നൃത്തത്തിലൂടെ ഉടലെടുത്ത സൗഹൃദം

ഒരു മലയാളി പെണ്‍കുട്ടിയെപ്പോലെ ജീവിക്കാനാണ് നിയോഗം - പാരീസ് ലക്ഷ്മി ഞാന്‍ മിയയെ ആദ്യമായി പരിചയപ്പെടുന്നത് 'മഴവില്‍ അഴകില്‍ അമ്മ' എന്ന സ്റ്റേജ് ഷോയുടെ റിഹേഴ്സല്‍ ക്യാമ്പില്‍ വച്ചാണ്. മിയ വളരെ സോഫ്റ്റ് ക്യാരക്ടറാണ്.... Read More

ഒരു മലയാളി പെണ്‍കുട്ടിയെപ്പോലെ ജീവിക്കാനാണ് നിയോഗം – പാരീസ് ലക്ഷ്മി

ഞാന്‍ മിയയെ ആദ്യമായി പരിചയപ്പെടുന്നത് ‘മഴവില്‍ അഴകില്‍ അമ്മ’ എന്ന സ്റ്റേജ് ഷോയുടെ റിഹേഴ്സല്‍ ക്യാമ്പില്‍ വച്ചാണ്. മിയ വളരെ സോഫ്റ്റ് ക്യാരക്ടറാണ്. വളരെ ഫ്രണ്ട് ലിയാണ്. നല്ലൊരു പേഴ്സനാണ്. ഞങ്ങള്‍ തമ്മില്‍ ഇപ്പോള്‍ കൂടെക്കൂടെ കാണാറുണ്ട്. മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയുടെ ജഡ്ജസായതോടെ ഞങ്ങള്‍ കൂടുതലടുത്തു. മാസത്തില്‍ മൂന്നുദിവസത്തെ ഷൂട്ടുള്ളതുകൊണ്ട് ഞങ്ങള്‍ കൂടെക്കൂടെ കാണാറുണ്ട്. ഞങ്ങള്‍ തമ്മില്‍ കണ്ടാല്‍ ഇപ്പോള്‍ ആദ്യം സംസാരിക്കുന്നത് ഡാന്‍സിനെക്കുറിച്ചാണ്. മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികളെക്കുറിച്ചും അവരുടെ രീതികളും പ്രകടനങ്ങളും വിജയപരാജയങ്ങളും എല്ലാറ്റിനെക്കുറിച്ചും ഞങ്ങള്‍ പരസ്പരം വിലയിരുത്താറുണ്ട്. മിയ തന്‍റെ പുതിയ സിനിമയെക്കുറിച്ച് പറയും.

 

 

എന്‍റെ ഡാന്‍സ് പ്രോഗ്രാമുകളെക്കുറിച്ചും യാത്രകളെക്കുറിച്ചും പാരീസില്‍ നിന്നും കേരളത്തിലെത്തി ഒരു മലയാളി പെണ്‍കുട്ടിയെപ്പോലെ ജീവിക്കുന്നതിനെക്കുറിച്ചും ഒക്കെ മിയ ചോദിക്കാറുണ്ടായിരുന്നു. ഞാന്‍ നന്നായി മലയാളഭാഷ സംസാരിക്കുന്നതിലാണ് മിയയ്ക്ക് അത്ഭുതം. പാരീസ് ലക്ഷ്മി പറഞ്ഞു. പാരീസില്‍നിന്നും എത്തിയ ലക്ഷ്മി ഇവിടെയിപ്പോള്‍ അതിഥിയല്ല. മരുമകളാണ്. വൈക്കത്തെ പള്ളിപ്പുറം ഗ്രാമത്തില്‍ കഥകളി നടനായ പള്ളിപ്പുറം സുനിലിനെവിവാഹം കഴിച്ചതുവഴിയാണ് കേരളത്തിന്‍റെ മരുമകളായത്.
കഥകളിയും ക്ലാസിക്കല്‍ ഡാന്‍സും തമ്മില്‍ എങ്ങനെ പൊരുത്തപ്പെടുന്നുവോ, അതുപോലെതന്നെയാണ് ഇവരുടെ ദാമ്പത്യജീവിതവും പൊരുത്തപ്പെടുന്നത്. വൈക്കം ക്ഷേത്രത്തില്‍വെച്ചായിരുന്നു ഇവരുടെ വിവാഹം.

 

വിവാഹശേഷം വൈക്കത്ത് സ്ഥിരതാമസമായതോടെ ലക്ഷ്മി സ്റ്റേജുകളില്‍ നൃത്തം അവതരിപ്പിക്കാന്‍ തുടങ്ങിയിരുന്നു. ഇപ്പോള്‍ വീടിനോട് ചേര്‍ന്നു തന്നെ ഒരു ഡാന്‍സ് സ്ക്കൂളും ലക്ഷ്മി നടത്തിവരുന്നു. ഇവിടെ കുട്ടികളും മുതിര്‍ന്നവരുമായി അമ്പതോളംപേര്‍ നൃത്തം പഠിക്കുന്നുണ്ട്. ഒരവധിക്കാലം ചെലവഴിക്കാനായി ലക്ഷ്മിയുടെ കുടുംബം വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്ത്യയിലെത്തിയതാണ്. കാലം കടന്നുപോകവെ ഇവിടെ കേരളത്തില്‍ ഒരു മലയാളി പെണ്‍കുട്ടിയെപ്പോലെ ജീവിക്കാനായിരുന്നു നിയോഗം.

 

കേരളവുമായുള്ള ബന്ധം എങ്ങനെയാണ്?

 

എന്‍റെ പേരന്‍റ്സ് ഇന്ത്യന്‍ ലവേഴ്സാണ്. അവര്‍ക്ക് ഇന്ത്യയോട് ഒരു പാഷനുണ്ടായിരുന്നു. എനിക്ക് ഏഴുവയസ്സുള്ള കാലം മുതല്‍ ഞാനും ഇന്ത്യയില്‍ എത്തിത്തുടങ്ങി. അവര്‍ക്ക് ഇന്ത്യയോട് ക്രേസുള്ളതുപോലെതന്നെ എനിക്കും ഒരു ക്രേസുണ്ട്. (ലക്ഷ്മി ചിരിക്കുന്നു) എന്നിട്ട് തുടര്‍ന്നു.
ഞാന്‍ കുറച്ചുനാള്‍ പൂനെയിലും പിന്നെ ചെന്നൈയിലുമുണ്ടായിരുന്നു. വിവാഹത്തിനുശേഷമാണ് വൈക്കത്ത് സ്ഥിരതാമസമാക്കിയത്.

 

വിവാഹം ഇവിടെവച്ച് നടന്നതെങ്ങനെ?

 

എന്‍റെ ഹസ്ബന്‍റ് പള്ളിപ്പുറം സുനില്‍ ഒരു കഥകളി ആര്‍ട്ടിസ്റ്റാണെന്ന് പറഞ്ഞുവല്ലോ. ഞാന്‍ ഒരു ഡാന്‍സറും. ഞങ്ങള്‍ കണ്ടുമുട്ടി, പരിചയമായപ്പോള്‍ വിവാഹത്തെക്കുറിച്ച് സൂചിപ്പിച്ചു. കേരളത്തില്‍ മലയാളി പെണ്‍കുട്ടിയെപ്പോലെ ഒരു മണവാട്ടിയായി മാറാന്‍ എനിക്കാഗ്രഹമുണ്ടായിരുന്നു. വിവാഹത്തിന് സമ്മതം കൊടുത്തു. നൃത്തവും കഥകളിയും തമ്മില്‍ അഭേദ്യമായ ഒരു ബന്ധമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുകയും ചെയ്തു. ഞാന്‍ പറഞ്ഞില്ലേ, കേരളത്തിനോടും മലയാളികളോടും എനിക്കുള്ള ഇഷ്ടം ആ താല്‍പ്പര്യം എന്നെ ഭാഷ പഠിക്കാനും പ്രേരിപ്പിച്ചു. വളരെ ശ്രദ്ധയോടെ പഠിച്ചെടുക്കാന്‍ കഴിയുന്നുണ്ട്. ഡാന്‍സ് സ്ക്കൂളിലെ എന്‍റെ സ്റ്റുഡന്‍റ്സാണ് ലാംഗ്വേജിന്‍റെ കാര്യത്തില്‍ എന്നെ സഹായിക്കുന്നത്. അവരില്‍ നിന്നും മലയാളഭാഷ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞാന്‍ പഠിച്ചു. ഇപ്പോഴും ഞാന്‍ അത് പഠിച്ചുകൊണ്ടുമിരിക്കുന്നു. ഭാഷ പഠിക്കുന്ന കാര്യത്തില്‍ ഹസ്ബന്‍റിന്‍റെ ഭാഗത്തു നിന്നും എനിക്കൊരു സഹായവും കിട്ടാറുമില്ല.

 

 

ലക്ഷ്മിയുടെ ‘ഓലപ്പീപ്പി’ എന്ന സിനിമയിലെ അഭിനയം ശ്രദ്ധേയമായിരുന്നു. പുതിയ സിനിമയെക്കുറിച്ച് പറയാമോ?

 

കലാമണ്ഡലം ഹൈദരാലിയെക്കുറിച്ച് ഒരു സിനിമ വരുന്നുണ്ട്. അതില്‍ ഹൈദരാലിയുടെ ഭാര്യാവേഷം ചെയ്യുന്നത് ഞാനാണ്. കിരണ്‍ എന്ന പുതിയ ഒരു സംവിധായകനാണ് ആ സിനിമ ചെയ്തിരിക്കുന്നത്. രണ്‍ജിപ്പണിക്കരാണ് മെയിന്‍ റോള്‍ ചെയ്യുന്നത്. വേറെ ചില പ്രോജക്ടിനെക്കുറിച്ച് സംസാരിക്കുന്നു. ഡിസ്ക്കഷനും നടക്കുന്നുണ്ട്.

 

‘ഡി’ ഫോര്‍ ഡാന്‍സിന്‍റെ ജഡ്ജായി തുടരുന്നതിനെക്കുറിച്ച് എന്തുപറയാനുണ്ട്?

 

ഞാന്‍ ഈ പ്രോഗ്രാം മുന്‍പുതന്നെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. ഡാന്‍സിനെബേസ് ചെയ്തിട്ടുള്ളതായതിനാല്‍ എനിക്ക് ഇഷ്ടവുമായിരുന്നു. ഈ ഓഫര്‍ വന്നപ്പോള്‍ എനിക്കിഷ്ടമായതുകൊണ്ട് സ്വീകരിച്ചു. പ്രസന്ന മാഷും ജഡ്ജാണല്ലോ. ഞങ്ങള്‍ മൂന്നുപേരും നല്ല ഫ്രണ്ട്സാണിപ്പോള്‍. പിന്നെ ഈ പ്രോഗ്രാമില്‍ പങ്കെടുക്കുന്ന കുട്ടികളെക്കുറിച്ച് പറയുകയാണെങ്കില്‍ എല്ലാവരും വളരെ ടാലന്‍റഡാണ്. ഇത്രയും ചെറിയ പ്രായത്തില്‍ ഇത്ര നന്നായി ഡാന്‍സ് ചെയ്യുന്നത് കാണുമ്പോള്‍ എനിക്ക് അത്ഭുതമാണ് തോന്നിയിട്ടുള്ളത്. പാരീസ് ലക്ഷ്മി പറഞ്ഞുനിര്‍ത്തി.

 

എനിക്ക് കുട്ടികളുമായി അടുക്കാന്‍ വലിയ ഇഷ്ടമാണ് – മിയ

 

അല്‍ഫോണ്‍സാമ്മ എന്ന സീരിയലിലൂടെയാണ് മിയ അഭിനയരംഗത്ത് എത്തുന്നത്. തുടര്‍ന്ന് ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തിയെങ്കിലും ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത ചേട്ടായീസ് എന്ന സിനിമയാണ് മിയയെ മുന്‍നിര നായികാപദവിയിലേക്ക് എത്തിച്ചത്. പാരീസ് ലക്ഷ്മിയെ ഞാന്‍ വീണ്ടും കണ്ടുമുട്ടിയത് ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റിഷോയുടെ ഷൂട്ടിംഗ് സമയത്താണ്. ഞങ്ങള്‍ ഇപ്പോള്‍ വളരെ നല്ല സുഹൃത്തുക്കളാണ്. മിയ പറഞ്ഞു.

 

അന്യഭാഷാചിത്രങ്ങള്‍ ചെയ്യുന്നുണ്ടോ?

 

കുറെ കഥകള്‍ കേള്‍ക്കുന്നുണ്ട്. ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. മലയാളമാണ് കൂടുതല്‍ ഇഷ്ടവും കംഫോര്‍ട്ടബിളും. തമിഴിലെ എന്‍റെ ചിത്രം മറക്കാനാവില്ല. അത് ചെയ്തപ്പോള്‍ എനിക്ക് തമിഴൊട്ടും അറിയില്ലായിരുന്നു. എങ്കിലും പാടുപെട്ട് പഠിച്ചുചെയ്തു. അതൊക്കെ നല്ലൊരനുഭവമാണ്.

 

ജിമിജോര്‍ജ്ജ് എങ്ങനെയാണ് മിയ ആയത്?

 

ഒഫീഷ്യല്‍പേര് ജിമിജോര്‍ജ്ജ് എന്നാണ്. ചേട്ടായീസ് എന്ന സിനിമയുടെ സമയത്ത് അതിന്‍റെ സംവിധായകനും ബിജുവേട്ടനുമൊക്കെ കൂടിയാണ് മിയ എന്ന പേരിട്ടത്.

 

 

 

മിനിസ്ക്രീനില്‍ ഡി ഫോര്‍ ഡാന്‍സിന്‍റെ ജഡ്ജസിലൊരാളാണ്. നൃത്തത്തിനോട് പ്രത്യേക അഭിനിവേശമോ താല്‍പ്പര്യമോ ഉണ്ടോ?

 

ക്ലാസിക്കല്‍ ഡാന്‍സിലാണ് ഞാന്‍ ട്രെയിന്‍ ചെയ്തിരിക്കുന്നത്. പിന്നെ പ്രോഗ്രാമിനും ഷോസിനുമായാണ് മറ്റ് ഡാന്‍സുകള്‍ ചെയ്തിട്ടുള്ളത്. സ്ക്കൂളിലൊക്കെ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ളത് ക്ലാസിക്കലായിരുന്നു. സിനിമയിലും ടി.വി. ഷോസിലും കണ്ടിന്യൂ ചെയ്യുന്ന സമയത്താണ് ഈ ഷോയിലേക്ക് വിളിക്കുന്നത്. കുട്ടികള്‍ക്കായുള്ള ഫ്ളാറ്റ്ഫോമാണ്. എനിക്ക് കുട്ടികളുമായി അടുക്കാന്‍ ഭയങ്കര ഇഷ്ടമാണ്. അങ്ങനെയാണ് ഈ പ്രോഗ്രാം ചെയ്യാന്‍ തീരുമാനിക്കുന്നത്.

 

അന്നത്തേയും ഇന്നത്തേയും മാറ്റങ്ങളെക്കുറിച്ച്?

 

ഇന്ന് ചിത്രങ്ങളും പ്രോഗ്രാമുകളും വീണ്ടും വീണ്ടും ഓണ്‍ലൈനുകളില്‍ കാണാന്‍ പറ്റുന്നു. അത് നല്ല കാര്യമല്ലേ. ഞാനൊക്കെ ചെയ്ത സീരിയല്‍ ഒന്നുകൂടെ കാണാന്‍ തോന്നിയാല്‍ ഒരു രക്ഷയുമില്ല. അന്ന് യൂ ട്യൂബും വെബ്സൈറ്റുമൊന്നും ഇത്രയും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ടി.വിയില്‍ മാത്രമല്ല ഓണ്‍ലൈനുകളിലും ഒരുപാട് ആളുകള്‍ കാണുന്നു.

 

സൗന്ദര്യസംരക്ഷണത്തിനായി ഇപ്പോഴും എടുക്കുന്ന കരുതലുകള്‍… പുതിയ തലമുറയ്ക്ക് എന്തെങ്കിലും ടിപ്സ് നല്‍കാനുണ്ടോ?

 

പലരും ചോദിക്കുന്നത് തടിക്കാതിരിക്കുന്നത് എന്താണ് എന്നാണ്. എന്നാല്‍ എനിക്ക് തടി കൂടുതലാണെന്നാണ് തോന്നുന്നത്. നേരിട്ടു കാണുന്നവരെല്ലാം മെലിഞ്ഞല്ലോ എന്നുചോദിക്കുമ്പോള്‍ അത്ഭുതമാണ്. ഭക്ഷണം കഴിക്കുന്നതിന്‍റെ അളവ് കുറവാണ്. അല്ലാതെ ഡയറ്റിംഗ്, ജിമ്മില്‍ പോവുക ഇങ്ങനത്തെ ശീലമൊന്നുമില്ല. പൊതുവേ മടിച്ചിയായതുകൊണ്ട് വേറെ സൗന്ദര്യസംരക്ഷണമൊന്നും ചെയ്യാറുമില്ല.

 

മുംബയിലായിരുന്നല്ലോ ജനനം. കേരളത്തില്‍ എത്തിപ്പെട്ടതിനെക്കുറിച്ച്?

 

ജനിച്ചത് മുംബയിലാണ്. പപ്പയ്ക്ക് അവിടെയായിരുന്നു ജോലി. എനിക്ക് നാല് വയസ്സുള്ളപ്പോള്‍ പാലയിലേക്ക് വന്നു. പഠനമൊക്കെ പാലായില്‍ തന്നെയായിരുന്നു.

 

ന്യൂജെന്‍ സിനിമാവിശേഷങ്ങള്‍?

 

മലയാള സിനിമയില്‍ കുറേ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സമയമാണിപ്പോള്‍. ഞാന്‍ എല്ലാ സിനിമയും കാണും. നല്ല തീം ഒക്കെയായി നല്ല മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഈ സമയത്ത് ഇന്‍ഡസ്ട്രിയില്‍ നില്‍ക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. ഇത്തരം നല്ല സിനിമകളുടെ ഭാഗമാകാന്‍ എനിക്കും സാധിക്കട്ടെ.

 

 

വീട്ടില്‍ ആരാണ് കൂടുതല്‍ സപ്പോര്‍ട്ട്?

 

വീട്ടില്‍ എല്ലാവരും സപ്പോര്‍ട്ടാണ്. വീട്ടില്‍ പപ്പ, മമ്മി, ചേച്ചി എന്നിവരാണുള്ളത്. ചേച്ചീടെ കല്യാണം കഴിഞ്ഞു. മക്കളുണ്ട്. കൂടുതല്‍ പ്രോത്സാഹനം മമ്മിയാണ്. ലൊക്കേഷനിലൊക്കെ കൂടെ വരുന്നത് മമ്മിയാണ്.

 

ഭാവിപരിപാടികള്‍?

 

കുറേ പ്രോജക്ട് കേള്‍ക്കുന്നുണ്ട്. നല്ലത് കമ്മിറ്റ് ചെയ്യണം.

 

സ്ത്രീസുരക്ഷയെക്കുറിച്ച്?

 

സ്ത്രീസുരക്ഷ ഒരുപാട് പ്രശ്നത്തിലാണ്. എല്ലായിടത്തും ഓരോ പ്രശ്നങ്ങളുണ്ട്. ദിവസവും പത്രം നോക്കിയാല്‍ അറിയാം, എന്തൊക്കെ സംഭവങ്ങളാണ് നടക്കുന്നതെന്ന്. ഏത് മേഖലയിലും സ്ത്രീ സുരക്ഷിതയല്ല. വെല്‍ട്രെയിന്‍ഡ് വനിതാ പോലീസിന് നേരെ പോലും ആക്രമണം ഉണ്ടാകുമ്പോള്‍ സാധാരണക്കാരുടെ അവസ്ഥ ആലോചിക്കാവുന്നതല്ലേയുള്ളൂ.

 

തയ്യാറാക്കിയത്:
കൃഷ്ണന്‍മാലം, സുനിതാസുനില്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO