മോഹന്‍ലാലിനെ വിസ്മയിപ്പിച്ച നിര്‍ണ്ണയം തീംകേക്ക്

തീംകേക്ക് നിര്‍മ്മാണം ആത്മാവിഷ്ക്കാരമായി കാണുന്ന -അനിതാ എസ്. രാജ്   കൊല്ലം തിരുമുല്ലവാരം മനയില്‍കുളങ്ങര വൃന്ദാവന്‍ ഗാര്‍ഡന്‍സില്‍ അനിതയ്ക്ക് അനിമേഷനോട് പണ്ടേ വലിയ താല്‍പ്പര്യമായിരുന്നു. എന്നുകരുതി അത് പഠിക്കാനൊന്നും പോയില്ല. എഞ്ചിനീയറിംഗ് പഠനത്തിനുശേഷം സ്റ്റാര്‍... Read More

തീംകേക്ക് നിര്‍മ്മാണം ആത്മാവിഷ്ക്കാരമായി കാണുന്ന -അനിതാ എസ്. രാജ്

 

കൊല്ലം തിരുമുല്ലവാരം മനയില്‍കുളങ്ങര വൃന്ദാവന്‍ ഗാര്‍ഡന്‍സില്‍ അനിതയ്ക്ക് അനിമേഷനോട് പണ്ടേ വലിയ താല്‍പ്പര്യമായിരുന്നു. എന്നുകരുതി അത് പഠിക്കാനൊന്നും പോയില്ല. എഞ്ചിനീയറിംഗ് പഠനത്തിനുശേഷം സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനിയിലെ സെയില്‍സ് വിഭാഗത്തില്‍ ജോലിക്കുകയറുകയാണ് ചെയ്തത്. ഇപ്പോള്‍ ചാത്തന്നൂര്‍ ബ്രാഞ്ചില്‍ സീനിയര്‍ സെയില്‍സ് മാനേജരായ അനിത, സെക്ഷന്‍സ് വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍തന്നെ അനിമേഷനോടുള്ള താല്‍പ്പര്യം മൂലം ഏതെങ്കിലും ക്രിയേറ്റീവ് മേഖലയില്‍ കയ്യൊപ്പു പതിപ്പിക്കണമെന്നുള്ള മോഹത്തെ താലോലിക്കുകയും ചെയ്തിരുന്നു.

 

അങ്ങനിരിക്കെയാണ് തിരുവനന്തപുരത്ത് കേക്കുനിര്‍മ്മാണത്തില്‍ രണ്ടുദിവസത്തെ പരിശീലനം നല്‍കുന്നു എന്നുള്ള വിവരമറിഞ്ഞത്. നിലവില്‍ എഞ്ചിനീയറിംഗ് പഠിച്ചിട്ട് അതുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു മേഖലയില്‍ ജോലിചെയ്യുന്ന തനിക്ക് ഒട്ടും ബന്ധമില്ലാത്ത മറ്റൊരു മേഖലയിലെ ട്രെയിനിംഗ് കിട്ടിയിട്ട് എന്തുകാര്യം എന്ന് ചിന്തിച്ച് അനിത അതങ്ങ് കളഞ്ഞതാണ്. എന്നാല്‍ പിന്നീടെപ്പോഴോ ഒരു സ്പാര്‍ക്കുണ്ടായി. എന്തുകൊണ്ട് അവിടെപ്പോയി കേക്കുനിര്‍മ്മാണരീതി പഠിച്ചിട്ട് അതില്‍ എന്തെങ്കിലുമൊക്കെ പരീക്ഷണങ്ങള്‍ നടത്തി തന്‍റേതായ കയ്യൊപ്പു പതിപ്പിച്ചുകൂടാ.

 

 

അങ്ങനെയാണ് അനിത എസ്. രാജ് എന്ന എഞ്ചിനീയറിംഗ് ബിരുദധാരിണി കേക്ക് നിര്‍മ്മാണം പഠിക്കാന്‍ തിരുവനന്തപുരത്തു പോയത്. പോകുമ്പോള്‍ മനസ്സില്‍ കണക്കുകൂട്ടിയതുപോലെ, എന്തൊക്കെ ചേരുവകള്‍ ചേര്‍ത്താണ് കേക്കുണ്ടാക്കുക എന്നൊക്കെയല്ലാതെ മറ്റൊന്നും അവിടെനിന്നും പഠിക്കാനായില്ല. എന്നാല്‍ അനിതയ്ക്ക് അത്രയും പഠിച്ചാല്‍ മതിയായിരുന്നു. ബാക്കിയൊക്കെ അനിതയുടെ ഭാവനയിലുണ്ടായിരുന്നു. ആ ഭാവനയാണ് കേരളം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

 

തീംകേക്കുകള്‍

 

ബെര്‍ത്ത്ഡേ കേക്കായാലും വെഡ്ഡിംഗ് കേക്കായാലും അതിലൊക്കെ ഒരു തീം കൊണ്ടുവരുന്നു എന്നതാണ് അനിതയുടെ പ്രത്യേകത. ഉദാഹരണത്തിന് പാവകളെ ഇഷ്ടമുള്ള ഒരു കുട്ടിയുടെ ബര്‍ത്ത്ഡേയ്ക്കുവേണ്ടിയുള്ള കേക്കിനാണ് ഓര്‍ഡര്‍ എങ്കില്‍ പാവകളുടെ രൂപം ഉള്‍പ്പെടുത്തിയ കേക്കായിരിക്കും ഉണ്ടാക്കുക. ആനയെ ഇഷ്ടപ്പെടുന്ന കുട്ടിയുടെ ബെര്‍ത്ത്ഡേ ആണെങ്കില്‍ കേക്കില്‍ ഒന്നോ അതിലധികമോ ആനകളെ കാണാം.

 

തലയെടുപ്പോടെ തുമ്പിക്കയ്യുയര്‍ത്തിനില്‍ക്കുന്ന ഒത്ത ആന. അത് ഭക്ഷ്യയോഗ്യമാണെന്നുള്ളതാണ് കൗതുകകരം. കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം ആനയുടെ കൊമ്പും തുമ്പിക്കയ്യുമൊക്കെ സ്വന്തം വയറ്റിലാക്കുന്നത് എത്ര കൗതുകകരമാണെന്ന് ചിന്തിച്ചുനോക്കൂ. അതാണ് അനിതയുടെ നിര്‍മ്മാണപ്രത്യേകത.

 

 

സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുംവേണ്ടി കേക്കുകള്‍ ഉണ്ടാക്കിക്കൊണ്ടായിരുന്നു തുടക്കം. അവരില്‍നിന്നും വിവരം കേട്ടറിഞ്ഞ് കേട്ടറിഞ്ഞ്, കേരളത്തിനകത്തുനിന്നും പുറത്തുനിന്നും ഓര്‍ഡറുകള്‍ നിരവധി വരുന്നുണ്ടെങ്കിലും ഒരിക്കലും ഇതൊരു കച്ചവടമാക്കാനാഗ്രഹമില്ലാത്തതിനാല്‍ സമയത്തിന് ചെയ്തുകൊടുക്കുവാന്‍ കഴിയില്ല എന്നുള്ളതാണ്.

 

സഹായികളെ നിര്‍ത്തുവാന്‍ അനിതയ്ക്ക് താല്‍പ്പര്യവുമില്ല. കാരണം അനിതയെ സംബന്ധിച്ചിടത്തോളം ഇതൊരു ആത്മാവിഷ്ക്കാരത്തിന്‍റെ ഭാഗമാണ്. അതുകൊണ്ടുതന്നെ താന്‍ ഉണ്ടാക്കിക്കൊടുത്ത ഒരു കേക്ക് കണ്ടിട്ട് അതുപോലെ ഒന്നു ചെയ്തുകൊടുക്കണമെന്നുപറഞ്ഞുവരുന്നവരെ അനിത പ്രോത്സാഹിപ്പിക്കാറില്ല.

 

ഓരോ കേക്കും വ്യത്യസ്തമായിരിക്കണം എന്നുള്ള കാര്യത്തില്‍ അനിതയ്ക്ക് നിര്‍ബന്ധമുണ്ട്. ബെര്‍ത്ത്ഡേയുടന്ന് കുഞ്ഞ് ധരിക്കുന്ന വസ്ത്രത്തിന്‍റെ ഡിസൈനിലും പേരിന്‍റെ അര്‍ത്ഥത്തിലുമൊക്കെയാണ് അനിത കേക്ക് ഉണ്ടാക്കുക. ഒരിക്കല്‍ ഒരു ബെര്‍ത്ത്ഡേ കേക്കിന് ഓര്‍ഡര്‍ വന്നപ്പോള്‍, ട്രാവല്‍ എന്ന അര്‍ത്ഥംവരുന്ന പേരുകാരനായിരുന്നു കുഞ്ഞ്. അതുകൊണ്ട് ഒരു ജറ്റ് ഉണ്ടാക്കി അതില്‍ കുഞ്ഞ് യാത്രചെയ്യുന്ന തീമാണ് ഉപയോഗിച്ചത്.

 

 

അത് കണ്ടിട്ട് അതുപോലൊരു കേക്കിന്‍റെ ഓര്‍ഡര്‍ വന്നപ്പോള്‍ അനിത അവരെ പ്രോത്സാഹിപ്പിച്ചില്ല. പകരം അന്ന് കുഞ്ഞ് ധരിക്കുന്ന ഡ്രസിന്‍റെ കളറുമായി മാച്ചുചെയ്യുന്ന കേക്കാണ് ഉണ്ടാക്കിനല്‍കിയത്. വര്‍ഷങ്ങള്‍ക്കുമുമ്പ് റിലീസ് ചെയ്ത, മോഹന്‍ലാല്‍ നായകനായ ‘നിര്‍ണ്ണയം’ എന്ന സിനിമയും അനിതയുടെ കരവിരുതിന് പാത്രമായി. മോഹന്‍ലാല്‍ ഡോക്ടറായി അഭിനയിച്ച സിനിമയായിരുന്നു അത്. ആ പ്രചോദനത്താല്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജിലെ 2012-ലെ മെഡിക്കല്‍ സ്റ്റുഡന്‍റ്സ് നിര്‍ണ്ണയം എന്ന പേരില്‍ ഒരു സംഘടനയുണ്ടാക്കി. അതിന്‍റെ ബ്രാന്‍റ് അംബാസിഡര്‍ മോഹന്‍ലാലാണ്.

 

അവരുടെ ഒരു ഗറ്റ് ടുഗദര്‍ തിരുവനന്തപുരത്ത് താജ് ഹോട്ടലില്‍ മോഹന്‍ലാല്‍ കേക്കുമുറിച്ച് ഉദ്ഘാടനം ചെയ്തപ്പോള്‍ താന്‍ മുറിച്ച കേക്കുകണ്ട് ആ അഭിനയപ്രതിഭ അത്ഭുതം കൂറിപ്പോയി. കാരണം ആ സിനിമയുടെ ഓരോ ഷോട്ടും ഫിലിം റോള്‍ പോലെ എഡിറ്റ് ചെയ്ത് എഡിബിള്‍ പ്രിന്‍റാക്കിയുള്ള കേക്കായിരുന്നു അത്. സിനിമയുടെ മുഴുവന്‍ ഭാഗവുമിരുന്നു കണ്ട്, സ്റ്റില്‍ സെലക്ട് ചെയ്തുള്ള കേക്കുനിര്‍മ്മാണം ഏറെ ആയാസകരമായിരുന്നെങ്കിലും അത് നല്‍കിയ സംതൃപ്തി വളരെ വലുതായിരുന്നു എന്നാണ് അനിത പറയുന്നത്. എങ്കിലും കുഞ്ഞുങ്ങള്‍ക്കുള്ള ബര്‍ത്ത്ഡേ കേക്ക് ചെയ്യുന്നതിനോടാണ് കൂടുതല്‍ താല്‍പ്പര്യമെന്നും അനിത പറയുന്നു.

 

 

ഒരിക്കല്‍ ഒരു സദ്യ വിളമ്പിവെച്ചിരിക്കുന്ന തീംകേക്ക് ചെയ്യാനുപയോഗിച്ചത് ഏറെ പ്രശംസ പിടിച്ചുപറ്റിയ ഇനമാണ്. തൂശനിലയില്‍ സദ്യവട്ടങ്ങളൊക്കെ- തൊടുകറികള്‍, അവിയല്‍, തോരന്‍, ഉപ്പേരി, പഴം, ചോറ്- അതാതിന്‍റെ നിറത്തില്‍ തന്നെ രൂപം ചെയ്തപ്പോള്‍ ഒറ്റനോട്ടത്തില്‍ അതൊരു കേക്കാണെന്ന് വിശ്വസിക്കുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഒടുവില്‍ വാസ്തവം തിരിച്ചറിഞ്ഞപ്പോള്‍ ഇലയുള്‍പ്പെടെ കഴിച്ചുതീര്‍ക്കുകയായിരുന്നു പലരും.

 

കച്ചവടലക്ഷ്യം ഇല്ലാത്തതിനാലും, ഏറെ ശ്രദ്ധ ചെലുത്തേണ്ട വര്‍ക്കായതിനാലും വരുന്ന ഓര്‍ഡറുകളൊക്കെയും അനിത ഏറ്റെടുക്കാറില്ല. രാത്രികാലത്ത് വീട്ടില്‍ എല്ലാവരും ഉറങ്ങിക്കഴിഞ്ഞിട്ടൊക്കെയാണ് പലപ്പോഴും കേക്കുനിര്‍മ്മാണമെന്നും, ആ സമയത്ത് മുറിയടച്ച് പൂര്‍ണ്ണനിശബ്ദതയും ശ്രദ്ധയും ഉറപ്പുവരുത്തുമെന്നാണ് അനിതാ എസ്. രാജിന്‍റെ പിതാവ് സുബ്ബരായലു പറയുന്നത്.

 

പി. ജയചന്ദ്രന്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO