സിനിമയെ ഞാന്‍ അങ്ങേയറ്റം സ്നേഹിക്കുന്നു…

ആശാ കേളുണ്ണി എന്ന രേവതി എണ്‍പതുകളില്‍ ഇന്ത്യന്‍ സിനിമയിലെ മുന്‍ നായികമാരില്‍ ഒരാളായിരുന്നു. തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകന്‍ ഭാരതിരാജയുടെ 'മണ്‍വാസനൈ' (1983) എന്ന സിനിമയില്‍ മുത്തുപേച്ചി എന്ന നായികാ കഥാപാത്രത്തെ... Read More

ആശാ കേളുണ്ണി എന്ന രേവതി എണ്‍പതുകളില്‍ ഇന്ത്യന്‍ സിനിമയിലെ മുന്‍ നായികമാരില്‍ ഒരാളായിരുന്നു. തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകന്‍ ഭാരതിരാജയുടെ ‘മണ്‍വാസനൈ’ (1983) എന്ന സിനിമയില്‍ മുത്തുപേച്ചി എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമയില്‍ അരങ്ങേറ്റം കുറിച്ച രേവതി പിന്നീട് രണ്ട് പതിറ്റാണ്ടോളം നായികയായി ജൈത്രയാത്ര നടത്തി. പ്രേക്ഷകമനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. തമിഴില്‍ ‘വൈദേഹി കാത്തിരുന്താള്‍’ എന്ന സിനിമയിലെ വിധവയായ വൈദേഹി, മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ തേവര്‍മകന്‍ എന്ന സിനിമയിലെ പഞ്ചവര്‍ണ്ണം എന്നിങ്ങനെ ഒട്ടനവധി കഥാപാത്രങ്ങള്‍. മലയാളത്തില്‍ ‘കാറ്റത്തെ കിളിക്കൂടി’ലെ ആശാതമ്പി, ‘കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടി’യിലെ വാവാച്ചി, ‘കിലുക്ക’ത്തിലെ നന്ദിനി, ‘ദേവാസുര’ത്തിലെ ഭാനുമതി എന്നീ നായികാകഥാപാത്രങ്ങള്‍ക്കൊപ്പം രേവതിയുടെ ‘നന്ദന’ ത്തിലെ തങ്കം എന്ന അമ്മ കഥാപാത്രവും മലയാള സിനിമാ ആസ്വാദകര്‍ നെഞ്ചിലേറ്റിയവയാണ്. ഇങ്ങനെ എത്രയെത്ര കഥാപാത്രങ്ങള്‍…

 

 

എണ്ണിയാലൊടുങ്ങാത്തവ. ദക്ഷിണേന്ത്യന്‍ സിനിമകള്‍ കൂടാതെ ഹിന്ദിയിലും തന്‍റെ നായികാക്കരുത്ത് തെളിയിച്ച ഈ അഭിനേത്രിയുടെ ശബ്ദം കടമെടുത്ത് പ്രേക്ഷക പ്രീതി നേടിയ ഉത്തരേന്ത്യന്‍ നായികമാരും ഒട്ടനവധി. പൂജാബത്ര, തബു, കാജോല്‍ എന്നിവര്‍ക്ക് തമിഴിലും ശ്രീദേവിക്ക് ‘ദേവരാഗ’ ത്തിലും ശബ്ദം നല്‍കിയത് ഈ അഭിനേത്രിയാണെന്നത് അധികമാര്‍ക്കും അറിയാനിടയില്ല. സംവിധായികയായും തന്‍റെ കഴിവ് തെളിയിച്ച രേവതി സാമൂഹ്യപ്രവര്‍ത്തകയായി പൊതുസമൂഹത്തോടും പ്രതിബദ്ധത പുലര്‍ത്തുന്നു. അടുത്തിടെ രേവതിയുമായി നടത്തിയ നേര്‍ക്കാഴ്ചയില്‍ അവര്‍ മനസ്സ് തുറന്നപ്പോള്‍…

 

 വിവാഹജീവിതത്തെക്കുറിച്ചുള്ള രേവതിയുടെ അഭിപ്രായം എന്താണ്…?

