തവിയിലെ 11 തരം കഞ്ഞി

കഞ്ഞിയുടെ സ്വാദ് അറിഞ്ഞുകുടിക്കണമെങ്കില്‍ തവിയില്‍ വരണം. ഉള്ളം നിറഞ്ഞുമടങ്ങാം. ഇത് അനുഭവസ്ഥരുടെ വെളിപ്പെടുത്തലാണ്. എറണാകുളത്ത് മെട്രോസിറ്റിയില്‍ കിട്ടാവുന്ന ഏറ്റവും സ്വാദിഷ്ടമായ ഭക്ഷണങ്ങളിലൊന്നാണ് കലൂരിലെ തവിയില്‍ കിട്ടുന്ന കഞ്ഞി. മണ്‍പാത്രത്തില്‍ വിളമ്പുന്ന തവിട് കളയാത്ത നല്ല... Read More

കഞ്ഞിയുടെ സ്വാദ് അറിഞ്ഞുകുടിക്കണമെങ്കില്‍ തവിയില്‍ വരണം. ഉള്ളം നിറഞ്ഞുമടങ്ങാം. ഇത് അനുഭവസ്ഥരുടെ വെളിപ്പെടുത്തലാണ്. എറണാകുളത്ത് മെട്രോസിറ്റിയില്‍ കിട്ടാവുന്ന ഏറ്റവും സ്വാദിഷ്ടമായ ഭക്ഷണങ്ങളിലൊന്നാണ് കലൂരിലെ തവിയില്‍ കിട്ടുന്ന കഞ്ഞി. മണ്‍പാത്രത്തില്‍ വിളമ്പുന്ന തവിട് കളയാത്ത നല്ല പാലക്കാടന്‍ മട്ടഅരിയുടെ ആവി പറക്കുന്ന കഞ്ഞിയും ഉലത്തും അച്ചാറും പപ്പടവും ചേര്‍ത്ത് വിഭവസമൃദ്ധമായ ഒരു സംഭവംതന്നെയാണ്. വാഴക്കുടപ്പന്‍, വാഴപ്പിണ്ടി, കായത്തൊണ്ട്, ചേന, ചീര ഇതില്‍ ഏതെങ്കിലുമൊന്നിന്‍റെ കൂടെ വന്‍പയറോ, ചെറുപയറോ ചേര്‍ത്ത് മുളക് ചതച്ചിട്ടതാണ് കഞ്ഞിയോടൊപ്പം കിട്ടുന്ന ഉലത്ത്. ഉപ്പുമാങ്ങ, ഇരുമ്പന്‍ പുളി, നെല്ലിക്ക എന്നിവയുടെ അച്ചാറ് അല്ലെങ്കില്‍ ചമ്മന്തി.

 

തവിയിലെ നാടന്‍ രുചിക്കൂട്ടിലുള്ള കഞ്ഞിയുമായി ഒരു ഇരുപ്പ് ഇരുന്നാല്‍ എത്രയാണ് അകത്താക്കുന്നതെന്ന് പറയാന്‍ പറ്റില്ല. ഇതില്‍ ഏറ്റവും പ്രധാനം രുചിക്കൂട്ടുതന്നെയാണ്. രണ്ടാമത്തെ കാര്യം ഭക്ഷണം കഴിക്കാനെത്തുന്നവരെ സ്വാഗതം ചെയ്യുന്ന സുന്ദരമായ അന്തരീക്ഷമാണ്. വായിച്ചുകേള്‍ക്കുമ്പോള്‍ വായില്‍ വെള്ളമൂറിയിട്ട് കാര്യമില്ല. നേരെ കലൂര്‍ ദേശാഭിമാനി ജംഗ്ഷനിലുള്ള തവിയിലേക്ക് വരിക.

