കാത്തിരിക്കുന്നത് ഇതിലും വലിയ പ്രളയം

    ഡോ.വി.എസ്. വിജയന്‍   (മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയംഗം)   അശാസ്ത്രീയവും, വ്യാപകവുമായ ഖനനത്താല്‍ പശ്ചിമഘട്ട മലനിരകള്‍ ആകെ തളരുകയും ജനജീവിതത്തിന് ഭീഷണി ആകുന്ന വിധത്തില്‍ പാരിസ്ഥിതിക സംതുലനാവസ്ഥ അട്ടിമറിക്കപ്പെടുന്നുവെന്ന മുറവിളികള്‍ വിവിധ... Read More

 

 

ഡോ.വി.എസ്. വിജയന്‍

 

(മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയംഗം)

 

അശാസ്ത്രീയവും, വ്യാപകവുമായ ഖനനത്താല്‍ പശ്ചിമഘട്ട മലനിരകള്‍ ആകെ തളരുകയും ജനജീവിതത്തിന് ഭീഷണി ആകുന്ന വിധത്തില്‍ പാരിസ്ഥിതിക സംതുലനാവസ്ഥ അട്ടിമറിക്കപ്പെടുന്നുവെന്ന മുറവിളികള്‍ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നപ്പോഴാണ് അന്നത്തെ കേന്ദ്ര- വനം- പരിസ്ഥിതി വകുപ്പ് മന്ത്രി ജയറാം രമേശ്, ഈ വിഷയത്തെക്കുറിച്ച് പഠിക്കാനും, സുസ്ഥിരവികസനം ഉറപ്പുവരുത്തുന്ന ശാസ്ത്രീയ നിര്‍ദ്ദേശങ്ങള്‍ക്കുമായി മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയെ നിയോഗിച്ചത്. 2011 ലായിരുന്നു ഇത്.
പശ്ചിമഘട്ട മേഖലയെ മൂന്ന് സോണുകളാക്കി തിരിച്ച് അത്യന്തം കഠിനാദ്ധ്വാനം ചെയ്താണ് ഞങ്ങള്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കേരളത്തിലെ മലയോര മേഖലകള്‍ക്കൊപ്പം അതിരപ്പള്ളി, സൈലന്‍റ് വാലി, തട്ടേക്കാട്, പെരിയാര്‍ എന്നിവിടങ്ങളെക്കുറിച്ചും സവിശേഷപ്രാധാന്യത്തോടെയാണ് കമ്മിറ്റി പഠനം നടത്തിയത്. ഈ പ്രദേശങ്ങളെല്ലാം അതീവഗുരുതരമായ പാരിസ്ഥിതിക വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും, സ്ഥിതിഗതികള്‍ അത്യന്തം ഗുരുതരമാണെന്നുമുള്ള ഞെട്ടിക്കുന്ന വിവരമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. റിപ്പോര്‍ട്ടിന്‍റെ കരടുരൂപം ‘കറന്‍റ് സയന്‍സ് ജേര്‍ണലി’ല്‍ ഞങ്ങള്‍ പ്രസിദ്ധീകരിക്കുകയും, വിദഗ്ദ്ധരുടെ അഭിപ്രായനിര്‍ദ്ദേശങ്ങള്‍ ആരായുകയും ചെയ്തു. അത്തരം വിലയിരുത്തലുകള്‍ കൂടി വിശകലനം ചെയ്തുകൊണ്ടാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചത്.
നാടിന്‍റെ ഭാവിയും, ജനകീയ സുരക്ഷയും ഉറപ്പുവരുത്തുന്ന ശാസ്ത്രീയരേഖയായിരുന്നു ആ റിപ്പോര്‍ട്ട്. അത്രയധികം ഡാറ്റകള്‍ ശേഖരിച്ചുകൊണ്ട് ആഴത്തില്‍ പഠിച്ചുതയ്യാറാക്കിയതായിരുന്നു ആ റിപ്പോര്‍ട്ട്. പക്ഷേ, ചിലര്‍ക്ക് ആ റിപ്പോര്‍ട്ടിനെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞതേയില്ല. കാലാകാലമായി പശ്ചിമഘട്ട മലനിരകള്‍ വളഞ്ഞ വഴിയില്‍ സ്വന്തമാക്കിയവര്‍, അനധികൃതമായി ഭൂമി കയ്യേറിയവര്‍, ക്വാറി- മണല്‍ ലോബികള്‍ ഇവരുടെയൊക്കെ പിന്‍ബലത്താല്‍ ശക്തരാകുന്ന മത-രാഷ്ട്രീയ സംഘടനകള്‍ അവരെല്ലാം ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരേ രംഗത്തുവന്നു. അതും അന്നേവരെയില്ലാത്ത വിധത്തില്‍ കര്‍ഷകരുടേയും, സാധാരണക്കാരുടേയും പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കിക്കൊണ്ട്. ഈ റിപ്പോര്‍ട്ട് ഒരിക്കലും സാധാരണക്കാര്‍ക്ക് എതിരല്ല; അവര്‍ക്ക് ഒപ്പമാണുതാനും. പക്ഷേ കളവ് പ്രചരിപ്പിച്ചവര്‍ കര്‍ഷകജനതയെ ഭീതിയിലാഴ്ത്തി.

അസത്യം പ്രചരിപ്പിച്ച മതമേലധികാരികള്‍

കേരളത്തില്‍ ഇടുക്കി കേന്ദ്രീകരിച്ചായിരുന്നല്ലോ തുടക്കം. ഇപ്പോള്‍ അതൊന്ന് തിരിഞ്ഞുനോക്കാന്‍ പറ്റിയ അവസരമാണ്. ആര്‍ക്കുവേണ്ടിയാണ് അന്നാ നാടകങ്ങള്‍ അരങ്ങേറിയത്? ജനങ്ങളെ ഭീതിയിലാഴ്ത്തി സമരമുഖത്തേയ്ക്ക് തള്ളയിട്ട മതാധികാരികളേയും രാഷ്ട്രീയനേതാക്കളേയും നിയന്ത്രിച്ചിരുന്ന അദൃശ്യശക്തികള്‍ ആരായിരുന്നു? എത്രയോ നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട, അവരുടെ ആജീവനാന്ത സമ്പാദ്യങ്ങള്‍ എല്ലാം തകര്‍ന്ന് തരിപ്പണമായ ഈ സന്ദര്‍ഭത്തിലെങ്കിലും നാമത് അന്വേഷിക്കേണ്ടതല്ലേ?
ഇടുക്കിയിലെ മതാദ്ധ്യക്ഷര്‍ ഇറക്കിയ ഒരു ഇടയലേഖനം വായിച്ച്, ഞാന്‍ ഞെട്ടിപ്പോയി. മതത്തിലെ ഉന്നതസ്ഥാനീയര്‍ ഇങ്ങനെ കളവ് പറയാന്‍ പാടുണ്ടോ? ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒരിക്കലും പറഞ്ഞിട്ടില്ലാത്ത കാര്യങ്ങള്‍ ആവര്‍ത്തിച്ചുപറഞ്ഞ് അവര്‍ ജനങ്ങളെ പേടിപ്പിക്കുകയായിരുന്നു. റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ കൃഷിയിടത്തില്‍ നിന്ന് കര്‍ഷകരെ ഇറക്കിവിടും, ഇനി കൃഷി ചെയ്യാന്‍ കഴിയില്ല, പശുവിനെ വളര്‍ത്താന്‍ കഴിയില്ല, വീട് വെയ്ക്കാന്‍ കഴിയില്ല… അങ്ങനെ പോകുന്നു അസത്യപ്രചരണം. ചുരുക്കത്തില്‍ അത് വായിച്ചാല്‍ ആരും പേടിച്ചുപോകും. നോക്കൂ, ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനകത്ത് ഒരു വാചകമെങ്കിലും കര്‍ഷകര്‍ക്കോ, ആദിവാസി സമൂഹങ്ങള്‍ക്കോ എതിരായിട്ടില്ല. പക്ഷേ, അവര്‍ തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിച്ച് ഭീതി പരത്തി. യാഥാര്‍ത്ഥ്യമറിയാത്ത സാധുക്കള്‍ ആ പ്രചരണത്തില്‍ വിശ്വസിച്ചു. അക്രമോത്സുകമായ പ്രതിഷേധത്തിലേക്ക് അവര്‍ എടുത്തുചാടി. അദൃശ്യമാഫിയ ശക്തികള്‍ ഇതെല്ലാം കണ്ട് അണിയറയിലിരുന്ന് ചിരിക്കുകയായിരുന്നു.
താമരശ്ശേരിയില്‍ എത്ര ആപല്‍ക്കരമായാണിവര്‍ സാധാരണക്കാരെ, പരമ്പരാഗത കര്‍ഷകരെ തെരുവിലിറക്കിയത്. അവര്‍ക്കൊപ്പം ക്രിമിനലുകളും ചേര്‍ന്ന് ആസൂത്രിതമായി അഴിഞ്ഞാടി. പോലീസിനേയും, വനം വകുപ്പ് ഉദ്യോഗസ്ഥരേയും ആക്രമിച്ചു. വസ്തുവകകള്‍ തല്ലിത്തകര്‍ത്തു. വനംവകുപ്പ് ഓഫീസ് തകര്‍ത്തു. രേഖകള്‍ പെട്രോള്‍ ഒഴിച്ചുകത്തിച്ചു… ഈ രേഖകള്‍ എന്നന്നേക്കുമായി നശിപ്പിക്കുക എന്നതുതന്നെയായിരുന്നു ക്രിമിനലുകളുടെ ലക്ഷ്യം. കര്‍ഷകരെ മുന്നില്‍ നിര്‍ത്തി അതിവിദഗ്ദ്ധമായി അവരത് നിര്‍വ്വഹിച്ചു.
ഈ വിധം ആരവങ്ങള്‍ക്കിടയില്‍ യാഥാര്‍ത്ഥ്യം അധികപേരും തിരിച്ചറിയാതെ പോയി. ഞങ്ങള്‍ എവിടെയും കര്‍ഷകരെ കുടിയിറക്കണമെന്ന് പറഞ്ഞിട്ടില്ല. എന്നിട്ടും ആ വിധത്തില്‍ പ്രചരണം ശക്തമാക്കി. അന്നും ഞങ്ങള്‍ ചോദിച്ചു. ഇതെല്ലാം ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ എവിടെയെങ്കിലും കാണിച്ചുതരാമോ? അന്നത്തെ സമരക്കാരോട് ഈ സാഹചര്യത്തില്‍ വീണ്ടും ഞങ്ങള്‍ ചോദിക്കുകയാണ്. നിങ്ങള്‍ ആസൂത്രിതമായി പ്രചരിപ്പിച്ചവ ഈ റിപ്പോര്‍ട്ടിലൊന്ന് കാണിച്ചുതരൂ..

 

 

 

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കര്‍ഷകര്‍ക്കൊപ്പം

കര്‍ഷകരെ കൃഷിഭൂമിയില്‍ നിന്ന് മാറ്റണമെന്നല്ല, പകരം ശാസ്ത്രീയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി, കാര്‍ഷികജീവിതം പ്രകൃതിക്കനുസൃതമാക്കണമെന്നാണ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തത്. അതും കര്‍ഷകന്‍റെ ജീവിതത്തിന് ഒപ്പം നിന്ന്. കര്‍ഷകന് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥമാണെന്നും റിപ്പോര്‍ട്ടില്‍ പ്രാധാന്യത്തോടെ രേഖപ്പെടുത്തിയിട്ടുണ്ട്. അഞ്ചുകൊല്ലം കൊണ്ട് പശ്ചിമഘട്ട മേഖലയിലെ കൃഷിയിടങ്ങള്‍ രാസകൃഷിയില്‍ നിന്ന് ജൈവകൃഷിയിലേക്ക് മാറണമെന്നാണ് റിപ്പോര്‍ട്ട് പറഞ്ഞത്. പെട്ടെന്ന് ജൈവകൃഷിയിലേക്ക് മാറുമ്പോള്‍ വിളവ് കുറയും, ഈ നഷ്ടം പരിഹരിക്കാന്‍ സര്‍ക്കാര്‍ ധനസഹായം നല്‍കണം. മുപ്പത് ഡിഗ്രി ചരിവുള്ള ഇടങ്ങളില്‍ വാര്‍ഷിക വിളവുകള്‍ പാടില്ല എന്നായിരുന്നു മറ്റൊരു നിര്‍ദ്ദേശം. അതാണ് കപ്പപോലും നടാന്‍ കഴിയില്ല, ചേമ്പും ചേനയും നട്ടാല്‍ റവന്യൂക്കാര്‍ വന്ന് പിടിച്ചുകൊണ്ട് പോകും, കേസാക്കും എന്നൊക്കെ ചെറുകിട കര്‍ഷകരെ പറഞ്ഞ് പേടിപ്പിച്ചത്. പശുവിനെപ്പോലും വളര്‍ത്താന്‍ കഴിയില്ലെന്നുവരെ അവര്‍ പ്രചരിപ്പിച്ചു. എന്നാല്‍ യാഥാര്‍ത്ഥ്യമോ? കര്‍ഷകര്‍ക്ക് ബയോഗ്യാസ് പ്ലാന്‍റ് നിര്‍മ്മിക്കാനുള്ള സാമ്പത്തിക സഹായം വരെ നല്‍കണമെന്നാണ് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നത്. പാരിസ്ഥിതിക ദുര്‍ബലപ്രദേശങ്ങളില്‍ കൃഷി ചെയ്യുന്നവര്‍ക്ക് മറ്റ് ഇടങ്ങളില്‍ കൃഷി ചെയ്യാനുള്ള സൗകര്യം സര്‍ക്കാര്‍ ഉണ്ടാക്കിക്കൊടുക്കണം എന്നും, അത് ഭരണകൂടത്തിന്‍റെ ബാധ്യതയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. സാധാരണക്കാരായ കര്‍ഷകര്‍ക്ക് ഒരുവിധത്തിലുമുള്ള വിഷമവും ഉണ്ടാകരുതെന്ന നിര്‍ബന്ധബുദ്ധി ഞങ്ങള്‍ക്ക് ഉണ്ടായിരുന്നതുകൊണ്ടായിരുന്നു ഇത്. എന്നാല്‍ ആയിരക്കണക്കിന് ഹെക്ടര്‍ ഭൂമി കയ്യേറിയവര്‍, മലയിടിച്ച് തകര്‍ക്കുന്ന ക്വാറി മാഫിയകള്‍ സാധുകര്‍ഷകരുടെ മുന്നില്‍ ഇതെല്ലാം മറച്ചുവെച്ച്, തെറ്റി ഭിന്നിപ്പിക്കുകയായിരുന്നു.
ഇത്തരമൊരു സാഹചര്യത്തില്‍, ജനപക്ഷത്തുനിന്ന് യാഥാര്‍ത്ഥ്യം ബോദ്ധ്യപ്പെടുത്തേണ്ടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഗുരുതര അനാസ്ഥയാണ് പുലര്‍ത്തിയത്. അദൃശ്യമാഫിയ ശക്തികളുടെ സമ്മര്‍ദ്ദമായിരുന്നു അവര്‍ക്ക് മുഖ്യം. സമ്പത്തും, വോട്ട് ബാങ്ക് പൊളിറ്റിക്സും അനുകൂലമായി നിലപാട് എടുത്ത അപൂര്‍വ്വം ചിലരെ അതിക്രൂരമായാണ് ക്രിമിനല്‍ സംഘങ്ങള്‍ വേട്ടയാടിയത്. പി.ടി. തോമസ് എന്ന നേതാവിനെ ശവമഞ്ചമൊരുക്കി താക്കീത് നല്‍കിയ ദൃശ്യങ്ങളൊന്നും നമുക്ക് വിസ്മരിക്കാന്‍ കഴിയുന്നതല്ലല്ലോ? കര്‍ഷകരാണ്, കര്‍ഷകരുടെ ജീവിതമാണ് മുഖ്യം എന്ന നിലപാടാണ് എല്‍.ഡി.എഫും, യു.ഡി.എഫും ഒരുപോലെ കൈക്കൊണ്ടത്. വന്‍കിട സാമ്പത്തിക ലോബികള്‍ പ്രചരിപ്പിച്ച അസത്യ പ്രചരണങ്ങള്‍ ഇവര്‍ കൂടി ഏറ്റെടുത്ത് സ്വീകാര്യത വരുത്തുകയാണ് ഉണ്ടായത്. ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ദുരന്തങ്ങളുടെ പാപഭാരത്തില്‍നിന്ന് കൈകഴുകി മാറിനില്‍ക്കാന്‍ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കൊന്നും ധാര്‍മ്മികമായി ഒരവകാശവുമില്ല.
കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ശ്രമമാണ് ഈ വിഷയത്തില്‍ ബി.ജെ.പിയും നടത്തിയത്. 2014 ലെ തെരഞ്ഞെടുപ്പിന് മുന്‍പ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് വാദിച്ചവരാണ് ബി.ജെ.പിക്കാര്‍. ഭരണത്തില്‍ വന്നതിനുശേഷമാകട്ടെ അവര്‍ നിലപാട് മാറ്റുകയും ചെയ്തു. മതമേലധികാരികളുടേയും, അവരെയടക്കം നിയന്ത്രിക്കുന്ന വന്‍കിട സാമ്പത്തികശക്തികളുടേയും താല്‍പ്പര്യങ്ങള്‍ക്കൊപ്പമായിരുന്നു ഈ രാഷ്ട്രീയപ്രസ്ഥാനങ്ങളെല്ലാം അണിനിരന്ന് നിന്നത്. പ്രത്യക്ഷമായും, പരോക്ഷമായും.

ഇനിയും പാഠംപഠിക്കാത്ത നമ്മള്‍

കഴിഞ്ഞ തവണ പ്രളയം വന്നു, വന്‍ദുരന്തങ്ങള്‍ വിതച്ചു… നമ്മള്‍ എന്തെങ്കിലും പാഠങ്ങള്‍ പഠിച്ചോ? ഒന്നുമില്ല. ഇനിയൊരു പ്രളയം വന്നാല്‍ എങ്ങനെ നേരിടുമെന്നതിനെക്കുറിച്ച് ശാസ്ത്രീയമായ മുന്നൊരുക്കങ്ങള്‍ നടത്താനോ, അവധാനതയോടെ അത് നടപ്പാക്കാനോ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ല. ‘നവകേരള നിര്‍മ്മിതി’ അടക്കമുള്ള സര്‍ക്കാര്‍ തല മീറ്റിംഗുകളില്‍ ഞങ്ങളെപ്പോലെയുള്ളവര്‍ പങ്കെടുക്കുകയും, നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കുകയും ചെയ്തിരുന്നു. പക്ഷേ അതിലൊന്നും ഒരു നടപടിയും ഉണ്ടായതേയില്ല. പ്രളയത്തെക്കുറിച്ച് ആര്‍ക്കും മുന്‍കൂട്ടി പ്രവചനമൊന്നും നടത്താനാവില്ലല്ലോ. പക്ഷേ മുന്‍കരുതല്‍ എടുക്കാം, സുരക്ഷാനടപടികള്‍ കൈക്കൊള്ളാം. അതൊക്കെ ഉണ്ടായോ? ആത്മവിമര്‍ശനത്തോടെ വിലയിരുത്താന്‍ ഉത്തരവാദപ്പെട്ടവര്‍ ഇനിയെങ്കിലും തയ്യാറാകണം.
കാലാവസ്ഥാവ്യതിയാനത്തിന്‍റെ ഭാഗമായാണ് പ്രകൃതിദുരന്തങ്ങളുണ്ടാകുന്നത്. അത് വന്‍ പ്രളയമാകാം, മലയിടിച്ചിലാകാം. അത് തടയാന്‍ നമുക്ക് പെട്ടെന്ന് കഴിയില്ല. പക്ഷേ ഒന്ന് നമുക്ക് ചെയ്യാന്‍ കഴിയും. ദുരന്തങ്ങളുടെ ആഘാതശേഷി കുറച്ചുകൊണ്ടുവരികയെന്ന പരമപ്രധാനദൗത്യം. അനുഭവങ്ങള്‍ ഒട്ടേറെ ഉണ്ടായിട്ടും അത് നമ്മള്‍ ചെയ്തുവോ എന്നതാണ് അത്യന്തം പ്രധാനചോദ്യം. പശ്ചിമഘട്ട മേഖലകള്‍ എല്ലാംതന്നെ വാസ്തവത്തില്‍ പാരിസ്ഥിതിക ലോലമേഖലകളാണ്. അതുകൊണ്ടുതന്നെ മൊത്തം ഭാഗത്തെ കര്‍ശനന ഉപാധികളോടെ സംരക്ഷിക്കാന്‍ ആകില്ല. അതുകൊണ്ടാണ് പശ്ചിമഘട്ടത്തെ ആഘാതതോതനുസരിച്ച് മൂന്നായി തിരിച്ച് എന്തെല്ലാം ചെയ്യാം, എന്തെല്ലാം പാടില്ല എന്ന് നിഷ്കര്‍ഷിച്ചത്. പക്ഷേ, അതൊന്നും നടപ്പാക്കിയതേയില്ല.
ഒരു തത്ത്വദീക്ഷയുമില്ലാതെ മലനിരകള്‍ തകര്‍ത്ത് തരിപ്പണമാക്കുന്ന ക്വാറി മൈനിംഗിനെതിരെയായിരുന്നു ഞങ്ങളുടെ പ്രധാന നിര്‍ദ്ദേശം. ഒറ്റയടിക്ക് ഇവ നിര്‍ത്തണമെന്നില്ല. അതീവദുര്‍ബലമേഖലകളിലെ ക്വാറികള്‍ മൂന്നുനാല് വര്‍ഷങ്ങള്‍ കൊണ്ട് നിര്‍ത്തലാക്കണമെന്നാണ് ചൂണ്ടിക്കാണിച്ചത്. പുതിയവയ്ക്ക് ലൈസന്‍സ് കൊടുക്കരുത്. ലൈസന്‍സ് ഇല്ലാത്തവ ഉടനെ അടച്ചുപൂട്ടുകയും വേണം. ഇതായിരുന്നു നിര്‍ദ്ദേശം. എന്തെങ്കിലും നടന്നോ? ഒന്നുമില്ല.
കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പഠനമനുസരിച്ച് കേരളത്തില്‍ ഏകദേശം ആറായിരത്തോളം കരിങ്കല്‍ ക്വാറികളുണ്ട്. അതില്‍ പകുതിയിലേറെയും അനുമതി ലംഘിച്ച് പ്രവര്‍ത്തിക്കുന്നവയാണ്. അവയെല്ലാം ഇപ്പോഴും നിര്‍ബാധം പ്രവര്‍ത്തിക്കുന്നു.
ജനവാസമേഖലകളില്‍ നിന്നും 100 മീറ്റര്‍ അകലമെങ്കിലുമില്ലാതെ ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കരുതെന്നായിരുന്നു മറ്റൊരു നിര്‍ദ്ദേശം. അതാകട്ടെ, ഇപ്പോള്‍ 50 മീറ്ററായി കുറച്ചുകൊടുക്കുകയാണ് ചെയ്തത്. എന്തെല്ലാം ന്യായങ്ങള്‍ നിരത്തിയാലും പൊറുക്കാനാവാത്ത തെറ്റാണിത്.
സ്ഫോടനം നടത്തി പാറകള്‍ തകര്‍ക്കുമ്പോള്‍ അതിന്‍റെ ദൂഷ്യഫലങ്ങള്‍ അവിടെ മാത്രമല്ല, പാറക്കെട്ടിന്‍റെ ഇതരഭാഗങ്ങളിലേക്കും വ്യാപിക്കുന്നു. ആഘാതത്തിന്‍റെ ശക്തിയാല്‍ ഇതരപ്രദേശങ്ങളിലേക്ക് വിള്ളലുകളിലൂടെ വെള്ളമിറങ്ങി പാറക്കെട്ടുകള്‍ക്ക് ബലക്ഷയമുണ്ടാകുന്നു. പലപ്പോഴും പുറമേക്ക് ഇത് ദൃശ്യമാക്കില്ല എന്നുമാത്രം. അതിനെ പ്രതിരോധിക്കാന്‍ നാം തയ്യാറാവുക എന്നതാണ് പ്രധാനം.
ഒരു പ്രദേശത്ത് ഉരുള്‍പൊട്ടി കഴിഞ്ഞാല്‍ എവിടംവരെ അതിന്‍റെ ആഘാതം ഉണ്ടാകും എന്ന് കൃത്യമായി മാര്‍ക്ക് ചെയ്യണം. ആ ഭൂപ്രദേശത്തിനകത്ത് ഒരു കാരണവശാലും ജനങ്ങളെ താമസിപ്പിക്കാന്‍ അനുവദിക്കരുത്. ഡാമുകളുടെ ഓരോ സ്പിന്നും തുറക്കുമ്പോഴും എത്ര ലിറ്റര്‍ വെള്ളം പുറത്തുവരുമെന്നും അവയുടെ പ്രഹരശേഷി എത്രമാത്രം ശക്തമാണെന്നും മാര്‍ക്ക് ചെയ്യണം. ആ പരിധിക്കുള്ളില്‍ കെട്ടിടനിര്‍മ്മാണമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ അനുവദിക്കരുത്. പ്രശ്നങ്ങള്‍ വരുമ്പോഴല്ലല്ലോ പ്രവര്‍ത്തിക്കേണ്ടത്. മുന്‍കൂട്ടി അറിഞ്ഞ് അത് തടയുകയാണല്ലോ വേണ്ടത്.
ഈ പ്രദേശങ്ങളെ റെഡ് സോണാക്കി പ്രഖ്യാപിച്ച് ജനങ്ങളെ മാറ്റി നിര്‍ത്തുമ്പോള്‍ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നത് സ്വാഭാവികമാണ്. അത് പരിഹരിക്കേണ്ടത് സര്‍ക്കാരിന്‍റെ ചുമതലയാണ്. മാറ്റിപാര്‍പ്പിക്കുന്ന ജനങ്ങള്‍ക്കാവശ്യമുള്ളതെല്ലാം സര്‍ക്കാര്‍ നല്‍കണം. സര്‍ക്കാര്‍ തലത്തില്‍തന്നെ അവര്‍ക്ക് കൃഷിയിടവും, കെട്ടിടവുമെല്ലാം നല്‍കി പുനരധിവസിപ്പിക്കണം. ദുരന്തങ്ങള്‍ ഉണ്ടായശേഷമുള്ള രക്ഷാപ്രവര്‍ത്തനത്തേക്കാള്‍ എത്രയോ വലുതാണല്ലോ ഇതെല്ലാം. ഇതിന് സ്ഥലമുണ്ടോ എന്ന് ആശങ്കപ്പെടുന്നവര്‍ കണ്ടേക്കാം. സ്ഥലമുണ്ട് എന്നുതന്നെയാണ് ശാസ്ത്രീയമറുപടി. പിന്നെ വീടുകള്‍ അഞ്ചാറ് നിലകളിലായി ഫ്ളാറ്റുകള്‍ പോലെ പണിത് പരിഹരിക്കാവുന്നതേയുള്ളു ഇതെല്ലാം. പരിസ്ഥിതി ലോലപ്രദേശങ്ങളില്‍ നിര്‍മ്മാണ അനുമതി നല്‍കിയത് സര്‍ക്കാരിന്‍റെ വീഴ്ചയാണ്. അതുകൊണ്ട് പുനരധിവാസത്തിനും ഭരണകൂടത്തിന് ബാധ്യതയുണ്ട്.
ഒന്നോ രണ്ടോ മാസങ്ങള്‍ കൊണ്ട് പെയ്യുന്ന മഴ, ഒന്നോ രണ്ടോ ദിവസങ്ങള്‍ കൊണ്ടുപെയ്താല്‍ വെള്ളം എവിടേക്ക് ഒഴുകി പ്പോകും. ശക്തമായ ജലപ്രവാഹത്തെ പിടിച്ചുനിര്‍ത്തിയിരുന്നത് തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളുമൊക്കെയായിരുന്നു. വയലുകള്‍ നെല്ലുമാത്രമായിരുന്നില്ല തന്നിരുന്നത്. ജലസ്രോതസ്സുകളെ റീചാര്‍ജ്ജ് ചെയ്യുകയുമായിരുന്നു. അതെല്ലാം ബോധപൂര്‍വ്വം നാം മറന്നു.
അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശത്ത് കാട് വെച്ചുപിടിപ്പിക്കണമെന്ന് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. മഴവെള്ളം അമിതമായി കുത്തിയൊലിച്ച് ഡാമിലേക്ക് വരുന്നതിനെ ഇങ്ങനെ തടയാന്‍ കഴിയും. പുഴകളുടേയും മറ്റ് ജലാശയങ്ങളുടേയും തീരങ്ങളിലും മരങ്ങള്‍ വെച്ച് പിടിപ്പിക്കണം. പുഴയോരങ്ങളിലും അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ല.
പരിസ്ഥിതി ലോലപ്രദേശങ്ങളില്‍ എന്തൊക്കെ ചെയ്യാം, എന്തൊക്കെ പാടില്ല എന്ന് 40 മുതല്‍ 57 വരെ പേജുകളില്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതീവലോലം, മധ്യമേഖല, പരിസ്ഥിതി ലോലം എന്നിങ്ങനെയുള്ള സോണുകളില്‍ ആദ്യരണ്ട് സോണുകളിലും, ഖനനവും, ക്വാറികളും പാടില്ല എന്നും ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യതാമേഖലകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും ഞങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. അതെല്ലാം അവഗണിച്ച സര്‍ക്കാര്‍ ഖനനമാഫിയകള്‍ക്കും, പരിസ്ഥിതി ലംഘകര്‍ക്കും കീഴടങ്ങുകയായിരുന്നു. അതാണല്ലോ ജനവാസകേന്ദ്രങ്ങളില്‍ നിന്ന് ക്വാറികള്‍ സ്ഥാപിക്കാനുള്ള ദൂരപരിധി 100 മീറ്ററില്‍ നിന്ന് 50 മീറ്ററായി വെട്ടിക്കുറച്ചത്. ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍…
ഇല്ല, എത്രമാത്രം പ്രളയങ്ങള്‍ ഉണ്ടായാലും നമ്മള്‍ പാഠങ്ങള്‍ പഠിക്കില്ല.
സുസ്ഥിരവികസനമാകണം
ലക്ഷ്യം
ശാസ്ത്രീയമായ ബദല്‍ മാര്‍ഗ്ഗങ്ങള്‍ മുന്നോട്ടുവെയ്ക്കുമ്പോള്‍ വികസനവിരുദ്ധര്‍ എന്ന് മുദ്രകുത്തി യാഥാര്‍ത്ഥ്യത്തെ മറച്ചുവെയ്ക്കാനാണ് മൂലധന ശക്തികള്‍ എന്നും ശ്രമിച്ചിട്ടുള്ളത്. കേരളത്തില്‍ അദൃശ്യമാഫിയ ഉയര്‍ത്തി കാണിക്കുന്നതും രാഷ്ട്രീയ നേതാക്കള്‍ ഏറ്റുപാടുന്നതും ഈ വികസന വിരുദ്ധത എന്ന മുദ്രാവാക്യമാണ്. അതിന്‍റെ യാഥാര്‍ത്ഥ്യമെന്നത് ഈ പ്രളയം നമുക്ക് വ്യക്തമാക്കി തന്നിരിക്കുകയാണ്. തൊണ്ണൂറ് ശതമാനം ജനങ്ങള്‍ക്കും അത് ഇതിനോടകം വ്യക്തമായിട്ടുണ്ട്.
ഇനി നമ്മുടെ ലക്ഷ്യം സുസ്ഥിരവികസനമെന്നതിനാകണം. സര്‍ക്കാര്‍ അതിന് നേതൃത്വപരമായ പങ്ക് വഹിക്കണം. ഈഗോ മാറ്റിവച്ച് എല്ലാ രാഷ്ട്രീയപാര്‍ട്ടി നേതൃത്വവും ഒരുമിച്ച് ചര്‍ച്ച ചെയ്ത് രൂപരേഖ തയ്യാറാക്കണം. നിയമസഭയിലിത് പാസാക്കണം. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്ക് വെള്ളം ചേര്‍ക്കാന്‍ കഴിയാത്ത സുദൃഢരേഖയായത് മാറണം. നമ്മുടെ നാടിനെ, നാട്ടാരെ സംരക്ഷിക്കാന്‍ അതൊന്ന് മാത്രമേ നമുക്ക് മുന്നിലുള്ളൂ.
സുസ്ഥിര വികസനകാഴ്ചപ്പാട് ആകണം നമ്മുടെ ലക്ഷ്യം. അതാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിവരയിട്ട് ചൂണ്ടിക്കാണിച്ചിരുന്നത്. ദുരന്തങ്ങളുടെ ഈ പേമാരികള്‍ക്കും ഉരുള്‍പൊട്ടലിനുമിടയില്‍ അതിന്‍റെ അന്തഃസത്തകള്‍ തിരിച്ചറിയാനും അത് പ്രാവര്‍ത്തികമാക്കുവാനുമുള്ള ആര്‍ജ്ജവം ഭരണാധികാരികള്‍ കാണിക്കുമോ? എല്ലാം നിയന്ത്രിക്കുന്ന അദൃശ്യശക്തികള്‍ക്ക് മുന്നില്‍ ഭരണകൂടങ്ങള്‍ ഇനിയും നിശ്ശബ്ദരായേക്കാം. അതിനുമുന്നില്‍ കീഴടങ്ങാതെ പ്രതിരോധമുയര്‍ത്തുക എന്നതുതന്നെയാണ് ഇന്ന് ഏതൊരു പൗരന്‍റെയും പ്രഥമമായ കര്‍ത്തവ്യം എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. അത് ചെയ്തില്ലെങ്കില്‍ വരും കാലം നമുക്ക് മാപ്പ് നല്‍കില്ല.

Show Less

No comments Yet

SLIDESHOW

LATEST VIDEO