മാറാരോഗങ്ങളകറ്റുന്ന ധന്വന്തരീമൂര്‍ത്തി

പലവിധ മാറാരോഗങ്ങളാലും സന്താനസൗഭാഗ്യമില്ലായ്മ മുതലായ കൊടിയ ദുഃഖങ്ങളാലും കഷ്ടപ്പെടുന്നവര്‍ ആനയ്ക്കല്‍ ധന്വന്തരീ മൂര്‍ത്തി യില്‍ വിശ്വാസമര്‍പ്പിച്ച് അഭയം പ്രാപിച്ചാല്‍ ക്ഷിപ്രഫലപ്രാപ്തിയുണ്ടാകുമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. ഭഗവാന്‍റെ തിരുനടയില്‍ വെള്ളരിക്കയും കടുകും സമര്‍പ്പിച്ച് മനമുരുകി പ്രാര്‍ത്ഥിച്ചാല്‍ സര്‍വ്വവിധ... Read More

പലവിധ മാറാരോഗങ്ങളാലും സന്താനസൗഭാഗ്യമില്ലായ്മ മുതലായ കൊടിയ ദുഃഖങ്ങളാലും കഷ്ടപ്പെടുന്നവര്‍ ആനയ്ക്കല്‍ ധന്വന്തരീ മൂര്‍ത്തി യില്‍ വിശ്വാസമര്‍പ്പിച്ച് അഭയം പ്രാപിച്ചാല്‍ ക്ഷിപ്രഫലപ്രാപ്തിയുണ്ടാകുമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. ഭഗവാന്‍റെ തിരുനടയില്‍ വെള്ളരിക്കയും കടുകും സമര്‍പ്പിച്ച് മനമുരുകി പ്രാര്‍ത്ഥിച്ചാല്‍ സര്‍വ്വവിധ മാറാരോഗങ്ങളില്‍ നിന്നും മോചനം ലഭിക്കും. ഉത്സവകാലങ്ങളില്‍ കടുകുകൊണ്ടുള്ള പറ നിറയ്ക്കുവാന്‍ ഭയങ്കര തിരക്കനുഭവപ്പെടാറുണ്ട്. ശംഖ്, ചക്രം, ജളൂകം(അട്ട), അമൃതകലശം എന്നിവ നാല് തൃക്കൈകളില്‍ ഏന്തിയ പൂര്‍ണ്ണഅവതാര രൂപത്തിലാണ് ധന്വന്തരിമൂര്‍ത്തി ആനയ്ക്കല്‍ ക്ഷേത്രത്തില്‍ കുടികൊള്ളുന്നത്. വലതുകയ്യില്‍ അമൃതകലശം പിടിച്ചിട്ടുള്ള ധന്വന്തരി പ്രതിഷ്ഠ അപൂര്‍വ്വമാണ്.
തൃപ്പുത്തരിയുണ്ട് ഉദരരോഗം ബാധിച്ച് വിഷമത്തിലായ കൂടല്‍മാണിക്യസ്വാമിക്ക് ദിവ്യൗഷധമായി മുക്കുടി ഉപദേശിച്ചത് ശ്രീധന്വന്തരി മൂര്‍ത്തിയാണെന്നാണ് ഐതിഹ്യം. നാലമ്പല മൂര്‍ത്തികളായ ശ്രീരാമഭരതലക്ഷ്മണ ശത്രുഘ്നന്മാരുടെ ആസ്ഥാനവൈദ്യശ്രേഷ്ഠനായാണ് ധന്വന്തരിമൂര്‍ത്തിയെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

 

തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിനും മൂഴിക്കുളം ലക്ഷ്മണപ്പെരുമാള്‍ ക്ഷേത്രത്തിനും മദ്ധ്യത്തിലായാണ് ധന്വന്തരി മൂര്‍ത്തി ക്ഷേത്രം നിലകൊള്ളുന്നത്.
എല്ലാ മലയാളമാസത്തിലേയും ആദ്യഞായറാഴ്ച ക്ഷേത്രത്തില്‍ ഭഗവാന് മുക്കുടി ഔഷധം നിവേദിച്ച് ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്തുവരുന്നു. നേദ്യം കഴിഞ്ഞ് പ്രസന്നപൂജയ്ക്കാണ് മുക്കുടി നിവേദിക്കുന്നത്. മണ്‍കുടുക്കകളിലാണ് മുക്കുടി നിവേദിക്കുന്നത്. മുക്കുടി സേവിക്കുവാനായി നാടിന്‍റെ നാനാഭാഗത്തുനിന്നും നിരവധി ഭക്തജനങ്ങള്‍ ക്ഷേത്രത്തിലെത്തി ചേരാറുണ്ടെന്ന് 23 വര്‍ഷത്തോളമായി ഈ ക്ഷേത്രത്തില്‍ മേല്‍ശാന്തിയായ ശ്രീകുമാര്‍ ശര്‍മ്മ പറയുന്നു. മുക്കുടി കൂടാതെ ധന്വന്തരിമന്ത്രം കൊണ്ടുള്ള പുഷ്പാഞ്ജലിയും സര്‍വ്വരോഗ നിവാരണത്തിനായി മഹാനിവേദ്യവും ഉണ്ട്. വ്യത്യസ്ത അളവില്‍ നെയ്യും തേനും ചേര്‍ത്താണ് മഹാനിവേദ്യം തയ്യാറാക്കുന്നത്. ആയൂര്‍വ്വേദ വിധിപ്രകാരം നെയ്യും തേനും സമാസമം ചേര്‍ത്താല്‍ അത് വിഷമാണെങ്കിലും ഇവിടെ കാലങ്ങളായി മഹാനിവേദ്യമായി ധന്വന്തരിമൂര്‍ത്തിക്ക് നിവേദിച്ചുവരുന്നു.

 

ക്ഷേത്രത്തില്‍ നടന്ന അഷ്ടമംഗലപ്രശ്നവിധിപ്രകാരം ആനയ്ക്കല്‍ ശ്രീധന്വന്തരിക്ഷേത്രത്തിന് 2120 വര്‍ഷങ്ങളുടെ കാലപ്പഴക്കമുണ്ടെന്ന് തെളിഞ്ഞു. ഇന്ന് തീര്‍ത്തും മൂടപ്പെട്ടുപോയ ഒരു ജലാശയത്തില്‍ ഒരു ദിവ്യ തേജസ്സിനെ ദര്‍ശിച്ച ഒരു യതിവര്യന്‍, താന്‍ കണ്ട ആ ദിവ്യതേജസ്സിനെ ഇന്ന് കാണുന്ന ശിലാവിഗ്രഹത്തിലേയ്ക്ക് ആവാഹിച്ച് ലയിപ്പിച്ചതായും പറയപ്പെടുന്നു. പിന്നീട് തന്ത്രി കുടുംബമായ നകരമണ്ണ് മനയ്ക്കലെ ശ്രേഷ്ഠന്മാരായ ആചാര്യന്മാരുടെ നേതൃത്വത്തില്‍ ക്ഷേത്രനിര്‍മ്മാണം നടത്തുകയും ഭഗവാനെ പ്രതിഷ്ഠിക്കുകയും ചെയ്തു. കൂടല്‍മാണിക്യം ക്ഷേത്രതന്ത്രികളായ നകരമണ്ണ് മനക്കാര്‍ക്കാണ് ഇവിടെയും താന്ത്രികാവകാശം.
ക്ഷേത്രത്തിന്‍റെ സുവര്‍ണ്ണകാലഘട്ടത്തിലൊരിക്കല്‍ ഉത്സവത്തിനായി കൊണ്ടുവന്ന ഗജവീരന്മാരിലൊരുവന്‍ ഇടഞ്ഞ് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയും തത്സമയം തന്ത്രി ആചാര്യനും, ക്ഷേത്ര ഊരാളനും ഭക്തജനങ്ങളും കൂട്ടപ്രാര്‍ത്ഥന നടത്തിയതുമൂലം ഭഗവാന്‍, താന്‍ തന്നെ മുന്‍പൊരവസരത്തില്‍ അവതരിച്ച നരസിംഹമൂര്‍ത്തി രൂപത്തെ സ്മരിക്കുകയും അതുപ്രകാരം തന്‍റെ തന്നെ തട്ടകത്ത് ലക്ഷ്മിദേവിയോടൊപ്പം കുടികൊള്ളുന്ന ചൈതന്യം ആവിര്‍ഭവിക്കുകയും ആ തേജസ്സിനാല്‍ മദയാന ശിലയായി തീര്‍ന്നുവെന്നും ഐതിഹ്യം. ആന ശിലയായി തീര്‍ന്നതിന്‍റെ അവശിഷ്ടങ്ങള്‍ ക്ഷേത്രത്തിനടുത്ത് ഇന്നും ദൃശ്യമാണ്. ഈ ശില ആനപ്പാറ എന്ന പേരിലാണ് ഇന്നും നാട്ടില്‍ അറിയപ്പെടുന്നത്. ആന കല്ലായി തീര്‍ന്നതിനെതുടര്‍ന്നാണ് ആനയ്ക്കല്‍ എന്ന സ്ഥലപേര് വന്നത്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ആനയോടുകൂടിയ ഉത്സവം ക്ഷേത്രത്തില്‍ ഇല്ലാതാവുകയും ക്ഷേത്രവളപ്പിലേയ്ക്ക് ആനകള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടുകയും ചെയ്തു.

 

ഉപദേവന്മാരായി ഗണപതിയെ മതില്‍ക്കകത്ത് കന്നിമൂലയിലും ശാസ്താവിനെ ചുറ്റമ്പലത്തിന് പുറത്ത് കന്നിമൂലയിലും പ്രതിഷ്ഠിച്ചിട്ടുണ്ട്. ചുറ്റുമതില്‍ക്കകത്ത് നാഗപ്രതിഷ്ഠയുമുണ്ട്. ദിവസേനരാവിലെ 6 മണിക്ക് തുറന്ന് 9 മണിക്ക് അടയ്ക്കുന്നതും വൈകിട്ട് 6 മണി മുതല്‍ 7 മണിവരേയും നട തുറക്കുന്നതാണ്.

 

ധനുമാസത്തിലെ പത്താമുദയമാണ് പ്രധാന ഉത്സവം. മണ്ഡലം 40-ാം ദിവസമാണ് ആഘോഷിക്കുന്നത്. നവകം, പഞ്ചഗവ്യം, തന്ത്രിപൂജ മാത്രം. തിടമ്പ് എഴുന്നെള്ളിപ്പില്ല. കുംഭമാസത്തിലെ ഉത്തൃട്ടാതി നാളില്‍ പ്രതിഷ്ഠാദിനം ആചരിക്കുന്നു. പ്രതിഷ്ഠാദിനത്തിന് മൂര്‍ത്തിയെ വാദ്യഘോഷത്തിന്‍റെ അകമ്പടിയോടെ ക്ഷേത്രത്തിലേയ്ക്ക് എഴുന്നെള്ളിക്കും. വിദ്യാദേവത ക്ഷേത്രസങ്കേതത്തില്‍ അനുഗ്രഹം ചൊരിഞ്ഞുനില്‍ക്കുന്നതിനാല്‍ നവരാത്രിയോടനുബന്ധിച്ചുള്ള വിദ്യാരംഭത്തിന് നല്ല തിരക്കനുഭവപ്പെടാറുണ്ട്. നവരാത്രിയും ഇവിടെ ഗംഭീരമായി ആഘോഷിച്ചുവരുന്നു.

 

ശ്രീകോവിലിന്‍റെ പുറത്ത് ചുറ്റും രണ്ടര അടി വീതിയില്‍ വരാന്തയുണ്ട്. കല്ലുകളില്‍ പ്രാചീനമലയാളലിപിയാണ് കൊത്തിവച്ചിരിക്കുന്നത്. നട തുറന്നാല്‍ ആദ്യം മുഖമണ്ഡപം കാണാം. മൂന്ന് വാതിലുകളും ശ്രീകോവിലിനു ചുറ്റും ഇടനാഴിയുമുണ്ട്. മറ്റുക്ഷേത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്ത രീതിയിലാണ് ഇവിടുത്തെ ശ്രീകോവില്‍.
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഇരിങ്ങാലക്കുട നിന്നും ഏഴുകിലോ മീറ്റര്‍ തെക്കുമാറി മനയ്ക്കല്‍പ്പടി ബസ് സ്റ്റോപ്പില്‍ നിന്നും കുറച്ചുകിഴക്കുമാറിയാണ് ആനയ്ക്കല്‍ ധന്വന്തരിക്ഷേത്രം. നാലമ്പലതീര്‍ത്ഥാടകര്‍ക്ക് തൃപ്രയാറും കൂടല്‍മാണിക്യവും ദര്‍ശനം കഴിഞ്ഞാല്‍ മൂഴിക്കുളത്തേയ്ക്ക് പോകുന്ന റൂട്ടില്‍ വെള്ളാങ്ങല്ലൂര്‍ നിന്നും രണ്ടുകിലോ മീറ്റര്‍ തെക്കുമാറിയാണ് മനയ്ക്കല്‍പ്പടി. ധന്വന്തരിക്ഷേത്രത്തില്‍ നിന്നും കിഴക്കോട്ട് പോയാല്‍ മൂഴിക്കുളം റോഡില്‍ എത്തിച്ചേരാം. മൂഴിക്കുളത്തുനിന്നും തിരികെ വരുന്നവര്‍ക്ക് ആനയ്ക്കല്‍ ധന്വന്തരിമൂര്‍ത്തിയെ ദര്‍ശിച്ച് വെള്ളാങ്ങല്ലൂര്‍ വഴി പായമ്മല്‍ ശത്രുഘ്നമൂര്‍ത്തിയെ തൊഴുത് നാലമ്പലദര്‍ശനം അവസാനിപ്പിക്കുകയുമാകാം. നാലമ്പല തീര്‍ത്ഥാടനകാലത്ത് ആനക്കല്‍ ധന്വന്തരിക്ഷേത്രത്തിലും തിരക്കനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്.

 

ബാബുരാജ് പൊറത്തിശ്ശേരി
ഫോണ്‍: 9846025010

Show Less

No comments Yet

SLIDESHOW

LATEST VIDEO