മകള്‍ നായികയായി… സിനിമ ഹിറ്റായി…

എനിക്ക് സിനിമയില്‍ അഭിനയിക്കണ്ടാ... യേേേ....!!   ഒരു വലിയ നിലവിളിയായിരുന്നു ആ കുട്ടിയില്‍നിന്നുമുണ്ടായത്. അഞ്ചോ ആറോ വയസ്സുമാത്രം പ്രായം. സ്വന്തം അച്ഛന്‍ തന്നെയാണ് മകളോട് അന്ന് ചോദിച്ചത്. ഒരു സിനിമയില്‍ അഭിനയിക്കാമോയെന്ന്. ചോദ്യം കേട്ടതും... Read More

എനിക്ക് സിനിമയില്‍ അഭിനയിക്കണ്ടാ… യേേേ….!!

 

ഒരു വലിയ നിലവിളിയായിരുന്നു ആ കുട്ടിയില്‍നിന്നുമുണ്ടായത്. അഞ്ചോ ആറോ വയസ്സുമാത്രം പ്രായം. സ്വന്തം അച്ഛന്‍ തന്നെയാണ് മകളോട് അന്ന് ചോദിച്ചത്. ഒരു സിനിമയില്‍ അഭിനയിക്കാമോയെന്ന്. ചോദ്യം കേട്ടതും കുട്ടി പ്രതികരിച്ചതിങ്ങനെ. ആ കുട്ടി ഇന്ന് മലയാളസിനിമയില്‍ നായികാവേഷം ചെയ്യുന്നു. ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന സിനിമയില്‍ അഭിനയിച്ച അന്നാബെന്നിന്‍റെ കുട്ടിക്കാലത്തെ ഒരനുഭവമാണ് പറഞ്ഞുവന്നത്.

 

നടന്‍ രാജന്‍ പി. ദേവ് മലയാള സിനിമയില്‍ സജീവമായി നില്‍ക്കുന്ന കാലം. നടി ഇന്ദ്രജയുടെ കുട്ടിക്കാലം അഭിനയിക്കാന്‍ പെട്ടെന്ന് ഒരു കുട്ടിയെ വേണമായിരുന്നു. രാജന്‍ പി. ദേവിന്‍റെ ജൂബിലി തിയേറ്റേഴ്സിനുവേണ്ടി കുറെ നാടകങ്ങളെഴുതിയ ആളാണ് തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം. രാജന്‍ പി. ദേവ് പെട്ടെന്ന് ബെന്നിയുടെ മകളുടെ കാര്യം ഓര്‍മ്മിച്ചപ്പോള്‍ വിളിച്ചുചോദിച്ചതാണ്. അന്നയെ തേടി വന്ന ആദ്യത്തെ ഓഫര്‍ അതായിരുന്നു. സിനിമയെപ്പറ്റിയോ അഭിനയത്തെപ്പറ്റിയോ ഒന്നുമറിയാതിരുന്ന ആ ബാല്യത്തില്‍ ഒരു പൊട്ടിക്കരച്ചിലുകൊണ്ട് അന്ന മറുപടി പറഞ്ഞു.ഓര്‍മ്മയിലുണ്ടായിരുന്ന ആ അനുഭവം ഇപ്പോള്‍ ഓര്‍ത്തുപറഞ്ഞത് ബെന്നി. പി. നായരമ്പലം തന്നെയാണ്. മറ്റൊരു അനുഭവകഥ കൂടി ബെന്നി പറഞ്ഞു.

 

 

അന്ന പത്താം ക്ലാസ്സില്‍ പഠിക്കുന്ന സമയം. എന്‍റെ സിനിമകളുടെ ലൊക്കേഷനുകളിലൊക്കെ കുടുംബസമേതം വരാറുള്ളതുകൊണ്ട് അന്നയെ പലര്‍ക്കും അറിയാം. ഒരു ദിവസം ലാല്‍ജോസ് എന്നെ വിളിച്ചിട്ടുപറഞ്ഞു. ‘ഒരു ആഡ്ഫിലിം ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. പറഞ്ഞുവച്ചിരുന്ന ഒരാര്‍ട്ടിസ്റ്റ് കൃത്യമായി എത്തിയില്ല. അന്നയെ ഒന്നുവിടുമോ? അവള്‍ കറക്ടായിരിക്കും.’ ഞാന്‍ അതേപോലെതന്നെ മോളോട് പറഞ്ഞു. നിന്നെ ലാലു അങ്കിള്‍ വിളിക്കുന്നുണ്ടെന്നുള്ള കാര്യം. പരീക്ഷയോ മറ്റോ അടുത്തിരിക്കുന്ന സമയം കൂടിയായിരുന്നു. ‘ഇല്ല അപ്പാന്ന്’ പറഞ്ഞ് അന്ന അന്നും അഭിനയിക്കാന്‍ തയ്യാറായില്ല. അന്നയോട് പറഞ്ഞപ്പോള്‍ തന്നെ ടെന്‍ഷനായെന്നും വേറെ ആരെയെങ്കിലും ട്രൈ ചെയ്തുകൊള്ളാനും ഞാന്‍ ലാലുവിനോട് വിളിച്ചുപറഞ്ഞു.

 

അങ്ങനെയിരിക്കെ കുറച്ചുനാള്‍ കഴിഞ്ഞപ്പോഴാണ് ‘ആനന്ദം’ എന്ന സിനിമ വന്നത്. ആ സിനിമയില്‍ അഭിനയിച്ച പലരും അന്നയുടെ ഫ്രണ്ട്സ് സര്‍ക്കിളില്‍പെട്ട കുട്ടികളായിരുന്നു. ആനന്ദം സിനിമ ശ്രദ്ധേയമാവുകയും അതില്‍ അഭിനയിച്ച പലരും സെലിബ്രിറ്റീസായി മാറുകയും ചെയ്തത് അന്നയ്ക്ക് പ്രചോദനമായി എന്ന് തോന്നുന്നു. പെട്ടെന്ന് ഒരു ദിവസം മോള്‍ എന്നോട് പറഞ്ഞു, ‘എനിക്ക് സിനിമയില്‍ അഭിനയിക്കണം.’ പലരും പല പ്രാവശ്യം വിളിച്ചിട്ടും അഭിനയിക്കാത്ത നീ ഇപ്പോ പെട്ടെന്ന് മനസ്സ് മാറ്റിയോ എന്ന് ചോദിച്ചപ്പോള്‍ എനിക്കഭിനയിക്കണം… അഭിനയിക്കണമെന്ന് നിര്‍ബന്ധമായി പറഞ്ഞു. ഞാന്‍ അത്ര കാര്യമാക്കിയില്ല. വീണ്ടും രണ്ടുമൂന്നുതവണ അപ്പയുടെ സിനിമയില്‍ അഭിനയിക്കണമെന്ന് പറഞ്ഞ് എന്നെ ഓര്‍മ്മപ്പെടുത്തുന്നുണ്ടായിരുന്നു. ഈ പറയുന്നത് സീരിയസാണെന്ന് പിന്നെയും അന്ന പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു, ‘നിനക്ക് അത്രയ്ക്ക് ആഗ്രഹമാണെങ്കില്‍ എന്‍റെ ഏതെങ്കിലും സിനിമയില്‍ രണ്ടോ മൂന്നോ സീന്‍ അഭിനയിച്ചിട്ട് നിന്‍റെ ആഗ്രഹം പൂര്‍ത്തീകരിച്ചോ.’ അതുകേട്ടപ്പോള്‍ അന്ന പറഞ്ഞതിങ്ങനെയാണ്, ‘അങ്ങനെ ഒന്നോ രണ്ടോ സീനിലല്ല, എനിക്ക് ലീഡ് റോള്‍ ചെയ്യണം.’ നായിക എന്ന വാക്ക് ഉപയോഗിക്കാതെ ലീഡ് റോള്‍ ചെയ്യണമെന്നാണ് അന്ന വിശദീകരിച്ചത്. ഞാന്‍ ചിരിച്ചിട്ട് പറഞ്ഞു.

 

‘എന്‍റെ സിനിമകളില്‍ മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും ബിജുമേനോനും ഒക്കെയാണ് ഹീറോയായി അഭിനയിക്കുന്നത്. അവരുടെയൊക്കെ നായികയാകാന്‍ നിനക്ക് പറ്റുമോ? മകളായി അഭിനയിക്കാനല്ലേ പറ്റുള്ളു. യൂത്തിന്‍റെ സിനിമ വരട്ടെ, അപ്പോ നോക്കാം.’ അന്ന സ്ക്കൂളില്‍ പഠിക്കുമ്പോ ഡ്രാമ ചെയ്തിട്ടുണ്ടെന്നൊക്കെ പറയുമെങ്കിലും ഞാനൊന്നും കണ്ടിട്ടില്ല. അങ്ങനെ കുറേനാള്‍ കൂടി കഴിഞ്ഞു. ഒരു ദിവസം അന്ന എന്നോട് പറഞ്ഞു, ഒരു പുതിയ സിനിമയ്ക്കുവേണ്ടി ഓഡിഷന് വിളിച്ചിരിക്കുന്നുവെന്ന്. ആഷിഖ് അബുവിന്‍റെ ടീമാണെന്നും പറഞ്ഞു. ഞാന്‍ അപ്പോള്‍ വിലക്കുകയാണ് ചെയ്തത്. കാരണം, വേറൊന്നുമല്ല, ഓഡിഷന് ഒരുപാട് കുട്ടികള്‍ വരും. അവര്‍ക്കിടയില്‍ പോയി ബുദ്ധിമുട്ടി നിന്നിട്ട് കിട്ടിയില്ലെങ്കില്‍ നാണക്കേടും കൂടിയാണ്, വെറുതെ അതിന് പോകണമോ എന്ന് ചോദിച്ചു.

 

 

‘പപ്പയോ എനിക്ക് റോള്‍ തരണില്ല. ഇങ്ങനെയെങ്കിലും പോയി നോക്കട്ടെ. പപ്പയുടെ മോളാണെന്നൊന്നും ഞാന്‍ പറയൂല്ല, വെറുതെ പോയി ഒന്ന് അറ്റന്‍ഡ് ചെയ്തോട്ടെ പപ്പാ.’ അതുപോലെ നിര്‍ബന്ധം പറഞ്ഞപ്പോള്‍ പിന്നെ ഞാന്‍ സമ്മതിച്ചു. ഞാന്‍ റെക്കമന്‍റ് ചെയ്യുകയുമൊന്നുമില്ലെന്നും അങ്ങനെ റെക്കമന്‍റ് ചെയ്ത് അഭിനയിക്കാനൊന്നും അവസരം കിട്ടുന്ന ഫീല്‍ഡല്ല സിനിമയെന്നും ഞാന്‍ പറഞ്ഞു. ബുദ്ധിമുട്ട് എല്ലാം സഹിച്ചുകൊള്ളാമെന്ന് പറഞ്ഞപ്പോള്‍ മോള്‍ക്ക് അത് ഒരു എക്സ്പീരിയെന്‍സാകട്ടെയെന്ന് ഞാനും കരുതി. അന്ന പോയി. തിരിച്ചുവന്നു. ആദ്യറൗണ്ടില്‍ സെലക്ഷന്‍ കിട്ടി. രണ്ടാമത്തെയും മൂന്നാമത്തെയും റൗണ്ട് കഴിഞ്ഞപ്പോള്‍ രണ്ടുപേരെ സെലക്ട് ചെയ്തതില്‍ ഒരാള്‍ അന്നയായിരുന്നു. ഫൈനല്‍ റൗണ്ടിലും അവര്‍ അന്നയെ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു.

 

അപ്പോഴും അവരാരും എന്‍റെ മകളാണ് അന്നയെന്ന കാര്യം അറിഞ്ഞിട്ടുണ്ടായിരുന്നില്ല. പിന്നീടാണ് ദിലീഷ് പോത്തനും ശ്യാം പുഷ്ക്കരനും കൂടി ഫാമിലി ഡീറ്റെയില്‍സ് ഒക്കെ ചോദിക്കുന്നത്. പപ്പയുടെ ജോലിയെക്കുറിച്ചന്വേഷിച്ചപ്പോള്‍ റൈറ്ററാണെന്നും സിനിമയില്‍ റൈറ്ററാണെന്നും പറഞ്ഞപ്പോള്‍ അവര്‍ അതാരാണെന്ന് തിരക്കി. എന്‍റെ മകളാണെന്നറിഞ്ഞപ്പോള്‍ അവര്‍ക്കും അതൊരു വലിയ സര്‍പ്രൈസായി തീര്‍ന്നു. അപ്പോ തന്നെ ദിലീഷ് എന്നെ വിളിച്ചു. എന്നിട്ടുപറഞ്ഞു. ‘മോള്‍ മിടുക്കിയാണ്, പറഞ്ഞതുപോലെയെല്ലാം ചെയ്തു.’ പിന്നീട് വീണ്ടും ഒരു വര്‍ക്ക് ഷോപ്പിലൊക്കെ പങ്കെടുത്തിട്ടാണ് അഭിനയിക്കാന്‍ തുടങ്ങിയത്. ക്യാരക്ടര്‍ എന്താണെന്ന് കൃത്യമായി അന്നയ്ക്കും എനിക്കുമൊന്നും അറിയില്ലായിരുന്നു.

 

 

ഇത് അവരുടെ സിനിമയാണെന്നും അവരുടെ അഭിപ്രായങ്ങള്‍ ഒബ്സര്‍വ്വ് ചെയ്യുകയും പറയുന്നതുപോലെ അഭിനയിക്കുകയും ചെയ്താല്‍ മതിയെന്ന് ഞാനും പറഞ്ഞുകൊടുത്തു. ഒന്ന് നിര്‍ത്തിയിട്ട് ബെന്നി പി നായരമ്പലം തുടര്‍ന്നു. ‘ഷൂട്ടിംഗ് തുടങ്ങുന്ന ദിവസം എന്നെ അവര്‍ ക്ഷണിച്ചിരുന്നു. മാത്രവുമല്ല, ഞാനായിരുന്നു സിനിമയുടെ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചതും. മകളുടെ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്ന ദിവസം ആദ്യമായി ക്യാമറയുടെ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിക്കാനും അങ്ങനെ എനിക്ക് ഭാഗ്യമുണ്ടായി. സിനിമ 100 ദിവസം ഓടുകയും പ്രേക്ഷകര്‍ സ്വീകരിക്കുകയും ചെയ്തു. അങ്ങനെഎല്ലാം കൊണ്ടും ഒരു അപ്പന്‍ എന്ന നിലയില്‍ സന്തോഷം തരുന്ന അനുഭവങ്ങളാണ് എനിക്കുണ്ടായത്.’ – ബെന്നിയുടെ വാക്കുകളില്‍ മധുരം പുരണ്ടിരുന്നു. ആ സന്തോഷം ബെന്നിയുടേത് മാത്രമല്ല, ഭാര്യ ഫുള്‍ജയുടേതും, അന്നാബെന്നിന്‍റെ അനുജത്തി സൂസന്നയുടേതും കൂടിയാണ്.

 

ജി. കൃഷ്ണന്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO