ഓരോ സിനിമയും ഓരോ അനുഭവമാണ് -അനുമോള്‍

അഭിനയവേദിയില്‍ തന്‍റേതായൊരു വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് അനുമോള്‍. ഒരേ സമയം കൊമേഴ്സ്യല്‍ സിനിമയിലും ആര്‍ട്ട് സിനിമയിലും അഭിനയിച്ചുകൊണ്ടിരിക്കുന്ന ഏകനടിയും അനുമോളാണ്.   ഞാന്‍ സിനിമ ആഗ്രഹിച്ചതല്ല. എന്നെ വിളിച്ചുകൊണ്ടുപോയതാണ്. എഞ്ചിനീയറിംഗ് കഴിഞ്ഞ് കൈരളി ടി.വിയില്‍... Read More

അഭിനയവേദിയില്‍ തന്‍റേതായൊരു വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് അനുമോള്‍. ഒരേ സമയം കൊമേഴ്സ്യല്‍ സിനിമയിലും ആര്‍ട്ട് സിനിമയിലും അഭിനയിച്ചുകൊണ്ടിരിക്കുന്ന ഏകനടിയും അനുമോളാണ്.

 

ഞാന്‍ സിനിമ ആഗ്രഹിച്ചതല്ല. എന്നെ വിളിച്ചുകൊണ്ടുപോയതാണ്. എഞ്ചിനീയറിംഗ് കഴിഞ്ഞ് കൈരളി ടി.വിയില്‍ അവതാരകയായിട്ടാണ് തുടക്കം. കൈരളിയില്‍ വര്‍ക്ക് ചെയ്യുന്ന സമയത്ത് സിനിമയില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് പലരും പറയുമായിരുന്നു. ആദ്യം വലിയ കാര്യമാക്കിയില്ലെങ്കിലും പിന്നീട് അതുതന്നെ സംഭവിച്ചു. പ്രശസ്ത കവി പി. കുഞ്ഞിരാമന്‍നായര്‍ സാറിന്‍റെ ജീവിതവുമായി ബന്ധമുള്ള, പി. ബാലചന്ദ്രന്‍ സാറിന്‍റെ ഇവന്‍ മേഘരൂപന്‍ എന്ന സിനിമയില്‍ അഭിനയിച്ചു. ആ സിനിമയ്ക്ക് അഞ്ച് സംസ്ഥാന അവാര്‍ഡ് കിട്ടി. മലയാറ്റൂര്‍ സാറിന്‍റെ യക്ഷി സിനിമയാക്കിയപ്പോള്‍ അതിലും പ്രധാന വേഷം ചെയ്യാന്‍ സാധിച്ചു. പിന്നീട് അകം, ചായില്യം അങ്ങനെ കുറച്ചുസിനിമകള്‍ ചെയ്തു. ചായില്യത്തില്‍ തെയ്യം വേഷം കെട്ടി. സ്ത്രീകള്‍ തെയ്യം വേഷം കെട്ടുന്നത് വളരെ അപൂര്‍വ്വമാണ്. ഇപ്പോള്‍ താമര എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു. ഒരു കുഴപ്പവുമില്ലാതെ ഒരുപാട് നല്ല ആളുകളുടെ കൂടെ വര്‍ക്ക് ചെയ്യാനും നല്ല സിനിമകളുടെ ഭാഗമാകാനും കഴിഞ്ഞു.

 

തുടക്കകാലം മുതല്‍ സമാന്തര സിനിമയുടെ ഭാഗമായിട്ടാണല്ലോ നില്‍ക്കുന്നത്?

എല്ലാം എന്നെ തേടി വന്ന സിനിമകളാണ്. കഥ കേട്ട് ഇഷ്ടപ്പെട്ട സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു. വെറുതെ കഥ കേള്‍ക്കുകയല്ല. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ എനിക്ക് എന്തെങ്കിലും ചെയ്യാനുണ്ടാകണം. അങ്ങനെയുള്ള കഥാപാത്രങ്ങളോടാണ് താല്‍പ്പര്യം. ഇവിടെ രണ്ടുതരം സിനിമകളേയുള്ളൂ. നല്ല സിനിമ… നല്ലതായി വരാതെ പോയ സിനിമ. എല്ലാവരും സിനിമ നന്നാവണമെന്ന് കരുതിത്തന്നെയാണ് ചെയ്യുന്നത്.

 

വര്‍ഷം കുറച്ചായെങ്കിലും അഭിനയിച്ച സിനിമകളുടെ എണ്ണം വളരെ കുറവാണല്ലോ?

എണ്ണം കുറവായിരിക്കാം, പക്ഷേ ഞാന്‍ ഹാപ്പിയാണ്. ഇവന്‍ മേഘരൂപന്‍, മലയാറ്റൂര്‍ സാറിന്‍റെ യക്ഷി, ഉടലാഴം, പത്മിനി… അറുപതുകളില്‍ ജീവിച്ചിരുന്ന പ്രശസ്ത ചിത്രകാരി പത്മിനിയുടെ ജീവിതകഥയാണ് സിനിമ. അതില്‍ ടൈറ്റില്‍ റോള്‍ ചെയ്യാന്‍ സാധിച്ചു. വര്‍ഷം എത്ര കഴിഞ്ഞാലും ചരിത്രത്തിന്‍റെ ഭാഗമായി ആളുകള്‍ റഫറന്‍സ് ചെയ്യുന്ന സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്. എണ്ണം കുറഞ്ഞുപോയതില്‍ ദുഃഖമില്ല. കൊമേഴ്സ്യല്‍ സിനിമയില്‍ മാത്രം ഫോക്കസ് ചെയ്തിരുന്നെങ്കില്‍ നാലഞ്ച് വര്‍ഷംകൊണ്ട് കത്തിത്തീര്‍ന്നേനെ. ഇത്രയും കാലം ഇതുപോലെ നില്‍ക്കാന്‍ കഴിയുമായിരുന്നില്ല.

 

ഒരു പ്രായം കഴിഞ്ഞാല്‍ അമ്മവേഷം ചെയ്യാന്‍ നടിമാര്‍ പൊതുവെ താല്‍പ്പര്യം കാണിക്കാറില്ല. അതില്‍നിന്ന് വ്യത്യസ്തമായ നിലപാടാണല്ലോ സ്വീകരിച്ചിരിക്കുന്നത്?

അഭിനയിച്ചുതുടങ്ങിയ കാലം മുതല്‍ ഞാന്‍ അമ്മവേഷം ചെയ്യുന്നുണ്ട്. ആദ്യസിനിമയില്‍ ഇരുപതുവയസ്സ് മുതല്‍ അറുപതുവയസ്സുവരെ വിവിധ പ്രായവ്യത്യാസത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ചായില്യം എന്ന സിനിമയില്‍ എട്ടുവയസ്സുകാരന്‍റെ അമ്മയായിരുന്നു. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന കരീം സാറിന്‍റെ താമര എന്ന സിനിമയില്‍ പതിനാല് വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയാണ്. ടൈറ്റില്‍ വേഷമാണ് ചെയ്യുന്നത്.

 

പേരുകൊണ്ട് പ്രശ്നത്തിലായിപ്പോയ സിനിമയാണ് വെടിവഴിപാട്. സിനിമ കാണുമ്പോള്‍ വീട്ടുകാരുടെ പ്രതികരണം എങ്ങനെയാണ്?

എന്‍റെ കഥാപാത്രം അല്ലെങ്കില്‍ ഞാന്‍ അഭിനയിച്ച സിനിമ മോശമായി പോയെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല. വീട്ടുകാരുടെ സപ്പോര്‍ട്ടിലാണ് ഞാന്‍ നില്‍ക്കുന്നത്. എന്‍റെ കുട്ടിക്കാലത്ത് പ്രായത്തെക്കാള്‍ പക്വതയുണ്ടെന്നു പറയുമായിരുന്നു. ലുക്ക് വൈസ് അങ്ങനെയാണ്. വീട്ടില്‍ എന്തെങ്കിലും കാര്യം പറഞ്ഞ് തര്‍ക്കം മുറുകുമ്പോള്‍ പ്രായമായില്ലേയെന്ന് അമ്മയോട് ഞാന്‍ പറയാറുണ്ട്. നിന്‍റെ ഈ പറച്ചില്‍ എന്നു നിര്‍ത്തുന്നു… അന്നേ നന്നാകൂവെന്ന് അമ്മ ദേഷ്യപ്പെടും.

 

ശരിക്കും അനുമോള്‍ എന്ന പേര് ചേരുന്നുണ്ടോ?

കുട്ടിയായിരിക്കുമ്പോള്‍ പേരില്‍ കുഴപ്പമൊന്നും തോന്നിയിരുന്നില്ല. മുതിര്‍ന്ന ശേഷം ചെറിയ പ്രശ്നങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. അച്ഛനും അമ്മയും തന്ന പേരാണ്. അത് അങ്ങനെ തന്നെ കിടക്കട്ടെയെന്നുവിചാരിച്ചു. പേരുകൊണ്ട് ഇതുവരെ അപകടമൊന്നുമുണ്ടായിട്ടില്ല. പേര് മാറ്റാന്‍ പലരും പറഞ്ഞു. പക്ഷേ, എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. എന്‍റെ അനിയത്തിയുടെ പേര് അഞ്ജുമോള്‍ എന്നാണ്. അവള് പേരു മാറ്റി. എന്നെ അമ്മ വിളിക്കുന്നത് അനുമോള്‍ എന്നുതന്നെയാണ്. പേര് ചുരുക്കി വിളിക്കുന്നതോ മാറ്റിവിളിക്കുന്നതോ അമ്മയ്ക്ക് ഇഷ്ടമല്ല. അച്ഛന്‍ മരിച്ചു. അച്ഛനും അനുമോള്‍ എന്നുതന്നെയാണ് വിളിച്ചിരുന്നത്.

 

ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് പുതിയ സിനിമയിലെ താമരയെ വ്യത്യസ്തമാക്കുന്ന പ്രധാനഘടകം എന്താണ്?

എന്നെ സംബന്ധിച്ച് ഓരോ സിനിമയും ഓരോ അനുഭവമാണ്. ഒരു സിനിമയില്‍നിന്നു പുതിയതായി ഒരു കാര്യമെങ്കിലും പഠിക്കാനുണ്ടാകും. താമര പൂക്കച്ചവടക്കാരിയായതുകൊണ്ട് പൂകെട്ടാന്‍ പഠിക്കുന്നുണ്ട്. ഏറ്റവും ഒടുവില്‍ ചെയ്ത സിനിമ പ്രേമസൂത്രയാണ്. അതില്‍ തയ്യല്‍ക്കാരിയാണ്. തയ്യലിനെക്കുറിച്ചും പഠിച്ചു.

 

വീട് പട്ടാമ്പിയിലാണെന്നറിയാം. എറണാകുളത്തു താമസമാക്കിയിട്ട് എത്രകാലമായി?

2007 ലാണ് എറണാകുളത്തുവരുന്നത്. ഞാന്‍ പഠിച്ചത് എഞ്ചിനീയറിംഗാണ്. ആ ജോലിക്കു പോയില്ല. കൈരളി ടിവിയില്‍ അവതാരകയായി വന്ന സമയത്താണ് എറണാകുളത്ത് താമസമാക്കുന്നത്. ഒന്നരവര്‍ഷം അവിടെ വര്‍ക്കുചെയ്തു. പിന്നീട് സിനിമയിലേക്ക് കടന്നു. പട്ടാമ്പിയിലേക്ക് തിരിച്ചുപോകണം. അതിനുള്ള ഒരുക്കത്തിലാണ്. അമ്മ കൂടുതല്‍ സമയവും നാട്ടില്‍തന്നെയാണ്. അവിടെ കൃഷിയും കാര്യങ്ങളുമൊക്കെയുണ്ട്. നോക്കാന്‍ ആളില്ലെങ്കില്‍ ഉദ്ദേശിച്ച ഫലം കിട്ടില്ല.

 

അടുത്ത പ്രോജക്ട് ഏതാണ്?

തുടങ്ങിവച്ച ഒരു സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനുണ്ട്. അതുകഴിഞ്ഞ് ഒരു ബംഗാളി സിനിമയില്‍ അഭിനയിക്കും. ‘ഒബിമാനിജോല്‍…’ എന്നാണ് സിനിമയുടെ പേര്. പല കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന നല്ലൊരു കുടുംബകഥയാണ്. ഷൂട്ടിംഗ് ആരംഭിക്കുന്നതിനുമുമ്പ് ബംഗാളിഭാഷ കുറച്ചെങ്കിലും പഠിക്കണമെന്നുണ്ട്.

 

അനുയാത്ര എന്നൊരു സംഭവത്തെക്കുറിച്ച് കേട്ടിരുന്നല്ലോ?

അതൊരു യൂട്യൂബ് ചാനലാണ്. അനുയാത്ര… അനുവിന്‍റെ യാത്രയാണ്. കുറെമുമ്പ് തുടങ്ങണമെന്ന് വിചാരിച്ചിരുന്നതാണ്. ഭക്ഷണം, പാചകം, ഫാഷന്‍, ഹെല്‍ത്ത്, മേക്കപ്പ് അങ്ങനെ എനിക്ക് ഇഷ്ടമുള്ള ഞാന്‍ പോകുന്നതും പങ്കെടുക്കുന്നതുമായ എല്ലാ കാര്യങ്ങളും ഷൂട്ട്ചെയ്തു യൂട്യൂബില്‍ ഇടും. അനുയാത്ര കണ്ട് ഒരുപാടുപേര്‍ വിളിക്കുന്നുണ്ട്. ഫാഷനെക്കുറിച്ചും മേക്കപ്പിനെക്കുറിച്ചും ഹെല്‍ത്തുകെയറിനെക്കുറിച്ചുമൊക്കെ അറിയാന്‍ വേണ്ടിയാണ് പലരും വിളിക്കുന്നത്. എനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാറുണ്ട്. അനുയാത്ര എന്‍റെമാത്രം പ്രോഗ്രാമാണ്.

 

വിവാഹത്തെക്കുറിച്ച് എന്തുപറയുന്നു? ഉടനെ ഉണ്ടാകുമോ?

ഉണ്ടാകും… നിങ്ങളെ അറിയിക്കും.

അഷ്റഫ്

 

Show Less

No comments Yet

SLIDESHOW

LATEST VIDEO