര്‍ന്നുകൊണ്ടുപോകുന്നത്. എന്തുചെയ്യണമെന്നറിയില്ലായിരുന്നു. ഒരു സുപ്രഭാതത്തില്‍ വീട്ടിലെ കാര്യങ്ങളും കുട്ടികളുടെ ചുമതലയും എന്നിലേക്കും വന്നുചേരുകയായിരുന്നു. പക്ഷേ പിടിച്ചുനിന്നല്ലേ പറ്റൂ. എല്ലാം ആദ്യം മുതല്‍ തുടങ്ങി.

 

നേരത്തെ പറഞ്ഞല്ലോ കുട്ടികളുടെ കാര്യത്തിലായിരുന്നു എന്‍റെ ടെന്‍ഷന്‍ മുഴുവന്‍. ഈ പ്രായത്തിലാണ് അവര്‍ക്ക് ഏറ്റവും കൂടുതല്‍ കെയര്‍ വേണ്ടത്. തങ്ങള്‍ സുരക്ഷിതരാണെന്ന തോന്നലുണ്ടാകേണ്ടത്. എന്തിനും ഏതിനും തങ്ങള്‍ക്കുചുറ്റും ആളുകളുണ്ടെന്ന ഫീലുണ്ടാവേണ്ടത്. അതിനുവേണ്ടി ആദ്യം ചെയ്തത് സ്മിതയുടെ അച്ഛനേയും അമ്മയേയും വീട്ടില്‍ കൊണ്ടുവന്ന് നിര്‍ത്തുകയായിരുന്നു. സ്മിതയുടെ സഹോദരന്‍ ആസ്ട്രേലിയയില്‍ സെറ്റില്‍ഡാണ്. അയാളോടൊപ്പം നില്‍ക്കേണ്ടതാണ് അച്ഛനും അമ്മയും. എന്നിട്ട് ഇങ്ങനെയൊരാവശ്യം വന്നപ്പോള്‍ അവര്‍ ഞങ്ങള്‍ക്കൊപ്പം വരാന്‍ തയ്യാറായി. അതുതന്നെ വലിയ കാര്യം. അതുകൊണ്ട് കുട്ടികള്‍ ഒറ്റയ്ക്കാണെന്ന തോന്നലില്ല. സ്വന്തം രക്തം തന്നെയല്ലേ. അതിന്‍റെ സുരക്ഷയും ഉണ്ട്.

 

 

രണ്ടുവര്‍ഷം മുമ്പ് മികച്ച ഛായാഗ്രാഹകനുള്ള ഏഷ്യാനെറ്റിന്‍റെ പുരസ്ക്കാരം ഏറ്റുവാങ്ങിക്കൊണ്ട് ഷാജി നടത്തിയ വികാരാധീനമായ പ്രസംഗം ഓര്‍മ്മയുണ്ട്. അന്ന് ഷാജി പറഞ്ഞത് ഈ അപൂര്‍വ്വനിമിഷത്തിന് സാക്ഷിയാകാന്‍ ഭാര്യ ഒപ്പമില്ലല്ലോ എന്നാണ്. ഇനിയുമുണ്ടോ ഇത്തരം നഷ്ടബോധങ്ങള്‍?
ടി.വിയില്‍ അവാര്‍ഡ് ഫംഗ്ഷനുകളൊക്കെ പതിവായി കാണുന്ന ആളാണ് സ്മിത. അപ്പോഴൊക്കെ പറയും എപ്പോഴാണ് തനിക്കിങ്ങനെയൊരു ഭാഗ്യം ഉണ്ടാകുന്നത്. എനിക്ക് അങ്ങനെയൊരു അവസരം ഒരുങ്ങിയപ്പോള്‍ അത് കാണാനുള്ള ഭാഗ്യം സ്മിതയ്ക്കുമുണ്ടായില്ല. അതോര്‍ത്തപ്പോള്‍ അന്ന് പൊട്ടിപ്പോയതാണ് ഞാന്‍.

