അജുവര്‍ഗ്ഗീസ് തിരക്കഥാകൃത്താവുന്നു, ചിത്രം ‘സാജന്‍ ബേക്കറി Since 1962’

അജുവര്‍ഗ്ഗീസ് ആദ്യമായി ഒരു സിനിമയ്ക്കുവേണ്ടി തിരക്കഥയെഴുതുന്നു. സാജന്‍ ബേക്കറി Since 1962  എന്നാണ് ചിത്രത്തിന്‍റെ പേര്. സംവിധയകന്‍ അരുണ്‍ ചന്തുവിനോടൊപ്പമാണ് അജു തിരക്കഥാ പങ്കാളിയാകുന്നത്. 'നാന'യ്ക്ക് അനുവദിച്ച സുദീര്‍ഘമായ അഭിമുഖത്തിലാണ് അജു ഇക്കാര്യം ആദ്യമായി... Read More

അജുവര്‍ഗ്ഗീസ് ആദ്യമായി ഒരു സിനിമയ്ക്കുവേണ്ടി തിരക്കഥയെഴുതുന്നു. സാജന്‍ ബേക്കറി Since 1962  എന്നാണ് ചിത്രത്തിന്‍റെ പേര്. സംവിധയകന്‍ അരുണ്‍ ചന്തുവിനോടൊപ്പമാണ് അജു തിരക്കഥാ പങ്കാളിയാകുന്നത്. ‘നാന’യ്ക്ക് അനുവദിച്ച സുദീര്‍ഘമായ അഭിമുഖത്തിലാണ് അജു ഇക്കാര്യം ആദ്യമായി വെളിപ്പെടുത്തിയതും. അഭിമുഖത്തില്‍ പൂര്‍ണ്ണരൂപം വായിക്കാം.

 

അജുവര്‍ഗ്ഗീസ് സിനിമയുടെ തിരുവരങ്ങിലെത്തിയിട്ട് ഒരു പതിറ്റാണ്ടാകുന്നു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്ട്സ് ക്ലബ്ബിലൂടെയായിരുന്നു അരങ്ങേറ്റം. ‘മലര്‍വാടി ആര്‍ട്ട്സ് ക്ലബ്ബി’ലെ കിട്ടുവില്‍ നിന്ന് ‘ആദ്യരാത്രി’യിലെ കുഞ്ഞുമോനിലേക്കുള്ള യാത്രയ്ക്കിടെ അജു നടന്നും ഓടിയും പിന്നിട്ട ദൂരം ഹ്രസ്വമല്ല. ആ സഞ്ചാരപഥത്തിനിടെ അജു ആടിത്തിമിര്‍ത്തത് 104 വേഷങ്ങള്‍. ഒന്നും കനപ്പെട്ട കഥാപാത്രങ്ങളായിരുന്നില്ല. പക്ഷേ അതിലെല്ലാം അജുവിന്‍റെ സ്നേഹം പുരണ്ടിട്ടുണ്ട്. ഇതിനിടെ ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവുമായി. ഇനി അധികദൂരമില്ല ഒരു കോ- റൈറ്ററുടെ ദൗത്യത്തിലേക്ക് നടന്നടുക്കാന്‍. അജു സംസാരിക്കുന്നു…

 

സിനിമയിലേക്കുള്ള കടന്നുവരവ് സ്വപ്നമോ അതോ അവിചാരിതമോ?

 

സിനിമ സ്വപ്നം തന്നെയായിരുന്നു. ഏതൊരു ചെറുപ്പക്കാരന്‍റെയും ചിന്തകളില്‍ അതുണ്ടാകും. പക്ഷേ അഭിനേതാവായത് തികച്ചും ആകസ്മികമായിട്ടാണ്.

 

അതിനര്‍ത്ഥം അഭിനേതാവാകാന്‍ ഇഷ്ടമില്ലായിരുന്നെന്നാണോ?

 

അതേ. അതിനുള്ള കഴിവോ ആത്മവിശ്വാസമോ എനിക്ക് ഇല്ലായിരുന്നു.

 

എന്നിട്ടും എങ്ങനെയാണ് സിനിമ സ്വപ്നമായത്?

 

സിനിമ മനസ്സില്‍ കുടിയേറുന്നത് കോളേജില്‍ പഠിക്കുന്ന സമയത്താണ്. അന്ന് നിരന്തരം സിനിമകള്‍ കാണുമായിരുന്നു. ആദ്യമൊക്കെ എന്‍ജോയ്മെന്‍റിന്‍റെ ഭാഗമായിരുന്നു. പതിയെ സിനിമയെ ഇഷ്ടപ്പെടാന്‍ തുടങ്ങി. അപ്പോഴും ഒരു നടനാകണമെന്ന് ആഗ്രഹിച്ചിട്ടില്ല. ക്രിയേറ്റീവ് സൈഡില്‍ വര്‍ക്ക് ചെയ്യാനായിരുന്നു ഇഷ്ടം.

 

ക്രിയേറ്റീവ് സൈഡ് എന്നതുകൊണ്ട് ഉദ്ദേശിച്ചത്?

 

സ്ക്രിപ്റ്റ് റൈറ്ററായിട്ടോ അസിസ്റ്റന്‍റ് ഡയറക്ടറായിട്ടോ അങ്ങനെഏതെങ്കിലും.

 

 

പഠിക്കുന്ന സമയത്ത് കലാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നോ?

 

ഒരു തരത്തിലുള്ള കലാപ്രവര്‍ത്തനങ്ങളിലും ഞാന്‍ പങ്കാളിയായിരുന്നില്ല. പകരം ഏറ്റവും പിന്‍ബഞ്ചിലിരുന്ന്, എല്ലാവരേയും കളിയാക്കുന്ന ഒരു അലമ്പ് ടീം എല്ലാ കാമ്പസുകളിലും ഉണ്ടാകുമല്ലോ. അക്കൂട്ടത്തിലായിരുന്നു എന്‍റെയും സ്ഥാനം. ആ സമയത്തും ഞാന്‍ എല്ലാ വിനോദങ്ങളെയും ഇഷ്ടപ്പെട്ടിരുന്നു.

 

അജുവും വിനീത് ശ്രീനിവാസനും കോളേജിലെ സഹപാഠികളായിരുന്നു എന്ന് കേട്ടിട്ടുണ്ട്.?

 

ചെന്നൈയിലെ കെ.സി.ജി എഞ്ചിനീയറിംഗ് കോളേജിലാണ് ഞങ്ങള്‍ പഠിച്ചിരുന്നത്. ബാച്ച്മേറ്റ്സായിരുന്നു. വിനീത് മെക്കാനിക്കും ഞാന്‍ ഇലക്ട്രോണിക്സും ഐച്ഛികവിഷയമായെടുത്താണ് പഠിച്ചത്.

 

വിനീതുമായുള്ള സൗഹൃദം തുടങ്ങുന്നത് എങ്ങനെയാണ്?

 

ചെന്നൈയിലാകുമ്പോള്‍ പ്രത്യേകിച്ചും നമ്മളെ കൂട്ടിയിണക്കുന്ന ആദ്യത്തെ കണ്ണി മലയാളി ഗ്രൂപ്പുകളായിരിക്കുമല്ലോ. അങ്ങനെയാണ് വിനീതിനെയും പരിചയപ്പെടുന്നത്. നടന്‍ ശ്രീനിവാസന്‍റെ മകന്‍ എന്നൊരു ഐഡന്‍റിറ്റി ഒഴിച്ചാല്‍ സാധാരണ വിദ്യാര്‍ത്ഥി മാത്രമായിരുന്നു വിനീത്. ഫസ്റ്റ് ഇയറിനുശേഷമാണ് വിനീത് സിനിമയില്‍ പിന്നണി പാടുന്നത്. കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തിലെ കസവിന്‍റെ തട്ടമിട്ട് എന്നുതുടങ്ങുന്ന ഗാനം. അതോടെയാണ് വിനീത് കാമ്പസിലെ താരമാകുന്നത്. പാട്ടുപാടാന്‍ വിനീതിന് ഭയങ്കര ഇഷ്ടമായിരുന്നു. ആര് എപ്പോള്‍ പറഞ്ഞാലും വിനീത് പാട്ടുപാടും. ഒരു മടിയും കാട്ടിയിരുന്നില്ല. ഇന്നും ആ സ്വഭാവത്തിന് വലിയ മാറ്റമൊന്നുമുണ്ടായിട്ടില്ല.

