മിന്നല്‍പ്പിണര്‍പോലെ ആരിഫ ഗുരുക്കള്‍

അഗ്നിജ്വാലകണക്കെ, ഉറുമിയുടെ മിന്നല്‍പിണറുകള്‍ക്കിടയില്‍, പരിചയേന്തി, അങ്കത്തട്ട് തൊട്ടുവണങ്ങി, ഓതിരം, കടകംമറിഞ്ഞ് വേറിട്ട കാഴ്ചയായി ഇതാ ഒരു ഗുരുനാഥ...   കച്ചകെട്ടി, ഓരോ ചുവടും അതീവ ശ്രദ്ധയോടെ വീക്ഷിച്ചുനില്‍ക്കുന്ന ശിഷ്യര്‍ക്കിടയില്‍, അടവുകള്‍ ഓരോന്നായി, പറഞ്ഞും, കാണിച്ചും... Read More

അഗ്നിജ്വാലകണക്കെ, ഉറുമിയുടെ മിന്നല്‍പിണറുകള്‍ക്കിടയില്‍, പരിചയേന്തി, അങ്കത്തട്ട് തൊട്ടുവണങ്ങി, ഓതിരം, കടകംമറിഞ്ഞ് വേറിട്ട കാഴ്ചയായി ഇതാ ഒരു ഗുരുനാഥ…

 

കച്ചകെട്ടി, ഓരോ ചുവടും അതീവ ശ്രദ്ധയോടെ വീക്ഷിച്ചുനില്‍ക്കുന്ന ശിഷ്യര്‍ക്കിടയില്‍, അടവുകള്‍ ഓരോന്നായി, പറഞ്ഞും, കാണിച്ചും നിറഞ്ഞുനില്‍ക്കുകയാണ് ആരിഫഗുരുക്കള്‍ എന്ന കളരിയഭ്യാസി. എടപ്പാളിലെ ഹംസത്തലിഗുരുക്കള്‍ സ്മാരകകളരിയിലെ കാഴ്ചയാണിത്. പാരമ്പര്യ ആയോധനമുറയായ കളരി പഠിപ്പിക്കുന്ന കേരളത്തിലെ അപൂര്‍വ്വ ഗുരുനാഥകൂടിയാണ് ആരിഫഗുരുക്കള്‍.

 

 

കടത്തനാടിന് കളരി എന്നതുപോലെ, എടപ്പാളിന്‍റെയും സിരകളില്‍ ഒഴുകുന്നത് കളരി എന്ന വികാരമാണ്… ആ താവഴിയിലെ ആചാര്യസ്ഥാനീയനാണ് ഹംസത്തലിഗുരുക്കള്‍. പതിറ്റാണ്ടുകള്‍ക്കുമുമ്പ് കളരിത്തറ ഒരുക്കിയ ഗുരുക്കള്‍, എടപ്പാളിലെ ചെറുപ്പക്കാര്‍ക്ക് പുതിയൊരു ജീവിതസന്ദേശമാണ് പകര്‍ന്നുനല്‍കിയത്… മെയ്യഭ്യാസത്തോടൊപ്പം, പരസ്പരസ്നേഹത്തിലും, മതസൗഹാര്‍ദ്ദത്തിലുമധിഷ്ഠിതമായ വേറിട്ട കായികസംസ്ക്കാരം. എല്ലാ മതങ്ങളുടെയും അടിസ്ഥാനധാര ഒന്നെന്ന വിശ്വമാനവിക ധാര ഉള്‍ക്കൊണ്ടാണ് ഹംസത്തലി ഗുരുക്കളുടെ ശിഷ്യന്മാര്‍ വളര്‍ന്നുവന്നത്.

 

പിതാവിന്‍റെ പാദങ്ങള്‍ വണങ്ങി, കളരിച്ചുവടുകള്‍ ചവിട്ടിയുറപ്പിച്ചിറങ്ങിയ മകന്‍ ഹനീഫ, പിതാവിന്‍റെ കാലശേഷം ഗുരുക്കള്‍ സ്ഥാനം ഏറ്റെടുത്തപ്പോഴും ഹംസത്തലി ഗുരുക്കള്‍ മുന്നോട്ടുവെച്ച ജീവിതവീക്ഷണത്തില്‍ കടുകിടെ വ്യത്യാസമില്ലാതെയാണ് മുന്നോട്ടുപോയത്. എടപ്പാളിലെ ഹംസത്തലി ഗുരുക്കള്‍ സ്മാരക കളരിയിലെത്തുന്ന ആരുടെയും മനസ്സുടക്കി നിന്നുപോകുന്ന ചില ബോര്‍ഡുകളുണ്ട്.

 

‘മതം തമ്മില്‍ തല്ലാനുള്ളതല്ല; മനം തെളിയാനുള്ളതാണ്.’

 

‘മതതീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവര്‍ക്ക് യാതൊരു കാരണവശാലും കളരിയില്‍ പ്രവേശനം അനുവദിക്കുന്നതല്ല.’ ഈ പരമ്പരാഗത ആയോധനാഭ്യാസ സങ്കേതം മുന്നോട്ടുവെയ്ക്കുന്ന ജീവിതസംസ്ക്കാരമെന്തെന്ന് വ്യക്തമാക്കുന്നതാണീ ചുവരെഴുത്തുകള്‍. മുത്തച്ഛന്‍റെ പാത പിന്തുടര്‍ന്ന്, കളരിച്ചുവടുകള്‍ പകര്‍ന്നുനല്‍കാനുള്ള നിയോഗമേറ്റെടുത്തിരിക്കുന്നത് ഹനീഫാഗുരുക്കളുടെ മകള്‍ ആരിഫയാണ്. അങ്ങനെ എടപ്പാളിലെ കളരിഗുരുക്കന്‍മാരുടെ പരമ്പരയിലെ ആദ്യപെണ്‍കുട്ടിയായി കരവാള്‍ തിളക്കത്തോടെ ആരിഫ മാറി.

 

കുട്ടിക്കാലം മുതലെ ആരിഫ കണ്ടും കേട്ടും വളര്‍ന്നത് കളരിയിലെ വായ്ത്താരികളും മെയ്യഭ്യാസങ്ങളുമൊക്കെയായിരുന്നു. അഞ്ചാംവയസ്സില്‍തന്നെ കളരിത്തറ തൊട്ടുവണങ്ങി ആ പെണ്‍കുട്ടി പരിശീലനത്തിനിറങ്ങി. പിതാവ് ഹനീഫയുടെ കീഴിലായിരുന്നു ചിട്ടയായ പഠനം. ആറുവര്‍ഷം പിന്നിട്ടതോടെ ആരിഫ നല്ലൊരു അഭ്യാസിയായി. തുടര്‍ന്നും തന്‍റെ പാരമ്പര്യത്തിന്‍റെ കണ്ണിയായി മാറാന്‍ അതികഠിനമായ ചിട്ടകളോടെ പരിശീലനം തുടര്‍ന്നു. ആ കാലയളവില്‍ നടന്ന ഒട്ടേറെ കളരിമത്സരയിനങ്ങളിലും ആരിഫ എതിരാളികളില്ലാത്ത പോരാളിയായി മാറി. കര്‍ശന മെയ്യഭ്യാസപരിശീലനത്തിലൂടെ ആരിഫ ഇന്ന് ദേശീയതലത്തില്‍തന്നെ അറിയപ്പെടുന്ന കളരിചാമ്പ്യനുമാണ്.

 

 

കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി ആരിഫയുടെ നേതൃത്വത്തിലുള്ള എച്ച്.ജി.എസ് കളരിസംഘമാണ് സംസ്ഥാന കളരിചാമ്പ്യന്‍ഷിപ്പുകളില്‍ ചാമ്പ്യന്മാരായി തുടരുന്നത്. ഒറ്റച്ചുവട്. കൂട്ടച്ചുവട്, ഉറുമിവീശല്‍ എന്നിവയൊക്കെയാണ് ആരിഫയുടെ പ്രിയപ്പെട്ട മത്സര ഇനങ്ങള്‍. കുറുവടി, നെടുവടി, കൈപ്പോര്, കത്തി തുടങ്ങിയ ഇനത്തിലെല്ലാം ആരിഫയും കൂട്ടാളികളുംതന്നെയാണ് കാലങ്ങളായി ജേതാക്കള്‍. കളരി പഠിച്ചുതുടങ്ങുമ്പോള്‍ ആരിഫയ്ക്ക് കൂട്ട് സഹോദരന്‍ ആസിഫായിരുന്നു.

 

സഹോദരനോട് ഇഞ്ചിഞ്ചായി മത്സരിച്ചാണ് ആരിഫ ചുവടുകളോരോന്നും സ്വായത്തമാക്കിയത്. പഠനശേഷം ജോലിനേടി ആസിഫ് ഇപ്പോള്‍ വിദേശത്താണ്. ഇളയ അനുജത്തി അന്‍ഷിഫ ഇപ്പോള്‍ കളരിയില്‍ ഏറെ സജീവമാണ്. ഗുരുനാഥയായി ഇത്താത്ത ആരിഫയും, ഉപ്പ ഹനീഫഗുരുക്കളുമുണ്ടല്ലോ. ഒപ്പം എല്ലാ പിന്തുണയുമേകി ഉമ്മ മൈമൂനയും. ആരിഫയെപ്പോലെതന്നെ അന്‍ഷിഫയും കളരിമത്സര രംഗത്തെ തിളങ്ങുന്ന താരമാണ്. രണ്ടുതവണ ദേശീയ അംഗീകാരം കൈവരിക്കാനും ഈ യുവപ്രതിഭയ്ക്ക് കഴിഞ്ഞു.

 

കളരിയുടെ പാരമ്പര്യമറിയുന്ന, മഹത്വമുള്‍ക്കൊണ്ട തറവാട്ടില്‍ ജനിക്കാന്‍ കഴിഞ്ഞതിനാല്‍, സ്ത്രീ എന്നവിധത്തിലുള്ള വേര്‍തിരിവുകളൊന്നുമില്ലാതെ മക്കളെ വളര്‍ത്താന്‍ ഹനീഫ ഗുരുക്കള്‍ക്കും മൈമൂനയ്ക്കും കഴിഞ്ഞു. പക്ഷേ, ആരിഫയെ വിവാഹം കഴിച്ചയച്ചുകഴിഞ്ഞാല്‍ ഈവിധത്തില്‍ തുടരാന്‍ കഴിയുമോ എന്ന ആശങ്ക മാതാപിതാക്കള്‍ക്കും ഒപ്പം ആരിഫയ്ക്കും ഉണ്ടായിരുന്നു. പക്ഷേ ആ ചിന്തകളൊക്കെ അസ്ഥാനത്താക്കിയാണ് ചേകന്നൂര്‍ സ്വദേശി ഷമീര്‍ ആരിഫയെ ജീവിതപങ്കാളിയാക്കിയത്. അതിന് കാരണവുമുണ്ട്, അറിയപ്പെടുന്ന കായികതാരംകൂടിയാണ് ഷെമീര്‍.

 

 

ആരോഗ്യമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ സുദൃഢമായ കായികസംസ്ക്കാരത്തിന്‍റെ പങ്ക് നന്നായി തിരിച്ചറിയുന്ന ഷെമീര്‍ എല്ലാവിധത്തിലും ആരിഫയ്ക്ക് പ്രോത്സാഹനം നല്‍കുകയായിരുന്നു. വീട്ടില്‍ പിതാവ് ഹനീഫഗുരുക്കള്‍ പകര്‍ന്നുനല്‍കിയതുപോലെ ഭര്‍ത്തൃഗൃഹത്തിലും എല്ലാവിധ പ്രോത്സാഹനവും ലഭിച്ചതാണ് തന്‍റെ നേട്ടങ്ങള്‍ക്കെല്ലാം പിറകിലെന്ന് ആരിഫഗുരുക്കള്‍ പറയുന്നത് തികഞ്ഞ അഭിമാനത്തോടെയാണ്. ആം റസ്ലിംഗ് രംഗത്തെ അറിയപ്പെടുന്ന കായികതാരമാണ് ആരിഫയുടെ ഭര്‍ത്താവ് ഷെമീര്‍.

 

മാറുന്ന സാമൂഹ്യസാഹചര്യങ്ങള്‍ക്കനുസരിച്ച് പെണ്‍കുട്ടികള്‍ കായികപരിശീലനം നേടിയേ ഒക്കൂ എന്ന ഉറച്ച വിശ്വാസമാണ് ആരിഫയ്ക്കുള്ളത്. ‘അത് ആരെയും കടന്നാക്രമിക്കാനോ, മറ്റുള്ളവര്‍ക്ക് മുന്നില്‍ കരുത്തുകാണിക്കാനോ ഒന്നുമല്ല. പകരം മാനസികമായി കരുത്താര്‍ജ്ജിക്കാനും, ഏകാഗ്രത കൈവരിക്കാനും, ഏത് പ്രതിസന്ധിയേയും സമചിത്തതയോടെ നേരിടുന്നതിനും വേണ്ടിയാണ്.’

 

‘മറ്റൊരു പ്രധാനകാര്യം, വളര്‍ന്നുവരുന്ന ഓരോ പെണ്‍കുട്ടിയും സ്വയരക്ഷയ്ക്കായി ചില അഭ്യാസമുറകള്‍ അറിഞ്ഞിരിക്കേണ്ടത് അനിവാര്യവുമാണ്. ഇന്ന് പെണ്‍കുട്ടികള്‍ പഠനത്തിനും, ജോലി ആവശ്യത്തിനുമൊക്കെയായി വീടുവിട്ട് ധാരാളം സഞ്ചരിക്കേണ്ടിവരുന്നവരാണ്. പലയിടങ്ങളിലും ചതിക്കെണികള്‍ ധാരാളമുണ്ട്. മക്കളെ ചൊല്ലി വീട്ടുകാര്‍ക്കെല്ലാം വലിയ ആധിയുമാണ്. പലരുമത് പുറത്ത് കാണിക്കുന്നില്ല എന്നുമാത്രം. കാരണം നിത്യവും നാം കേട്ടുകൊണ്ടിരിക്കുന്നത് ആ വിധത്തിലുള്ള വാര്‍ത്തകളാണല്ലോ.’

 

 

 

സ്ക്കൂള്‍ പഠനകാലത്തുതന്നെ, അല്‍പ്പമൊക്കെ പ്രതിരോധ അടവുകള്‍ കുട്ടികള്‍ പഠിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്, ആണ്‍കുട്ടികളായാലും പെണ്‍കുട്ടികളായാലും. ആ ശിക്ഷണം അവര്‍ക്ക് അളവറ്റ ആത്മധൈര്യം പകര്‍ന്നുനല്‍കുമെന്നുതന്നെയാണ് എന്‍റെ അനുഭവം. ആരിഫ്ഗുരുക്കള്‍ ‘മഹിളാരത്ന’ത്തോട് പറഞ്ഞു.

 

കുട്ടികള്‍ മാത്രമല്ല, ഒട്ടേറെ വീട്ടമ്മമാരുമിപ്പോള്‍ കളരിചിട്ടകള്‍ പഠിക്കാനായി ഇവിടെ കളരിയില്‍ വരുന്നുണ്ട്. തെറ്റായ ജീവിതചര്യകള്‍മൂലം ഒട്ടേറെ ശാരീരിക, മാനസിക ക്ലേശങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക്, കളരിപഠനം മൂലം വലിയ മാറ്റമാണുണ്ടാകുന്നത്. ജീവിതശൈലീരോഗങ്ങളേയും മാനസിക സമ്മര്‍ദ്ദങ്ങളേയുമെല്ലാം അതിജീവിക്കാന്‍ കരുത്തുള്ള, മഹത്തായ ശാസ്ത്രമാണല്ലോ കളരിസമ്പ്രദായം. അതുകൊണ്ടുതന്നെ കളരിപഠനത്തിനും കളരിചികിത്സയ്ക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

 

ഇപ്പോള്‍, ഒട്ടേറെ കുട്ടികള്‍ക്ക്, അറിഞ്ഞതും പഠിച്ചതുമെല്ലാം പകര്‍ന്നുകൊടുക്കാന്‍ അവസരമുണ്ടായത് മഹാഭാഗ്യമായാണ് ഞാന്‍ കരുതുന്നത്. എനിക്ക് എല്ലാ അടവുകളും പഠിപ്പിച്ചുതന്ന ഉപ്പ, ഹനീഫഗുരുക്കള്‍ എന്നോടൊപ്പം എല്ലാ കാര്യങ്ങള്‍ക്കും പിന്തുണയായി കളരിയിലുണ്ട്, കൂടെത്തന്നെ അനുജത്തി അന്‍ഷിഫയും. ഇന്ന് കളരിയെ കായികയിനമായി അന്താരാഷ്ട്രവേദികള്‍ അംഗീകരിച്ചുകഴിഞ്ഞതിനാല്‍, പഠനത്തിലും ജോലിക്കുമെല്ലാം ഇതര സ്പോര്‍ട്ട്സ് ഇനങ്ങള്‍ക്ക് കിട്ടുന്ന അംഗീകാരവും സ്വീകാര്യതയും നമ്മുടെ മഹത്തായ ഈ കായികഇനത്തിനും ലഭിക്കുന്നുണ്ട് എന്നത് ഏറെ ആഹ്ലാദകരമാണ്.

 

അത് കുട്ടികള്‍ക്ക് ഈവിധത്തില്‍ പകര്‍ന്നുനല്‍കാനുള്ള നിയോഗമുണ്ടായതില്‍ വാക്കുകള്‍ക്കതീതമായ അഭിമാനവും എനിക്കുണ്ട്. ആ ഗുരുനാഥയുടെ ആത്മധൈര്യം തുളുമ്പുന്ന വാക്കുകള്‍.

 

 

കളരിയില്‍ അങ്കത്താരി മുഴങ്ങുകയാണ്. തൊഴുതുവണങ്ങി കുട്ടികള്‍ വായുവില്‍ ഉയര്‍ന്നുമറിയുകയാണ്. അവരോടൊപ്പംനിന്ന് ഓരോ ചുവടുകളുമുറപ്പിച്ച് സ്ഥൈര്യചലനങ്ങളോടെ ആരിഫഗുരുക്കളും.

 

തയ്യാറാക്കിയത് – പ്രദീപ് ഉഷസ്സ്

Show Less

No comments Yet

SLIDESHOW

LATEST VIDEO