നായനാരുടെ സ്വന്തം ശാരദ

പണ്ടൊക്കെ പുതുതായി പണികഴിപ്പിച്ച ഒരു വീടിന് പേരിടുമ്പോള്‍ ദൈവനാമങ്ങള്‍ക്കായിരുന്നു പ്രാധാന്യം. കൃഷ്ണഭവന്‍, കൃഷ്ണവിലാസം, വിഷ്ണുമന്ദിരം, കൈലാസം, വൈകുണ്ഠം എന്നിവയൊക്കെ അങ്ങനെ വന്ന വീട്ടുപേരുകളാണ്. പിന്നീട് കുടുംബനാഥന്‍റെയോ, നാഥയുടെയോ, അവരുടെ മക്കളുടെയോ ഒക്കെ പേരിനായി മുന്‍തൂക്കം.... Read More

പണ്ടൊക്കെ പുതുതായി പണികഴിപ്പിച്ച ഒരു വീടിന് പേരിടുമ്പോള്‍ ദൈവനാമങ്ങള്‍ക്കായിരുന്നു പ്രാധാന്യം. കൃഷ്ണഭവന്‍, കൃഷ്ണവിലാസം, വിഷ്ണുമന്ദിരം, കൈലാസം, വൈകുണ്ഠം എന്നിവയൊക്കെ അങ്ങനെ വന്ന വീട്ടുപേരുകളാണ്. പിന്നീട് കുടുംബനാഥന്‍റെയോ, നാഥയുടെയോ, അവരുടെ മക്കളുടെയോ ഒക്കെ പേരിനായി മുന്‍തൂക്കം. രാജ്ഭവന്‍, ചിത്രാനിവാസ്, ഗോവിന്ദം, മാധവം എന്നിവ ഉദാഹരണങ്ങളാണ്. കാലം പിന്നെയും ചെന്നപ്പോള്‍, അറബ്നാടുകളും മറ്റ് യൂറോപ്യന്‍ നാടുകളുമൊക്കെ നമ്മുടെ യുവാക്കള്‍ക്ക് തൊഴിലും സമ്പത്തും വാഗ്ദാനം ചെയ്തപ്പോള്‍ അവര്‍ പണിത വീടുകളുടെ പേരിന് ആ ഒരു ടച്ച് ഉണ്ടായി.

 

എന്നാല്‍ എറണാകുളത്ത് കടവന്ത്രയില്‍, ഇതില്‍നിന്നൊക്കെ തികച്ചും വ്യത്യസ്തമായ പേരോടുകൂടിയ ഒരു വീടുണ്ട്. കടവന്ത്ര കുമാരനാശാന്‍ നഗറില്‍ ഫ്ളോട്ട് നമ്പര്‍ 144 ലെ വീടിന്‍റെ പേര് ”Right’  എന്നാണ്. കേള്‍ക്കുമ്പോള്‍ നെറ്റിചുളിക്കാനും, ഒരു വീടിന് ഇങ്ങനെയും ഒരു പേരോ എന്ന് ചോദിക്കാനും വരട്ടെ. അതിനുമുമ്പ് ഈ വീട് ആരുടേതാണെന്നുകൂടി അറിയണം. എങ്കില്‍ മാത്രമേ ‘Right’ എന്ന വീട്ടുപേര് എത്ര ഞശഴവേ ആണെന്ന് മനസ്സിലാകൂ. ജീവിതത്തില്‍ ‘Right’ എന്നുള്ള വാക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുകയും ‘Right’ ആയി മാത്രം ജീവിക്കുകയും ചെയ്ത ഒരു വലിയ മനുഷ്യന്‍റെ മകന്‍റേതാണ് ഈ വീട്. അതെ, കേരളം കണ്ട ഏറ്റവും വലിയ ജനകീയ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ മകന്‍ വിനോദ്കുമാറാണ്, തന്‍റെ വീടിന്, അച്ഛന്‍റെ ഓര്‍മ്മയ്ക്കായി ‘Right’ എന്ന പേരിട്ടത്.

 

ആ വീട്ടിലെ സ്വീകരണമുറിയിലിരുന്നുകൊണ്ട് ആറ് പതിറ്റാണ്ടിനപ്പുറത്തേക്ക് നായനാരുടെ ശാരദ സംസാരിക്കുമ്പോള്‍, ശാരദടീച്ചറുടെ സഖാവ് മരിച്ചിട്ട് മേയ് 19 ന് പതിനഞ്ചുവര്‍ഷം പൂര്‍ത്തിയാവുകയാണ്.

