ഞാനൊരു സാധാരണക്കാരനായ നാട്ടുമ്പുറത്തുകാരന്‍

സിനിമയിലും മിനിസ്ക്രീനിലും തിളങ്ങിനില്‍ക്കുന്ന നടനാണ് മുകുന്ദന്‍. സീരിയല്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും സ്വീകാര്യനായ നടനെന്ന വിശേഷണം മുകുന്ദന് മാത്രം അവകാശപ്പെട്ടതാണ്. മുകുന്ദനോളം പൊക്കമുള്ള മറ്റൊരാള്‍ ആ മേഖലയിലില്ലെന്നുതന്നെ പറയാം. സിനിമയിലും മുകുന്ദന്‍റെ സാന്നിദ്ധ്യം ശ്രദ്ധേയമാണ്. ഇതൊക്കെയാണെങ്കിലും... Read More

സിനിമയിലും മിനിസ്ക്രീനിലും തിളങ്ങിനില്‍ക്കുന്ന നടനാണ് മുകുന്ദന്‍. സീരിയല്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും സ്വീകാര്യനായ നടനെന്ന വിശേഷണം മുകുന്ദന് മാത്രം അവകാശപ്പെട്ടതാണ്. മുകുന്ദനോളം പൊക്കമുള്ള മറ്റൊരാള്‍ ആ മേഖലയിലില്ലെന്നുതന്നെ പറയാം. സിനിമയിലും മുകുന്ദന്‍റെ സാന്നിദ്ധ്യം ശ്രദ്ധേയമാണ്. ഇതൊക്കെയാണെങ്കിലും താര ഇമേജിനപ്പുറത്ത് ഗ്രാമത്തിന്‍റെ നന്മയും സ്നേഹവും ശീലങ്ങളുമൊക്കെയുള്ള സാധാരണക്കാരനായ ഒരു മനുഷ്യനെ കാണാം. മൂന്ന് പതിറ്റാണ്ട് കാലത്തെ ചരിത്രനേട്ടവുമായി മുകുന്ദന്‍ യാത്ര തുടരുകയാണ്.

 

സീരിയലില്‍ അഭിനയിക്കുന്നതിനൊപ്പം സിനിമയിലും നില്‍ക്കാന്‍ പറ്റുന്നത് ഭാഗ്യമാണ്. നാടകം ചെയ്തു പരസ്യചിത്രത്തില്‍ അഭിനയിച്ചു സിനിമയും സീരിയലും ചെയ്തു. മാധ്യമമറിഞ്ഞു പ്രവര്‍ത്തിക്കുന്നതുകൊണ്ടാകാം എല്ലായിടത്തും നിലനിന്നു പോകാന്‍ പറ്റുന്നതെന്ന് മുകുന്ദന്‍ പറയുന്നു.

 

ജീവിതത്തിന്‍റെ വലിയൊരു പങ്ക് ചെലവഴിച്ചിരിക്കുന്നത് ഷൂട്ടിംഗ് സെറ്റുകളിലാണ്. മാസത്തില്‍ പതിനഞ്ച് ദിവസം സീരിയലിന്‍റെ ഷൂട്ടിംഗുണ്ട്. ബാക്കി ദിവസങ്ങള്‍ സിനിമയ്ക്കുവേണ്ടി മാറ്റിവച്ചിരിക്കുകയാണ്. ഒരു സമയത്ത് ഔട്ട്സ്റ്റാന്‍റിംഗായിട്ടുള്ള ഒരു സീരിയല്‍ മാത്രമേ ചെയ്യൂ. നമ്മുടെ ലക്ഷ്യം സിനിമയാണ്. മുപ്പത് ദിവസവും ഫ്രിയായിട്ട് നിന്നാല്‍ സിനിമ കിട്ടിയില്ലെങ്കില്‍ എന്ത് ചെയ്യും. അങ്ങനെ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് ഒരു സമയത്ത് ഒരു സീരിയല്‍ മാത്രമേ ചെയ്യൂ എന്ന് തീരുമാനിച്ചത്. സിനിമയില്‍ എത്ര ചെറിയ വേഷമായാലും ഒരു സീനേ ഉള്ളുവെങ്കില്‍ പോലും നല്ല ക്യാരക്ടറാണെങ്കില്‍ അഭിനയിക്കാന്‍ ഞാന്‍ തയ്യാറാണ്.

 

ജോഷി സാറിന്‍റെ സൈന്യത്തില്‍ അഭിനയിച്ചു. തുടര്‍ന്നും സിനിമയില്‍തന്നെ നിന്നിരുന്നെങ്കില്‍ ജീവിതാവസ്ഥ മറ്റൊന്നാകുമായിരുന്നു. സിനിമയിലും സീരിയലിലും ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്. പണ്ട് സീരിയലില്‍ അഭിനയിക്കുന്നവരെ സിനിമയില്‍ എടുക്കില്ലായിരുന്നു. അതൊക്കെ മാറി, രണ്ടിലും അഭിനയമല്ലേ. ഓഡിയന്‍സ് മാത്രമേ മാറുന്നുള്ളൂ.

 

വ്യക്തിയില്‍ നിന്ന് നടനിലേക്ക് മാറുമ്പോഴുള്ള മാറ്റം

സ്ക്കൂള്‍-കോളേജ് കാലഘട്ടത്തില്‍ കലാരംഗത്ത് സജീവമായിരുന്നു. അമച്വര്‍ നാടകങ്ങളില്‍ അഭിനയിക്കുകയും യൂത്ത് ഫെസ്റ്റിവലില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. പ്രീഡിഗ്രി കഴിഞ്ഞു തൃശൂര്‍ സ്ക്കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്നു. അവിടെ ഡിഗ്രി കോഴ്സാണ്. നാടകമെന്ന് പറഞ്ഞാല്‍ വീട്ടില്‍ സമ്മതിക്കില്ല. യു.ജി.സി അംഗീകരിച്ച കോഴ്സാണ്. തൊഴില്‍ സാദ്ധ്യതയുള്ളതാണെന്നൊക്കെ പറഞ്ഞാണ് സമ്മതിപ്പിച്ചത്.

 

സ്ക്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നു പുറത്തിറങ്ങുമ്പോള്‍ സീരിയസായി കഴിഞ്ഞു. എങ്ങനെ സര്‍വൈവ് ചെയ്യുമെന്നറിയില്ല. മെഡിസിനോ എഞ്ചിനീയറിംഗോ പഠിച്ചല്ല ഇറങ്ങിയത്. ഒരു ഡിഗ്രി കയ്യിലുണ്ട്. ജോലിക്കുവേണ്ടിയുള്ള ശ്രമങ്ങള്‍ വീട്ടുകാരുടെ ഭാഗത്തുനിന്നു ആരംഭിച്ചുകഴിഞ്ഞു. നാട്ടില്‍ നിന്നാല്‍ ജോലിക്ക് പോകേണ്ടി വരുമെന്ന് പേടിച്ചു തിരുവനന്തപുരത്തേക്ക് വണ്ടികയറി. ഉള്ളില്‍ കലയോടുള്ള ആഗ്രഹമാണ്. സിനിമ അന്നേ മനസ്സിലുണ്ട്. തുടക്കകാലം എല്ലാവരേയും പോലെ ഭയങ്കര സ്ട്രഗിളിങ്ങായിരുന്നു.

 

വെഞ്ഞാറമ്മൂട്ടില്‍ ശങ്കരപ്പിള്ളസാറിന്‍റെ രംഗപ്രഭാത് എന്ന കുട്ടികളുടെ നാടകവേദിയുണ്ടായിരുന്നു. സാറ് വിളിച്ചു അവിടെ ട്രെയിനറായി നിര്‍ത്തി. രംഗപ്രഭാതില്‍ താമസിച്ചുകൊണ്ടാണ് കലാപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നത്. രണ്ടുമൂന്നുവര്‍ഷം രംഗപ്രഭാതില്‍ ഉണ്ടായിരുന്നു. ശങ്കരപ്പിള്ളസാറിന്‍റേത് സമര്‍പ്പിതമായ പ്രവര്‍ത്തനമായിരുന്നു. സാറിന്‍റെ മരണശേഷം നാടകവേദിയില്‍ നിന്നു മാറി ചിന്തിച്ചു.

 

അന്ന് കെ.എസ്.എഫ്.ഡി.സിയില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നു. സംവിധായകന്‍ വി.ആര്‍. ഗോപിനാഥ് സാറിനെ കാണും. സ്ക്കൂള്‍ ഓഫ് ഡ്രാമയില്‍ ക്ലാസ്സെടുക്കാന്‍ വന്ന പരിചയമുണ്ട്. അദ്ദേഹം നല്ല മനുഷ്യനും നല്ലൊരു കലാകാരനുമായിരുന്നു. ആ ബന്ധമാണ് എന്നെ സിനിമയില്‍ എത്തിച്ചത്. ഉണ്ണിക്കുട്ടനു ജോലി കിട്ടി എന്ന സിനിമയില്‍ വി.ആര്‍. ഗോപിനാഥ് സാറിന്‍റെ അസിസ്റ്റന്‍റായി പ്രവര്‍ത്തിച്ചു. അസിസ്റ്റന്‍റ് ഡയറക്ടറായി വര്‍ക്ക് ചെയ്യുന്ന സമയത്ത് മുരളിച്ചേട്ടന്‍, ബാബു നമ്പൂതിരി സാറ് തുടങ്ങി സീനിയേഴ്സായ അഭിനേതാക്കളെ പഠിക്കുകയായിരുന്നു.

 

ക്യാമറയുടെ പിന്നില്‍ നില്‍ക്കുമ്പോഴും ആക്ടര്‍ എന്ന ചിന്ത മനസ്സിലുണ്ടായിരുന്നു. അഭിനയിച്ചുതുടങ്ങിയശേഷം അസിസ്റ്റന്‍റ് ഡയറക്ടറായി വര്‍ക്ക് ചെയ്യാന്‍ പോയില്ല. ദൂരദര്‍ശനില്‍ പ്രോഗ്രാം എക്സിക്യുട്ടീവായി ജോലി കിട്ടാന്‍ സാദ്ധ്യതയുണ്ടായിട്ടും വേണ്ടെന്നുവെച്ചു. ഡെല്‍ഹിയില്‍ പോയി ഇന്‍റര്‍വ്യൂവില്‍ പങ്കെടുത്തതാണ്. വീട്ടുകാരെ ബോദ്ധ്യപ്പെടുത്താന്‍ വേണ്ടിയായിരുന്നു ഇന്‍റര്‍വ്യൂ അറ്റന്‍റ് ചെയ്തത്. ജോലി കിട്ടുമെന്ന് ഉറപ്പുണ്ടായിട്ടും വേണ്ടെന്നുവെച്ചത് അന്നത്തെ മെച്യൂരിറ്റിയില്ലായ്മയാണ്.

 

ദൂരദര്‍ശന്‍റെ മെഹര്‍ബാനി

ഞങ്ങള്‍ അഞ്ച് മക്കളാണ്. മൂന്നുചേട്ടന്മാരും ചേച്ചിയും. ഏറ്റവും ഇളയമകനാണ് ഞാന്‍. അച്ഛന്‍ ഗംഗാധരമേനോന്‍ മിലിട്ടറിയിലായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത ആളാണ്. മിലിട്ടറിയില്‍ നിന്ന് പിരിഞ്ഞു നാട്ടില്‍ വന്ന് കോഴിക്കോട്ട് രാമനാട്ടുകരയില്‍ അധികാരിയായി. നാട്ടിലെ അവസാനത്തെ അധികാരിയാണ് അച്ഛന്‍. വലിയ പവ്വറുള്ള ചുമതലയാണ്. അധികാരിയെന്ന് പറഞ്ഞാല്‍ ഇന്നത്തെ വില്ലേജ് ഓഫീസറുടെ ചുമതലയാണ്. അച്ഛന്‍റെ നിഴലിലായിരുന്നു അമ്മ.

 

കുടുംബത്തില്‍ നിന്ന് ആരും കലാരംഗത്തേയ്ക്ക് വന്നിട്ടില്ല. സഹോദരങ്ങള്‍ എല്ലാവരും ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്യുന്നവരാണ്. ഞാന്‍ വഴിമാറി പോയെന്നുകരുതി വീട്ടുകാര്‍ ഒരിക്കലും നിരുത്സാഹപ്പെടുത്തിയിട്ടില്ല. ഒരു ടെന്‍ഷനും തന്നിട്ടില്ല. എന്‍റെ കൂടെതന്നെ എല്ലാവരും ഉണ്ടായിരുന്നു. ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ ഭൂമികയാണ് കലാരംഗം. കുടുംബത്തിന്‍റെ സപ്പോര്‍ട്ടില്ലാതെ നമുക്ക് എവിടെയും എത്താന്‍ കഴിയില്ല. കലാകാരനെന്ന നിലയില്‍ പ്രൊഫഷണല്‍ രംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ കുടുംബത്തിനൊപ്പം ഗുരുക്കന്മാരുടെ അനുഗ്രഹം ഉണ്ടാകണം. ജനങ്ങളുടെ സ്നേഹവും പിന്തുണയും ഉണ്ടാകണം. എങ്കിലേ നമ്മള്‍ ആഗ്രഹിക്കുന്ന രീതിയില്‍ മുന്നേറാന്‍ കഴിയൂ.

 

ദൂരദര്‍ശന്‍ നിര്‍മ്മിച്ച മെഹര്‍ബാനി എന്ന ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ടെലിഫിലിമിലാണ് ഞാന്‍ ആദ്യമായി അഭിനയിച്ചത്.

 

മെഗാസ്റ്റാര്‍ മമ്മുക്ക നിര്‍മ്മിച്ചു വയലാര്‍ മാധവന്‍കുട്ടി സംവിധാനം ചെയ്ത ജ്വാലയായ് എന്ന സീരിയല്‍ ഭയങ്കര വിജയമായിരുന്നു. മമ്മുക്കയുടെ സീരിയലില്‍ നായകവേഷം ചെയ്തു. വലിയ വിജയം നേടിയ ഒരുപാട് നല്ല സീരിയലുകളില്‍ അഭിനയിക്കാന്‍ സാധിച്ചു. നല്ല കഥാപാത്രങ്ങള്‍ കിട്ടി. ഒരു ദിവസം രണ്ട് പ്രോജക്ടില്‍ രണ്ട് കാള്‍ഷീറ്റില്‍ അഭിനയിച്ച സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. രാവിലെ തിരുവനന്തപുരത്ത് ഒരു സീരിയലില്‍ അഭിനയിക്കുന്നു. ഉച്ചയ്ക്ക് ചെന്നൈയിലെത്തി എ.വി.എം സ്റ്റുഡിയോയില്‍ വര്‍ക്ക് ചെയ്യുന്നു. പ്രശസ്തരായ സംവിധായകരുടെ സീരിയലിലും വലിയ നടന്മാരുടെ കൂടെയും അഭിനയിക്കാന്‍ സാധിച്ചു.

കലാകാരന്‍റെ എത്തിക്സ്

സീരിയലില്‍ സജീവമായതിനുശേഷമാണ് സിനിമയില്‍ എത്തിയത്. സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്യുന്നുണ്ടായിരുന്നെങ്കിലും കൂടുതല്‍ സമയവും സീരിയലില്‍ തന്നെയായിരുന്നു. മാറിനില്‍ക്കാന്‍ പറ്റാത്തത്രയും തിരക്കിലായപ്പോള്‍ സിനിമയില്‍ നിന്ന് ലഭിച്ച കുറെ നല്ല അവസരങ്ങള്‍ നഷ്ടപ്പെട്ടു. സീരിയലിനെക്കാളും മികച്ചതാണ് സിനിമയെന്ന് അറിയാമായിരുന്നിട്ടും അവിടുന്ന് മുങ്ങാന്‍ ശ്രമിച്ചില്ല. പ്രഗത്ഭരായ പല സംവിധായകരുടെയും സിനിമകള്‍ നഷ്ടപ്പെട്ടു. കലാകാരന് ഒരു എത്തിക്സുണ്ടല്ലോ. സിനിമയായാലും സീരിയലായാലും ആത്മാര്‍ത്ഥതയോടും സത്യസന്ധതയോടും തന്നെയാണ് ഞാന്‍ ആ മീഡിയത്തെ സമീപിച്ചിട്ടുള്ളത്.

 

2012 ല്‍ സന്ധ്യാരാഗം എന്ന സീരിയലില്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് കിട്ടി. അതില്‍ കേന്ദ്രകഥാപാത്രമായിരുന്നു. അടുപ്പിച്ച് കുറെ അവാര്‍ഡുകള്‍ കിട്ടിയപ്പോള്‍ സീരിയലില്‍ നിന്നു കുറച്ചുകാലം മാറിനിന്നാലോ എന്ന് എനിക്ക് തോന്നി. 2012 ഡിസംബര്‍ മുതല്‍ 2016 വരെ ബ്രേക്ക് എടുത്തു. കുറച്ച് നല്ല സിനിമകള്‍ ചെയ്യണം. സിനിമ ചെയ്യാന്‍ വേണ്ടിയാണ് ബ്രേക്ക് എടുത്തത്.

 

ഇപ്പോള്‍ ഭ്രമണം എന്ന സീരിയല്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. അടുത്ത പ്രോജക്ട് ഏതാണെന്ന് പറയാന്‍ പറ്റില്ല. മുമ്പ് അങ്ങനെയായിരുന്നില്ല. ശക്തമായ തീരുമാനങ്ങളെടുക്കാന്‍ പറ്റിയതുകൊണ്ടാകാം രണ്ടിടത്തും പ്രശ്നങ്ങളില്ലാതെ നിന്നുപോകാന്‍ പറ്റുന്നത്.

 

സിനിമയില്‍ ക്യാരക്ടര്‍ വേഷം ചെയ്യുന്ന ആള്‍ക്കും ഞാന്‍ ഇന്നതേ ചെയ്യൂ എന്നുപറയാന്‍ പറ്റില്ല. ഓരോന്നും എഴുതപ്പെട്ടതാണ്. നമ്മളിലേക്ക് എത്തേണ്ടത് മാത്രമേ എത്തൂ. അവസരങ്ങള്‍ ഉണ്ടാക്കിയെടുത്താലും അത് നിലനില്‍ക്കണമെന്നില്ല. ഈ മീഡിയയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് മുപ്പതുവര്‍ഷമായി. ഒരുപാട് ബന്ധങ്ങളുണ്ട്. അതുമുതലെടുക്കാന്‍ ശ്രമിച്ചിട്ടില്ല. ഇടിച്ചുകയറാനോ അവസരങ്ങള്‍ ഉണ്ടാക്കിയെടുക്കാനോ എനിക്കറിയില്ല.

 

മുപ്പതുവര്‍ഷം ഇവിടെ നില്‍ക്കുകയെന്ന് പറഞ്ഞാല്‍ വലിയ സംഭവം തന്നെയാണ്. സീരിയലില്‍ ആര് അഭിനയിച്ചാലും മതി. ഇന്ന ആള് തന്നെ വേണമെന്നു ഒരു നിര്‍ബന്ധവുമില്ല. പകരത്തിന് ഇഷ്ടംപോലെ ആളുകളുണ്ട്. ഓരോ ദിവസവും പുതിയ ആളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. എന്നിട്ടും നമുക്ക് നല്ല രീതിയില്‍ നില്‍ക്കാന്‍ കഴിയുന്നത് ഈശ്വരാനുഗ്രഹം കൊണ്ടുമാത്രമാണ്.

 

ഫോട്ടോ: കൃഷ്ണകുമാര്‍ മുപ്പത്തടം

ഞങ്ങളുടെ കുടുംബം

ഞാനൊരു സാധാരണക്കാരനാണ്. വലിയ ആഗ്രഹങ്ങളൊന്നുമില്ലാത്ത സാധാരണക്കാരെപ്പോലെ ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന ആളാണ്. 99 ലായിരുന്നു വിവാഹം. ഭാര്യയുടെ പേര് വിദ്യാലക്ഷ്മി. മക്കള്‍ ആത്മന, ധനുര്‍.

 

നടന്‍ എന്നതിലുപരി വ്യക്തി എന്ന നിലയിലാണ് പെണ്ണുകാണാന്‍ പോയത്. വിദ്യാലക്ഷ്മിയുടെ വീട് വൈക്കത്താണ്. ആക്ടറാണ് കാണാന്‍ വരുന്നതെന്ന എക്സൈറ്റ്മെന്‍റൊന്നും ഉണ്ടായിരുന്നില്ല. അവിടെ വെച്ച് എന്നോട് എന്തു പറയുന്നുവെന്നുള്ളതല്ല, എനിക്ക് എന്നെക്കുറിച്ച് പറയണം. അതുപറഞ്ഞു. രണ്ടുപേര്‍ക്കും രണ്ട് കുടുംബങ്ങള്‍ക്കും സ്വീകാര്യമായി.

 

ഞാനെന്നും പ്രൊഫഷണലായിട്ടുള്ള കാര്യങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കിയിട്ടുള്ളത്. അതുകഴിഞ്ഞേ മറ്റു കാര്യങ്ങളില്‍ ശ്രദ്ധിക്കാറുള്ളുവെന്ന് ഭാര്യയ്ക്കും കുട്ടികള്‍ക്കും അറിയാം. കുട്ടികളുടെ എല്ലാ കാര്യങ്ങളിലും ഞാന്‍ അവരോടൊപ്പമുണ്ട്. ക്ഷമയോടെ അവരെ കേള്‍ക്കാറുണ്ട്. വീട്ടിലെ കാര്യങ്ങളെല്ലാം നോക്കുന്നത് ഭാര്യയാണ്. അതുകൊണ്ട് എനിക്ക് ടെന്‍ഷനില്ല. എന്‍റെ യാത്രകളിലും മറ്റും ചെറിയ പ്രയാസം പോലും ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന ആളാണ്. മക്കളും അതുപോലെ തന്നെയാണ്.

 

എന്നെ അറിഞ്ഞു പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് എന്‍റെ ജീവിത പങ്കാളി. സ്വതന്ത്രമായ അഭിപ്രായങ്ങളുള്ള ആളാണ്. നല്ലൊരു വിമര്‍ശകയാണ്. നമ്മള്‍ പരസ്പരം ചര്‍ച്ച ചെയ്താണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായാല്‍ തന്നെ ചര്‍ച്ച ചെയ്തു പരിഹരിക്കും.

 

അച്ഛന്‍ ആഗ്രഹിച്ചത് ഞാന്‍ വക്കീലാകണമെന്നാണ്. പക്ഷേ എത്തിയത് കലാരംഗത്താണ്. എന്‍റെ മക്കള്‍ അഭിനയരംഗത്തേക്ക് വരണമെന്നു ഞാന്‍ ആഗ്രഹിച്ചിട്ടില്ല. അവര്‍ക്ക് എന്ത് തോന്നുന്നു, അവരുടെ ഇഷ്ടം എന്താണ്, നല്ലതാണെങ്കില്‍ അതിന്‍റെ കൂടെ നില്‍ക്കും. മൂത്തമകള്‍ ആത്മന ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്. മകന്‍ ധനുര്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്നു. രണ്ടുപേരും കലാപരമായി ടാലന്‍റുള്ളവരാണ്.

 

അഷ്റഫ്
vbashraf@gmail.com

കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍…

https://nanaonline.in/gallery/family/Actor-Mukundan-Family/1

Show Less

No comments Yet

SLIDESHOW

LATEST VIDEO