 

വളരെ മനോഹരമായ ഒരു ബന്ധമാണ് വിവാഹബന്ധം. വിവാഹത്തിലൂടെ കിട്ടുന്ന അംഗീകാരം, സന്തോഷം, സ്നേഹം ഇതൊക്കെ ഞാന്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഞാനും സുരേഷ് മേനോനും പ്രേമിച്ച് വിവാഹം കഴിച്ചവരാണ്. രണ്ടുപേരും പരസ്പരം വിട്ടുവീഴ്ചകള്‍ നടത്തിയാണ് ജീവിച്ചത്. ഞങ്ങള്‍ തമ്മില്‍ അഭിപ്രായഭിന്നതകള്‍ ഉണ്ടായാല്‍ ഈഗോ നോക്കാതെ രമ്യതയിലെത്തുകയും പ്രശ്നപരിഹാരം കാണുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഒരു സന്ദര്‍ഭത്തില്‍ ഞങ്ങള്‍ തമ്മിലുളള അകല്‍ച്ച വര്‍ദ്ധിച്ചു. ഒരേ വീട്ടില്‍ രണ്ടുപേരും സംസാരിക്കാതെ അവരവരുടെ ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ആ ഒരു മാനസികാവസ്ഥയെക്കുറിച്ച് ഒന്ന് ചിന്തിച്ചുനോക്കൂ. വളരെ വേദനാജനകമായ ഒരു കാലഘട്ടമായിരുന്നു അത്. കരഞ്ഞു… ചിന്തിച്ചു… ഞങ്ങള്‍ രണ്ടുപേരും പക്വതയാര്‍ന്നവരാണ്.

 

ഒരുമിച്ചുപോകാന്‍ കഴിയില്ല എന്ന് പൂര്‍ണ്ണബോദ്ധ്യമായതോടെ പിരിയാം എന്ന് ഏക മനസ്സോടെ തീരുമാനിച്ചു. വിവാഹമോചനം നേടി. എന്നാല്‍ ഈ നിമിഷത്തിലും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഇപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും അവരവര്‍ക്ക് ഇഷ്ടപ്പെട്ട വിഷയങ്ങളില്‍ ശ്രദ്ധചെലുത്തുന്നു. വിവാഹമോചനത്തിലെത്തുന്ന ദമ്പതികളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്. എന്‍റെ ജീവിതാനുഭവപശ്ചാത്തലത്തില്‍ പറയുകയാണ്. അഭിപ്രായവ്യത്യാസമുള്ള ദമ്പതിമാര്‍ നല്ല സുഹൃത്തുക്കളുടെ അഭിപ്രായവും ഉപദേശവും തേടണം. ക്ഷമാപൂര്‍വ്വം ദമ്പതിമാര്‍ മനസ്സ് തുറന്ന് പരസ്പരം സംസാരിക്കണം. ഒന്നിച്ചുജീവിക്കാന്‍ ശ്രമിക്കണം കുട്ടികളുടെയും കുടുംബത്തിന്‍റെയും നന്മയ്ക്കായി. എന്നിട്ടും വേര്‍പിരിയുന്നത് തന്നെയാണ് പരിഹാരം എന്ന ഘട്ടത്തില്‍ മാത്രം വിവാഹമോചനം എന്ന തീരുമാനമെടുക്കുക.

 

 

എണ്‍പതുകളിലും തൊണ്ണൂറുകളിലും തമിഴിലും മലയാളത്തിലുമൊക്കെ ഒട്ടനവധി സിനിമകളില്‍ നായികയായി നല്ല നല്ല കഥാപാത്രങ്ങളെ നിങ്ങള്‍ അവതരിപ്പിച്ചു. അതില്‍ സ്ത്രീപക്ഷ സിനിമകളും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ പല മുന്‍നിരനായികമാരും രേവതി ചെയ്തപോലെയുളള കഥാപാത്രങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിരുന്നെങ്കില്‍ എന്ന് പറയാറുണ്ട്. അതിനെക്കുറിച്ച്…?

 

എന്‍റെ സിനിമാ പ്രയാണത്തില്‍ ഞാന്‍ അവസരത്തിനായി ആരേയും സമീപിച്ചിട്ടില്ല. അവസരങ്ങള്‍ പ്രതീക്ഷിച്ചിരുന്നുമില്ല. ആദ്യസിനിമയ്ക്കുശേഷം നായികാപ്രാധാന്യമുള്ള ചാലഞ്ചിങ്ങായ കഥാപാത്രങ്ങളാണ് എന്നെ തേടിയെത്തിയത്. കൃത്യമായി ഷൂട്ടിംഗ് തീര്‍ത്തുകൊടുത്ത് ഒഴിവുകിട്ടിയാല്‍ അപ്പോഴേ നാട്ടിലേക്ക് പായുമായിരുന്നു. സിനിമാലോകംതന്നെ മനസ്സില്‍നിന്ന് അകന്നിരിക്കും. ആ സമയത്ത് നാട്ടുകാരെയൊക്കെ കാണും. ധാരാളം പുസ്തകങ്ങള്‍ വായിക്കും. അതുകൊണ്ടൊക്കെ കിട്ടുന്ന കഥാപാത്രങ്ങളെ മനസ്സിലേക്കാവാഹിച്ച് അഭിനയിക്കാന്‍ കഴിഞ്ഞു. ഞാന്‍ അഭിനയിച്ച ‘പുതുമൈപെണ്‍’ എന്ന സിനിമ ഇന്നാണ് റിലീസായതെങ്കില്‍ അത് ഈ സമൂഹത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്തിയേനെ. പതിനേഴാമത്തെ വയസ്സില്‍ ഞാന്‍ വിധവയായി അഭിനയിച്ചു.

 

ആ കഥാപാത്രം ചെയ്തതുകൊണ്ട് എന്‍റെ ഇമേജ് നഷ്ടപ്പെടുമോ? മറ്റുള്ളവര്‍ എന്ത് കരുതും? എന്നൊന്നും ചിന്തിച്ചിരുന്നില്ല. ഒരു കഥ എന്‍റെ മനസ്സിന് ഇഷ്ടപ്പെട്ടാല്‍ മാത്രമേ അഭിനയിക്കയുള്ളു. ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഏത് സംവിധായകന്‍റേതായാലും ഏത് ഹീറോയുടേതായാലും എത്ര വലിയ പ്രതിഫലം തരാം എന്ന് പറഞ്ഞാലും അഭിനയിക്കില്ല. ആ അവസരം സ്വീകരിക്കില്ലായിരുന്നു. അതേസമയം കഥാപാത്രം ചെറുതായാലും ഒപ്പം അഭിനയിക്കുന്ന നടന്‍ പ്രശസ്തനല്ലെങ്കിലും കഥ ഇഷ്ടപ്പെട്ടാല്‍ തീര്‍ച്ചയായും അഭിനയിക്കും. ചെയ്യുന്ന ജോലി പൂര്‍ണ്ണ തൃപ്തിയോടെ ചെയ്യണം. യാതൊരു കാരണവശാലും സഭ്യതയില്ലാത്ത വേഷങ്ങളില്‍ അഭിനയിക്കില്ല എന്ന് ആദ്യ സിനിമയുടെ സമയത്തുതന്നെ ഉറച്ച തീരുമാനമെടുത്തിരുന്നു.

 

 

സിനിമയെ ഞാന്‍ അങ്ങേയറ്റം സ്നേഹിക്കുന്നു. സിനിമയെ പണം സമ്പാദിക്കുവാനുള്ള മേഖലയായി മാത്രമല്ല ഞാന്‍ പരിഗണിച്ചത്. അങ്ങനെ ഞാന്‍ സിനിമയെ കണ്ടിരുന്നുവെങ്കില്‍ എന്‍റെ സിദ്ധാന്തത്തിന് ശക്തിയില്ലാതെ പോയേനെ. എങ്കിലും എനിക്ക് ഒരു പരീക്ഷണകാലം ഉണ്ടായിരുന്നു. അന്ന് എന്‍റെ പ്രശ്നം എന്തായിരുന്നുവെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. വേദനാജനകമായ ഒരു സന്ദര്‍ഭമായിരുന്നു അത്. മറ്റുമാര്‍ഗ്ഗങ്ങളില്ലാതെ വന്നപ്പോള്‍ ആ സമയത്ത് എന്‍റെ മനസ്സിന് ഇഷ്ടപ്പെടാത്ത രണ്ട് സിനിമകളില്‍ അഭിനയിച്ചു. അതോര്‍ത്ത് ഞാന്‍ വളരെയധികം വിഷമിച്ചു. ആ സിനിമകളും വിജയമായിരുന്നു. അതിനുശേഷം ഇന്നുവരെ എന്‍റെ പോളിസിയില്‍ ഞാന്‍ ഉറച്ചുനിന്നു. മനസ്സിന് ഇഷ്ടപ്പെടാത്ത സിനിമകള്‍ ചെയ്യാറില്ല. നിങ്ങള്‍ ചോദിച്ചപോലെ സഹനടിമാര്‍ രേവതി അഭിനയിച്ചപോലുള്ള കഥാപാത്രങ്ങളില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമെന്ന് അഭിമുഖങ്ങളില്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അത് കേള്‍ക്കുമ്പോള്‍ മനസ്സില്‍ ചെറിയൊരു സന്തോഷം തോന്നാറുണ്ട് എന്നുമാത്രം.

 

നിങ്ങളുടെ സിനിമാജീവിതത്തിലെ മറക്കാനാവാത്ത സിനിമകള്‍..?

 

മലയാളത്തിലും തമിഴിലും ഒട്ടനവധി സിനിമകളുണ്ട്. സിനിമയില്‍ പ്രശസ്തിയുടെ ഉയരത്തില്‍ നില്‍ക്കുന്ന അക്കാലത്ത് ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ അഞ്ചുവര്‍ഷംകൂടി കഴിഞ്ഞേ ഞാന്‍ വിവാഹം കഴിക്കുമായിരുന്നുള്ളു. ജീവിതത്തില്‍ പക്വതയോടെ നല്ല തീരുമാനങ്ങള്‍ എടുക്കുമായിരുന്നു. ക്ഷമാപൂര്‍വ്വം നല്ല കഥകള്‍ മാത്രം തെരഞ്ഞെടുത്ത് അഭിനയിക്കുമായിരുന്നു. ഇക്കാലത്തെ യുവതലമുറയ്ക്കുള്ള പ്രായത്തിലുപരി പക്വത എന്‍റെ ചെറുപ്പത്തില്‍ എനിക്കുണ്ടായിരുന്നില്ല. ഒരുപക്ഷേ, അതുണ്ടായിരുന്നുവെങ്കില്‍ ഇനിയും ചില അവസരങ്ങള്‍, വിജയങ്ങള്‍, നേട്ടങ്ങള്‍ ഉണ്ടാക്കാമായിരുന്നേനെ.

 

സംവിധായികയായും വ്യക്തിമുദ്രപതിപ്പിച്ച രേവതിക്ക് ആ മേഖലയില്‍ പൂര്‍ണ്ണ സംതൃപ്തി ലഭിച്ചിരുന്നോ?

 

ആദ്യസിനിമയായ മണ്‍വാസനൈയില്‍ അഭിനയിക്കുന്ന വേളയില്‍ തന്നെ ലെജന്‍റ് സംവിധായകനായ ഭാരതിരാജാസാറിനോട് ഭയപ്പെടാതെ സംശയങ്ങള്‍ ചോദിക്കുമായിരുന്നു. അദ്ദേഹം എന്‍റെ സംശയങ്ങള്‍ ദൂരീകരിക്കുമായിരുന്നു. ക്യാമറാമാന്‍, എഡിറ്റര്‍, അസിസ്റ്റന്‍റ് ഡയറക്ടര്‍, അനുഭവമുള്ള ടെക്നീഷ്യന്മാര്‍ എന്നിങ്ങനെ എല്ലാവരേയും ഞാന്‍ സംശയങ്ങള്‍ ചോദിച്ച് ബുദ്ധിമുട്ടിക്കുമായിരുന്നു. ആരും എന്നോട് മുഖം കറുപ്പിച്ചിട്ടില്ല. സിനിമാമേഖല എനിക്ക് ഇഷ്ടപ്പെട്ടതുകൊണ്ട് ഒരു നടി എന്നതിലപ്പുറം മീഡിയായില്‍ ഒരു സ്രഷ്ടാവായും എന്നെ പ്രോജക്റ്റ് ചെയ്യണമെന്ന് തോന്നി.

 

 

1990 ല്‍ ഞാനും സുരേഷ്മേനോനും ‘ചിന്നചിന്ന ആശൈ’ എന്ന ഒരു സീരിയല്‍ നിര്‍മ്മിച്ചു. ആഴ്ചയില്‍ ഒരു കഥ. ഓരോ ആഴ്ചയും പ്രശസ്ത നടിമാര്‍ സംവിധായകരാവുക എന്നതായിരുന്നു കോണ്‍സപ്റ്റ്. സുഹാസിനി, ഗൗതമി, അര്‍ച്ചന, കുശ്ബു, സുകന്യ, രോഹിണി എന്നിങ്ങനെ മുന്‍നിര നായികനടിമാരില്‍ പലരും ഞങ്ങള്‍ക്കുവേണ്ടി സംവിധാനം ചെയ്തു. നീ സംവിധാനം ചെയ്താല്‍ നന്നായിരിക്കും ഒന്ന് ശ്രമിച്ചുനോക്കു എന്ന് സുരേഷ്മേനോന്‍ എന്നോട് പറഞ്ഞു. അങ്ങനെയാണ് ഞാന്‍ സംവിധായികയാവുന്നത്. മലയാളത്തില്‍ ‘കേരളാകഫേ’, ഇംഗ്ലീഷില്‍ മിത്ര് മൈഫ്രണ്ട്, ഹിന്ദിയില്‍ ഫിര്‍മിലേങ്ക, മുംബൈ കട്ടിങ്ങ് എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. സംവിധാനം എന്നത് ചലഞ്ചിങ്ങായ ഉത്തരവാദിത്വമാണ്. ഒരു സിനിമയുടെ വിജയപരാജയങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം സംവിധായകരിലാണ് നിക്ഷിപ്തമാവുക. സംവിധായികയായി പൂര്‍ണ്ണതൃപ്തി ലഭിച്ചു എന്ന് പറയാനാവില്ല.

 

അജയ്കുമാര്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO