ശ്രീമുരുകാ കഫേയിലെ ‘പഴംപൊരിയും ബീഫ് റോസ്റ്റും’

ഓരോ നാട്ടിലും ആ നാടിന്‍റെ രുചിക്കൂട്ടുകളുമായി ബന്ധപ്പെടുത്തി പാചകം ചെയ്തെടുത്ത പലഹാരങ്ങളുണ്ടാവുക സ്വാഭാവികമാണ്. പൂര്‍വ്വികര്‍ പരീക്ഷിച്ച് വിജയംനേടിയ പലഹാരപ്പെരുമ പിന്‍തലമുറക്കാര്‍ ഏറ്റെടുത്തു. അല്‍പ്പസ്വല്‍പ്പം പരിഷ്കാരങ്ങളൊക്കെ വരുത്തി പുതിയ രൂപത്തില്‍ അവതരിപ്പിക്കാറുണ്ട്. അതിന് വേറൊരു രുചിയായിരിക്കും.... Read More

ഓരോ നാട്ടിലും ആ നാടിന്‍റെ രുചിക്കൂട്ടുകളുമായി ബന്ധപ്പെടുത്തി പാചകം ചെയ്തെടുത്ത പലഹാരങ്ങളുണ്ടാവുക സ്വാഭാവികമാണ്. പൂര്‍വ്വികര്‍ പരീക്ഷിച്ച് വിജയംനേടിയ പലഹാരപ്പെരുമ പിന്‍തലമുറക്കാര്‍ ഏറ്റെടുത്തു. അല്‍പ്പസ്വല്‍പ്പം പരിഷ്കാരങ്ങളൊക്കെ വരുത്തി പുതിയ രൂപത്തില്‍ അവതരിപ്പിക്കാറുണ്ട്. അതിന് വേറൊരു രുചിയായിരിക്കും. ജൈവമണ്ണില്‍ വിളഞ്ഞ ഭക്ഷ്യവസ്തുക്കളും മായം കലരാത്ത രുചിക്കൂട്ടുകളും കൈപ്പുണ്യവും ചേര്‍ന്നതാണ് പാരമ്പര്യത്തിന്‍റെ ഭക്ഷണപ്പെരുമ.

 

 

മലബാറിന്‍റെ മണ്ണില്‍ തൊടാത്ത അത്ഭുതകരമായൊരു കോമ്പിനേഷനാണ് പഴംപൊരിയും ബീഫ്റോസ്റ്റും. വീടുകളില്‍ സാധാരണയുണ്ടാക്കുന്ന പലഹാരങ്ങളിലൊന്നാണ് പഴംപൊരി. എല്ലാവര്‍ക്കും സുപരിചിതമായ പലഹാരമെന്നുതന്നെപറയാം. ചായയ്ക്ക് ഒരു കടി എന്ന നിലയിലാണ് പഴംപൊരി ഉണ്ടാക്കാറ്. അതുപോലെതന്നെ കേരളത്തിന്‍റെ തീന്‍മേശയെ അലങ്കരിക്കുന്ന സ്വാദിഷ്ടവും ജനകീയവുമായ വിഭവമാണ് ബീഫ്റോസ്റ്റ്. പഴംപൊരിയും ബീഫ്റോസ്റ്റും കഴിച്ചിട്ടുണ്ടോയെന്ന് നമ്മള്‍ ആരോടെങ്കിലും ചോദിച്ചാല്‍ അവര്‍ അന്തംവിട്ടുപോകും. ഇതെന്തു കഥയെന്നാകും ചിന്തിക്കുക. ചേരാത്ത രണ്ട് വിഭവങ്ങളുടെ അതിമനോഹരമായ ചേര്‍ച്ചയാണ് എറണാകുളത്ത് തൃപ്പൂണിത്തുറ പേട്ടയിലുള്ള ഗാന്ധിസ്ക്വയര്‍ ജംഗ്ഷനിലെ ശ്രീമുരുകാ കഫേ ഹോട്ടലിനെ പ്രശസ്തമാക്കുന്നത്. പഴംപൊരിയും ബീഫ് റോസ്റ്റും കഴിക്കാന്‍ മുരുകാകഫേയില്‍ എത്തുന്നവരുടെ തിരക്ക് വര്‍ദ്ധിക്കുകയാണ്.

 

പഴംപൊരി ബീഫ്റോസ്റ്റ് കോമ്പിനേഷന് അംഗീകാരം ലഭിച്ചിട്ട് ഇരുപതുവര്‍ഷമായെന്നു ശ്രീമുരുകാ കഫേ ഉടമ സത്യന്‍ പറയുന്നു. ഇത് ഞങ്ങള്‍ കണ്ടുപിടിച്ച കോമ്പിനേഷനല്ല. ഞങ്ങളായിട്ട് തുടങ്ങിവെച്ചതുമല്ല. സിനിമാനടന്‍ ജയസൂര്യ ഞങ്ങളുടെ സ്ഥിരം കസ്റ്റമറായിരുന്നു. സിനിമയില്‍ അഭിനയിച്ചുതുടങ്ങുന്നതിനുമുമ്പ് മിമിക്രി പ്രോഗ്രാമുകള്‍ക്ക് പോകുമ്പോഴെല്ലാം, ഇതുവഴി യാത്രയുണ്ടെങ്കില്‍ കടയില്‍കയറി ചായ കുടിക്കും. സിനിമയില്‍ അഭിനയിച്ചുതുടങ്ങിയശേഷവും ഹോട്ടലില്‍ വരാറുണ്ട്. ഒരു ദിവസം ഒരു ചാനല്‍ ടീമിന്‍റെ കൂടെ ഭക്ഷണം കഴിക്കാന്‍ വന്ന സമയത്ത് കൊച്ചീക്കാരായ രണ്ട് ലോറിക്കാര്‍ പഴംപൊരിയും ബീഫ്റോസ്റ്റും കഴിക്കുന്നതുകണ്ടു. ചിലര് ഉള്ളിവടയും ബീഫ് റോസ്റ്റും കഴിക്കാറുണ്ട്. ലോറിക്കാര് ഭക്ഷണം കഴിച്ചിട്ട് പോവുകയും ചെയ്തു. അവര്‍ ചോദിച്ചത് നമ്മള് കൊടുത്തു. എന്നല്ലാതെ ആ കോമ്പിനേഷനെക്കുറിച്ച് വേറെയൊന്നും നമുക്കറിയില്ല.

 

 

പക്ഷേ, ജയസൂര്യയ്ക്കും ചാനലിലെ ആളുകള്‍ക്കും അതൊരു വെറൈറ്റിയായി തോന്നി. അവര്‍ അതേക്കുറിച്ച് ചോദിക്കുകയും രുചിച്ചുനോക്കുകയും ചെയ്തു. ജയസൂര്യയ്ക്ക് ഏറ്റവും ഇഷ്ടമുള്ള പലഹാരം പുട്ടും ബീഫ് കറിയുമാണ്. ആള് എപ്പോള്‍ വന്നാലും പുട്ടും ബീഫ് കറിയും കഴിച്ചിട്ടേ പോകാറുള്ളൂ. ചിലപ്പോള്‍ പുട്ടിന് പകരം ഇടിയപ്പം കഴിക്കും. അന്ന് ജയസൂര്യയും ടി.വിക്കാരും പോയി കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ചാനലില്‍ പാചകത്തെക്കുറിച്ച് പ്രോഗ്രാം ചെയ്യുന്ന കലേഷ് വന്ന് ഇത് ഷൂട്ട് ചെയ്തു. പഴംപൊരി ബീഫ്കറി കോമ്പിനേഷനെക്കുറിച്ച് ടി.വിയില്‍ വന്നതോടെ സംഭവം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ആളുകളിത് ചോദിച്ചുവരാന്‍ തുടങ്ങി. വാട്ട്സ്ആപ്പിലും ഫെയ്സ്ബുക്കിലുമൊക്കെ കഥകള്‍ വരാന്‍ തുടങ്ങിയതോടെ തിരക്ക് കൂടി. അതൊരു പ്രധാന വിഭവമായി മാറി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെ ചെറുപ്പക്കാരാണ് ധാരാളമായി വരുന്നത്.

 

പഴംപൊരിയുടെ മധുരവും ബീഫ്റോസ്റ്റിന്‍റെ എരിവും ചേരുമ്പോള്‍ ഒരു പ്രത്യേക രുചിയാണ്. ഇതിന്‍റെ കൂടെ ഒരു കട്ടന്‍ ചായയും ആകാം. രാവിലെ അഞ്ച് മണിക്ക് കട തുറന്നാല്‍ രാത്രി എട്ടുമണിക്ക് അടയ്ക്കും. പതിനൊന്നുമണി മുതല്‍ വൈകിട്ട് ഏഴുമണി വരെ പഴംപൊരിയും ബീഫ്റോസ്റ്റും ഉണ്ടാകും. 1940 മുതല്‍ ഞങ്ങള്‍ കുടുംബമായി നടത്തിക്കൊണ്ടിരിക്കുന്ന കടയാണ് ശ്രീമുരുകാ കഫേ. കട തുടങ്ങിയത് എന്‍റെ അച്ഛനാണ്. അച്ഛനെ സഹായിക്കാന്‍ വല്യച്ഛനും ഇളയച്ഛനും വല്യമ്മയും ഇളയമ്മയും എന്‍റെ അമ്മയും ഒക്കെയുണ്ടായിരുന്നു. ഭക്ഷണം പാചകം ചെയ്യുന്നതും വിളമ്പുന്നതും എല്ലാവരും കൂടിയാണ്. കുട്ടിക്കാലം മുതല്‍ കടയുമായി ചുറ്റിപ്പറ്റിയാണ് ഞാന്‍ ജീവിച്ചത്. മുതിര്‍ന്നപ്പോള്‍ അച്ഛനെ സഹായിക്കാന്‍ കടയില്‍ കൂടി. 1989 മുതല്‍ മുരുകാകഫേയുടെ ചുമതല എന്നിലായി. അപ്പോഴേക്കും പാചകവുമായി ബന്ധപ്പെട്ട ഒരു മാതിരി പണികളൊക്കെ പഠിച്ചുകഴിഞ്ഞു. കുടുംബത്തിലെ എല്ലാവരും നന്നായി പാചകം ചെയ്യുന്നവരാണ്.

 

 

വീട്ടിലുള്ളവര്‍തന്നെയാണ് കടയിലേക്കുള്ള ഭക്ഷണം പാചകം ചെയ്തിരുന്നത്. ഇപ്പോള്‍ പണിക്കാരുണ്ട്. മുപ്പതുവര്‍ഷമായി അടുക്കളയുടെ ചുമതല ഒരാള്‍ക്കാണ്. ഒരു ഹോട്ടലിലും ഇത്രയും കാലം ആരും നില്‍ക്കാറില്ല. അതിന് കാരണം ഞാന്‍ അവരെ അങ്ങനെയാണ് നോക്കുന്നത്. കുറച്ച് കഷ്ടപ്പെട്ടാലും നല്ല ഭക്ഷണം കൊടുക്കുക. കഴിക്കുന്നവരുടെ തൃപ്തിയാണ് പ്രധാനം. അച്ഛനുള്ള കാലം മുതല്‍ തുടര്‍ന്നുപോരുന്ന ശീലമാണത്. ഒരുപാട് തിരക്കുള്ള കച്ചവടമൊന്നും വേണ്ട. തിരക്ക് കൂടിയാല്‍ ആളുകളെ നന്നായി ശ്രദ്ധിക്കാന്‍ പറ്റാതെ വരും. നമ്മുടെ കടയിലെ പഴംപൊരിക്ക് രുചി കൂട്ടാന്‍ വേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല. അതിനകത്ത് ഒരു രഹസ്യവുമില്ല. വളരെ സിംപിളാണ്. അരിപ്പൊടിയും കുറച്ച് മൈദയും പഞ്ചസാരയും അല്‍പ്പം മഞ്ഞള്‍പൊടിയും ഒരു നുള്ള് ഉപ്പും ഇതാണ് ചേരുവ. അരിപ്പൊടിയും മൈദമാവും പഞ്ചസാരയും ആവശ്യത്തിന് വെള്ളമൊഴിച്ച് മിക്സ് ചെയ്തുവെയ്ക്കും. നല്ല പഴുത്ത നേന്ത്രപ്പഴം നീളത്തില്‍ അരിഞ്ഞെടുത്ത് മിക്സ് ചെയ്തുവെച്ച അരിപ്പൊടിയില്‍ മുക്കി അടുപ്പത്തുവച്ച് തിളപ്പിച്ച എണ്ണയിലേക്കിട്ട് പൊരിച്ചെടുക്കും.

 

ഇറച്ചി വേവിക്കുന്നത് ഉരുളിയിലാണ്. ഗ്യാസ് അടുപ്പിലാണെങ്കിലും കുക്കറില്‍ വേവിക്കാറില്ല. ഉരുളിയില്‍ വേവിക്കുമ്പോള്‍ കിട്ടുന്ന രുചി കുക്കറില്‍ വേവിക്കുമ്പോള്‍ കിട്ടില്ല. ബീഫ്റോസ്റ്റ് ഉണ്ടാക്കുന്നതിലും പ്രത്യേക രസക്കൂട്ടുകളൊന്നുമില്ല. സാധാരണ വീടുകളില്‍ ഇറച്ചിവെക്കുന്നതുപോലെതന്നെയാണ് നമ്മളും ചെയ്യുന്നത്. ഭക്ഷണം കഴിക്കാന്‍ വരുന്നവരുടെ സന്തോഷവും സംതൃപ്തിയുമാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. അപ്പോള്‍ അതിന്‍റെ രുചി വ്യത്യാസം എന്തായാലും കാണുമെന്ന് സത്യന്‍ പറയുന്നു. അഗ്രിക്കള്‍ച്ചര്‍ എഞ്ചിനീയറിംഗ് പാസ്സായ ഒരു പാചക കലാകാരനാണ് സത്യന്‍. നടന്‍ ജയസൂര്യ മാത്രമല്ല ഒരുപാട് സെലിബ്രിറ്റികള്‍ ശ്രീമുരുകാ കഫേയിലെ നിത്യസന്ദര്‍ശകരാണ്.

 

 

അഷ്റഫ്

Show Less

No comments Yet

SLIDESHOW

LATEST VIDEO