 

വിവാഹം കഴിഞ്ഞ സമയത്ത് ഞാന്‍ ബിസിയായിരുന്നെങ്കിലും പിന്നീട് അല്‍പ്പം വര്‍ക്ക് കുറഞ്ഞു. അതുകൊണ്ടുള്ള സാമ്പത്തിക ഞെരുക്കങ്ങളുമുണ്ടായിരുന്നു. അന്നും അച്ഛനോട് കടം വാങ്ങിക്കാന്‍ മനസ്സ് അനുവദിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ കല്യാണം കഴിഞ്ഞുള്ള ഹണിമൂണ്‍ ട്രിപ്പുകളൊക്കെ ഉപേക്ഷിക്കേണ്ടിവന്നു. സ്മിത അത് ആഗ്രഹിച്ചിരുന്നുവെന്നത് സത്യമാണ്. അതുപോലെയുള്ള കൊച്ചുകൊച്ച് ആഗ്രഹങ്ങള്‍ വേറെയുമുണ്ടായിരുന്നു. എന്നെ പലപ്പോഴും മിസ് ചെയ്യുന്നുവെന്നും സ്മിത പരിഭവപ്പെട്ടിട്ടുണ്ട്. പക്ഷേ അതൊന്നും ഞാന്‍ കാര്യമാക്കിയിരുന്നില്ല. ജോലിയോടായിരുന്നു എന്‍റെ പ്രഥമ പരിഗണന. സ്മിതയെ നഷ്ടപ്പെട്ടപ്പോഴാണ് അവള്‍ ആഗ്രഹിച്ചതൊന്നും എനിക്ക് ചെയ്തുകൊടുക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന കുറ്റബോധം വേട്ടയാടാന്‍ തുടങ്ങിയത്.

 

സത്യത്തില്‍ ഒന്നും ബോധപൂര്‍വ്വം സംഭവിച്ചതല്ല. സാമ്പത്തികഞെരുക്കങ്ങള്‍ ഒന്നുമാറി വന്നപ്പോഴാണ് കുട്ടികളുടെ ജനനം. പിന്നെ അതിന്‍റെ തിരക്കുകളിലായി. പണവും സന്ദര്‍ഭവും ഒത്തുവന്നപ്പോഴാണ് കാന്‍സറിന്‍റെ രൂപത്തില്‍ ആ ദുരന്തമെത്തിയത്.

 

ഞാനാദ്യം ക്യാമറ ചലിപ്പിച്ച സിനിമ കാണാനുള്ള ഭാഗ്യം എന്‍റെ അമ്മയ്ക്കുമുണ്ടായില്ല. അമ്മയ്ക്ക് സിനിമ ഭയങ്കര ഇഷ്ടമായിരുന്നു. പ്രത്യേകിച്ചും ഹിന്ദി സിനിമകള്‍. ഒരു സിനിമയും അമ്മ മുടക്കിയിരുന്നില്ല. ഒരുപക്ഷേ ആ ഫ്ളേവറില്‍ നിന്നാകും എനിക്കും സിനിമയോടുള്ള പ്രണയം തോന്നിത്തുടങ്ങിയത്. അമ്മ ഏറെ ആഗ്രഹിച്ചിരുന്നതാണ് എന്‍റെ ആദ്യസിനിമ കാണണമെന്ന്. എന്നിട്ടും അതിന് തൊട്ടുമുമ്പ് അമ്മ ഞങ്ങളെ വിട്ടുപിരിഞ്ഞു. അതും എന്‍റെ വലിയ ദുഃഖങ്ങളില്‍ ഒന്നാണ്.

 

 

ഇനിയൊരു വിവാഹം?
ഒരിക്കലുമില്ല. ഇനിയൊരുപക്ഷേ ഞാനാണ് ആദ്യം മരിച്ചുപോയിരുന്നതെങ്കിലും സ്മിത അതുചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. അപ്പോള്‍ തീര്‍ച്ചയായും ഞാനും ആ നീതി പുലര്‍ത്തണം. അല്ലെങ്കിലും സ്മിതയ്ക്ക് പകരക്കാരിയില്ല.

 

ആര്യനിപ്പോള്‍ പ്ലസ് ടുവിന് പഠിക്കുന്നു. സൂര്യന്‍ ആറാം ക്ലാസിലും. അവരുടെ സ്വപ്നങ്ങള്‍ക്ക് ചിറക് വച്ച് നല്‍കുക എന്നൊരു ലക്ഷ്യം മാത്രമേ ഷാജിക്ക് മുന്നിലുള്ളു. ആകാശം പോലെ പരിധിയില്ലാത്തതാണ് ആ ലക്ഷ്യം. അതിനുവേണ്ടി സ്വയമുരുകിയൊലിച്ച് പരുവപ്പെട്ട ഒരു മനസ്സുണ്ട് ഷാജികുമാറിന്. അതില്‍ അമ്മയുടെ സ്നേഹവും വാത്സല്യവുമുണ്ട്. ഒരച്ഛന്‍റെ സുരക്ഷയും നിശ്ചയദാര്‍ഢ്യവും.

കെ. സുരേഷ്

Show Less

No comments Yet

SLIDESHOW

LATEST VIDEO