 

 

സെലിബ്രിറ്റികളും സാധാരണക്കാരും ഉദ്യോഗസ്ഥരും ഇവിടുത്തെ നിത്യസന്ദര്‍ശകരാണ്. അമ്പരപ്പിക്കുന്ന മറ്റൊരു സംഗതി കഞ്ഞിയെന്നുപറയുമ്പോള്‍ അനിഷ്ടത്തോടെ നെറ്റി ചുളിക്കുന്ന ചെറുപ്പക്കാരുണ്ട്. പനി വരുമ്പോള്‍ മാത്രം കഞ്ഞി കുടിക്കുന്നവരുണ്ട്. പനിക്കുള്ള മരുന്നാണ് കഞ്ഞിയെന്ന് ധരിച്ചുവെച്ചിരിക്കുന്നവരുമുണ്ട്. എല്ലാ ധാരണകളെയും തെറ്റിച്ചുകൊണ്ടാണ് ന്യൂജെന്‍ കുട്ടികള്‍ സംഘമായി തവിയിലേക്ക് വരുന്നത്.

 

ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പതുമണിമുതല്‍ രാത്രി ഒമ്പതരമണിവരെ മെട്രോ സിറ്റിയില്‍ ചൂട് കഞ്ഞി കിട്ടുന്ന ഏക സ്ഥലമാണ് തവി. മറ്റ് ഹോട്ടലില്‍നിന്ന് നമുക്ക് ഭക്ഷണം പാഴ്സല്‍ വാങ്ങിക്കാന്‍ പറ്റും. കഞ്ഞിമാത്രം ആരും പായ്ക്ക് ചെയ്തുതരില്ല. അതിന് സാങ്കേതികമായ ബുദ്ധിമുട്ടുകളുണ്ടാകും. പക്ഷേ, തവിയില്‍നിന്ന് കഞ്ഞി പാഴ്സലായി വാങ്ങാം. മാത്രമല്ല യൂബര്‍ ഈറ്റ്സിലും സൊമാറ്റോയിലും ഓര്‍ഡര്‍ ചെയ്താല്‍ നഗരത്തില്‍ നിങ്ങള്‍ എവിടെയാണോ അവിടെ കഞ്ഞി എത്തിയിരിക്കും. നേരിട്ട് വിളിച്ച് പറഞ്ഞാലും തവിയിലെ കഞ്ഞി നിങ്ങളെ തേടി വരും. കഞ്ഞിയോടൊപ്പം കഴിക്കാന്‍ സ്പെഷ്യല്‍ ഐറ്റം വേണ്ടവര്‍ക്ക് കൊഴുവപീര, അയില പൊള്ളിച്ചത്, മത്തിക്കറി, ചാളപീര, കണവത്തോരന്‍, ഞണ്ട് ഫ്രൈ എന്നിവയും റെഡി.

 

സാധാരണകഞ്ഞി, ജീരക കഞ്ഞി, മുളയരി കഞ്ഞി, ഞവരയരി കഞ്ഞി, പയര്‍കഞ്ഞി, ഗോതമ്പ് കഞ്ഞി, നവധാന്യകഞ്ഞി, തൈര് കഞ്ഞി, ഓട്സ് കഞ്ഞി, പഴങ്കഞ്ഞി, സ്പെഷ്യല്‍ ചീരക്കഞ്ഞി എന്നിങ്ങനെ പതിനൊന്നുതരം കഞ്ഞി ലഭിക്കുന്ന തവി റെസ്റ്റോറന്‍റിന്‍റെ ഉടമ കലാകാരിയായ ജെസീനയാണ്. സിനിമാ മേക്കപ്പ് ആര്‍ട്ടിസ്റ്റും ഹെയര്‍ സ്റ്റൈലിസ്റ്റുമായ ജെസീന നല്ലൊരു പാചകക്കാരിയും കൂടിയാണ്.

 

പാചകം പാരമ്പര്യമായി കിട്ടിയതാണ് – ജെസീന

 

തവിയും സിനിമയും… ഏതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് ?

 

രണ്ടും പ്രധാനമാണ്. കഞ്ഞിക്കടയും സിനിമയും രണ്ടും നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോകണമെന്നുതന്നെയാണ് ആഗ്രഹം.

 

 

സിനിമയുടെ ഷൂട്ടിങ്ങുമായി നില്‍ക്കുമ്പോള്‍ തവിയിലെ കാര്യങ്ങള്‍ കണ്‍ട്രോള്‍ ചെയ്യുന്നത് എങ്ങനെയാണ്?

 

സഹായിക്കാന്‍ കുറച്ച് കുട്ടികളുണ്ട്. പിന്നെ എന്‍റെയൊരു സുഹൃത്ത് സിജിനുണ്ട്. എന്‍റെ മേല്‍നോട്ടം മാത്രം മതി. പണിക്കാരില്ലാതെ വരുമ്പോഴാണ് പ്രശ്നം. ഞാന്‍ സ്ഥലത്തുണ്ടെങ്കില്‍ അതൊരു പ്രശ്നമേയല്ല. അത്യാവശ്യം പാചകം ചെയ്യാനൊക്കെ അറിയാം. സിനിമയുടെ വര്‍ക്കില്ലാത്തപ്പോള്‍ മുഴുവന്‍ സമയവും കഞ്ഞിക്കടയിലുണ്ട്. രാവിലെ വന്നാല്‍ രാത്രി വരെ നില്‍ക്കും. നമ്മളെ അറിയുന്നവരും സെലിബ്രിറ്റി ആയിട്ടുള്ള ആളുകളും സിനിമയിലെ സുഹൃത്തുക്കളുമൊക്കെ വരാറുണ്ട്.

 

സിനിമയിലുള്ള പലരും ഇപ്പോള്‍ ഹോട്ടല്‍ ബിസിനസ്സ് രംഗത്തുണ്ട്. ഈ രംഗത്തേക്ക് വരാനുണ്ടായ സാഹചര്യത്തെക്കുറിച്ച് എന്തുപറയുന്നു?

 

എന്‍റെ ഉമ്മയുടെ വീട് മാളയിലാണ്. ഞാന്‍ ജനിച്ചുവളര്‍ന്നത് അവിടെയാണ്. ഉമ്മയുടെ ഉപ്പായ്ക്ക് ചെറിയ ചായക്കടയുണ്ടായിരുന്നു. ചായക്കടയും അവിടുത്തെ അന്തരീക്ഷവും വീട്ടിലെ അടുക്കളയുമെല്ലാം എന്നെ ഇഷ്ടപ്പെടുത്തിയിരുന്നു. ആ ഇഷ്ടമാണ് പാചകം ചെയ്യാന്‍ പഠിപ്പിച്ചത്. പലതരത്തിലുള്ള ഭക്ഷണങ്ങള്‍ ഉണ്ടാക്കുമെങ്കിലും കഞ്ഞിയോട് പ്രത്യേകതാല്‍പ്പര്യമായിരുന്നു. അതിനുകാരണം ഞങ്ങള്‍ക്ക് നാട്ടില്‍ കൃഷിയുണ്ടായിരുന്നു. കൃഷിസ്ഥലത്ത് പണിക്കാരുള്ളപ്പോള്‍ അവര്‍ക്ക് കഴിക്കാന്‍വേണ്ടി കഞ്ഞിയുണ്ടാക്കും. വലിയ ചെമ്പിലാണ് കഞ്ഞിവെയ്ക്കുന്നത്. പറമ്പില്‍നിന്നും പറിച്ചെടുത്ത കടച്ചക്കയോ മറ്റ് എന്തെങ്കിലും സാധനങ്ങള്‍ ഉപയോഗിച്ച് ഒരു ഉലത്തും തൊട്ടുകൂട്ടാന്‍ അച്ചാറോ ചമ്മന്തിയോ ഉണ്ടാകും. കഞ്ഞിച്ചെമ്പ് ടെമ്പോയില്‍ കയറ്റി പാടത്തേക്ക് കൊണ്ടുപോകും. പാടത്തിരുന്നു പണിക്കാര്‍ കഞ്ഞികുടിക്കുന്നത് കാണാന്‍ ഭയങ്കര രസമാണ്. ഞാനും അവരുടെകൂടെ പാടത്തിരുന്നു കഞ്ഞികുടിക്കും. വീട്ടിലിരുന്നു കുടിക്കാമെന്നുവെച്ചാല്‍ ഈ രസം കിട്ടില്ല.

 

 

അന്നത്തെ കഞ്ഞിയുടെ സ്വാദ് ഇന്നത്തെ കഞ്ഞിക്കുണ്ടോ?

 

അങ്ങനെ ചോദിച്ചാല്‍ ഇല്ലെന്നുപറയേണ്ടിവരും. എല്ലാം മാറിപ്പോയി. നമുക്ക് കിട്ടുന്ന പല സാധനങ്ങളും മായം കലര്‍ന്നതാണ്. പരമാവധി നാടന്‍ സാധനങ്ങള്‍ ഉപയോഗിച്ചുതന്നെയാണ് തവിയില്‍ നമ്മള്‍ പാചകം ചെയ്യുന്നത്. നാടന്‍ സാധനങ്ങള്‍ക്ക് വിലയും കൂടുതലാണ്. പാരമ്പര്യമായുള്ള ആ ഒരു ടേസ്റ്റായിരിക്കും എന്നെ ഇതിലേക്ക് എത്തിച്ചത്.

 

കഞ്ഞിക്കട വ്യത്യസ്തമായൊരു തീരുമാനമാണ്?

 

നമ്മള്‍ ഷൂട്ടിങ്ങിനുപോകുന്ന സ്ഥലത്ത് നല്ല ഭക്ഷണം കിട്ടുന്ന നല്ല കടകള്‍ അന്വേഷിച്ചുകണ്ടെത്താറുണ്ട്. പക്ഷേ, അവിടെയൊന്നും കഞ്ഞികിട്ടാറില്ല. ബിരിയാണിയോ ഊണോ അല്ലെങ്കില്‍ മറ്റ് വിഭവങ്ങളൊക്കെ ഉണ്ടാകും. പലതരം ബിരിയാണിയുണ്ടാകും. നാവിനുരുചി നല്‍കുന്നത് ബിരിയാണി മാത്രമല്ലല്ലോ. വളരെ അപൂര്‍വ്വം സ്ഥലങ്ങളിലേ കഞ്ഞി കിട്ടാറുള്ളു. തേടിപ്പിടിച്ച് അവിടെയെത്തും. അപ്പോഴൊക്കെ ഒരു കഞ്ഞിക്കട തുടങ്ങിയാലോ എന്ന് മനസ്സില്‍ തോന്നിയിട്ടുണ്ട്. ഇപ്പോഴാണ് സാധിച്ചത്. തവി തുടങ്ങിയിട്ട് ആറ് മാസമേ ആയുള്ളു. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ വരുന്നുണ്ട്. കേട്ടറിഞ്ഞുവരുന്നവരാണ്.

 

പതിനൊന്നുതരം കഞ്ഞിയുണ്ടല്ലോ? ഈ കണ്ടുപിടിത്തം ആരുടേതാണ് ?

 

ഗൂഗിള്‍ സെര്‍ച്ച് ചെയ്തും പരീക്ഷണങ്ങള്‍ നടത്തിയും ഞാന്‍ തന്നെ കണ്ടെത്തിയതാണ്. കഞ്ഞി പുതിയ തലമുറയ്ക്ക് ഇഷ്ടമല്ലെന്നാണ് പറയാറ്. പക്ഷേ, തവിയില്‍ വരുന്നത് കൂടുതലും പുതിയ കുട്ടികളാണ്… ചെറുപ്പക്കാരാണ്.

 

 

കഞ്ഞിക്കടയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് എന്താണ്?

 

ഭക്ഷണം കൊടുക്കുന്നതുപോലെ പുണ്യകരമായ പ്രവര്‍ത്തി വേറെയില്ല. നമ്മള്‍ കൊടുക്കുന്ന ഭക്ഷണം കഴിച്ച് നന്നായിട്ടുണ്ടെന്ന് ആളുകള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ഭയങ്കരമായൊരു സന്തോഷമുണ്ട്. അതുപോലെ ഉത്തരവാദിത്തം കൂടുകയും ചെയ്യും.

 

അഞ്ജുഅഷ്റഫ്

Show Less

No comments Yet

SLIDESHOW

LATEST VIDEO