 

 

എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്നറിയില്ല.

 

സഖാവിനെ എനിക്ക് നേരത്തേ അറിയാം. എന്‍റെ അമ്മയുടെ അച്ഛന്‍റെ അനന്തിരവനാണ് എന്‍റെ സഖാവ്. അങ്ങനെ ഞങ്ങള്‍ തമ്മില്‍ ബന്ധുക്കളായിരുന്നു. സഖാവിന്‍റെ അമ്മാവന്‍റെ മക്കളാണ് എന്‍റെ അമ്മയും അമ്മാവന്മാരും. ഏറമ്പാല നായനാര്‍ എന്നാണ് അവര്‍ അറിയപ്പെട്ടിരുന്നത്. വലിയ ജന്മി കുടുംബം. പക്ഷേ, സഖാവ് ആ ജന്മിത്വമൊന്നും കൊണ്ടുനടന്നില്ല. പാവപ്പെട്ടവരുടെ കൂടെയായിരുന്നു. 10-ാംക്ലാസ് കഴിഞ്ഞപ്പോള്‍തന്നെ രാഷ്ട്രീയത്തിലിറങ്ങി. ആറോണ്‍ കമ്പനിയിലെ പണിമുടക്കിലാണ് ആദ്യമായി പങ്കെടുക്കുന്നത്. അന്ന് സഖാവിന് 16 വയസ്സ്. ഞാന്‍ ജനിച്ചിട്ടുപോലുമില്ല. പിന്നീട് വായിച്ചുകേട്ട അറിവാണ്.

 

അവര്‍ മൂന്ന് മക്കളായിരുന്നു. അതില്‍ രണ്ടാമനാണ് സഖാവ്. ഏട്ടന്‍ മംഗലാപുരത്ത് കോളേജില്‍ പഠിക്കാന്‍ പോയപ്പോള്‍ അനുജന് അതിനൊന്നും സമയം കിട്ടിയില്ല. പത്താം ക്ലാസ് കഴിഞ്ഞയുടന്‍ രാഷ്ട്രീയത്തിലിറങ്ങി. അതോടെ അറസ്റ്റും ജയില്‍വാസവുമൊക്കെ തുടങ്ങി. ഒരു പെങ്ങളുണ്ടായിരുന്നു ലക്ഷ്മിക്കുട്ടി. സഖാവ് ഒളിവിലായിരുന്നപ്പോള്‍ മരിച്ചുപോയി. കല്യാണം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞപ്പോഴാണ് മരിച്ചത്. അവസാനംവരെയും ആ പെങ്ങളെയോര്‍ത്ത് സഖാവിന് വലിയ ദുഃഖമായിരുന്നു. കാരണം, ഒളിവില്‍ നിന്ന് പുറത്തുവന്നശേഷമാണ് അനുജത്തിയുടെ കല്യാണം കഴിഞ്ഞ കാര്യവും, ആ അനുജത്തി മരിച്ചുപോയി എന്നുള്ള വിവരവുമൊക്കെ സഖാവ് അറിയുന്നത്. അതുകൊണ്ട് അനുജത്തിയുടെ കാര്യം പറയുമ്പോള്‍ സഖാവിന്‍റെ കണ്ണ് നിറയുമായിരുന്നു. അത്ര സ്നേഹമാണ് അനുജത്തിയോട് ഉണ്ടായിരുന്നത്. എന്നിട്ടിത്രനാളും ആ അനുജത്തി വിവാഹിതയായ വിവരമോ മരിച്ച വിവരമോ ഒന്നും ഞാനറിഞ്ഞില്ലല്ലോ എന്നുള്ളതായിരുന്നു സഖാവിന്‍റെ വിഷമം.

 

പിന്നെ സഖാവ് കരഞ്ഞു ഞാന്‍ കണ്ടത് കെ.പി.ആര്‍ മരിച്ചപ്പോഴാണ്. അത്രമാത്രം ഇഷ്ടമായിരുന്നു സഖാവിന് അദ്ദേഹത്തെ. ഞങ്ങളുടെ വിവാഹത്തിന് കാരണക്കാരനും എന്‍റെ അമ്മാവന്‍ കെ.പി.ആര്‍ ആണ്.

 

വിവാഹം

 

സഖാവ് അന്ന് പാര്‍ട്ടിയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറിയാണ്. പ്രത്യേകിച്ച് ഒരു രൂപയുടെ പോലും വരുമാനം ഇല്ലാത്ത സമയം. എന്നുകരുതി ജീവിതപ്രാരാബ്ധമൊന്നുമില്ല. പെങ്ങളുടെ മരണശേഷം സഖാവിന്‍റെ അമ്മയ്ക്ക് മനസ്സിനൊരു വിഭ്രാന്തി പിടിപെട്ട കാലംകൂടിയായിരുന്നു അത്. അനങ്ങില്ല; ഒന്നും ചെയ്യില്ല. ചുമ്മാതങ്ങനെയിരിക്കും. അതുകൊണ്ടുതന്നെ ആരും അദ്ദേഹത്തെ പറഞ്ഞ് കല്യാണം കഴിപ്പിക്കാനില്ലാത്ത സാഹചര്യം. ഒടുവില്‍ അമ്മാവനാണ് പല പ്രാവശ്യം പറഞ്ഞ് വിവാഹം കഴിക്കുവാന്‍ സഖാവിനെ പ്രേരിപ്പിക്കുന്നത്. എനിക്കും കല്യാണത്തെപ്പറ്റി ആലോചിക്കുന്ന സമയമായിരുന്നു അത്. ഞാനപ്പോള്‍ ട്രെയിനിങ്ങൊക്കെ കഴിഞ്ഞ് ടീച്ചറായി ജോലിക്ക് കയറിക്കഴിഞ്ഞിരുന്നു. അപ്പോള്‍ അമ്മാവനാണ് സഖാവിന്‍റെ കാര്യം അവതരിപ്പിച്ചത്.

 

1958 ലായിരുന്നു കല്യാണം. അന്ന് കോഴിക്കോട്ടുണ്ടായിരുന്ന സഖാക്കള്‍ ചാത്തുണ്ണിമാസ്റ്ററും മറ്റുമാണ് കല്യാണത്തിന് വന്നത്. കല്യാണമെന്നുപറഞ്ഞാല്‍, ഒരു മാലയിടല്‍. അത്രയുമേ ഉണ്ടായിരുന്നുള്ളു. വേറെയൊന്നുമില്ല. ഒരുപാട് കൃഷിയൊക്കെയുള്ള വലിയൊരു ജന്മി കുടുംബമായിരുന്നു അദ്ദേഹത്തിന്‍റേത്. ഓഹരിവച്ചപ്പോള്‍ ധാരാളം കിട്ടിയെങ്കിലും ഇന്ന് ഒന്നുമില്ല. ജന്മവില പോലും കിട്ടാതെയാണ് അതെല്ലാം ഓരോരുത്തരും കൈക്കലാക്കിയത്. കൃഷിഭൂമി കൃഷിക്കാരന് എന്ന് പറയുന്നയാളിന് വല്ലതും പറയാനൊക്കുമോ.

 

 

’58ലായിരുന്നു കല്യാണം എന്നുപറഞ്ഞല്ലോ. പക്ഷേ, ’80 ല്‍ സഖാവ് മുഖ്യമന്ത്രിയായശേഷമാണ് ഞാന്‍ തിരുവനന്തപുരം കാണുന്നതും ഞങ്ങള്‍ മക്കളുമൊക്കെയായി തിരുവനന്തപുരത്തുപോയി ഒന്നിച്ചുതാമസിക്കുന്നതും. ഞാനത് പലപ്പോഴും ആലോചിക്കാറുണ്ട്. അദ്ദേഹം എം.എല്‍.എയായപ്പോള്‍പോലും ഞാന്‍ തിരുവനന്തപുരം കണ്ടിട്ടില്ല. അതുവരെ ഞങ്ങള്‍ കല്യാശ്ശേരിയിലായിരുന്നു. അവിടെ ഞാനൊരു വീടുവച്ചു. അതാണ് ശാരദാസ്. വീടുവച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ സഖാവ് പറഞ്ഞു, ‘ശാരദേ… ഈ വീടിന് നിന്‍റെ പേരുമാത്രം ഇട്ടാല്‍ മതി. എന്‍റെ പേരോ മക്കള്‍ടെ പേരോ ഒന്നും ഇടണ്ട. നീയാണ് ഈ വീടിനുവേണ്ടി വളരെ പ്രയാസപ്പെട്ടത്’. അങ്ങനെയാണ് വീടിന് ശാരദാസ് എന്ന് പേരുവന്നത്.

 

ചിട്ടകള്‍

 

സഖാവിന് എല്ലാറ്റിനും വലിയ കൃത്യതയാണ്. രാവിലെ എഴുന്നേല്‍ക്കുന്നത്, ഭക്ഷണം കഴിക്കുന്നത്, ഡ്രസ് ചെയ്യുന്നത്, ഓഫീസില്‍ പോകുന്നത്… എല്ലാറ്റിനും വലിയ ചിട്ടയാണ്. അതനുസരിച്ച് നമ്മളും നില്‍ക്കണം. 9 മണിക്ക് ഓഫീസില്‍ പോകുന്നതുവരെ എല്ലാകാര്യത്തിനും നമ്മള്‍ കൂടെ കാണണം. അത് നിര്‍ബന്ധമായിരുന്നു. പിന്നെ എനിക്ക് അമ്പലത്തില്‍ പോകുന്നതിനുമൊന്നും ഒരു പ്രശ്നവുമില്ല. അതുവരെ ‘ശാരദേ…’ എന്ന് വിളിച്ചാല്‍ ഞാന്‍ വിളിപ്പുറത്ത് കാണണമായിരുന്നു.

 

ലീഡറും സഖാവും

 

രാഷ്ട്രീയമായി രണ്ട് ധ്രുവങ്ങളിലായിരുന്നെങ്കിലും ലീഡറും സഖാവും തമ്മില്‍ വ്യക്തിപരമായി വലിയ അടുപ്പത്തിലായിരുന്നു. രണ്ടാളും കണ്ണൂര്‍ക്കാരുമാണല്ലോ. ഇവര്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായിരിക്കുമ്പോള്‍ അസംബ്ലിയില്‍ വലിയ വാഗ്വാദങ്ങളൊക്കെയാണെങ്കിലും പുറത്ത് വലിയ സ്നേഹമായിരുന്നു. ‘എന്താ നായനാരെ… എന്താ കരുണാകരാ…’ എന്നുള്ള ആ വിളികള്‍ കേട്ടാല്‍ ഇവര്‍തന്നെയാണോ നിയമസഭയില്‍ പരസ്പരം പോരടിച്ചതെന്ന് അതിശയിച്ചുപോകും. സഖാവ് ആദ്യമായി എസ്കോര്‍ട്ട് ഹോസ്പിറ്റലില്‍ ആന്‍ജിയോ ചെയ്തുകിടക്കുന്ന സമയത്തെ ഒരനുഭവം മറക്കാനാവില്ല. ആ സമയം ചുമയും മറ്റുമായി ഒരു മുറിക്കപ്പുറം ലീഡറുമുണ്ട്. അതൊരു ഡിസംബര്‍ 9 ആയിരുന്നു. സഖാവിന്‍റെ പിറന്നാള്‍ ദിനം. സഖാവിന്‍റെ അസുഖവും ആശുപത്രിവാസവുമൊക്കെ കാരണം ഞാനതങ്ങു മറന്നുപോയി. ഓര്‍ക്കാനുള്ള മാനസികാവസ്ഥയിലായിരുന്നുമില്ല. പക്ഷേ കരുണാകരന്‍ അത് മറന്നില്ല. അതിരാവിലെ മുറിക്കുപുറത്ത്, ‘നായനാരെ… നായനാരെ…’ എന്നുള്ള വിളികേട്ടുകൊണ്ട് ഞാന്‍ ചെന്ന് കതകു തുറക്കുമ്പോള്‍, പുറത്ത് ലീഡര്‍. അകത്തേക്ക് കയറി സഖാവിനടുത്തുചെന്ന് അദ്ദേഹത്തിന്‍റെ കയ്യില്‍ പിടിച്ചുകൊണ്ട്, ‘ഇന്നല്ലെ നായനാരെ നിങ്ങടെ ജന്മദിനം’ എന്ന് ലീഡര്‍ ചോദിച്ചപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. എന്നിട്ട്, മിണ്ടരുത് എന്ന് ആംഗ്യവും കാട്ടുന്നു. സത്യം പറഞ്ഞാല്‍ എന്‍റെ കണ്ണു നിറഞ്ഞുപോയി.

 

 

‘ങ്ങളിതൊക്കെ ഓര്‍ത്തുവെച്ചിരിക്കുവാണോ കരുണാകരാ…’ എന്ന് അതിശയത്തോടെയാണ് സഖാവും ചോദിച്ചത്. അതായിരുന്നു എന്‍റെ സഖാവും ലീഡറും തമ്മിലുള്ള വ്യക്തിബന്ധം.

 

ആ ബന്ധം കല്യാണിക്കുട്ടിയമ്മയുമായും എനിക്കുണ്ടായിരുന്നു. ഏതെങ്കിലും കല്യാണസ്ഥലത്തുവെച്ചോ അമ്പലത്തില്‍വെച്ചോ ഒക്കെ തമ്മില്‍ കാണുമ്പോള്‍ വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞിട്ടേ ഞങ്ങള്‍ പിരിയാറുണ്ടായിരുന്നുള്ളു. പത്മനാഭസ്വാമിക്ഷേത്രത്തിലും മറ്റും ചെല്ലുമ്പോള്‍ അവിടുള്ളവര്‍ പറയും, കല്യാണിക്കുട്ടിയമ്മ ഇപ്പോഴങ്ങോട്ടിറങ്ങിയതേയുള്ളു എന്ന്. ഒരുദിവസം ക്ഷേത്രത്തിലുള്ളവര്‍ അങ്ങനെ പറഞ്ഞപ്പോ, ക്ലിഫ്ഹൗസിലെത്തിയ ഉടനെ ഞാന്‍ കന്‍റോണ്‍മെന്‍റ് ഹൗസിലേക്ക് വിളിച്ചു. അന്ന് സഖാവ് മുഖ്യമന്ത്രിയും ലീഡര്‍ പ്രതിപക്ഷനേതാവുമായിരുന്നു. അപ്പുറത്ത് കല്യാണിക്കുട്ടിയമ്മ ഫോണെടുത്തു ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ടേ ഞാന്‍ ചായപോലും കുടിച്ചുള്ളു. പിന്നെ അവര്‍ അമേരിക്കയിലൊക്കെപ്പോയല്ലോ…

 

ഇപ്പോള്‍ പത്മജയുമായും നല്ല സ്നേഹത്തിലാണ്. വിളിക്കുകയും മറ്റും ചെയ്യും. പത്മജയോട് നിങ്ങള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന രാഷ്ട്രീയനേതാവ് ആരാണെന്ന് ചോദിച്ചാല്‍ ഉടന്‍ വരും മറുപടി നായനാര്‍ എന്ന്.

 

സഖാവിന് വേണ്ടാത്തത് എനിക്കും വേണ്ട

 

ശരിക്കും പറഞ്ഞാല്‍ കാലമിത്രയായിട്ടും സഖാവിന്‍റെ വേര്‍പാട് സഹിക്കാന്‍ പറ്റുന്നില്ല. അത്രമാത്രം പരസ്പരം മനസ്സിലാക്കിയും സ്നേഹിച്ചും കഴിഞ്ഞവരാണ് ഞാനും എന്‍റെ സഖാവും. അതുകൊണ്ടുതന്നെ സഖാവിന് ഏറ്റവും ഇഷ്ടപ്പെട്ട വിഭവങ്ങളൊക്കെ ഞാനും ഒഴിവാക്കി. നോണ്‍വെജ് ഇല്ലാതെ ഒരു നേരംപോലും ഭക്ഷണം കഴിക്കുന്ന ആളായിരുന്നില്ല സഖാവ്. അതുകൊണ്ട് ഞാനും നോണ്‍വെജ് ഒഴിവാക്കി. പിന്നെ ഏറ്റവും ഇഷ്ടം പര്‍പ്പിടകം. അതും ഞാന്‍ വേണ്ടെന്നുവെച്ചു. അങ്ങനെ എന്നെക്കൊണ്ട് കഴിയുന്നതെല്ലാം സഖാവിനുവേണ്ടി ഉപേക്ഷിച്ചു. മക്കള്‍ ഏറെ നിര്‍ബന്ധിച്ചുനോക്കി. ഞാന്‍ പറഞ്ഞു, ഇല്ല, അച്ഛന് ഏറ്റവും ഇഷ്ടമുള്ള സാധനങ്ങള്‍ ഞാനും ഉപേക്ഷിക്കുന്നു എന്ന്. നമ്മടെ മനസ്സിലങ്ങനെ തോന്നി വേണ്ടെന്നുവെച്ചു. അത്രേയുള്ളു.

 

 

ഇപ്പോഴും പകലായാലും രാത്രിയായാലും വെറുതെയിരിക്കുമ്പോള്‍ മനസ്സിലോരോന്ന് ചിന്തിക്കും. സഖാവിന് ആദ്യത്തെ ആന്‍ജിയോ ചെയ്ത് എസ്കോര്‍ട്ട് ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഞാനും എന്‍റെ ആണ്‍കുട്ടികളും അടുത്ത മുറിയിലുണ്ട്. അപ്പോള്‍ ഓപ്പറേഷന്‍ ചെയ്ത ഡോക്ടര്‍ വന്നിട്ട്, ടീച്ചറെ, ഒന്നുകൊണ്ടും വിഷമിക്കണ്ട, പത്തുകൊല്ലത്തേക്ക് സഖാവിന് ഇനി ഒരു കുഴപ്പവും ഉണ്ടാകില്ല എന്നുപറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു, ഡോക്ടറെ എനിക്കെന്‍റെ സഖാവിനെ അഞ്ചുകൊല്ലം കിട്ടിയാല്‍മതിയെന്ന്. എന്നിട്ട് ഒരു കൊല്ലത്തേക്കുപോലും കിട്ടിയില്ല. ഡിസംബറില്‍ ഓപ്പറേഷന്‍ കഴിഞ്ഞുവന്നു, മേയ് 19 ന് മരിച്ചു. വിഷുവിന് കുട്ടികളുമൊക്കെ വന്നപ്പോള്‍ എല്ലാവര്‍ക്കും കൈനീട്ടമൊക്കെ കൊടുത്ത് സന്തോഷത്തോടെ ഇരുന്നപ്പോഴാണ് 16 ന് അസുഖം വന്നത്.

 

അങ്ങനെയാണ് നമ്മടെ സഖാവ്

 

രാഷ്ട്രീയകാര്യങ്ങള്‍ സഖാവ് വീട്ടില്‍ പറയുമായിരുന്നില്ല. അവസാനം ഈ ടി.വി വന്നശേഷം, ക്യാബിനറ്റ് കഴിഞ്ഞാല്‍ ഒന്നുരണ്ട് മന്ത്രിമാരുമൊത്ത് മുഖ്യമന്ത്രി പത്രക്കാരെ കാണുമല്ലോ. അത് ഞാന്‍ ശ്രദ്ധിക്കുമായിരുന്നു. എന്നിട്ട് ഊണുകഴിക്കാനിരിക്കുമ്പോള്‍ ഞാന്‍ വല്ലതുമൊക്കെ പറയും. അപ്പോള്‍ ചോദിക്കും, എങ്ങനെയാണ് ശാരദേ നീ ഇതൊക്കെ മനസ്സിലാക്കിയത്. അതുപോലെ പത്രത്തില്‍ കണ്ട കാര്യങ്ങള്‍ എന്തേലും ചോദിച്ചാല്‍ ഉടന്‍ തിരിച്ചുവരും ചോദ്യം, ഓ… നീ വലിയ രാഷ്ട്രീയക്കാരിയായിപ്പോയോ ശാരദേ…

 

അവസാനനാളിലെ ദുഃഖം

 

സഖാവിന്‍റെ ഉള്ളിലെന്തെങ്കിലും ദുഃഖമുണ്ടായിരുന്നോ എന്നറിയില്ല, ഒന്നും പക്ഷേ പുറത്തുകാണിക്കില്ലായിരുന്നു. കൊച്ചുമക്കളെ കാണുമ്പോഴായിരുന്നു ഏറ്റവും വലിയ സന്തോഷം. ആ സ്നേഹം മക്കള്‍ക്ക് കിട്ടിയിട്ടില്ല. അവസാനകാലത്ത് ആശുപത്രിയില്‍ കിടന്നപ്പോള്‍, മക്കളെ വേണ്ടതുപോലെ നോക്കാന്‍ പറ്റിയില്ല എന്ന ഒരു ദുഃഖം ഉണ്ടായിരുന്നു. ഞാന്‍ സ്ക്കൂളില്‍ പോയാല്‍ പിന്നെ എന്‍റെ അമ്മയാണ് മക്കളെ വളര്‍ത്തിയത്. അവര്‍ക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിലും അച്ഛനോടല്ല, എന്നോടാണ് ചോദിച്ചിരുന്നത്. അപ്പോഴൊക്കെ ഞാനാലോചിച്ചിട്ടുണ്ട്, രാഷ്ട്രീയക്കാരുടെ ഭാര്യമാര്‍ക്ക് ജോലിയില്ലെങ്കില്‍ പെട്ടു എന്ന്. എന്‍റെ സഖാവിനെപ്പറ്റി പറഞ്ഞാല്‍ രാഷ്ട്രീയം മാത്രമായിരുന്നു മനസ്സില്‍. കുടുംബത്തിന് വേണ്ടത്ര പരിഗണന നല്‍കിയിട്ടില്ല. അത് ഞാന്‍ എന്നും പറയും. അതുകൊണ്ട് പക്ഷേ ഒന്നും സംഭവിച്ചില്ല. മക്കള്‍ക്ക് അതിന്‍റെ പ്രയാസം തോന്നിയിട്ടുണ്ടാകാം. പക്ഷേ മക്കളെ താന്‍ ശ്രദ്ധിച്ചോ എന്നുള്ള ഒരു ചിന്ത ആശുപത്രിയില്‍ കിടക്കുമ്പോള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. സ്വയം തോന്നിയതാണത്. അദ്ദേഹത്തിനുശേഷം ഞാന്‍ എങ്ങനെ ജീവിക്കുമെന്ന് എപ്പോഴും ചോദിക്കുമായിരുന്നു.

 

ഉണ്ണികൃഷ്ണനും കണ്ണനും

 

മക്കളുടെ മക്കളെ വലിയ ഇഷ്ടമായിരുന്നെന്ന് പറഞ്ഞല്ലോ. അവര്‍ക്ക് പലര്‍ക്കും പേരിട്ടതും സഖാവാണ്. വിനോദിന്‍റെ മകന് പേരിടാന്‍ നേരം, എല്ലാവരും ലേറ്റസ്റ്റ് പേരിടാന്‍ കാത്തുനില്‍ക്കുകയാണ്. അന്ന് ആലത്തൂരാണ് ഇവര്‍ താമസം. ഞങ്ങള്‍ തലേന്ന് തൃശൂരില്‍ താമസിച്ചിട്ടാണ് കാലത്ത് അവിടേക്ക് പോകുന്നത്. അപ്പോള്‍ ഞാന്‍ ചോദിച്ചു, കുട്ടിക്ക് എന്താ പേരിടുന്നത് എന്ന്. ഞാനതങ്ങനെ ചോദിച്ചുകൊണ്ടിരുന്നപ്പം, അത് നീ ഇപ്പോളറിയണ്ട ശാരദേ…അവിടെത്തിയിട്ടറിയാം. എന്‍റെ മനസ്സിലൊരു പേരുണ്ട് എന്നുമാത്രം പറഞ്ഞു. അപ്പോഴൊക്കെയും എന്നാലും എന്തായിരിക്കും ആ പേര് എന്നാണ് ഞാന്‍ ചിന്തിച്ചുകൊണ്ടിരുന്നത്.

 

 

അവിടെ ചെല്ലുമ്പോള്‍ പത്രക്കാരുമൊക്കെ വന്നിട്ടുണ്ട്. അവരുടെ വീട്ടുകാരുമൊക്കെയായി കുറെപ്പേരുണ്ട്. സഖാവിനെ കണ്ടതും എല്ലാവരും ആകാംക്ഷയോടെ നോക്കാന്‍ തുടങ്ങി. എന്തുപേരായിരിക്കും ഇടാന്‍പോകുന്നത്. അപ്പോഴാണ് സഖാവ് വന്ന് കുട്ടിയെ എടുത്ത് ചെവിയില്‍ പേരുപറഞ്ഞത്- ഉണ്ണികൃഷ്ണന്‍. എല്ലാവരും ഞെട്ടിപ്പോയി. കാരണം ഫാഷന്‍പേരായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. തുടര്‍ന്ന് കുട്ടിക്ക് പാലൊക്കെ കൊടുത്ത് പുറത്തേക്കുചെന്നപ്പോള്‍, സഖാവ് എന്താണ് ഉണ്ണികൃഷ്ണന്‍ എന്ന് പേരിട്ടത്, അത് ദൈവനാമമല്ലെ എന്ന് പത്രക്കാര്‍ ചോദിച്ചു. അപ്പോള്‍ അവരോട് തിരിച്ചൊരു ചോദ്യം- നിങ്ങളീ കൂട്ടത്തിലാരെങ്കിലും പൂന്താനത്തിന്‍റെ ജ്ഞാനപ്പാന വായിച്ചിട്ടുണ്ടോ? ആരും മിണ്ടുന്നില്ല. പക്ഷേ സഖാവിന് അതിലെ എല്ലാ വരികളും അറിയാമായിരുന്നു. അതുവെച്ചുകൊണ്ട് പറഞ്ഞു, ഉണ്ണികൃഷ്ണന്‍ മനസ്സില്‍ കളിക്കുമ്പോള്‍ ഉണ്ണികള്‍ വേറെ വേണമോ മക്കളായി. പിന്നെ ആരും ഒന്നും മിണ്ടിയില്ല.