 

വിനീതുമായുള്ള സൗഹൃദമാണ് ശരിക്കും അജുവിനെ സിനിമിലേക്ക് എത്തിച്ചത്, അല്ലേ?

 

തീര്‍ച്ചയായും അതേ. കോളേജില്‍നിന്ന് പഠിച്ചിറങ്ങിയ ശേഷവും വിനീതിന്‍റെ വിശേഷങ്ങള്‍ ഞാനറിയുന്നുണ്ടായിരുന്നു. ഇടയ്ക്ക് ഫോണില്‍ വിളിക്കുമ്പോള്‍ കാര്യങ്ങള്‍ അപ്ഡേറ്റ് ചെയ്യുമായിരുന്നു. അങ്ങനെയാണ് വിനീത് ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നുണ്ടെന്നും അതിന്‍റെ നിര്‍മ്മാതാവ് നടന്‍ ദിലീപാണെന്നുമൊക്കെ അറിയുന്നത്. അപ്പോള്‍ എന്‍റെ മനസ്സിലൊരു ആഗ്രഹം മുളപൊട്ടി. ആ സിനിമയില്‍ ഒരു അസിസ്റ്റന്‍റ് ഡയറക്ടറായി എന്നെക്കൂടി നിര്‍ത്താന്‍ വിനീതിനോട് പറയണം. ആ മോഹവും ഉള്ളില്‍ പേറി നടക്കുമ്പോഴാണ് വിനീതിന്‍റെ അപ്രതീക്ഷിതമായ ചോദ്യം എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നത്.

 

ഇതില്‍ നിനക്ക് പറ്റിയ ഒരു വേഷമുണ്ട് ചെയ്തുനോക്കുന്നോ?’

 

സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടുന്ന അവസ്ഥയിലായിരുന്നു ഞാന്‍. അതുവരെ സ്വപ്നം കാണാതിരുന്ന ഒരു കാര്യത്തെക്കുറിച്ചാണ് വിനീത് ചോദിക്കുന്നത്. ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു. എങ്കില്‍ ഓഡിഷന് കയറേണ്ടി വരുമെന്ന് വിനീത് ഓര്‍മ്മിപ്പിച്ചു. ഓഡിഷനിലും പങ്കെടുത്തു. അതിനും ശേഷമാണ് മലര്‍വാടിയിലേക്ക് കാസ്റ്റ് ചെയ്യുന്നത്. കോളേജില്‍ പഠിക്കുന്ന സമയത്ത് ദിവസവും വീട്ടില്‍ നിന്ന് വന്നുപോകുന്ന കുട്ടിയായിരുന്നു വിനീത്. ഞാനാകട്ടെ ഹോസ്റ്റലില്‍നിന്നാണ് പഠിക്കുന്നത്. ഇടയ്ക്ക് വിനീത് ഹോസ്റ്റലിലേക്ക് വരും. അന്നത്തെ എന്‍റെ വസ്ത്രധാരണ രീതികളും കുസൃതിത്തരങ്ങളുമൊക്കെ വിനീതിന്‍റെ ശ്രദ്ധയില്‍ പെട്ടിരിക്കണം.

 

പിന്നീട് വിനീത്, മലര്‍വാടി ക്ലബ്ബിനുവേണ്ടി എഴുതാന്‍ തുടങ്ങുന്ന സമയത്ത് കിട്ടു എന്ന കഥാപാത്രം എങ്ങനെയോ ഞാനുമായി റിലേറ്റ് ചെയ്തിട്ടുണ്ടാകണം. അതായിരിക്കാം വിനീത് ആ കഥാപാത്രം ചെയ്യാന്‍ എന്നെ വിളിച്ചതും. ഞാന്‍ പറഞ്ഞുവല്ലോ, അതിന് മുമ്പൊന്നും എനിക്ക് പാടാന്‍ കഴിയുമെന്നോ നൃത്തം ചെയ്യാനാകുമെന്നോ അഭിനയിക്കാന്‍ കഴിയുമെന്നോ ഉള്ള ആത്മവിശ്വാസമില്ലായിരുന്നു. സത്യത്തില്‍ വിനീതാണ് എന്നിലെ കലാകാരനെകണ്ടെത്തുന്നത്. എനിക്കും ഇതൊക്കെ ചെയ്യാന്‍ കഴിയുമെന്നുള്ള ആത്മവിശ്വാസം ഊട്ടിയുറപ്പിക്കുന്നത്.

 

ഓഡിഷന് പോകുമ്പോള്‍ ഭയമുണ്ടായിരുന്നോ?

 

വല്ലതും അറിഞ്ഞിട്ടുവേണ്ടേ പേടിക്കാന്‍. അതുകൊണ്ടുതന്നെ വളരെ കൂളായിരുന്നു. വിനീത് പറഞ്ഞുതന്ന കാര്യങ്ങള്‍ അതേപടി അനുസരിക്കുന്ന ജോലിയേ പിന്നീടും എനിക്കുണ്ടായിരുന്നുള്ളു. അക്കാര്യത്തില്‍ ഒരു വീഴ്ചയും വരുത്തിയിട്ടില്ല. നൂറ് ശതമാനവും ആത്മാര്‍ത്ഥതയോടെ ജോലി ചെയ്തു. ഇന്നും അതാണ് പിന്തുടരുന്നത്. എഞ്ചിനീയറിംഗ് പഠിച്ചിറങ്ങിയ ശേഷം എച്ച്.എച്ച്.വി.സി എന്ന കമ്പനിയില്‍ വര്‍ക്ക് ചെയ്തിരുന്നു. അവിടുത്തെ എച്ച്. ആര്‍ ഡിപ്പാര്‍ട്ടുമെന്‍റില്‍. അന്നും ഞാന്‍ ഉഴപ്പിയിട്ടില്ല. ചെയ്യുന്ന ജോലിയോട് സത്യസന്ധത പുലര്‍ത്താന്‍ എന്നും ശ്രദ്ധിച്ചിട്ടുണ്ട്.

 

 

ഒരു കമ്പനിയില്‍ ജോലിചെയ്തിരുന്നു എന്ന് പറഞ്ഞതുകൊണ്ടുകൂടി ചോദിക്കുകയാണ്, ഇനി ഒരുപക്ഷേ സിനിമാനടനായില്ലായിരുന്നെങ്കില്‍ ആരാകുമായിരുന്നു?

 

എഞ്ചിനീയറിംഗ് ബിരുദം കൊണ്ട് മാത്രം കാര്യമില്ലെന്നറിയാമായിരുന്നു. അതുകൊണ്ട് എം.ബി.എ എടുക്കണമെന്നൊക്കെ പ്ലാന്‍ ചെയ്തിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ ഏതെങ്കിലും കമ്പനിയുടെ തലപ്പത്ത് ജോലി ചെയ്യുന്നുണ്ടായിരിക്കണം.

 

ഒരിക്കല്‍ അജുവിന്‍റെ ഭാര്യ അഗസ്റ്റീനപറഞ്ഞതോര്‍ക്കുന്നു, അജുവിനെവിവാഹം കഴിച്ചത് അദ്ദേഹം ഒരു നടനായതുകൊണ്ടല്ല മറിച്ച് ഒരു എഞ്ചിനീയറിംഗ് ബിരുദധാരിയായതുകൊണ്ടാണെന്നാണ്. ഒരു പ്രൊഫഷണല്‍ ഡിഗ്രി സ്വന്തമാക്കിയത് മറ്റെന്തിനേക്കാളും വിലമതിക്കുന്നുണ്ടോ?

 

അതിന്‍റെ മുഴുവന്‍ ക്രെഡിറ്റും എന്‍റെ അച്ഛനും അമ്മയ്ക്കും മാത്രം അവകാശപ്പെട്ടതാണ്. രണ്ടുപേരും ഇലക്ട്രിസിറ്റി ബോര്‍ഡിലെ എഞ്ചിനീയര്‍മാരായിരുന്നു. ഞാനൊരു പ്രൊഫഷണല്‍ ഡിഗ്രി നേടണമെന്നുള്ളത് അവരുടെ സ്വപ്നമായിരുന്നു. അതിനുവേണ്ടി അവര്‍ നിരന്തരം എന്നെ ഉപദേശിച്ചുകൊണ്ടിരുന്നു, ഞാനത് കാര്യമാക്കിയിരുന്നെങ്കിലും. പക്ഷേ ഇന്നാ ഡിഗ്രിയാണ് എന്‍റെ ധൈര്യം. സിനിമ പോലെ തീര്‍ത്തും അനിശ്ചിതാവസ്ഥയുള്ള രംഗത്താണ് ഞാന്‍ വര്‍ക്ക് ചെയ്യുന്നത്. ഇപ്പോള്‍ വേഷങ്ങള്‍ കിട്ടുന്നുണ്ട്. നാളെ അത് കിട്ടുമെന്ന് ഒരു ഉറപ്പുമില്ല. അപ്പോഴും എനിക്ക് നിരാശപ്പെടേണ്ടി വരില്ല. എനിക്ക് മറ്റൊരു തൊഴിലിന് അപേക്ഷിക്കാം. അത് തേടിപോകാം. ആരുമെന്നെ അകറ്റിനിര്‍ത്തില്ല.

 

സിനിമയില്‍ സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുന്നയാളാണോ അജു?

 

സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ ഞാന്‍ എന്നും ശ്രദ്ധ വച്ചിട്ടുണ്ട്. ജീവിതത്തില്‍ അങ്ങനെഒരുപാട് സൗഹൃദങ്ങളുണ്ട്. സിനിമയ്ക്കുള്ളിലും സിനിമയ്ക്ക് പുറത്തും. ഒരു കാലത്ത് ഞാന്‍ കാണാന്‍ ആഗ്രഹിച്ചിരുന്നവര്‍ക്കും ആരാധിച്ചിരുന്നവര്‍ക്കുമൊപ്പമാണ് അഭിനയിക്കാന്‍ അവസരങ്ങളുണ്ടായത്. അവരോടൊക്കെ സംസാരിച്ചിരിക്കാനും അടുക്കാനുമൊക്കെ കഴിഞ്ഞത് എന്‍റെ ഭാഗ്യമാണ്. സിനിമയില്‍ സമപ്രായക്കാരായ വേറെയും അഭിനേതാക്കളുണ്ട്. അവരോടും ഞാന്‍ കറകളഞ്ഞ സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. ചുരുക്കത്തില്‍ എല്ലാവരുമായും എനിക്ക് നല്ല സൗഹൃദമാണുള്ളത്. എന്നാല്‍ എനിക്കേറ്റവും മികച്ച സുഹൃത്തുക്കളില്ല. അതിന് കാരണം ഞാനൊരു സ്വാര്‍ത്ഥമതിയായതുകൊണ്ടാകാം.

 

അജു ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ‘കമല'(രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം) നിങ്ങളുടെ 104-ാമത്തെ ചിത്രമല്ലേ?

 

അതെ. എന്‍റെ അഭിനയജീവിതത്തിന്‍റെ ഏടുകള്‍ പരിശോധിച്ചാല്‍ അസാധാരണമായ ചില കൗതുകങ്ങള്‍ കാണാം. ഞാനഭിനയിച്ച ആദ്യ ചിത്രം സംവിധാനം ചെയ്തത് വിനീത് ശ്രീനിവാസനാണ്. എന്‍റെ 101-ാമത്തെ ചിത്രത്തിന്‍റെ സംവിധായകന്‍ വിനീതിന്‍റെ അനുജന്‍ ധ്യാന്‍ ശ്രീനിവാസനാണ്. ഞാനഭിനയിച്ച നൂറാമത്തെ ചിത്രം സച്ചിനായിരുന്നു. അറിയാമല്ലോ സച്ചിന്‍ ടെണ്ടുല്‍ക്കറെന്ന ക്രിക്കറ്ററെ നാമോര്‍ക്കുന്നത് സെഞ്ച്വറിമാന്‍ എന്ന നിലയിലാണല്ലോ. വെറും കൗതുകങ്ങള്‍ക്കപ്പുറം ഇതൊക്കെ ഒരു നിയോഗമാണെന്നും ഞാന്‍ വിശ്വസിക്കുന്നു.

 

 

ലൗ ആക്ഷന്‍ ഡ്രാമയുടെ നിര്‍മ്മാണ ദൗത്യം ഏറ്റെടുക്കാനുള്ള കാരണമെന്തായിരുന്നു?

 

കുഞ്ഞിരാമായണത്തിലും പിന്നീട് അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിലുമായി അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ ധ്യാന്‍ പറഞ്ഞ ഒരു ത്രെഡ്ഡാണ് ലൗ ആക്ഷന്‍ ഡ്രാമയുടേത്. ഞാനും ധ്യാനും ഒരുമിച്ചഭിനയിക്കുന്ന ചിത്രമെന്ന നിലയിലാണ് അതിന്‍റെ ആദ്യവട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതും. അതിനൊരു വണ്‍ലൈന്‍ ആയി കഴിഞ്ഞപ്പോള്‍ ധ്യാന്‍ തന്നെ സംവിധാനം ചെയ്യാമെന്നൊരു തീരുമാനത്തിലേക്കെത്തി. സംവിധാനത്തോടൊപ്പം അഭിനയം കൂടിയായാല്‍ ബുദ്ധിമുട്ടാകും എന്ന് വന്നപ്പോഴാണ് ഇതിന്‍റെ കഥ ഞങ്ങള്‍ നിവിന്‍പോളിയോട് പറയുന്നത്. കഥ നിവിനും ഇഷ്ടമായി. അതെഴുതി പൂര്‍ത്തിയാക്കാന്‍ നിവിന്‍, ധ്യാനിനോട് പറയുന്നു. പിന്നെയും ഒരുപാട് ചര്‍ച്ചകള്‍ നടന്നു. അതിനുശേഷമാണ് നിവിന്‍ സമ്മതിക്കുന്നത്. സുഹൃത്തുക്കള്‍ ഒരുമിക്കുന്ന ഒരു ചിത്രമെന്ന നിലയില്‍ അതിന്‍റെ നിര്‍മ്മാണം കൂടി ഏറ്റെടുത്താലോ എന്ന ചിന്ത അതിനുശേഷം സംഭവിക്കുന്നതാണ്. അങ്ങനെ ഞാനതിന്‍റെ നിര്‍മ്മാതാവുമായി.

 

നയന്‍താരയെപ്പോലെ കോടികള്‍ പ്രതിഫലം വാങ്ങുന്ന ഒരഭിനേത്രിയെ ആ സിനിമയിലേക്ക് കാസ്റ്റ് ചെയ്യാന്‍ ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ അജു എടുത്ത ധൈര്യത്തെ സമ്മതിക്കണമല്ലോ?

 

നയന്‍താരയുടെ പ്രതിഫലത്തെക്കുറിച്ച് പരാമര്‍ശിച്ചതുകൊണ്ടുമാത്രം പറയട്ടെ, ഇതൊരു മലയാള ചിത്രമെന്ന നിലയിലും ഞങ്ങളുടെയൊക്കെ ആദ്യസംരംഭമെന്ന നിലയിലും അവര്‍ വളരെ ചെറിയ പ്രതിഫലം വാങ്ങിക്കൊണ്ടാണ് ഞങ്ങളോടൊപ്പം സഹകരിച്ചത്. അത് ഞങ്ങള്‍ക്ക് ലഭിച്ച വലിയ അനുഗ്രഹമായിരുന്നു. തീര്‍ച്ചയായും നയന്‍താരയെപോലൊരു അഭിനേത്രിക്ക് കിട്ടുന്ന മാര്‍ക്കറ്റ് ചെറുതല്ല. അതും ലൗ ആക്ഷന്‍ സിനിമയുടെ വിജയത്തിന് വലിയ പരിധിവരെ സഹായകമായിട്ടുണ്ട്.

 

നയന്‍താരയിലേക്ക് എത്തിച്ചേര്‍ന്നത് എങ്ങനെയാണ്?

 

വിനീതാണ് അപ്പോയിന്‍മെന്‍റ് എടുത്തുതന്നത്. കഥ പോയി പറഞ്ഞത് ധ്യാനാണ്. കഥ അവര്‍ക്കും ഇഷ്ടമായി. അതിനുശേഷമാണ് അഭിനയിക്കാന്‍ തയ്യാറായത്.

 

ഇനിയും സിനിമകള്‍ നിര്‍മ്മിക്കുമോ?

 

അടുത്തൊരു പദ്ധതിയുണ്ട്. അത് നിര്‍മ്മാണമല്ല ആ സിനിമയുടെ തിരക്കഥ പങ്കാളിയാണ് ഞാന്‍. സായാഹ്ന വാര്‍ത്തകള്‍ എന്ന സിനിമ സംവിധാനം ചെയ്ത അരുണ്‍ ചന്തുവിനോടൊപ്പം ചേര്‍ന്നാണ് തിരക്കഥയെഴുതുന്നത്. സാജന്‍ ബേക്കറി ശെിരല 1962 എന്നാണ് ആ സിനിമയുടെ പേര്. ലൗ ആക്ഷന്‍ ഡ്രാമ പോലൊരു വലിയ സിനിമയല്ല അത്. ഒരു ഫെസ്റ്റിവല്‍ സിനിമയുമല്ല. ഒരു കൊച്ചുപടം. ഞാനതില്‍ അഭിനയിക്കുകയും ചെയ്യുന്നു. മറ്റ് താരനിര്‍ണ്ണയങ്ങളൊന്നുമായിട്ടില്ല. ഈ വാര്‍ത്ത ആദ്യം അനൗണ്‍സ് ചെയ്യുന്നത് നാനയിലൂടെയാണ്.തട്ടത്തിന്‍ മറയത്ത്, തിര, ലൗ ആക്ഷന്‍ ഡ്രാമ എന്നീ ചിത്രങ്ങളുടെ പോസ്റ്റര്‍ഡിസൈനര്‍ കൂടിയായിരുന്നു അരുണ്‍ചന്തു.

 

 

10 വര്‍ഷം 104 ചിത്രങ്ങള്‍. അതില്‍നിന്ന് ഏറ്റവും പ്രിയപ്പെട്ട 10 ചിത്രങ്ങള്‍ തെരഞ്ഞെടുക്കാമോ?

 

മലര്‍വാടി ആര്‍ട്ട്സ് ക്ലബ്, തട്ടത്തിന്‍ മറയത്ത്, സു സു സുധിവാത്മീകം, പുണ്യാളന്‍ അഗര്‍ബത്തീസ്, ഒരു വടക്കന്‍ സെല്‍ഫി, കുഞ്ഞിരാമായണം, ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, അടി കപ്യാരെ കൂട്ടമണി, ഇട്ടി മാണി മെയ്ഡ് ഇന്‍ ചൈന.

 

ഇതിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം ഏതാണ്?

 

സംശയമില്ല, മലര്‍വാടി ആര്‍ട്ട്സ് ക്ലബ്ബിലെ കിട്ടു തന്നെയാണ്. ഇന്ന് ആ പടം കാണുമ്പോള്‍ എനിക്കറിയാം എന്‍റെ പ്രകടനങ്ങളില്‍ ഉടനീളം കുഴപ്പങ്ങളുണ്ടെന്ന്. എന്നാലും അവിടെ നിന്നുകൊണ്ടാണല്ലോ എന്‍റെ തെറ്റുകള്‍ തിരുത്തുവാന്‍ പ്രചോദനമായത്. പിന്നീടുള്ള ഓരോ കഥാപാത്രങ്ങളെയും മെച്ചപ്പെടുത്തുവാന്‍ കഴിഞ്ഞത്.അതുപോലെ ആ സിനിമയുടെ ആദ്യദിവസം, ആദ്യസീനില്‍ ഞാനും എന്‍റെ സഹപ്രവര്‍ത്തകരും അഭിനയിച്ചത് ജഗതിശ്രീകുമാര്‍ എന്ന മഹാനടനൊപ്പമാണ്. എന്‍റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത നിമിഷമാണത്. അതെനിക്ക് സമ്മാനിച്ചതും മലര്‍വാടിയാണല്ലോ. ഇതിനെല്ലാമപ്പുറം ഒരു സിനിമ തുടങ്ങി അത് പ്രദര്‍ശനശാലയില്‍നിന്ന് വിടുന്നതുവരെ മാത്രമേ ആ സിനിമയുമായി ഞാന്‍ ആത്മബന്ധം പുലര്‍ത്താറുള്ളൂ. അതിനുശേഷം ഞാനതില്‍ നിന്ന് പൂര്‍ണ്ണമായും വേര്‍പെട്ടുപോകും. അതാണ് എന്‍റെ ശൈലിയും. അങ്ങനെ വേര്‍പെട്ടുപോകാത്ത ഏകചിത്രവും മലര്‍വാടി ക്ലബ്ബാണ്.

 

ഏതെങ്കിലും സ്വപ്നതുല്യമായ വേഷം?

 

എന്നെ സംബന്ധിച്ചിടത്തോളം ഡ്രീം റോള്‍ എന്നൊന്നില്ല. അങ്ങനെപരകായപ്രവേശം ചെയ്യത്തക്കവേഷങ്ങളും എനിക്ക് ലഭിച്ചിട്ടില്ല. പകരം എന്‍റെ പതിവ് ചേഷ്ടകളില്‍നിന്നും സംസാരങ്ങളില്‍നിന്നും മാറിനില്‍ക്കുന്ന ഏത് കഥാപാത്രവും എന്‍റെ സ്വപ്നതുല്യമായ വേഷമാണ്. ഉദാഹരണമായി ഞാനൊരു ബസ് ഡ്രൈവറുടെ വേഷം ചെയ്തുവെന്നിരിക്കട്ടെ. ആ കഥാപാത്രത്തിലെവിടെയും അജുവിനെകാണാന്‍ കഴിയരുത്. അത്തരം കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഞാനാഗ്രഹിക്കുന്നത്. അത് എനിക്ക് സമ്മാനിക്കേണ്ടത് എഴുത്തുകാരും സംവിധായകരുമാണ്.

 

 

അങ്ങനെഏതെങ്കിലും സംവിധായകന്‍റെ കീഴില്‍ വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ടോ?

 

എന്‍റെ ആദ്യചിത്രം മാത്രമേ ഞാനാഗ്രഹിക്കാതെ എന്നെ തേടി വന്നിട്ടുള്ളൂ. പിന്നീടുള്ള കഥാപാത്രങ്ങളിലേറെയും ഞാന്‍ താല്‍പ്പര്യമെടുത്ത് കിട്ടിയിട്ടുള്ളതാണ്. നിവിന്‍പോളിയോടൊപ്പം അവന്‍റെ കല്യാണത്തിന് ജോഷി സാറിനെക്ഷണിക്കാന്‍ പോയപ്പോഴാണ് അദ്ദേഹത്തിന്‍റെ ഒരു സിനിമയില്‍ വേഷം തരണമെന്ന് ഞാന്‍ പറഞ്ഞത്. നിങ്ങളെ വച്ചൊക്കെ ഒരു സിനിമയാണ് പ്ലാന്‍ ചെയ്യുന്നെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ആ സിനിമയാണ് സെവന്‍സ്.അതുപോലെ പ്രിയന്‍ സാറിനോടും അങ്ങോട്ട് ചെന്ന് ഒരു വേഷം തരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ‘ഒപ്പം അങ്ങനെലഭിച്ച സിനിമയാണ്. കുഞ്ഞാലിമരയ്ക്കാറില്‍ എന്നെ ഒരു വേഷത്തിനുവേണ്ടി കാസ്റ്റ് ചെയ്തിരുന്നെങ്കിലും ഡേറ്റ് ക്ലാഷ് കാരണം അതിന് അവസരമുണ്ടായില്ല. അതുപോലെ റോഷന്‍ആന്‍ഡ്രൂസ് സാറിനോടും അന്‍വറിക്കയോടും(അന്‍വര്‍ റഷീദ്) അങ്ങനെ അനവധിപേരോടും ഞാനിന്നും ചാന്‍സ് ചോദിച്ചുകൊണ്ടിരിക്കുകയാണ്.

 

തയ്യാറാക്കിയത്:-
കെ. സുരേഷ്

 

Show Less

No comments Yet

SLIDESHOW

LATEST VIDEO