 

സഖാവ് ജനങ്ങള്‍ക്ക് നല്‍കിയ സ്നേഹം തിരിച്ചുകിട്ടുന്നത് എനിക്കാണ്

 

ഞാനിവിടിരുന്ന് ഇതൊക്കെ പറയുമ്പോഴും എന്‍റെ മനസ്സങ്ങ് കല്യാശ്ശേരിയിലാണ്. ഇപ്പോ പഴയതുപോലല്ലല്ലോ, എല്ലാവരും മൊബൈലുമായിട്ടാണ് വരുന്നത്. അവര്‍ക്കൊക്കെയും ഫോട്ടോയെടുക്കണം. ഒരു ഫോട്ടോയെടുക്കട്ടെ എന്ന് ചോദിക്കുമ്പോള്‍ വേണ്ട എന്നുപറയാന്‍ പറ്റില്ലല്ലോ. അവിടെ സിറ്റിംഗ് റൂമില്‍ സഖാവിന്‍റെ വലിയൊരു ഫോട്ടോയുണ്ട്. അതിന്‍റെ ചുവട്ടില്‍ നിന്നാണ് എടുക്കേണ്ടത്. ഒരു വണ്ടിനിറയെയാണ് ആള്‍ക്കാര്‍ വരുന്നത്. ആദ്യം ഒറ്റ ഫോട്ടോ. പിന്നെ എല്ലാവര്‍ക്കും ഒറ്റയ്ക്കൊറ്റയ്ക്ക്. അവിടെ നിന്നാല്‍ സമയം പോകുന്നതറിയില്ല. ഇവിടെ ഇവന്‍റെ ഭാര്യ ടീച്ചറാണ്. മോന്‍ സ്ക്കൂളില്‍ പോകും. ഇവന്‍ ഓഫീസില്‍ പോകും. കുമാറിന്‍റടുക്കല്‍ പോയാലും ഇതൊക്കെത്തന്നെ. എനിക്കാണെങ്കില്‍ എപ്പോഴും ആളുകളെ കാണണം, വര്‍ത്തമാനം പറയണം. അത് എന്‍റെയൊരു സ്വഭാവമാണ്. എന്‍റെ ഈ സ്വഭാവം കൊണ്ടുകൂടിയായിരിക്കണം, നമ്മുടെ വീട്ടിലേക്ക് പലരും വരുന്നത്. ചിലപ്പോള്‍ ഉച്ചയ്ക്ക് ഒന്നു മയങ്ങുമ്പോഴായിരിക്കും ഇവര്‍ വരുന്നത്. ‘അയ്യോ… ടീച്ചര്‍ക്ക് വിഷമമായോ…’ എന്നുചോദിക്കുമ്പോള്‍ ഞാന്‍ പറയും ഒരിക്കലുമില്ല. എന്‍റെ സമ്പത്ത് നിങ്ങളാണ്. ഈ സമ്പത്ത് തന്നിട്ടാണ് എന്‍റെ സഖാവ് പോയത്.

 

 

എസ്കോര്‍ട്ട് ഹോസ്പിറ്റലില്‍ കിടക്കുമ്പോള്‍ സംസാരിക്കരുതെന്നും, ഉടനെയൊന്നും പരിപാടികള്‍ക്ക് പോകരുതെന്നുമൊക്കെയായിരുന്നു ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദ്ദേശം. അപ്പോള്‍ പറയും ‘ശാരദേ… ജനങ്ങളെ കാണാതെ എങ്ങനെയാ ഞാന്‍ ജീവിക്കുന്നത്.’ അത് അവസാനംവരെ പറയുമായിരുന്നു. ആ ജനങ്ങള്‍ ഇന്ന് എന്നെ കാണാന്‍വരുന്നു, വളരെ സന്തോഷത്തോടെ. അവരുടെ ലക്ഷണം കണ്ടാല്‍ തോന്നും സഖാവ് കഴിഞ്ഞവര്‍ഷമാണ് മരിച്ചതെന്ന്.

 

സഖാവങ്ങ് പോയില്ലെ. അദ്ദേഹം ജനങ്ങള്‍ക്ക് നല്‍കിയ സ്നേഹം തിരിച്ചുകിട്ടുന്നത് എനിക്കാണ്. അതാണ് എന്‍റെ സമ്പത്ത്. നായനാരുടെ ഭാര്യ എന്നതാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ ബഹുമതി.

 

പി. ജയചന്ദ്രന്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO